Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന് വേണ്ടി പോരാടുന്നവർ മുസ് ലിം സമൂഹത്തെ പ്രതിനിധീകരിക്കുന്നുവോ ?

ഫലസ്തീനികൾ മസ്ജുദിൽ അഖ്സക്കും, ഖുദ്സിനും, മൊത്തത്തിൽ ഫലസ്തീനും വേണ്ടി  പ്രതിരോധിക്കുകയും, സയണിസ്റ്റുകൾക്കെതിരെ പോരാടുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട സംഭാഷണം എപ്പോഴെല്ലാം ഉയർന്നുവരുന്നുവോ അപ്പോൾ ഇസ്ലാമിക പ്രബോധകരും, പ്രാസംഗികരും, രാഷ്ട്രീയ പ്രവർത്തകരും ധാരാളമായി ആവർത്തിക്കുന്നത് നമ്മൾ കേൾക്കാറുണ്ട്. അത് ഫലസ്തീനികൾ ഫലസ്തീന് വേണ്ടി പോരാടുന്നത് മുസ്ലിം സമൂഹത്തെ പ്രതിനിധീകരിച്ചുകൊണ്ടാണെന്നതാണ്! അല്ലെങ്കിൽ, മസ്ജിദുൽ അഖ്സയിലെ പോരാളികൾ പ്രവാചക കാൽസ്പർശമേറ്റ സ്ഥലം സംരക്ഷിക്കുന്നത് മൊത്തം മുസ്ലിം സമൂഹത്തിന് പകരമായിട്ടാണെന്നതാണ്! ആളുകൾ ഈ ശൈലി ധാരാളമായി പ്രയോഗിക്കുന്നത് മൂലം അതിന് പ്രത്യേക സ്ഥാനവും, പദവിയും കൈവന്നിരിക്കുന്നു. അത് കാലങ്ങൾ മുന്നോട്ടുപോകവേ ശരിയല്ലാത്ത ബോധ്യങ്ങളാണ് സമൂഹത്തിന് നൽകുക. അതിനാൽ, ആ പ്രയോഗത്തിന്റെ അർഥതലങ്ങളിലേക്കും, ഉദ്ദേശങ്ങളിലേക്കും പ്രവേശിക്കുകയെന്നത് അനിവാര്യമാകുന്നു.

നിയാബത്തിന്റെ അർഥവും, അതിന്റെ ശറഈയായ സ്വാധീനവും:
നിയാബത്തെന്നത് കർമശാസ്ത്ര പണ്ഡിതരുടെ പദപ്രയോഗങ്ങളിൽ: ശറഈയായ ഉത്തരവാദിത്തങ്ങളും, ദീനീ കാര്യങ്ങളും ഒരാൾ മറ്റൊരാൾക്ക് വേണ്ടി പകരം ചെയ്യുന്നതിനാണ് നിയാബത്ത് (പ്രതിനിധീകരിക്കുക, പകരം ചെയ്യുക) എന്ന് പറയുന്നത്. അത്, തീർത്തും സാമ്പത്തികമായ ആരാധനകളിൽ ശരിയാകുന്നതാണ്. ഉദാഹരണം: സകാത്, ദാനധർമം, പ്രായശ്ചിത്തം, നേർച്ച തുടങ്ങിയവ. ഈയൊരു ആരാധനാ വിഭാഗത്തിൽ നിരുപാധികമായി ഒരാൾ മറ്റൊരാൾക്ക് വേണ്ടി പകരം ചെയ്യുകയെന്നത് അനുവദനീയമാകുന്നതാണ്. ശാരീരകമായ ആരാധനകളിൽ ഇത് അനുവദനീയമാകുന്നതല്ല. ഉദാഹരണം: നമസ്കാരം, നോമ്പ് തുടങ്ങിയവ. ജീവിച്ചിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇത് നിരുപാധികമായി അനുവദനീയമല്ലെന്നതിൽ കർമശാസ്ത്ര പണ്ഡിതർ യോജിച്ചരിക്കുന്നു. എന്നാൽ മരിച്ചവരുടെ കാര്യത്തിൽ പണ്ഡിതർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്. അതുപോലെ, ശാരീരകവും സാമ്പത്തികവുമായിട്ടുളള ആരാധനയായ ഹജ്ജിലും ഉംറയിലും ഒരാൾ മറ്റൊരാൾക്ക് പകരം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒരുപാട് വിശദീകരണങ്ങൾ കാണാവുന്നതാണ്. ഇവിടത്തെ വിഷയം അതല്ലാത്തതിനാൽ വിശദീകരിക്കുന്നില്ല.

