Current Date

Search
Close this search box.
Search
Close this search box.

അമേരിക്കൻ അധിനിവേശം; മുറിവ് ഉണങ്ങാതെ ഇറാഖ്

പതിനേഴു വർഷങ്ങൾക്കു മുമ്പ്, 2003 മാർച്ച് 19ന്, ഇറാഖിനെതിരെയുള്ള അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ രാഷ്ട്രങ്ങളുടെ അധിനിവേശയുദ്ധത്തിനു തുടക്കം കുറിച്ചു. ആധുനിക ചരിത്രത്തിലെ ഏറ്റവും മോശമായ വിദേശനയ ദുരന്തം എന്നാണ് പലരും ഈ നീക്കത്തെ വിശേഷിപ്പിച്ചത്. ഇറാഖ് സ്വേച്ഛാധിപതി സദ്ദാം ഹുസൈൻ സൂക്ഷിച്ചിരിക്കുന്ന കൂട്ടനശീകരണായുധങ്ങൾ നശിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ പേരിൽ യുദ്ധം ന്യായീകരിക്കപ്പെട്ടു. സദ്ദാമിന്റെ കൈവശം കൂട്ടനശീകരണായുധങ്ങൾ ഉണ്ടെന്ന ആരോപണം പിന്നീട് തെറ്റാണെന്നു തെളിഞ്ഞെങ്കിലും, യുദ്ധം ദശലക്ഷണക്കണക്കിനു മനുഷ്യരുടെ ജീവനെടുത്തു, വിഭാഗീയ അതിക്രമങ്ങൾ ആളിക്കത്തിച്ചു, കൂടാതെ മതതീവ്രവാദ സംഘങ്ങളുടെ പിറവിക്ക് കാരണമാവുകയും ചെയ്തു.

ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്റെ കൈവശം കൂട്ടനശീകരണായുധങ്ങൾ ഉണ്ടെന്ന കെട്ടുകഥ ജനങ്ങളെ വിശ്വസിപ്പിച്ചാണ്, പ്രധാനമായും പാശ്ചാത്യ രാജ്യങ്ങളെ ചേർത്ത് സഖ്യമുണ്ടാക്കി, മിഡിലീസ്റ്റിന്റെ ഭൂപടം മാറ്റിവരക്കാൻ തീരുമാനിച്ചുറപ്പിച്ച ഒരു കൂട്ടം തീവ്ര നിയോ-കോൺ സൈദ്ധാന്തികർക്കു ഭൂരിപക്ഷമുള്ള ജോർജ് ഡബ്യൂ ബുഷിന്റെ അമേരിക്കൻ ഭരണകൂടം യുദ്ധം നയിച്ചത്.

Also read: ദുരന്തങ്ങളെ കൈകൊട്ടി വിളിക്കാതിരിക്കുക

സദ്ദാം ഹുസൈന്റെ കൈവശം കൂട്ടനശീകരണായുധങ്ങൾ ഉണ്ടെന്നത് അമേരിക്ക നിർമിച്ച ഒരു കെട്ടുകഥയാണെന്ന് തെളിഞ്ഞെങ്കിലും, അമേരിക്കൻ യുദ്ധ വിമാനങ്ങൾ ഇറാഖ് തലസ്ഥാനമായ ബാഗ്ദാദ് ബോംബിട്ട് തകർത്തുകഴിഞ്ഞിരുന്നു. ഒരു മാസം കൊണ്ട് അമേരിക്കൻ സൈന്യം ബാഗ്ദാദ് പിടിച്ചെടുത്തു. ബാഗ്ദാദിലെ ഓരോ ആശുപത്രികളിലും മണിക്കൂറിൽ ശരാശരി നൂറു പേർ എന്ന നിലക്ക് മൃതദേഹങ്ങൾ വന്നുകൊണ്ടിരുന്നു, ഇതിൽ ഭൂരിഭാഗവും സാധാരണക്കാരായ സിവിലിയൻമാരായിരുന്നു. ഈ ദിവസം വരേക്കും, ബാഗ്ദാദ് പൂർണ്ണമായും പുനഃനിർമിക്കപ്പെട്ടിട്ടില്ല. അമേരിക്കൻ ആക്രമണം മാത്രമല്ല, അതിനെ തുടർന്ന് ഒരു ദശാബ്ദക്കാലത്തോളം നീണ്ടുനിന്ന ബോംബിഗും ആ നഗരത്തെ നശിപ്പിച്ചു കളഞ്ഞു.

ഏപ്രിൽ 14 ‘മിഷൻ പൂർത്തിയായതായി’ പ്രസിഡന്റ് ബുഷ് പ്രഖ്യാപിച്ചെങ്കിലും, എട്ടു വർഷത്തോളം യുദ്ധം നീണ്ടുനിന്നു, തുടക്കത്തിൽ ഏകദേശം 151,000 മുതൽ 600,000 ഇറാഖികൾ കൊല്ലപ്പെട്ടു. 2003 ഡിസംബറിൽ സദ്ദാം ഹുസൈനെ പിടികൂടുകയും, തുടർന്ന് തൂക്കിലേറ്റുകയും ചെയ്തെങ്കിലും, അമേരിക്കൻ അധിനിവേശം കൂടുതുറന്നുവിട്ട ദുരിതങ്ങൾക്കു ശമനമുണ്ടായില്ല.

അധിനിവേശാനന്തര വർഷങ്ങൾ ഇറാഖിനെ ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് എന്ന തരത്തിലേക്ക് പ്രശ്നങ്ങളിലേക്ക് തള്ളിവിട്ടു. 2008ൽ ഏതാണ്ട് 23 ലക്ഷം ഇറാഖികൾക്കു വീടുകൾ നഷ്ടപ്പെട്ടു, 20 ലക്ഷത്തോളം പേർ രാജ്യം വിട്ടുപോയി.

