Current Date

Search
Close this search box.
Search
Close this search box.

ഇസ്ലാമും മധ്യപൂര്‍വദേശത്തെ പാരിസ്ഥിതിക ദൈവശാസ്ത്രവും

ഭരണഘടനാപരമായി മതപരമായ നിയമങ്ങള്‍ പിന്തുടരുന്ന ധാരാളം രാജ്യങ്ങള്‍ സ്ഥിതിചെയ്യുന്ന മധ്യപൂര്‍വദേശത്ത് പാരിസ്ഥിതിക ദൈവശാസ്ത്രം ഒരുകാലത്ത് മോഹനമായ വാഗ്ദാനമായിരുന്നു. ഖുര്‍ആന്‍ പ്രകാരം, സൃഷ്ടി സംരക്ഷകരായി ദൈവം തങ്ങളെ തിരഞ്ഞെടുത്തതിനാല്‍ പരിസ്ഥിതി സംരക്ഷണം മുസ്ലിംകളുടെ ഉത്തരവാദിത്വമാണ് എന്നായിരുന്ന പ്രസ്തുത തത്വത്തിന്റെ വിവക്ഷ. എന്നാല്‍, കോറോണ വൈറസ് മഹാമാരി അന്താരാഷ്ട്ര സമൂഹത്തെ പരിസ്ഥിതി സംരക്ഷണത്തില്‍ നിന്നും ശ്രദ്ധതെറ്റിക്കുകയും പാരിസ്ഥിതിക ദൈവശാസ്ത്രത്തിന്റെ ഭാവിയെ തകിടം മറിക്കുകയും ചെയ്തിരിക്കുകയാണ്. ഭരണകൂടങ്ങള്‍ മഹാമാരിയുമായുമായുള്ള പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍, ഇസ്ലാമും പരിസ്ഥിതിവാദവും തമ്മിലുള്ള ബാന്ധവത്തില്‍ ഇടപെടാന്‍ തന്നെ അവര്‍ക്ക് സമയമില്ല. മധ്യപൂര്‍വദേശത്ത് ഉടനീളം കൊറോണ വൈറസ് സാമ്പത്തിക രംഗം താറുമാറാക്കിയതിനാല്‍, ആരോഗ്യ പ്രതിസന്ധിക്ക് പ്രാമുഖ്യം നല്‍കുന്ന തിരക്കില്‍ കാലാവസ്‌ഥാ വ്യതിയാനത്തിന് എതിരെയുള്ള പോരാട്ടത്തിന് വളരെ കുറച്ച് സ്രോതസ്സുകള്‍ മാത്രമേ മേഖലയിലെ രാഷ്ട്രങ്ങള്‍ നീക്കിവെക്കുന്നുള്ളൂ. സൗദി അറേബ്യയില്‍ ആയിരക്കണക്കിന് കേസുകളാണ് ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

കഴിഞ്ഞ ജൂലൈയില്‍ ഇരുപത്തൊമ്പത് പ്രവിശ്യകളിലേക്ക് കൂടി ലോക്ഡൗണ്‍ വ്യാപിപ്പിക്കാന്‍ അള്‍ജീരിയന്‍ അധികാരികള്‍ തീരുമാനമെടുത്തിരുന്നു. മേഖലയിലെ വന്‍കിട ഊര്‍ജദാതാവിന് 270 ബില്യണ്‍ ഡോളറിന്റെ നഷ്ടം സംഭവിക്കുമെന്നാണ് അന്താരാഷ്ട്ര നാണ്യ നിധി (ഐ.എം.എഫ്) കണക്കുകൂട്ടുന്നത്. കൊറോണ വൈറസ് മൂലം ഉണ്ടായ സാമ്പത്തികവും ആരോഗ്യപരവുമായ പ്രതിസന്ധികള്‍ പരിസ്ഥിതി സംരക്ഷണം അവഗണിക്കാന്‍ അറബ് ലോകത്തെ ഭരണകൂടങ്ങളെ പ്രേരിപ്പിച്ചിരിക്കുകയാണ്. ശാസ്ത്രജ്ഞന്‍മാര്‍ നിര്‍ദേശിച്ച സമഗ്രവും ചെലവേറിയതുമായ പരിസ്ഥിതി നയങ്ങള്‍ പ്രാവര്‍ത്തികമാകുന്ന കാര്യം ഇരിക്കട്ടെ, സാമ്പത്തിക രംഗം ഉത്തേജിപ്പിക്കുവാനും കോവിഡ് മൂലം തകരാറിലായ ആരോഗ്യ സംവിധാനങ്ങള്‍ പുരോഗമിപ്പിക്കുവാന്‍ പോലും ബഗ്ദാദ് മുതല്‍ ബൈറൂത് വരെയുള്ള ഉദ്യോഗസ്ഥര്‍ ഫണ്ട് ക്ഷാമം നേരിടുകയാണ്.

