Current Date

Search
Close this search box.
Search
Close this search box.

നെൽസൺ മണ്ടേലയുടെ പൈതൃകവും ഇസ്രായേലി ലോബിയിസ്റ്റുകളുടെ നുണകളും

“ഫലസ്തീനിയൻ മണ്ടേല എവിടെ?” ഇസ്രായേൽ അനുകൂലികളിൽ നിന്നും ഞാൻ പലപ്പോഴും കേട്ടിട്ടുള്ള ഒരു ചോദ്യമാണിത്. ഒലീവ് ഇലകളും സംവാദങ്ങളും മാത്രം മുന്നോട്ടുവെച്ച ഒരാളാണ് നെൽസൺ മണ്ടേലയെന്നാണ് അവർ വിശ്വസിക്കുന്നത്. അവരുടെ ഭാവനയിൽ തന്റെ വർഗത്തെ അടിച്ചമർത്തുകയും പീഡിപ്പിക്കുകയും ചെയ്തവരെ ആരാധിക്കുകയും നിരുപാധികമായി അവർക്ക് മാപ്പുനൽകുകയും അവരോട് അനുരജ്ഞനത്തിന് തയ്യാറാവുകയും ചെയ്ത ഒരാളാണ് മണ്ടേല. അങ്ങനെയൊരു ഫലസ്തീൻ മണ്ടേല എവിടെ എന്നാണ് യഥാർഥത്തിൽ അവരുടെ ചോദ്യത്തിന്റെ ഉദ്ദേശം.

സൗത്ത് ആഫ്രിക്കിയിലും ലോകത്താകമാനവുമുള്ള ഇസ്രായേലിന്റെ ലോബിയിസ്റ്റുകൾ, ശത്രുക്കളുമായി ഉദാരമനസ്കതയോടെ സമാധാനമുണ്ടാക്കിയ, ഒരു ലിബറൽ സമാധാനവാദിയായി എന്റെ മുത്തച്ഛനെ ഉയർത്തി കൊണ്ടുവന്നിട്ടുണ്ട്. ‘ഹോലിലാല’യുടെ ജീവിതം (Rolihlahla, നെൽസൺ മണ്ടേലയുടെ മധ്യനാമം, “വേരോടെ പിഴുതെടുക്കുന്നവൻ എന്നർഥം) സമാധാനമുണ്ടാക്കുന്നവൻ, അനുരജ്ഞകൻ എന്ന നിലയിലേക്ക് ചുരുക്കുന്നത് അദ്ദേഹത്തിന്റെ പൈതൃകത്തെ ബോധപൂർവ്വം വളച്ചൊടിക്കുന്ന പ്രവർത്തനമാണ്.

പ്രസിഡന്റ് മണ്ടേല അദ്ദേഹത്തിന്റെ മധ്യനാമത്തോട് നീതി പുലർത്തിയ വ്യക്തിയായിരുന്നു. അദ്ദേഹമൊരു വിപ്ലവകാരിയും ബുദ്ധിജീവിയും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു. അടിച്ചമർത്തലിനെ ചെറുക്കുന്നതിനും പ്രതാപം പുനഃസ്ഥാപിക്കുന്നതിനും വേണ്ടി സമർപ്പിക്കപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. മർദ്ദകന്റെ മർദനരീതിയാണ് അദ്ദേഹം ഉയർത്തിപിടിച്ച ചെറുത്തുനിൽപ്പ് രൂപത്തെ നിർണയിച്ചത്. “ക്രൂരമായ ആക്രമണങ്ങൾ കൊണ്ട് മാത്രം പ്രതികരിക്കുന്ന ഒരു ഭരണകൂടത്തിനോട് സമാധാനവും അഹിംസയും സംസാരിക്കുന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം വ്യർഥവും നിരർഥകവുമാണ്,” പുതുതായി രൂപീകരിക്കപ്പെട്ട “സ്പിയർ ഓഫ് ദി നേഷൻ” എന്ന് വിളിക്കപ്പെട്ട ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ സായുധ വിഭാഗത്തിന്റെ ആദ്യ കമാണ്ടർ ആയി സ്ഥാനമേൽക്കുന്നതിന് ഏഴു മാസം മുമ്പ്, 1961 മെയ് മാസത്തിൽ മണ്ടേല മുന്നറിയിപ്പ് നൽകി.