അമേരിക്കയുടെ ഭരണപരിഷ്കാരങ്ങൾ ഇറാഖിനെ അക്രമത്തിലും അസ്ഥിരതയിലും അകപ്പെടുത്തി. വിമത സംഘങ്ങൾ അമേരിക്കൻ വിരുദ്ധ പോരാട്ടം ആരംഭിച്ചതോടെ അമേരിക്കൻ സൈനികരുടെ എണ്ണം അപകടകരാം വിധത്തിൽ കുറഞ്ഞുവന്നു. 14 മാസം ഇറാഖ് ഭരിച്ച പോൾ ബ്രെമറുടെ തീരുമാനം വിമത പോരാളികളെ നേരിടാനുള്ള അമേരിക്കൻ സൈനികരുടെ ശേഷിയെ പരിമിതപ്പെടുത്തി. അദ്ദേഹം ഇറാഖ് സൈന്യത്തെ പിരിച്ചുവിടുകയും ബഅഥ് സ്വാധീനം ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തു.

ഇറാഖ് എന്ന രാഷ്ട്രം തകർന്നതോടെ, മത-വംശീയ സംഘങ്ങൾ രംഗത്തുവന്നു. ബ്രെമർ ഭരണത്തിനു കീഴിൽ ന്യൂനപക്ഷങ്ങൾക്കിടയിലെ വിഭാഗീയ മതകീയ സംഘർഷങ്ങൾ ഗണ്യമായി വർധിച്ചു. അമേരിക്കൻ നേതൃത്വത്തിലുള്ള അധിനിവേശം രാജ്യത്തെ വിഭാഗീയമായി വിഭജിച്ചു.

Also read: കോവിഡ്: ജാഗ്രത പാലിക്കാന്‍ ഇനിയും വിമുഖത കാട്ടുന്നവര്‍

ബഅഥ് മുക്ത ഇറാഖ് എന്ന അമേരിക്കയുടെ നയം സിവിൽ സർവീസിന്റെ ഉന്നതതലങ്ങളിൽ വ്യാപകമായ അഴിച്ചുപണികൾ നടത്തുന്നതിലേക്ക് നയിച്ചു. 20000 മുതൽ 120000 പേർ തൊഴിൽ രഹിതരായി. അങ്ങനെ ആ രാജ്യത്ത് അവശേഷിച്ചിരുന്നതും നീക്കം ചെയ്തു. സൈനികരുടെയും മറ്റു ഉദ്യോഗസ്ഥരുടെയും പുറത്താക്കലാണ് കൂടുതൽ അപകടം ക്ഷണിച്ചു വരുത്തിയത്. അമേരിക്കൻ നേതൃത്വത്തിലുള്ള പുതിയ സൈന്യത്തിൽ ചേരുന്നതിനു പകരം, അമേരിക്കൻ വിരുദ്ധ വിമത പോരാട്ട സംഘങ്ങളിലാണ് പ്രസ്തുത സൈനികരും ഉദ്യോഗസ്ഥരും ചേർന്നത്, പ്രത്യേകിച്ച് സുന്നി വിമത പോരാട്ട സംഘങ്ങളിൽ. അമേരിക്കൻ അധിനിവേശം സൃഷ്ടിച്ച അനിശ്ചിതത്വം ദശലക്ഷക്കണക്കിനു ആളുകളെ മത-വംശീയ സംഘങ്ങളിലേക്കും വിമത പോരാട്ട സംഘങ്ങളിലേക്കും അഥവാ സംരക്ഷണം വാഗ്ദാനം ചെയ്തവരുടെ അടുക്കലേക്ക് പോകാൻ നിർബന്ധിതരാക്കി.

ബാഗ്ദാദിനെ സുന്നി-ശിയാ ജില്ലകളായി വിഭജിച്ചു കൊണ്ട് ഇറാഖിൽ പുതുതായി സ്ഥാപിക്കപ്പെട്ട ഭരണകൂടവും വിഭാഗീയത ആളിക്കത്തിച്ചു. സുന്നികളെ കൊന്നും, ശിയാക്കൾക്കു ഭൂമി വിൽപ്പന ചെയ്തില്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയും ബാഗ്ദാദിന്റെ വിവിധ പ്രദേശങ്ങളിൽ വംശീയ ഉന്മൂലന ക്യാമ്പയിൻ നടത്തുന്ന ശിയാ ജിഹാദിസ്റ്റ് മിലീഷ്യകൾക്കു നേരെ ഭരണകൂടം കണ്ണടച്ചു.

2011ൽ സംഘർഷത്തിൽ നിന്നും തങ്ങളുടെ സൈന്യത്തെ അമേരിക്ക പിൻവലിച്ചു. ഏട്ടു വർഷത്തെ യുദ്ധത്തിനു വേണ്ടി ഏകദേശം 2 ട്രില്യൺ ഡോളർ അമേരിക്ക ചെലവഴിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രണ്ടു വർഷത്തിനു ശേഷം 2014ൽ ഐ.എസ്സിനെ നേരിടാൻ വീണ്ടും ഇറാഖിലേക്ക് സൈന്യത്തെ അയക്കാൻ അമേരിക്ക നിർബന്ധിതരായി. തുടങ്ങിവെച്ചത് അവസാനിപ്പിക്കാൻ കഴിയാത്ത ദുരവസ്ഥയിലാണ് അമേരിക്ക ഇന്ന് എത്തിനിൽക്കുന്നത്.

വിവ. അബൂ ഈസ

Related Articles