Current Date

Search
Close this search box.
Search
Close this search box.

അസ്മ മെഹ്ഫൂസ്

asma.jpg

ഈജിപ്തില്‍ അറബ് വിപ്ലവം ശക്തമാവുന്നതിന് പിന്നില്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക് സഹായം ശ്രദ്ധേയമായിരുന്നുവല്ലോ. ഈജിപ്തിലെ തഹ്‌രീര്‍ സ്‌ക്വയറിലെ വിപ്ലവം പൊട്ടിപ്പുറപ്പെട്ടത് ഈ കൂട്ടായ്മയിലൂടെയായിരുന്നു. ഇന്റര്‍നെറ്റിലൂടെയുള്ള പ്രചാരണങ്ങള്‍ക്ക് മുന്‍പന്തിയില്‍ നിന്നിരുന്ന വനിതയായിരുന്നു ഇവര്‍. 2008 ഏപ്രില്‍ 6 നു ഈജിപ്തില്‍ നടന്ന പൊതുപണിമുടക്കിനെ പിന്തുണച്ചുകൊണ്ടാണു അസ്മ ഇന്റര്‍നെറ്റ് ആക്റ്റിവിസത്തിലേക്കും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലേക്കും കടന്നുവരുന്നത്.

2011 ജനുവരി 25 ല്‍ ആരംഭിച്ച കലാപത്തിനു തുടക്കമായത് അസ്മയും കൂട്ടാളികളും തഹ്‌രീര്‍ ചത്വരത്തില്‍ ചെന്ന് പ്രതിഷേധിക്കാന്‍ തീരുമാനിച്ചതോടെയാണു. പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ അവര്‍ ലഘുലേഖകള്‍ അടിച്ചു വിതരണം ചെയ്തിരുന്നു. എന്നാല്‍ ചത്വരത്തില്‍ കയറാന്‍ അവരെ പട്ടാളം അനുവദിച്ചില്ല. ഇത് അസ്മയെ ചിന്തിപ്പിച്ചു. സ്വന്തം ശബ്ദത്തിലും രൂപത്തിലും അവര്‍ ഒരു വീഡിയോ ചിത്രം നിര്‍മ്മിച്ചു. ജനുവരി 25 നു തഹ്‌രീര്‍ ചത്വരത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നതിനുള്ള ആഹ്വാനമായിരുന്നു ആ വീഡിയോയിലൂടെ നല്‍കിയത്. ജനുവരി 25 നു തന്റെ അന്തസ്സും അവകാശങ്ങളും പ്രതിരോധിക്കുന്ന ഒരു ഈജിപ്ഷ്യന്‍ പെണ്‍കുട്ടിയായിരിക്കും താന്‍ എന്ന് ആ വീഡിയോയില്‍ അസ്മ വ്യക്തമാക്കി. ഈ രാജ്യത്തെപ്പറ്റി ആകുലപ്പെടുന്നവരെല്ലാം എനിക്കൊപ്പം തഹ്‌രീര്‍ ചത്വരത്തില്‍ വരിക. അസ്മ ആ വീഡിയോ ഫേസ് ബുക്കിലൂടെ പ്രക്ഷേപണം ചെയ്തു. അത് വെബ് സൈറ്റുകളിലൂടെയും മൊബൈല്‍ ഫോണുകളിലൂടെയും വളരെ വേഗം പ്രചരിച്ചു. തുടര്‍ന്ന് ജനുവരി 25 ന്റെ പൊതുജനമുന്നേറ്റം ആരംഭിച്ചു. ചത്വരത്തില്‍ എത്തിയ അസ്മയെ പ്രതിഷേധക്കാര്‍ തിരിച്ചറിഞ്ഞു.

അസ്മ എന്ന യുവതിയുടെ പ്രസക്തി എന്നത് വെറും ഇന്റര്‍നെറ്റ് ആക്റ്റിവിസം മാത്രമായിരുന്നില്ല. അവര്‍ വിപ്ലവത്തിനു ആഹ്വാനം ചെയ്തതിനൊപ്പം അതിലേക്കു പ്രത്യക്ഷമായി സധൈര്യം ഇറങ്ങിചെല്ലുകയും ചെയ്തു. ഒരു രാജ്യത്തിന്റെ യഥാര്‍ഥസമ്പത്ത് എന്നതു അതിന്റെ യുവതയാണെന്ന നിരീക്ഷണം ശരിവെക്കുന്നു അസ്മയുടെ ആക്ടിവിസവും ഈജിപ്തിന്റെ വിജയവും.

Related Articles