Also read: ‘കാം സ്‌കാനറി’ന് പകരക്കാരനായി ‘ഡോക്യുമെന്റ് സ്‌കാനര്‍’

എന്നിട്ടും, ഇസ്രായേലിന്റെ അനുയായികൾ നെൽസൺ മണ്ടേലയെ കുറിച്ച് പറയുമ്പോൾ, അദ്ദേഹത്തിന്റെ സംവാദത്തിന്റെയും അനുരഞ്ജനത്തിന്റെയും സന്ദേശത്തിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തന്മൂലം, അദ്ദേഹം അറിയപ്പെടുന്നതു പോലെ, മാഡിബയുടെ കഥ, ജനാധിപത്യത്തിലേക്കുള്ള സൗത്ത് ആഫ്രിക്കയുടെ മാറ്റം, ദീർഘവും കഠിനവും – പലപ്പോഴും കോപാകുലവുമായ- നീതിയുടെയും സ്വാതന്ത്ര്യത്തിന്റെയും വീരചരിതം, കേവലം ക്ഷമയുടെയും മാപ്പിന്റെയും കെട്ടുകഥയാക്കി ചുരുക്കപ്പെട്ടിരിക്കുന്നു.

മണ്ടേലയുടെ വിഷയം സമാധാനവും അനുരഞ്ജനവുമായിരുന്നില്ല; അത് നീതിയും വിമോചനവുമായിരുന്നു. വിമോചനം നേടിയതിനു ശേഷം മാത്രമാണ് അനുരഞ്ജനവും പൊറുത്തുകൊടുക്കലും പരിഗണിച്ചത്. അതിനു മുമ്പ്, മർദ്ദകരുമായി ഏതെങ്കിലും തരത്തിലുള്ള “അനുരഞ്ജനത്തിൽ” ഏർപ്പെടുന്നത് കീഴടങ്ങലായും വിമോചന സമരത്തിന്റെ മുനയൊടിക്കലുമായാണ് അദ്ദേഹം കണക്കാക്കിയത്.

ആഗോള വർണ്ണവിവേചന വിരുദ്ധ പ്രസ്ഥാനത്തിലെ ദക്ഷിണാഫ്രിക്കയുടെ സഖ്യകക്ഷികളാരും തന്നെ വിമോചനം കൈവരിക്കുന്നതിനു മുമ്പ് മർദകരുമായി സമാധാനം സ്ഥാപിക്കാൻ ഞങ്ങളോട് ആവശ്യപ്പെട്ടിട്ടില്ല. നിരന്തരമായ നാടുകടത്തൽ, സഞ്ചാര സ്വാതന്ത്ര്യത്തിനു മേലുള്ള നിയന്ത്രണങ്ങൾ, പ്രതിഷേധങ്ങളെ ക്രൂരമായി അടിച്ചമർത്തൽ, വിചാരണ കൂടാതെയുള്ള തടങ്കൽ തുടങ്ങിയവ കൈമുതലാക്കിയ ക്രൂരമായ ഒരു പോലീസ് സ്റ്റേറ്റിന്റെ സാഹചര്യത്തിൽ അപ്പാർത്തീഡ് ഗവൺമെന്റിനോട് സംവാദത്തിൽ ഏർപ്പെടാൻ ദക്ഷിണാഫ്രിക്കക്കാരോട് പറയുന്നത് മർദ്ദകരുമായി സഹകരിക്കാൻ ഞങ്ങളോട് ആവശ്യപ്പെടുന്നതു പോലെയായിരുന്നു. ദക്ഷിണാഫ്രിക്കക്കാരോട് ലോകം ഒരിക്കലും അതാവശ്യപ്പെട്ടിട്ടില്ല അല്ലെങ്കിൽ ഞങ്ങളിൽ നിന്നും അതൊരിക്കലും പ്രതീക്ഷിച്ചിട്ടുമില്ല. എന്നിട്ടും സമാനമായ, അതിനേക്കാൾ മോശമായ അവസ്ഥയിൽ ജീവിക്കുന്ന ഫലസ്തീനികളോട് അതാവശ്യപ്പെടുന്നു.