Also read: പ്രശസ്ത ഉറുദു കവി രാഹത് ഇന്‍ഡോരി ഇനിയില്ല

മഹാമാരി വരുന്നതിന് മുമ്പ് മേഖലയിലെ ചെറുതും വലുതുമായ രാഷ്ട്രങ്ങള്‍ പാരിസ്ഥിതിക ദൈവശാസ്ത്രം പ്രോത്സാഹിപ്പിക്കുന്നതിനായി നിക്ഷേപങ്ങള്‍ നടത്തിയിരുന്നു. പരസ്പര വൈരികളായ ഖത്തറും യുഎഇയും ദ്രുതഗതിയില്‍ വളര്‍ന്നുവരുന്ന പ്രസ്തുത ചിന്താധാരയെ കേന്ദ്രീകരിച്ചുള്ള ഗവേഷണ സ്ഥാപനങ്ങള്‍ക്കും കോണ്‍ഫ്രന്‍സുകള്‍ക്കും പണംമുടക്കിയിരുന്നു. അഞ്ച് വര്‍ഷം മുമ്പ് തുര്‍ക്കിയും കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് ഒരു ഇസ്ലാമിക് സിമ്പോസിയം സംഘടിപ്പിക്കുകയും ആഗോള കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ഇസ്ലാമിക പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു. പള്ളികളില്‍ സോളാര്‍ പാനലുകള്‍ ഘടിപ്പിക്കുകയും ഇമാമുമാര്‍ക്ക് പാരിസ്ഥിതിക ദൈവശാസ്ത്രത്തില്‍ പരിശീലനം നല്‍കുകയും ചെയ്ത ഗ്രീന്‍ മോസ്‌ക്‌സ് പ്രോഗ്രാം എന്ന പ്രതീക്ഷാനിര്‍ഭരമായ ഉദ്യമത്തിന് 2016 ല്‍ മൊറോക്കൊയും തുടക്കം കുറിച്ചിരുന്നു.

ഗ്രീന്‍ മോസ്‌ക്‌സ് പ്രോഗ്രാം ഉള്‍പെടെയുള്ള ഉദ്യമങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന തരത്തില്‍ അറബ് ലോകത്തുടനീളം കൊറോണ വൈറസ് ഉദ്യോഗസ്ഥന്‍മാരുടെ ശ്രദ്ധതിരിച്ചുവിട്ടിരിക്കുകയാണ്. പാരിസ്ഥിതിക ദൈവശാസ്ത്രത്തിന്റെ പ്രചാരത്തിന് മുതല്‍മുടക്കിയിരുന്ന പല രാഷ്ട്രങ്ങളും പ്രസ്തുത തത്വശാസ്ത്രത്തെ പ്രതി കാമ്പയിന്‍ ആരംഭിക്കാന്‍ മൂലധനം പോലും ഇല്ലാതെയായി മാറിയിരിക്കുന്നു. പ്രായോഗികമായ പരിസ്ഥിതി നയം കൊണ്ട് വ്യതിരിക്തത പുലര്‍ത്തിയിരുന്ന സമ്പന്ന രാജാധിപത്യ രാഷ്ട്രമായ ഒമാന്‍, പേര്‍ഷ്യന്‍ ഗള്‍ഫിലെ അയല്‍ രാഷ്ട്രങ്ങളില്‍ നിന്നും സഹായം തേടേണ്ട ഗതികേടിലാണ്.