Also read: സെൽഫ് എക്സ്‌പ്ലോറിങ്ങ് എന്നാൽ..

ആരാധനാ കാര്യങ്ങളിൽ ഒരാൾ മറ്റൊരാൾക്ക് പകരം ചെയ്യുന്നതിന്റെ ഫലമെന്താണെന്നതാണ് ഇവിടെ വിശിദീകരിക്കാൻ പോകുന്നത്. അത്, ഒരുവന് പകരമായി മറ്റൊരാൾ നിർവഹിക്കുകയും, നിർബന്ധ ബാധ്യതകൾ (ഫർദ്) പൂർത്തീകരിക്കുകയും ചെയ്താൽ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാകുന്നുവെന്നതാണ്. ആ പ്രവൃത്തി ചെയ്യാത്തത് മൂലമുണ്ടാകുന്ന കുറ്റം ഇല്ലാതാവുകയും, പ്രവർത്തിക്കുന്നത് മുഖേന പ്രതിഫലം ലഭിക്കുകയും ചെയ്യുന്നതാണ്. ഉദാഹരണം: ഒരാൾ മറ്റൊരാൾക്ക് പകരമായി നിർബന്ധമായിട്ടുള്ള പ്രായശ്ചിത്തം ചെയ്യുക, നിർബന്ധമായിട്ടുള്ള സകാത് കൊടുക്കുക. അഥവാ, ഇതുകൊണ്ട് അർഥമാക്കുന്നത് പകരം ചെയ്യുന്നതിലൂടെ ഉത്തരവാദിത്തത്തിൽ നിന്ന് അയാൾ മുക്തനായി എന്നതാണ്. അപ്രകാരം അയാളുടെ മേലുണ്ടായിരുന്ന നിർബന്ധ ബാധ്യത നീങ്ങിപോവുകയും, അയാൾക്ക് പ്രതിഫലം ലഭിക്കുകയും ചെയ്യുന്നു.

അല്ലാഹുവിന്റെ മാർഗത്തിലെ ജിഹാദ് ഒരാൾ മറ്റൊരാൾക്ക് പകരമായി (നിയാബത്ത്) ചെയ്യാമോ?
ഏറ്റവും മഹത്തരമായിട്ടുള്ള ആരാധനകളിൽപ്പെട്ടതാണ് അല്ലാഹുവിന്റെ മാർഗത്തിൽ ജിഹാദ് ചെയ്യുക എന്നത്. ഇസ്ലാം ജിഹാദിനെ ഏറ്റവും ഉന്നതമായി കാണുന്നു. ആ ആരാധന കൈയേറ്റക്കാരായ സയണിസ്റ്റ് ശത്രുതക്കെതരിൽ ഫലസ്തീനികൾ സ്ഥൈര്യത്തോടെ നിലകൊണ്ട് അഭിമാനപൂർവം നിർവഹിക്കുന്നു. അത് അവരുടെ നിർബന്ധ ബാധ്യതയുമാണ്. മാത്രമല്ല, മുസ്ലിം സമൂഹത്തിലെ കഴിവുള്ള ഓരോരുത്തർക്കും കേവലം യുദ്ധമെന്നതിൽ നിന്ന് മാറി, വിശാലമായ അർഥത്തിൽ അത് നിർബന്ധമാകുന്നു. ജിഹാദിൽ പകരം ചെയ്യുകയെന്നത് ശരിയാകുമോ? അല്ലാഹുവിന്റെ മാർഗത്തിൽ ഒരാൾ മറ്റൊരാൾക്ക് വേണ്ടി ജിഹാദ് പകരം ചെയ്യാമോ? പണം നൽകികൊണ്ടാണെങ്കിലും അല്ലെങ്കിലും ഒരവസ്ഥയിലും ഒരാൾ മറ്റൊരാൾക്ക് പകരം ജിഹാദ് ചെയ്യുകയെന്നത് ശരിയാവുകയില്ല എന്നതിൽ കർമശാസ്ത്ര പണ്ഡിതർ യോജിച്ചിരിക്കുന്നു. എന്നാൽ, മരിച്ച ഒരാൾക്ക് വേണ്ടി അയാളുടെ സമ്പത്തിൽ നിന്ന് ഹജ്ജ് ചെയ്യുന്നതുപോലെയുള്ള സാഹചര്യങ്ങളിൽ പണം നൽകികൊണ്ട് പകരം ചെയ്യുകയെന്നത് അനുവദനീയമാകുന്നതാണ്. പണം നൽകികൊണ്ടാണെങ്കിലും അല്ലെങ്കിലും ഇപ്രകാരം (ഹജ്ജ് പോലെ) ഒരാൾ മറ്റൊരാൾക്ക് പകരമായി ജിഹാദ് ചെയ്യുകയെന്നത് ഒരിക്കലും അനുവദനീയമാവുകയില്ല.