അനുരഞ്ജനത്തെ കുറിച്ച് സംസാരിക്കുന്ന മണ്ടേലയെയാണ് ഇസ്രായേലി ലോബിയിസ്റ്റുകൾ ഇഷ്ടപ്പെടുന്നത്. അദ്ദേഹം ശത്രുക്കളുടെ വിശ്വാസം നേടിയതിനെ കുറിച്ചും, അപ്പാർത്തീഡ് ശിൽപ്പി ഹെൻഡ്രിക് വെർവോർഡിന്റെ വിധവയായ ബെറ്റ്സി വെർവോർഡുമൊത്ത് മണ്ടേല ചായ കുടിച്ചതിനെ കുറിച്ചും വിവരിക്കാനാണ് അവർക്കിഷ്ടം. ജയിൽ മോചിതമായ നെൽസൺ മണ്ടേല ഉടൻ തന്നെ സായുധ പോരാട്ടം ഉപേക്ഷിച്ചെന്നും, യാതൊരുവിധ ആവശ്യങ്ങളോ ഉപാധികളോ ഇല്ലാതെ, നിശബ്ദം അപ്പാർത്തീഡ് ഗവൺമെന്റുമായി ചർച്ചകളിൽ ഏർപ്പെട്ടെന്നും ലോകം വിശ്വസിക്കാൻ ഇസ്രായേലിന്റെ വക്താക്കൾ ആഗ്രഹിച്ചു. “27 വർഷം ജയിൽവാസമനുഷ്ഠിച്ചിട്ടും, മോചിതനായപ്പോൾ അക്രമമല്ല, മറിച്ച് സംവാദമാണ് മണ്ടേല മുന്നോട്ടുവെച്ചത്,” ദക്ഷിണാഫ്രിക്കൻ എഴുത്തുകാരൻ ബെഞ്ചമിൻ പോഗ്രണ്ട് പറയുന്നു. ഇത് യാഥാർഥ്യമല്ല.

ജയിൽ മോചിതമായ ദിവസം നെൽസൺ മണ്ടേല പറഞ്ഞു: “സായുധസമരത്തെ അനിവാര്യമാക്കുന്ന ഘടകങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ട്. അതു തുടരുകയാല്ലാതെ നമുക്ക് മറ്റു മാർഗമില്ല. ചർച്ചകളിലൂടെയുള്ള ഒത്തുതീർപ്പിന് അനുയോജ്യമായ ഒരു കാലാവസ്ഥ ഉടൻ സൃഷ്ടിക്കപ്പെടുമെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു. ആയതിനാൽ സായുധപോരാട്ടത്തിന്റെ ആവശ്യകത ഇനി ഉണ്ടാകണമെന്നില്ല.”

