Current Date

Search
Close this search box.
Search
Close this search box.

ഡോ. യൂസുഫുല്‍ ഖറദാവി

qaradavi.jpg

1926 സെപ്റ്റംബര്‍ 9-ന് ഈജിപ്തിലെ സിഫ്ത് തുറാബ് ഗ്രാമത്തില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടിയ മുഹമ്മദ് യൂസുഫ് ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അല്‍അസ്ഹര്‍ സര്‍വ്വകലാശാലയിലെ ഉപരിപഠനത്തിന് ചേര്‍ന്ന അദ്ദേഹം 1953-ല്‍ ഒന്നാം റാങ്കോടെ പാസായി. 1954-ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958-ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960-ല്‍ ഖുര്‍ആന്‍, ഹദീസ് നിദാന ശാസ്ത്രങ്ങളില്‍ മാസ്റ്റര്‍ ബിരുദവും 1973-ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി.

സാമൂഹിക രംഗത്ത്
ഈജിപ്തിലെ ഇമാം ശഹീദ് ഹസനുല്‍ ബന്നായുടെ പ്രസ്ഥാനമായ മുസ്‌ലിം ബ്രദര്‍ഹുഡില്‍ ആകൃഷ്ടനായ അദ്ദേഹത്തെ നിരവധി തവണ ഈജിപ്ത് ഭരണകൂടം തടവിലിട്ടിട്ടുണ്ട്. 1949, 54, 56 കാലങ്ങളില്‍ ജയില്‍വാസമനുഷ്ഠിച്ചു. അന്തര്‍ദേശീയ മുസ്‌ലിം പണ്ഡിതസഭയുടെ രൂപവത്കരണയോഗത്തില്‍ പങ്കെടുക്കാനായി അദ്ദേഹം ബ്രിട്ടനിലെത്തിയെങ്കിലും  ബ്രിട്ടനും അമേരിക്കയും അദ്ദേഹത്തിന് വിസാനിരോധമേര്‍പ്പെടുത്തുകയായിരുന്നു.   സമഗ്ര ഇസ്‌ലാമിക വ്യവസ്ഥയെ കാലികമായി സമര്‍പ്പിച്ച ഖറദാവി ആധുനിക ലോകത്ത് ബഹുമത സംവാദത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു.

ഈജിപതില്‍ തിരിച്ചെത്തുന്നു
അറബ് ലോകത്തും മധ്യ പൗരസ്ത്യ ദേശങ്ങളിലും രൂപപ്പെട്ട സ്വേച്ഛാധിപരായ ഭരണാധികാരികള്‍ക്കെതിരെയുണ്ടായ ജനകീയ സ്വാതന്ത്ര്യ പോരാട്ടങ്ങളെ വളരെ ശക്തമായി പിന്തുണച്ചു. ഈജിപ്തിലെ സ്വേച്ഛാധിപത്യ ഭരണകൂടം കഴിഞ്ഞ 30 വര്‍ഷമായി ഡോ.യൂസുഫുല്‍ ഖറദാവിയെ നാട് കടത്തിയിരുന്നു. എന്നാല്‍ തഹ്‌രീര്‍ സ്‌ക്വയറില്‍ 2011 ഫെബ്രുവരി 18 ന് വെള്ളിയാഴ്ച ലക്ഷങ്ങളെ സാക്ഷിനിര്‍ത്തി ജുമുഅ പ്രഭാഷണത്തിലൂടെ അദ്ദേഹം  വിപ്ലവപോരാളികള്‍ക്ക് ആവേശം പകര്‍ന്നു.

