Current Date

Search
Close this search box.
Search
Close this search box.

ടി. മുഹമ്മദ്

tm.jpg

1917-ല്‍ മലപ്പുറം ജില്ലയിലെ കൊടിഞ്ഞിയില്‍ ജനിച്ചു. പ്രാഥമിക പഠനാനന്തരം ഫറോക്ക് റൗദത്തുല്‍ ഉലൂമില്‍നിന്ന് അറബി- ഇസ്‌ലാമിക പഠനങ്ങള്‍ പൂര്‍ത്തിയാക്കി. കുറേ കാലം കാസര്‍കോട് ആലിയ അറബിക് കോളേജില്‍ അധ്യാപകനായിരുന്നു. ജമാഅത്തെ ഇസ്‌ലാമി കേരള ശാഖാ സെക്രട്ടറി, ആക്ടിംഗ് അമീര്‍, കേന്ദ്ര പ്രതിനിധിസഭാംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.

1959 മുതല്‍’ 70 വരെ പ്രബോധനം പത്രാധിപരായിരുന്നു. അറബി- ഉറുദു ഭാഷകള്‍ക്ക് പുറമേ സ്വപരിശ്രമത്തില്‍ സംസ്‌കൃതവും പഠിച്ചു. ‘ടി.എം’ എന്ന ചുരുക്കപ്പേരിലറിയപ്പെട്ടു. ‘ഭാരതീയ സംസ്‌കാരത്തിന്റെ അടിയൊഴുക്കുകള്‍’ക്ക് കേരള സാഹിത്യ അക്കാദമിയുടെ ധനസഹായം ലഭിച്ചു. ‘ഒരു ജാതി ഒരു ദൈവം’, ‘ഇസ്‌ലാമിലെ നവോത്ഥാന പ്രസ്ഥാനങ്ങള്‍’, അബുല്‍ അഅ്‌ല, ‘യുവാക്കള്‍ യുഗശില്‍പികള്‍’, ‘ഇസ്‌ലാമിലെ ഇബാദത്’, ‘ആധുനിക ചിന്തകള്‍’, ‘തര്‍ബിയത്: എന്ത് എന്തിന് എങ്ങനെ’, സ്ത്രീ ഇസ്‌ലാമിലും ഇതര സംസ്‌കാരങ്ങളിലും, ധര്‍മസമരം, സിഹ്ര്‍ എന്നിവ മൗലിക കൃതികളും ‘രൂപവും യാഥാര്‍ഥ്യവും’, ‘നിര്‍മാണവും സംഹാരവും’, ‘ഖത്മുന്നുബുവ്വത്ത്’, ‘ദൈവ സങ്കല്‍പം കാലഘട്ടങ്ങളിലൂടെ’ എന്നിവ വിവര്‍ത്തനങ്ങളുമാണ്. 1988 ജൂലൈ 10 ന് നിര്യാതനായി.

