Current Date

Search
Close this search box.
Search
Close this search box.

കശ്മീര്‍: ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയുന്നതോടെ നീങ്ങുന്ന ബീഫ് നിരോധനം

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370ഉം ആര്‍ട്ടിക്കിള്‍ 35 എയും എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം വിശദമായി വായിച്ചാല്‍ അപ്രതീക്ഷിത ഫലമാണ് കാണാന്‍ സാധിക്കുക. കശ്മീരില്‍ 157 വര്‍ഷം പഴക്കമുള്ള ബീഫ് നിരോധനം പിന്‍വലിച്ചു എന്നതാണത്.

2011ലെ സെന്‍സസ് അനുസരിച്ച് ജനസംഖ്യയുടെ 68.3 ശതമാനവും മുസ്‌ലിംകള്‍ ഉള്ള കശ്മീരില്‍ 1862 മുതല്‍ ബീഫ് നിരോധനം ഉണ്ടായിരുന്നു. കാരണം, ജമ്മുകശ്മീരിന്റെ പ്രത്യേക പദവി മൂലം ആര്‍.പി.സി (രണ്‍ബീര്‍ പീനല്‍ കോഡ്) ആണ് ഇവിടെ ഉണ്ടായിരുന്നത്. ഇത് പ്രകാരം ഇവിടെ പ്രത്യേക നിയമവും വ്യവസ്ഥകളും ആണ് ഉണ്ടായിരുന്നത്. ചില കാര്യങ്ങള്‍ ഒഴിവാക്കിയാല്‍ ഐ.പി.സിയിലെ ബാക്കിയെല്ലാം ആര്‍.പി.സിയില്‍ ഉണ്ട്.

ആര്‍.പി.സിയിലെ സെക്ഷന്‍ 298 എ പ്രകാരം പശുവിനെയോ കാളയെയോ എരുമയെയോ (വളര്‍ത്തുന്നതോ അല്ലാത്തതോ) കശാപ്പു ചെയ്യുന്നത് ജാമ്യമില്ലാ കുറ്റമാണ്. പത്ത് വര്‍ഷം വരെ തടവും പിഴയും ഉണ്ടാവും.

298 ബി പ്രകാരം മേല്‍പറഞ്ഞ മൃഗങ്ങളുടെ മാംസം കൈവശം വെക്കുന്നത് ജാമ്യമില്ലാ കുറ്റവും ഒരു വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റവുമാണ്.
1862ല്‍ ജമ്മു കശ്മീരിലെ ദോഗ്ര മഹാരാജാവും രണ്‍ബീര്‍ സിങ് മഹാരാജയും ആണ് സംസ്ഥാനമൊട്ടാകെ ബീഫ് നിരോധനം നടപ്പിലാക്കിയത്. 157 വര്‍ഷക്കാലമായി ഇതുവരെ ഭരിച്ച സംസ്ഥാന സര്‍ക്കാരുകള്‍ ഈ നിരോധം എടുത്തുകളഞ്ഞിരുന്നില്ല. 2015ല്‍ ഇതിനെതിരെ ഒരു പരാതി ജമ്മുകശ്മീര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഒരു പ്രത്യേക നിയമത്തില്‍ മാറ്റം വരുത്താനോ നിയമം രൂപീകരിക്കാനോ സംസ്ഥാനത്തോട് നിര്‍ദേശിക്കാന്‍ കോടതിക്കാവില്ല എന്നു പറഞ്ഞ് ഹരജി തള്ളുകയായിരുന്നു.

എന്നാല്‍,കേന്ദ്ര സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയുകയും ജമ്മുകശ്മീര്‍ പുന:സംഘടന നിയമം കൊണ്ടുവരികയും ചെയ്തതോടെയാണ് ആര്‍.പി.സി നിയമം ഒഴിവായത്. ഇതോടെ ഐ.പി.സി ഇവിടെ നടപ്പിലാവുകയും ചെയ്തു. ഐ.പി.സി പ്രകാരം മാട്ടിറച്ചി കൈവശം വെക്കുന്നത് കുറ്റകരമല്ല.

വിവിധ സംസ്ഥാനങ്ങളില്‍ ഗോവധ നിരോധനം നടപ്പിലാക്കിയിട്ടുണ്ടെങ്കിലും ബീഫ് കഴിക്കുന്നത് എവിടെയും നിരോധിച്ചിട്ടില്ല. എന്നാല്‍ കശ്മീരില്‍ കന്നുകാലികളെ അറുക്കുന്നതിനും മാംസം കൈവശം വെക്കുന്നതിനും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. 2017 മെയ് 26ന് കേന്ദ്ര സര്‍ക്കാര്‍ പശുക്കളെ കശാപ്പ് ചെയ്യുന്നതും അതിനായി വില്‍ക്കുന്നതും വാങ്ങുന്നതും രാജ്യത്തുടനീളം നിരോധിച്ചു. 2017 ജൂലൈയില്‍ സുപ്രീം കോടതി ഈ നിയമം സ്‌റ്റേ ചെയ്തു. ഈ തിരിച്ചടിക്ക് ശേഷം 2018 ഫെബ്രുവരിയില്‍ ചില ഇളവുകള്‍ വരുത്തി കേന്ദ്രം വീണ്ടും ഈ നിയമം കൊണ്ടുവന്നു. കശാപ്പ് എന്നത് നിയമത്തില്‍ നിന്നും സര്‍ക്കാര്‍ എടുത്തുകളഞ്ഞു.