Also read: ഗണിതശാസ്ത്രവും മുസ്‌ലിംകളും

ഒരാൾ മറ്റൊരാൾക്ക് പകരം ജിഹാദ് ചെയ്യുന്നത് നിരുപാധികം ശരിയാവുകയില്ലെന്നതിനെ സംബന്ധിച്ച് ഇമാം മാവർദി തന്റെ ഗ്രന്ഥമായ അൽഹാവി അൽകബീറിൽ വിശദീകരിക്കുന്നു. ഇമാം പറയുന്നു: ‘എന്തെങ്കിലും സ്വീകരിച്ചുകൊണ്ടോ അല്ലാതയോ ഒരാൾ മറ്റൊരാൾക്ക് വേണ്ടി ജിഹാദ് ചെയ്യുകയെന്നത് അനുവദനീയമല്ല. അതിന് മൂന്ന് കാരണങ്ങളുണ്ട്. ഒന്ന്, ഇരുവിഭാഗം സൈന്യം അഭിമുഖമായി നിൽക്കുമ്പോൾ അവിടെ സ്ഥൈര്യത്തോടെ നിൽക്കുകയെന്നത് നിർബന്ധമാണ്. ഹജ്ജ് പോലെ മറ്റുള്ളവർ പകരം ചെയ്യുകയെന്നത് അനുവദനീയമല്ല. അതവർക്ക് (ജിഹാദ്) നിർബന്ധമായി കഴിഞ്ഞാൽ ഒരാൾ മറ്റൊരാൾക്ക് പകരം ചെയ്യുകയെന്നത് അനുവദനീയമാവുകയില്ല. രണ്ട്, സൈന്യം മുന്നിൽനിൽക്കുകയാണെങ്കിൽ സ്വന്തത്തിന് വേണ്ടി പ്രതിരോധിക്കേണ്ടതാണ്. രക്തം ചിന്തുന്നതിൽ നിന്നുള്ള സംരക്ഷാണാർഥം പ്രതിരോധിക്കുകയെന്നതാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. മറ്റുള്ളവരെ പകരം വെച്ച് സ്വന്തത്തെ പ്രതിരോധിക്കുകയെന്നത് അനുവദനീയമല്ല. മൂന്ന്, യുദ്ധത്തിൽ പങ്കെടുക്കുന്നതിലൂടെ യുദ്ധമുതലിൽ (ഗനീമത്ത്) നിന്ന് ഒരു വിഹിതം അവൻ ഉടമപ്പെടുത്തുന്നതാണ്. എന്നാൽ യുദ്ധമുതൽ ലഭിക്കുകയാണെങ്കിൽ അവനല്ലാതെ മറ്റൊരു ഉടമയുണ്ടാകുന്നതാണ്.

