Current Date

Search
Close this search box.
Search
Close this search box.

ടി.കെ. ഉബൈദ്

പൊന്നാനി താലൂക്കിലെ കാഞ്ഞിരമുക്ക് ഗ്രാമത്തില്‍ തൈപറമ്പില്‍ കളത്തില്‍ കുടുംബത്തില്‍ ഐ.ടി.സി മുഹമ്മദ് അബ്ദുല്ല നിസാമിയുടെയും ആഇശ ഹജ്ജുമ്മയുടെയും മകനായി 1948ല്‍ ജനിച്ചു. പിതാമഹന്‍ കോക്കൂര്‍ അബ്ദുല്ലക്കുട്ടി മുസ്ലിയാരും മാതാമഹന്മാരായ പാനായിക്കുളം പുതിയാപ്പിള അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാരും വെളിയങ്കോട് തട്ടാങ്ങരകുട്ട്യാമു മുസ്‌ലിയാരും അവരുടെ കാലത്ത് കേരളത്തില്‍ അറിയപ്പെട്ട മതപണ്ഡിതന്മാരായിരുന്നു.

വിദ്യാഭ്യാസം: സ്വകുടുംബത്തില്‍നിന്നു തന്നെയായിരുന്നു പ്രാഥമിക മതവിദ്യാഭ്യാസം. പ്രദേശത്തെ സ്‌കൂള്‍ പഠനത്തിനു ശേഷം ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

1972ല്‍ മര്‍ഹൂം പി. മുഹമ്മദ് അബുല്‍ ജലാല്‍ മൌലവിയുടെ പത്രാധിപത്യത്തില്‍ പെരിന്തല്‍മണ്ണ ഇസ്‌ലാമിക് മിഷന്‍ ട്രസ്‌റ് ആരംഭിച്ച മലയാളത്തിലെ ആദ്യത്തെ ഇസ്‌ലാമിക ബാലപ്രസിദ്ധീകരണമായ സന്മാര്‍ഗം ദൈ്വവാരികയുടെ സ്ഥാപക സഹപത്രാധിപരായി പത്രപ്രവര്‍ത്തനരംഗത്തു പ്രവേശിച്ചു.

1974ല്‍ പ്രബോധനം വാരികയില്‍ ചേര്‍ന്നു. ’77 മുതല്‍ ’87 വരെ പ്രബോധനം മാസികയുടെ എഡിറ്റര്‍ ഇന്‍ചാര്‍ജായിരുന്നു. ’87 മുതല്‍ ’92 വരെ പ്രബോധനം വാരികയുടെ എക്‌സിക്യൂട്ടീവ് എഡിറ്ററായി പ്രവര്‍ത്തിച്ചു. ’93,’94ല്‍ മാധ്യമം ദിനപത്രത്തിന്റെ കൊച്ചി എഡിഷനില്‍ റസിഡന്റ് എഡിറ്ററും പ്രബോധനം വാരികക്ക് പകരമായി പുറത്തിറക്കിയ ബോധനം വാരികയുടെ എഡിറ്ററുമായിരുന്നു. ദീര്‍ഘകാലം പ്രബോധനം വാരികയുടെയും മലര്‍വാടി ബാലമാസികയുടെയും പത്രാധിപരായിരുന്നു. 2021-ല്‍ വിരമിച്ചു. ഇപ്പോള്‍ ഐ.പി.എച്ച്. പ്രസിദ്ധീകരിക്കുന്ന ഇസ്‌ലാമിക വിജ്ഞാനകോശത്തിന്റെ അസോസിയേറ്റ് എഡിറ്റര്‍മാരില്‍ ഒരാളാണ്. പി.സി. മാമുഹാജി അവാര്‍ഡ്(2018), ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ ഖത്തര്‍ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

കൃതികള്‍: കുട്ടികള്‍ക്കുവേണ്ടി രചിച്ച ആദം ഹവ്വയാണ് പ്രഥമ കൃതി. രണ്ടാമത്തെ കൃതിയായ ലോകസുന്ദരനും ബാല സാഹിത്യമാണ്. ആധുനിക മനുഷ്യന്റെ പ്രശ്‌നങ്ങള്‍ ഇസ്‌ലാമിക പരിപ്രേക്ഷ്യത്തിലൂടെ നോക്കിക്കാണാന്‍ ശ്രമിക്കുന്ന പുസ്തകമാണ് സ്വാതന്ത്ര്യത്തിന്റെ ഭാരം. സമകാലീന സാഹചര്യത്തില്‍ ഇസ്‌ലാമിക പ്രവര്‍ത്തകര്‍ സൂക്ഷ്മതയോടെ സമീപിക്കേണ്ട ചില വിഷയങ്ങളിലേക്ക് വെളിച്ചം വീശുന്ന കൃതിയാണ് ഇസ്‌ലാമിക പ്രവര്‍ത്തനം ഒരു മുഖവുര. നിത്യജീവിതത്തിലെ കര്‍മശാസ്ത പ്രശ്‌നങ്ങളാണ് പ്രശ്‌നങ്ങള്‍ വീക്ഷണങ്ങള്‍ എന്ന കൃതി കൈകാര്യം ചെയ്യുന്നത്. ഇസ്‌ലാമിക സംസ്‌കാരത്തിന്റെ ആധാര ശിലകളായ കുറേ ഹദീസുകളുടെ വിശദീകരണമാണ് ഹദീസ് ബോധനം. അല്ലാഹു, ഇസ്‌ലാമിക ശരീഅത്തും സമൂഹിക മാറ്റങ്ങളും, ഖുര്‍ആന്‍ ബോധനം എന്നിവയാണ് മറ്റു കൃതികള്‍.
വിവര്‍ത്തനം: തഫ്ഹീമുല്‍ ഖുര്‍ആന്‍, ഖുര്‍ആന്‍ ഭാഷ്യം, കലീലയും ദിംനയും, ഫിഖ്ഹുസ്സുന്ന, ഖുര്‍ആനിലെ നാല് സാങ്കേതിക ശബ്ദങ്ങള്‍.

Related Articles