‘ആര്‍.പി.സി എടുത്തുകളഞ്ഞതോടെ സ്വമേധയാ ബീഫ് നിരോധനവും നീങ്ങും. സംസ്ഥാന ഭരണകൂടം നിയമം നിര്‍മിക്കാത്തിടത്തോളം കാലം ഐ.പി.സിയില്‍ ഗോവധ നിരോധനവും മാട്ടിറച്ചി കൈയില്‍ വെക്കുന്നതും കുറ്റകരമല്ല. ഇക്കാര്യം കേന്ദ്രം മനസ്സിലാക്കണം’ ജമ്മു ഹൈക്കോടതിയിലെ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഭിനവ് ശര്‍മ പറഞ്ഞു.

‘ഇതുവരെ കാര്യങ്ങള്‍ എന്താണെന്ന് ഒന്നും വ്യക്തമല്ല. പുതിയ നിയമങ്ങള്‍ എന്താണെന്ന് അറിയാന്‍ ഞങ്ങള്‍ ഒക്ടോബര്‍ 31 വരെ കാത്തിരിക്കുകയാണ്. ഇവിടെ കേന്ദ്ര ഭരണപ്രദേശമായി തുടരുമോ എന്നത് ഞങ്ങള്‍ക്കറിയില്ല. ഇവിടെ ഒരു അറവുശാല തുടങ്ങുന്നതിന് ചില നടപടിക്രമങ്ങളുണ്ടെന്നും ഇതിനായി മുനിസിപ്പല്‍ കോര്‍പറേഷന്‍ അനുമതി നല്‍കേണ്ടതുണ്ടെന്നും’ ജമ്മു കശ്മീര്‍ ഡെപ്യൂട്ടി മേയര്‍ പൂര്‍ണിമ ശര്‍മ പറഞ്ഞു. മൃഗങ്ങളെ വെറ്ററിനറി ഡോക്ടര്‍ പരിശോധിക്കണം. കശാപ്പ് മാലിന്യങ്ങള്‍ പുറത്തേക്ക് തള്ളുന്നുണ്ടോ എന്ന് പരിശോധിക്കണം. നിലവില്‍ മാംസ വില്‍പ്പനക്ക് പ്രത്യേക അനുമതി വേണ്ടതില്ലെന്നും’ പൂര്‍ണിമ പറഞ്ഞു.

‘നിലവില്‍ ഞങ്ങള്‍ ചിക്കനും മട്ടനും മാത്രമാണ് വില്‍പ്പന നടത്തുന്നത്. സംസ്ഥാനത്ത് ദീര്‍ഘനാള്‍ ഗോവധ നിരോധനം നിലവിലുണ്ട്. അതിനാല്‍ തന്നെ ഏതെങ്കിലും വ്യാപാരി ബീഫ് വില്‍ക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഇത് ഒരു വൈകാരിക പ്രശ്‌നമാണ്. അതിനാല്‍ തന്നെ ഞങ്ങള്‍ അതിനെ മാനിക്കുന്നു’. നഗരത്തിലെ മാംസ വ്യാപാരികളില്‍ ഒരാളായ ചൗധരി അമാനത്ത് പറഞ്ഞു.

‘ഒക്ടോബര്‍ 31 മുതല്‍ കശ്മീരില്‍ എല്ലാ കേന്ദ്ര നിയമങ്ങളും ബാധകമാകും. അതിനാല്‍ തന്നെ മൃഗങ്ങളെ അറുക്കുന്നതിനോ മാംസം കച്ചവടം ചെയ്യുന്നതിലും രാജ്യത്തോ കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിലവില്‍ ഉള്ളതുമായ നിയമമാണ് ഇവിടെയും ബാധകമാവുക. ഇതുപ്രകാരം ഗോവധ നിരോധനം ഇവിടെ നിലനില്‍ക്കില്ല. അത് സംസ്ഥാന നിയമത്തിനുള്ളില്‍ വരുന്നതായിരുന്നു. അല്ലെങ്കില്‍ ഇതിന് ഒരു പുതിയ നിയമം ആവശ്യമായി വരും’-പ്രമുഖ അഭിഭാഷകയായ അഡ്വ. ദീപിക സിങ് രജാവത് പറഞ്ഞു.

അവലംബം: thewire.in
വിവ: സഹീര്‍ വാഴക്കാട്

Related Articles