സ്വന്തത്തിന് വേണ്ടി ഹജ്ജ് ചെയ്തവന് മറ്റൊരുവന് വേണ്ടി ഹജ്ജ് ചെയ്യുന്നത് ശരിയാകുന്നത് പോലെ, സ്വന്തത്തിന് വേണ്ടി യുദ്ധം ചെയ്യുന്നവന് മറ്റുള്ളവർക്ക് വേണ്ടി എന്തെങ്കിലും സ്വീകരിച്ചുകൊണ്ടോ അല്ലാതെയോ യുദ്ധം ചെയ്യാൻ എന്തുകൊണ്ട് സാധിക്കുന്നല്ലെന്ന് ചോദിക്കപ്പെടുന്നതാണ്. അതിന് ഇപ്രകാരം മറുപടി പറയാവുന്നതാണ്: നിർബന്ധമായിട്ടുള്ള ഹജ്ജ് ആവർത്തിക്കപ്പെടുന്നില്ല. അതിനാൽ അതിൽ പകരം ചെയ്യുകയെന്നത് ശരിയാവുന്നതാണ്. എന്റെ രോഗം അല്ലാഹു ശിഫയാക്കുകയാണെങ്കിൽ എല്ലാ വർഷവും ഹജ്ജ് നിർവിക്കുമെന്ന് പറയുന്നത് മുഖേന ഹജ്ജ് ആവർത്തിക്കപ്പെടുകയാണെങ്കിൽ, അദ്ദേഹത്തിന് മേൽ അവശേഷിക്കുന്ന ഹജ്ജ് പകരം ചെയ്യുകയെന്നത് ജിഹാദ് പോലെ ശരിയാവുകയില്ല. ജിഹാദിൽ പകരം ചെയ്യുകയെന്നത് ശരിയാവുകയാണെങ്കിൽ, യുദ്ധം ചെയ്യുന്നവൻ ലഭിച്ചത് (യുദ്ധമുതൽ) തിരിച്ച് നൽകേണ്ടത് നിർബന്ധമാണ്. ഇനി ഉപയോഗിച്ചുട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ മേൽ തരിച്ചുനൽകേണ്ട കടവുമായിരിക്കും.’

Also read: ധാര്‍മികത നാസ്തികതയില്‍

അല്ലാഹുവിന്റെ മാർഗത്തിൽ ജിഹാദ് ചെയ്യുന്നവർക്ക് (മുജാഹിദ്) ഒരുവൻ പണം നൽകുകയാണെങ്കിൽ അത് അവന് വേണ്ടി തന്നെയാണ് നൽകുന്നത്. അപ്രകാരം അവൻ അല്ലാഹുവിന്റെ മാർഗത്തിൽ സമ്പത്ത് കൊണ്ട് ജിഹാദ് ചെയ്തവനെന്ന് പരിഗണിക്കപ്പെടുന്നതാണ്. ഇത് അദ്ദേഹത്തിന് മേൽ നിർബന്ധവുമാണ്. തനിക്ക് പകരമായി മറ്റൊരാൾ ജിഹാദ് ചെയ്യുന്നതിന് അയാൾ സമ്പത്ത് നൽകാതിരിക്കുകയും ചെയ്യുന്നു. ഈ വിഷയങ്ങൾ ഇമാം മാവർദിയുടെ ഗ്രന്ഥത്തിൽ വായിക്കാവുന്നതാണ്. ഇമാം മാവർദി പറയുന്നു: ‘എന്നാൽ ഹജ്ജ് ചെയ്യുന്നയാൾക്കും, യുദ്ധത്തിലേർപ്പെടുന്നയാൾക്കും ഗുണപരമായി തീരണമെന്ന് ഉദ്ദേശിച്ച് ഒരാൾ പണം ചെലവഴിക്കുന്നതിൽ പ്രശ്നമില്ല. ചെലവഴിക്കുന്നവന് ചെലവഴിച്ചതിന്റെ പ്രതിഫലവും, പ്രവർത്തിച്ചവന് പ്രവർത്തിച്ചതിന്റെ പ്രതിഫലവും ലഭിക്കുന്നതിന് വേണ്ടി നന്മ പ്രവർത്തിക്കുന്നവൻ സ്വന്തത്തിന് വേണ്ടിതന്നെയാണ് സഹായം നൽകിയിട്ടുള്ളത്. കാരണം, പ്രവർത്തിക്കുന്നവൻ ഇതിൽ സ്വന്തത്തിന് വേണ്ടി തന്നെയാണ് ചെയ്യുന്നത്; പണം ചെലവഴിച്ച വ്യക്തിക്ക് വേണ്ടിയല്ല.’ സൈദ് ബിൻ ഖാലിദ് അൽജുഹ്നി റിപ്പോർട്ട് ചെയ്യുന്നു: അല്ലാഹുവിന്റെ റസൂൽ പറയുന്നു: ‘ഉംറക്കോ ഹജ്ജിനോ യുദ്ധത്തിനോ വീട്ടിൽ പകരക്കാരനോ ആയി ഒരുവനെ ആരെങ്കിലും ഒരുക്കുന്നവോ അവന് അതേ പ്രതിഫലം ലഭിക്കുന്നതാണ്.’ അബ്ദുല്ലാഹി ബിൻ ഉമർ(റ) റിപ്പോർട്ട് ചെയ്യുന്നു: അല്ലാഹുവിന്റെ റസൂൽ പറയുന്നു: ‘യുദ്ധം ചെയ്യുന്നവന് അതിനുള്ള പ്രതിഫലമുണ്ട്. യുദ്ധത്തിന് സജ്ജമാക്കുന്നവന് (സഹായിക്കുന്നവന്) അതിന്റെ പ്രതിഫലമുണ്ട്; യുദ്ധം ചെയ്യുന്നവന്റെയും.’