ത്യാഗ ജീവിതം
കോറ്റത്തങ്ങാടിയിലെ പ്രൈമറി സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കെ പിതാവ് പരലോകം പ്രാപിച്ചു. പിതാവിന്റെ മരണത്തോടെ പഠനം മുടങ്ങി. വിധവയായ മാതാവിനെ മറ്റൊരാള്‍ വിവാഹം ചെയ്തു. അതോടെ ഉമ്മയോടൊപ്പം ടി.എമ്മും ആ വീട്ടിലേക്ക് താമസം മാറ്റി. എളാപ്പയുടെ ആടുകളെ മേച്ചാണ് കാലം കഴിച്ചിരുന്നത്. അതിനാല്‍ അക്ഷരങ്ങളുമായുള്ള ബന്ധം തീര്‍ത്തും അറ്റുപോയി. അതിന്റെ പുനഃസ്ഥാപനം സാധിച്ചത് തികച്ചും യാദൃച്ഛികമായാണ്.
ഒരു ദിവസം നാട്ടുകാരന്‍തന്നെയായ ആലിക്കുട്ടി ഹാജി ടി.എമ്മിന്റെ ഉമ്മയോട് ചോദിച്ചു: ‘ഇവനെയെന്താ സ്‌കൂളിലൊന്നും അയക്കാത്തത്?’
‘ഒരു കുപ്പായം കൂടി ഇടാനില്ല. പിന്നെ എങ്ങനെ ഞാനയക്കും?’ ഉമ്മ തന്റെ നിസ്സഹായത പ്രകടിപ്പിച്ചു. ‘നിന്റെ ആങ്ങള ഒരു മോല്യാരല്ലേ, ഓന്റെ കൂടെ നിന്നു പഠിക്കട്ടെ.’ ആലിക്കുട്ടി ഹാജി വീണ്ടും പറഞ്ഞു. അതിനും വേണമല്ലോ ഒരു കുപ്പായമെങ്കിലും. അതെങ്ങനെ കിട്ടും? ഭര്‍ത്താവിനോട് ചോദിച്ചുകൂടാ. അവനെ പഠിപ്പിക്കുന്നതില്‍ അയാള്‍ക്ക് താല്‍പര്യവുമില്ല… കുറച്ചുനേരം മൂകമായി നിന്ന ശേഷം ഉമ്മ പറഞ്ഞു: ‘നിങ്ങളൊരു കുപ്പായം വാങ്ങിക്കൊടുക്കിന്‍. ഞാന്‍ പറഞ്ഞയക്കാം.’
ആലിക്കുട്ടി ഹാജി വാങ്ങിക്കൊടുത്ത കുപ്പായവുമിട്ടാണ് കോന്നല്ലൂരില്‍ അമ്മാവന്റെ ദര്‍സില്‍ ടി.എം. കിതാബോതാന്‍ പോയത്. വെട്ടത്തുപുതിയങ്ങാടി, തിരൂര്‍ക്കാട്, പല്ലാറ്റ് തുടങ്ങിയ പല സ്ഥലങ്ങളിലെയും ദര്‍സുകളില്‍ ടി.എം. പഠിച്ചിട്ടുണ്ട്. വെട്ടത്തു പുതിയങ്ങാടിയില്‍ പോക്കര്‍ മുസ്ലിയാരും തിരൂര്‍ക്കാട് കാടേരി മുഹമ്മദ് മുസ്ലിയാരുമായിരുന്നു ടി.എമ്മിന്റെ ഉസ്താദുമാര്‍.
കാടേരിയുടെ ദര്‍സില്‍നിന്ന് ടി.എം. പിരിഞ്ഞുപോന്നതിനെക്കുറിച്ചും ഉണ്ട് ഒരു കഥ. മലപ്പുറത്ത് നടന്ന ഒരു മതപ്രസംഗ പരമ്പരയില്‍ അഹ്ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ക്ക് നിരക്കാത്ത ചില പരാമര്‍ശങ്ങള്‍ ഉണ്ടായതായി പരാതി ഉയര്‍ന്നു. അടുത്ത ദിവസം ആ പ്രസംഗകനോട് ചില സംശയങ്ങള്‍ ചോദിക്കണമെന്നു പറഞ്ഞു നിര്‍ബന്ധിച്ച് ചിലര്‍ കാടേരിയെ മലപ്പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി. മലപ്പുറത്ത് വിവാദമായ ആ വിഷയങ്ങള്‍ അടുത്ത ദിവസം കാടേരിയുടെ ദര്‍സില്‍ ചര്‍ച്ചയ്ക്കു വന്നു. ടി.എമ്മിന്റെ വകയായിരുന്നു ചോദ്യങ്ങള്‍. കാടേരിയുടെ മറുപടി അദ്ദേഹത്തിന് ബോധിച്ചിട്ടുണ്ടാവില്ല. ചോദ്യങ്ങള്‍, ഉത്തരങ്ങള്‍, വീണ്ടും ചോദ്യങ്ങള്‍…. അങ്ങനെ അന്നത്തെ ദര്‍സ് മുടങ്ങി. രണ്ടാം ദിവസവും അതാവര്‍ത്തിച്ചു. അതിനടുത്ത ദിവസവും ദര്‍സ് നടന്നില്ല. നാലാം ദിവസം സ്വുഭിക്ക് ടി.എം. നാട്ടിലേക്കു പെട്ടിയെടുത്തു. അവിടെ നിന്നൊരു കത്ത്: ‘ഇനി വരുന്നില്ല.’

അമ്മാവന്റെ കൂടെ കോന്നല്ലൂരിലായിരുന്നു ടി.എമ്മിന്റെ താമസം. കൊടിഞ്ഞിയില്‍ വന്നാല്‍ ചായമക്കാനിയിലായിരിക്കും അധികനേരവും. കൂടുതല്‍ സംസാരിക്കുകയില്ല. പലരും പല സംശയങ്ങളും ചോദിച്ചു വരും. അതിനു വിശദമായ മറുപടി കൊടുക്കും. ചിലപ്പോള്‍ ഒന്നും രണ്ടും മണിക്കൂറെടുക്കുമായിരുന്നു ഒരു ഉത്തരം പറഞ്ഞുതീര്‍ക്കാന്‍.
തുടര്‍ന്ന് ടി.എം. നേടിയ ഉജ്ജ്വലമായ പാണ്ഡിത്യത്തിനാധാരം അടങ്ങാത്ത വിജ്ഞാനദാഹവും ധിഷണാവൈഭവവും കഠിനാധ്വാനവുമായിരുന്നു. ബാല്യത്തില്‍ രണ്ടാം ക്ലാസില്‍ വെച്ച് ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടിവന്ന അദ്ദേഹം പള്ളിദര്‍സുകളുടെ സഹായത്താല്‍ സ്വപ്രയത്‌നങ്ങളിലൂടെ വളരുകയും ഉയരുകയുമായിരുന്നു.

Related Articles