Also read: ബാബറി മസ്ജിദ് – അവസാനവട്ട ചര്‍ച്ചക്കെത്തുമ്പോൾ

ദക്ഷിണാഫ്രിക്കയിലെ കുറത്ത വർഗക്കാരെ മനുഷ്യത്വരഹിതമായി നാടുകടത്തുകയും പീഡിപ്പിക്കുകയും ചെയ്യുമ്പോൾ, ഞങ്ങളുടെ വിമോചനസമര നേതാക്കളെ ജയിലിലടക്കുകയും പീഡിപ്പിക്കുകയും വധിക്കുകയും ചെയ്യുമ്പോൾ മണ്ടേല ചർച്ചകളിൽ ഏർപ്പെടാൻ പോയിട്ടില്ല. “ഗവൺമെന്റ് ഞങ്ങൾക്കെതിരെ യുദ്ധം നടത്തിക്കൊണ്ടിരിക്കുമ്പോൾ, സമാധാനത്തെ കുറിച്ചുള്ള ചർച്ചകളും വാചാടോപങ്ങളും നടത്തുക എന്നത് ഞങ്ങൾക്ക് അംഗീകരിക്കാൻ കഴിയാത്ത നിലപാടാണ്,” 1990 സെപ്റ്റംബറിൽ, അന്നത്തെ ഓർഗനൈസേഷൻ ഓഫ് ആഫ്രിക്കൻ യൂണിറ്റിയിൽ (ഒ.എ.യു) മണ്ടേല പ്രഖ്യാപിച്ചു.

അടിസ്ഥാന വ്യവസ്ഥകൾ പൂർത്തിയാക്കപ്പെട്ടതിനു ശേഷം മാത്രമെ മണ്ടേല ചർച്ചകൾ ആരംഭിച്ചിരുന്നുള്ളു. കറുത്ത വർഗക്കാർക്കെതിരായ നാടുകടത്തൽ, സർക്കാർ ഒത്താശയോടെയുള്ള അക്രമം, രാഷ്ട്രീയ തടവുകാരുടെ മോചനം, മറ്റു രാജ്യങ്ങളിൽ അഭയം തേടിയവരുടെ മടങ്ങിവരവ് എന്നിവ അടിസ്ഥാന വ്യവസ്ഥകളിൽ ഉൾപ്പെടുന്ന കാര്യങ്ങളാണ്. ചർച്ചക്കിരിക്കുന്നതിന് മുമ്പ് സമാനമായ വ്യവസ്ഥകൾ പൂർത്തീകരിക്കാൻ ഫലസ്തീനികൾ ആവശ്യപ്പെടുമ്പോൾ, അവർ യുക്തിയില്ലാത്തവരെന്നും ധാർഷ്ട്യമുള്ളവരെന്നും വിളിക്കപ്പെടുന്നു.

മണ്ടേല എന്തിനു വേണ്ടിയാണോ നിലകൊണ്ടത് അതിന് നേർവിപരീതമാണ് ഫലസ്തീനികളെന്ന് ഇസ്രായേൽ അനുകൂലികൾ സ്വയം വിചാരിക്കുന്നു. ഇസ്രായേലിനെ ഫലസ്തീനികൾ എതിർക്കുമ്പോഴെല്ലാം, മണ്ടേല ഒരിക്കലും അങ്ങനെ പെരുമാറില്ല എന്ന് അവർ ഫലസ്തീനികളോട് പറയുന്നു. അവരുടെ മനസ്സിൽ, ചെക്ക്പോയിന്റുകളെയും അനധികൃത പാർപ്പിട നിർമാണത്തെയും ഓസ്ലോ, ക്യാമ്പ് ഡേവിഡ് ഉടമ്പടി കാലത്തെ ഏഴ് വർഷത്തെ ഫലമില്ലാത്ത ചർച്ചകളെയും അംഗീകരിക്കുന്ന ഒരാളാണ് മണ്ടേല.

ഇസ്രായേലി വക്താക്കളുടെ ഭാവനയിലുള്ള മണ്ടേല നീതിയുടെയും അന്തസ്സിന്റെയും കാര്യത്തിൽ എല്ലായ്പ്പോഴും വിട്ടുവീഴ്ച ചെയ്യാൻ തയ്യാറുള്ള ഒരാളാണ്. എന്നാൽ, യഥാർഥ മണ്ടേല, സായുധ പോരാട്ടം ഉപേക്ഷിക്കുകയും അദ്ദേഹത്തിന്റെ ജനതയുടെ അവകാശങ്ങൾ അടിയറവെക്കുകയും ചെയ്താൽ നേരത്തെ ജയിലിൽ നിന്നും മോചിപ്പിക്കാമെന്നതടക്കമുള്ള, വർണവിവേചന സർക്കാറിൽ നിന്നുള്ള നിരവധി “ഉദാരമായ ഓഫറുകൾ” നിരസിക്കുകയാണ് ചെയ്തത്.