സംഗ്രഹിച്ചാൽ, ജിഹാദ് ഒരാൾ മറ്റൊരാൾക്ക് വേണ്ടി ചെയ്യുന്നത് ശരിയാവുകയില്ലെന്നതാണ്. അല്ലാഹുവിന്റെ മാർഗത്തിലെ ജിഹാദ് പകരം ചെയ്യുകയെന്നത് ഫാസിദാണ്. മുജാഹിദുകൾ, മറ്റുള്ളവർക്ക് വേണ്ടിയല്ല അവർക്ക് വേണ്ടി മാത്രമാണ് ജിഹാദ് ചെയ്യുന്നത്. അപ്രകാരം, ആരെങ്കിലും മുജാഹിദുകൾക്ക് സാമ്പത്തികമായോ അല്ലാതേയോ പിന്തുണ നൽകുന്നുവെങ്കിൽ അത് സ്വന്തത്തിന് വേണ്ടി തന്നെയാണ്, മറ്റുളളവർക്ക് വേണ്ടിയല്ല.

മുസ്ലിം സമൂഹത്തന് വേണ്ടി പ്രതിരോധിക്കുകയെന്നതും, പകരം ചെയ്യുകയെന്നതും തമ്മിലെ വ്യത്യാസം?
മസ്ജിദുൽ അഖ്സക്കും, ഖുദ്സിനും, ഫലസ്തീനും വേണ്ടി ഫലസ്തീനികൾ പ്രതിരോധിക്കുകയും, ഉത്തരവാദിത്തം നിർവഹിക്കുകയും ചെയ്യുന്നത് തങ്ങൾക്ക് വേണ്ടി മാത്രമാണ്. ഫലസ്തീനികൾ ഇപ്രകാരം ചെയ്യുന്നത് മൊത്തം മുസ്ലിം സമൂഹത്തിന് പകരമായികൊണ്ടല്ല; പ്രതിനിധിയായികൊണ്ടല്ല. എന്നാലിത്, ഫലസ്തീനികൾ ഒന്നാമതായി പ്രതിരോധം തീർക്കുന്നത് മൊത്തം മുസ്ലിം സമൂഹത്തിന് വേണ്ടിയാണെന്നും, സയണിസ്റ്റുകൾക്കും അവരുടെ സഖ്യക്ഷികൾക്കുമെതിരയാണ് കുന്തമുന ഉയർത്തുന്നതെന്നുമുള്ളതിനെ തള്ളികളയുകയോ നിരസിക്കുകയോ ചെയ്യുന്നില്ല. അതെ, ഫലസ്തീനികൾ ജിഹാദ് ചെയ്യുന്നത് മൊത്തം മുസ്ലിം സമൂഹത്തിന് പകരമായി കൊണ്ടല്ല. ഫലസ്തീനികൾ അവരെ പ്രതിനിധീകരിച്ചുകൊണ്ടു മാത്രമാണ് പോരാടുന്നത്. അത് സയണിസ്റ്റ് പദ്ധതികളെ തടയിടാനും, നഷ്ടപ്പെട്ടത് വീണ്ടെടുക്കാനും, മുസ്ലിംകളെ അവരിൽ നിന്ന് പ്രതിരോധിച്ച് നിർത്താനും വേണ്ടിയാണ്.