ഔദ്യോഗിക ജീവിതം
ഈജിപ്തില്‍ മതകാര്യ വകുപ്പ് ഉദ്യോഗസ്ഥനായും അസ്ഹറിലെ സാംസ്‌കാരിക വകുപ്പിന്റെ പ്രസിദ്ധീകരണ വിഭാഗം മേധാവിയായും സേവനമനുഷ്ഠിച്ചു. 1961-ല്‍ ഖത്തറില്‍ സ്ഥിരതാമസമാക്കിയ ശേഷം ഖത്തര്‍ സെക്കന്ററി റിലീജ്യസ് ഇന്‍സ്റ്റിറ്റിയൂട്ട് മേധാവിയായി. 1973-ല്‍ ഖത്തര്‍ യൂണിവേഴ്‌സിറ്റിയില്‍ ഇസ്‌ലാമിക് സ്റ്റ്ഡീസ് ഫാക്കല്‍റ്റിക്ക് രൂപം നല്‍കുകയും അതിന്റെ ഡീന്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്തു. 1977-ല്‍ ഖത്തര്‍ യൂണിവേഴ്‌സിറ്റിയില്‍ ശരീഅ ആന്റ് ഇസ്‌ലാമിക് സ്റ്റ്ഡീസ് കോളജ് ആരംഭിക്കുകയും 1989-90 വരെ അതിന്റെ ഡീന്‍ ആയി തുടരുകയും ചെയ്തു. ഖത്തര്‍ യൂണിവേഴ്‌സിറ്റിയിലെ പ്രവാചകചര്യ ഗവേഷണ കേന്ദ്രത്തിന്റെ തലവനായി അദ്ദേഹം ഇന്നും തുടരുന്നു. 1990-91 ല്‍ അല്‍ജീരിയന്‍ യൂണിവേഴ്‌സിറ്റികളില്‍ നേതൃസ്ഥനങ്ങള്‍ വഹിച്ചു. 1961-ല്‍ ദോഹയിലെത്തിയതു മുതല്‍ 2011 വരെ ദോഹ ഉമര്‍ ബിന്‍ ഖത്താബ് പള്ളിയില്‍ ജുമുഅ ഖുതുബ നിര്‍വഹിച്ചു. ഖത്തര്‍ ടെലിവിഷന്‍ ചാനല്‍ തല്‍സമയ സംപ്രേഷണം നടത്തുന്ന ഖറദാവിയുടെ പരിപാടിക്ക് അറബ് ലോകത്ത് നിരവധി ശ്രോതാക്കളുണ്ടായിരുന്നു. 1973-ല്‍ ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി.

വൈജ്ഞാനിക സംഭാവനകള്‍
സമകാലിക ഇസ്‌ലാമിക സമൂഹത്തിന്റെ പ്രശ്‌നങ്ങളില്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ മുസ്‌ലിം ലോകത്തിന്റെ തന്നെ നിലപാടെന്ന നിലക്കാണ് വിലയിരുത്തപ്പെടാറുള്ളത്. അല്‍അസ്ഹര്‍ ഇസ്‌ലാമിക് സര്‍വകലാശാലയുടെ മികച്ച സംഭാവനകളിലൊരാളാണ് ഇദ്ദേഹം. അല്‍അമീര്‍ അബ്ദുല്‍ ഖാദിര്‍ യൂണിവേഴ്‌സിറ്റിയില്‍ അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാന്‍ പദവി അടക്കം ഒട്ടേറെ വിദ്യാഭ്യാസ പരിഷ്‌കരണ സമിതികളില്‍ അംഗമായിരുന്നു. നൂറിലേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. ഫിഖ്ഹുസ്സകാത്ത്(സകാത്തിന്റെ കര്‍മശാസ്ത്രം) എന്ന ഗ്രന്ഥം ഇസ്‌ലാമിക സകാത്ത് വ്യവസ്ഥയെ കുറിച്ച് നിലവിലുള്ള ഏറ്റവും ആധികാരിക രചനയാണ്.

കേരളത്തില്‍ രണ്ട് തവണ ഡോ.യുസുഫുല്‍ ഖറദാവി സന്ദര്‍ശനം നടത്തി. ശാന്തപുരം ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെ പ്രഖ്യാപനത്തിനായിരുന്നു ഒടുവില്‍ കേരളത്തിലെത്തിയത്.

2004ല്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ചു.

2022 സെപ്തംബർ 26 ന് – 96 ആം വയസ്സിൽ ഖത്തറിലിൽ വച്ച് മരണപ്പെട്ടു.

Related Articles