ദക്ഷിണാഫ്രിക്കക്കാരുടെ വിമോചനം എന്ന തന്റെ അന്തിമ ലക്ഷ്യത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ പ്രേരിപ്പിക്കുന്ന ഒന്നിനും മണ്ടേല ഒരിക്കലും സമ്മതിച്ചിട്ടില്ലെന്ന് ‘എല്ലാം പൊറുത്തുമാപ്പാക്കിയ മണ്ടേല’യുടെ വക്താക്കൾ മറക്കുന്നു. ചർച്ചകളിൽ, അദ്ദേഹവും അദ്ദേഹത്തിന്റെ സഖാക്കളും – ഫലസ്തീനികളെ പോലെ – മനുഷ്യാവകാശവും അന്തസും കണക്കിലെടുക്കാത്ത ഒരു കരാറിനും പലപ്പോഴും കൂട്ടാക്കിയിട്ടില്ല.

Also read: ഈ ഉദ്ധരണികൾ നിങ്ങൾക്കും വെളിച്ചമാവട്ടെ

ഫലസ്തീനികളുമായി ഇസ്രായേൽ കഴിഞ്ഞ 20 വർഷത്തിനിടയിൽ ഒരിക്കൽ പോലും ശരിയായ രീതിയിൽ സമാധാന ചർച്ചകളിൽ ഏർപ്പെട്ടിട്ടില്ല. ഫലസ്തീനികളെ അധിനിവേശത്തിനു കീഴിൽ നിലനിർത്താനുള്ള ഒരു കളിപ്പാട്ടമായാണ് സമാധാന പ്രക്രിയയെ ഇസ്രായേൽ ഉപയോഗിച്ചത്, അതേസമയം വെസ്റ്റ് ബാങ്കിലെ അധിനിവേശം അക്രമാസക്തമായി തുടരുകയും, ഗസ്സക്കു മേലുള്ള ഉപരോധം ശക്തമാക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. “സമാധാന പ്രക്രിയ” തുടരുന്ന കാലത്തോളം, ബഹിഷ്കരണ ആഹ്വാനങ്ങളെ നിശബ്ദമാക്കാൻ ഇസ്രായേലിന് കഴിയും.

എന്നത്തേക്കാളുമധികം നെൽസൺ മണ്ടേലയുടെ പൈതൃകം ഫലസ്തീനിൽ ഇന്ന് നമുക്ക് ആവശ്യമാണ്- ക്ഷമയെയും അനുരഞ്ജനത്തെയും കുറിച്ച് പ്രസംഗിക്കാനല്ല, മറിച്ച് നീതിയിലും അന്തസ്സിലും വേരൂന്നിയ രാഷ്ട്രീയ പരിഹാരങ്ങൾ രൂപപ്പെടുത്താൻ വേണ്ടിയാവണമത്. എല്ലാ ജനങ്ങളുടെ നീതിയും സ്വാതന്ത്ര്യവും അന്തസ്സും അനുഭവിക്കുമ്പോൾ മാത്രമാണ് സമാധാനവും പൊറുത്തുകൊടുക്കലും അനുരഞ്ജനവും സാധ്യമാവുക എന്ന സന്ദേശമാണ് ഇസ്രായേലിനും അതിന്റെ വക്താക്കൾക്കും നെൽസൺ മണ്ടേലയുടെ ജീവിതത്തിൽ നിന്നും പഠിക്കാനുള്ള ഏറ്റവും വലിയ പാഠം.

(നെൽസൺ മണ്ടേലയുടെ പേരമകനാണ് ൻകോസി മണ്ടേല എം.പി.)

വിവ- അബൂ ഈസ

Related Articles