Also read: വിനാശകാലേ വിപരീത ബുദ്ധി

ഫലസ്തീനികൾ അവർക്ക് വേണ്ടി പ്രതിരോധിക്കുമ്പോൾ അത് മൊത്തം മുസ്ലിം സമൂഹത്തിന് പകരമാവുകയില്ലെന്ന് എന്തിനാണിങ്ങനെ ഊന്നിപറയാൻ ശ്രമിക്കുന്നതെന്ന് ചിലപ്പോൾ ചോദിച്ചേക്കാം. ഫലസ്തീൻ ജനത സമൂഹത്തെ മൊത്തം പ്രതിനിധീകിരിക്കുന്നുവെന്ന് (നിയാബത്ത്) പറയുന്ന, പ്രയോഗിക്കുന്ന അധികമാളുകളും അനിവാര്യമായും ജിഹാദെന്ന ഉത്തരവാദിത്തം മുസ്ലിം സമൂഹത്തിൽ നിന്ന്  നീങ്ങിപോയിരിക്കുന്നുവെന്ന് ഉദ്ദേശിക്കുന്നില്ലെന്നത് ശരിയാണ്. പക്ഷേ, ഇസ്ലാമിക പ്രബോധന രംഗത്തുള്ള ശ്രേഷ്ഠരും വിശ്വസ്തരും, രാഷ്ട്രീയ രംഗത്തുള്ളവരും ആവർത്തിച്ച് പറയുന്ന ഈ പ്രയോഗം (ഫലസ്തീൻ ജനത സമൂഹത്തിന് പകരമായാണ് പോരാടുന്നത്) കേൾക്കുന്ന കേൾവിക്കാരുടെ ചെവിയിൽ കാലങ്ങൾ കഴിഞ്ഞുപോകവേ അതൊരു യാഥാർഥ്യമായി തീരുന്നതാണ്. അത് ആ രീതിയിൽ സ്വാധീനിക്കപ്പെടുന്നതാണ്. ഫലസ്തീനികൾ മുസ്ലിം സമുദായത്തിന് പകരമായാണ് ജിഹാദ് ചെയ്യുന്നതെന്ന ചിന്ത ജനങ്ങളിൽ ഉറക്കുകയാണെങ്കിൽ അതിന്റെ അനന്തരഫലം അപകടകരമാംവിധമായിരിക്കും. ജിഹാദെന്ന വികാരം ജനങ്ങളിൽ നിന്ന് ഇല്ലാതായി പോകുന്നതാണ്. അതിനെക്കാൾ അപകടകരം, കാലങ്ങൾ കഴിഞ്ഞുപോകവേ ഫലസ്തീൻ വിഷയമെന്നത്, ഫലസ്തീനികൾ മറ്റുള്ളവർക്ക് പകരംനിൽക്കുന്നവരാണെന്ന തോന്നൽ ഉളവാക്കുമോയെന്നതാണ്. അതിനാൽ തന്നെ, പ്രബോധന-രാഷ്ട്രീയ രംഗത്തുള്ളവർ പറയുന്ന വാക്കുകളിലും പ്രയോഗങ്ങളിലും സൂക്ഷമത പുലർത്തേണ്ടതുണ്ട്. ജനങ്ങൾക്ക് ഗുണപരമല്ലാത്ത ഉദ്ദേശങ്ങളും അർഥങ്ങളും നൽകുന്ന പ്രയോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യേണ്ടതുണ്ട്.

വിവ: അർശദ് കാരക്കാട്

Related Articles