പാരിസ്ഥിതിക ദൈവശാസ്ത്രം പ്രചരിപ്പിക്കുന്നതിന് കൊറോണ വൈറസ് വിഘാതം സൃഷ്ടിച്ചിരിക്കുന്നതിനാല്‍, മധ്യപൂര്‍വദേശത്ത് സവിശേഷമായും മുസ്ലിം ലോകത്ത് പൊതുവായും പരിസ്ഥിതി സംരക്ഷണം പുനരവതരിപ്പിക്കാനുള്ള പ്രാപ്തി പ്രസ്തുത തത്വശാസ്ത്രത്തിനുണ്ട്. മേഖലയിലെ സാമൂഹിക മുന്നേറ്റങ്ങളിലും വിപ്ലവങ്ങളിലും ഇസ്ലാം വഹിച്ച പങ്ക് വളരെ വലുതാണ്. പാരിസ്ഥിതിക ദൈവശാസ്ത്രത്തിന്റെ പ്രയോക്താക്കളുടെ എണ്ണത്തിലുള്ള വര്‍ധന, ദൈനംദിന ജീവിതത്തില്‍ പരിസ്ഥിതിവാദ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ഇസ്ലാം മതത്തിനും മുസ്ലിംകളെ പ്രോത്സാഹിപ്പിക്കാന്‍ സാധിക്കും എന്നാണ് വ്യക്തമാക്കുന്നത്. ഇത്തരം ആശയങ്ങളെ സംബന്ധിച്ചുള്ള പ്രസക്തമായ ധാരാളം സൂക്തങ്ങള്‍ ഖുര്‍ആനില്‍ കാണാം. ബുദ്ധിസം, ക്രിസ്ത്യാനിസം, ജൂദായിസം എന്നീ മതങ്ങളിലും സമാനമായ മുന്നേറ്റങ്ങള്‍ ഉടലെടുത്തിട്ടുണ്ട്.

Also read: ആത്മാവിന്റെ ത്രിമാനങ്ങൾ

യൂണിവേഴ്‌സിറ്റികള്‍ അടച്ചുപൂട്ടുകയും മധ്യപൂര്‍വദേശത്തെ ഭരണകൂടങ്ങളെല്ലാം വിഷയത്തില്‍ നിന്നും ശ്രദ്ധതിരിക്കുകയും ചെയ്തിട്ടും പാരിസ്ഥിതിക ദൈവശാസ്ത്ര രംഗത്ത് ഉയര്‍ന്നുവരുന്ന അക്കാദമിക് താരോദയങ്ങള്‍ പ്രസ്തുത തത്വശാസ്ത്രം നിരന്തരം അഭിസംബോധന ചെയ്യുന്നുണ്ട്. കസബ്ലാന്‍കയിലെ ഖാളി ഇയാള് യൂണിവേഴ്‌സിറ്റി നിയമ പ്രൊഫസറും മത-പരിസ്ഥിതി സമന്വയ വിഷയത്തിലെ നിയമ വിദഗ്ധയുമായ സമീറ ഇഡ്‌ലലേന മഹാമാരിയെ മറികടന്നു കൊണ്ട് ജൂലെയില്‍ സൂം കോണ്‍ഫ്രന്‍സുകളുടെ ഒരു പരമ്പരയില്‍ തന്നെ സംസാരിച്ചിരുന്നു. പരിവര്‍ത്തനത്തിന് വേണ്ടി ദേശീയ-അന്താരാഷ്ട തലങ്ങളില്‍ പാരിസ്ഥിതിക ദൈവശാസ്ത്ര രംഗത്തെ സെലിബ്രിറ്റികള്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നുമുണ്ട്. തുര്‍ക്കിഷ് അക്കാദമീഷ്യനും പരിസ്ഥിതി സംരക്ഷണ വിഷയത്തിലെ മതകീയ അതികായനും പരിസ്ഥിതിവാദിയുമായ ഇബ്രാഹീം ഓസ്ദമിര്‍ തുര്‍ക്കിയിലെ വനനശീകരണത്തിന് എതിരെയുള്ള പ്രക്ഷോഭങ്ങളില്‍ അണിനിരന്നയാളാണ്.

ബഹ്‌റൈനില്‍ താമസിക്കുന്ന ഫലസ്തീന്‍ വംശജനായ പണ്ഡിതനും പാരിസ്ഥിതിക ദൈവശാസ്ത്രത്തിലെ പ്രഗത്ഭരില്‍ ഒരാളുമാണ് ഒദെ റാഷിദ് ജയ്യൂഷി. മധ്യപൂര്‍വദേശത്തെ പരിസ്ഥിതി നശീകരണത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും എതിരെ “ഹരിത ജിഹാദി”ല്‍ മുസ്ലികൾ അണിനിരക്കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ ഒരു സമിതിയില്‍ അദ്ദേഹം ആവിശ്യപ്പെട്ടിരുന്നു. ഇഡ്‌ലലേനയെ പോലെ, ജയ്യൂഷിയും ഓസ്ദമിറും സൈബര്‍ ഇടങ്ങളില്‍ പബ്ലിക് പ്രൊഫൈല്‍ മെച്ചപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഒസ്ദമിര്‍ ടിറ്ററില്‍ സജീവമാണ്. “സമകാലിക ലോകത്തെ സാമൂഹിക-സാമ്പത്തിക-പാരിസ്ഥിതിക പ്രതിസന്ധികളുടെ മൂല കാരണങ്ങള്‍ കണ്ടെത്താനും വിശദീകരിക്കാനും ഇസ്ലാം മുന്നോട്ടു വെക്കുന്ന സുസ്ഥിരതാ പരിപ്രേക്ഷ്യങ്ങൾ” എന്ന പേരില്‍ ഈ വര്‍ഷം തുടക്കത്തില്‍ ജയ്യൂഷി ഒരു ലേഖനം എഴുതിയിരുന്നു.
കൊറോണ വൈറസ് മധ്യപൂര്‍വദേശത്ത് നാശംവിതക്കുകയും പരിസ്ഥിതി സംരക്ഷണത്തിന് തുരങ്കംവെക്കുകയും ചെയ്യുന്ന കാലത്തോളം, ഇഡ്‌ലലേനയെയും ജയ്യൂഷിയെയും ഒസ്ദമിറിനെയും പോലോത്തവരുടെ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ന്നു വരുതന്നെ ചെയ്യും. പാരിസ്ഥിതിക ദൈവശാസ്ത്രത്തില്‍ ഭരണകൂടങ്ങള്‍ നിക്ഷേപങ്ങള്‍ വെട്ടിച്ചുരുക്കുന്ന പശ്ചാത്തലത്തില്‍, താഴെക്കിടയില്‍ നിന്നുതന്നെ പ്രസ്തുത തത്വശാസ്ത്രം നിലനിര്‍ത്താനുള്ള നിര്‍ണായക അവസരമാണ് ഇത്തരം അക്കാദമീഷ്യന്മാര്‍ക്കുള്ളത്. ജലദൗര്‍ബല്യം, വായു മലിനീകരണം തുടങ്ങിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കാരണമാണ് മധ്യപൂര്‍വദേശത്ത് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത്. പ്രത്യക്ഷവും പരോക്ഷവുമായ അനവധി മാര്‍ഗങ്ങളിലൂടെ കൊറോണ വൈറസുമായി ജനങ്ങള്‍ ഇത്രയധികം സംവേദകത്വം പുലര്‍ത്തുന്നതും അതുകൊണ്ടായിരിക്കും.

Also read: ഗസൽ ഒഴുകുന്ന പുരാന ഡൽഹിയിലെ ശാഹ് വലിയുല്ലാഹ് പബ്ലിക്ക് ലൈബ്രറി

കോവിഡ് മഹാമാരിയെ പരാജയപ്പെടുത്താനായി അറബ് ലോകം തങ്ങളുടെ പാരിസ്ഥിതിക പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടതുണ്ട്. പരിസ്ഥിതി സംരക്ഷണം പ്രേത്സാഹിപ്പിക്കുന്ന മികച്ച ഒരു പാത തെളിക്കുവാന്‍ പാരിസ്ഥിതിക ദൈവശാസ്ത്രത്തിന് സാധിക്കുമെന്നതില്‍ സംശയമില്ല. കോവിഡുമായി ബന്ധപ്പെട്ട പാരിസ്ഥിതികവും ആരോഗ്യപരവുമായ പരിഗണനകള്‍ മധ്യപൂര്‍വദേശത്തെയും ഉത്തര ആഫ്രിക്കയിലേയും രാഷ്ട്രങ്ങള്‍ക്ക് വിശേഷാല്‍ പ്രധാനമാണെന്ന് ഒ.ഇ.സിഡി (ഓര്‍ഗനൈസേഷന്‍ ഫോര്‍ എക്കണോമിക് കോപറേഷന്‍ അന്‍ഡ് ഡെവലപ്‌മെന്റ്) നിരീക്ഷിച്ചിരുന്നു. ഭരണകൂടങ്ങള്‍ക്ക് മുമ്പില്‍ പ്രസ്തുത വിഷയം അവതരിപ്പിക്കുമ്പോള്‍ പാരിസ്ഥിതിക ദൈവശാസ്ത്രത്തിന്റെ പ്രയോക്താക്കള്‍ക്ക് ഇക്കാര്യം ഉയര്‍ത്തിക്കാട്ടാവുന്നതാണ്. മഹാമാരിയുടെ പശ്ചാത്തലത്തില്‍ പാരിസ്ഥിതിക ദൈവശാസ്ത്രത്തില്‍ നിന്നും മധ്യപൂര്‍വദേശം അകന്നുമാറിയിട്ടുണ്ടെങ്കിലും ഇസ്ലാമിനും പരിസ്ഥിതിവാദത്തിനും ഇടയിലെ ബാന്ധവം കൊറോണാനന്തര കാലത്ത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നത് തന്നെയാകും.

വിവ- നിഹാൽ പന്തല്ലൂർ

Related Articles