Current Date

Search
Close this search box.
Search
Close this search box.

വെസ്റ്റ് ബാങ്കിലെ ഇസ്രയേല്‍ അധിവിവേശത്തെ യു.എന്‍ പ്രമേയം ത്വരിതപ്പെടുത്തിയ വിധം

മൂന്ന് വര്‍ഷം മുമ്പാണ് ഐക്യരാഷ്ട്ര സുരക്ഷാസമിതി പ്രമേയം 2334 പാസ്സാക്കിയത്. മൊത്തം അംഗങ്ങളില്‍ ഒരാളൊഴികെ ബാക്കി പതിനാല് അംഗങ്ങളും പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തത് ഒരു രാഷ്ട്രീയ ഭൂകമ്പത്തിന് സമാനമായിരുന്നു. അധിനിവേശ ഫലസ്ഥീനിയന്‍ പ്രദേശങ്ങളിലെ നിയമവിരുദ്ധ അധിവാസ നയങ്ങള്‍ക്കെതിരെ വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് അന്താരാഷ്ട്ര ബോഡി ഇസ്രയേലിനെ അപലപിക്കുന്നത്. ഇസ്രയേലിനെ ഉത്തരവാദിത്ത്വപൂര്‍വ്വം സംരക്ഷിക്കുന്ന മുന്‍ വിധേയത്വ നടപടികള്‍ക്ക് വിപരീതമായി ഇത്തവണ അമേരിക്ക അവരുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയെ സംരക്ഷിക്കാന്‍ മുതിര്‍ന്നില്ല.

എന്നിരുന്നാലും, ഇസ്രയേലിനെപ്പോലെ അന്താരാഷ്ട്ര നിയമലംഘകരെ അന്താരാഷ്ട്ര തലങ്ങളിലുള്ള സമവായങ്ങളെ മാനിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ള അര്‍ത്ഥവത്തായ സംവിധാനങ്ങള്‍ രൂപപ്പെടുത്തിയെടുക്കുന്നതില്‍ യു.എന്നിന്റെത് സമ്പൂര്‍ണ്ണ പരാജയമാണെന്നതിന്റെ തെളിവാണ് ഈ പ്രമേയം. ഒരു തരത്തില്‍ 2334 (ഫലസ്ഥീനികളുടെ അവകാശങ്ങളെയത് ബാഹ്യമായെങ്കിലും പിന്തുണക്കുന്നുവെങ്കിലും) ഇതുവരെ അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ കൈകൊണ്ട തീരുമാനങ്ങളില്‍ ഏറ്റവും വിലപ്പെട്ട തീരുമാനം തന്നെയാണ്.
2016 ഡിസംബര്‍ 23 ന് 2334 പ്രമേയം പ്രഖ്യാപിക്കപ്പെട്ട ഉടനെത്തന്നെ ലോകരാഷ്ട്രങ്ങള്‍ക്ക് നേരെ വിരല്‍ ചൂണ്ടി അധിനിവേശ വെസ്റ്റ് ബാങ്കില്‍ അനധികൃതമായി നിര്‍മ്മിക്കാന്‍ പോകുന്ന ആയിരക്കണക്കിന് ജൂത പാര്‍പ്പിടങ്ങളുടെ നിര്‍മ്മാണ പദ്ധതിയാണ് ഇസ്രയേല്‍ പ്രഖ്യാപിച്ചത്.

അക്കാലത്ത് ഇസ്രയേല്‍ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന അവിഗ്ഡര്‍ ലിബര്‍മാനും പ്രകോപനപരമായ ഈ നീക്കങ്ങളെ ജൂത ജനവാസ കേന്ദ്രങ്ങള്‍ക്കുള്ളിലെ ഭവന ആവശ്യങ്ങള്‍ക്കുള്ള നടപടിയായാണ് പുറത്ത് കാട്ടിയത്. തുടര്‍ന്നുള്ള മൂന്നു വര്‍ഷങ്ങള്‍ തെളിയിച്ചത് പോലെ യഥാര്‍ത്ഥ അവസ്ഥയില്‍ കൂടുതലൊന്നും അവരുടെ വാക്കുകള്‍ ഉള്‍കൊണ്ടിട്ടില്ല.

‘സമാധാന പ്രക്രിയ’ക്കായുള്ള അമേരിക്കയുടെ വ്യാജ മധ്യസ്ഥത പോലെത്തന്നെ ഫലസ്ഥീന്‍ രാഷ്ട്രം സ്ഥാപിക്കാനുള്ള ഏതൊരു അവസരത്തെയും ഇല്ലായ്മ ചെയ്യാനും ലാന്‍ഡ് ഓഫ് പീസ് ഫോര്‍മുല എന്ന് വിളിക്കപ്പെടുന്ന രീതിയിലേക്ക് ഫലസ്ഥീനെ വിഭജിച്ച് നിര്‍ത്താനുമുള്ള ക്രൂര തന്ത്രത്തിന്റെ ഭാഗമായിരുന്നു സെറ്റില്‍മെന്റ് വിപുലീകരണം എന്ന് ഇപ്പോള്‍ കൂടുതല്‍ വ്യക്തമായിരിക്കുകയാണ്.

ഇസ്രയേല്‍ തന്ത്രം സമ്പൂര്‍ണ്ണ വിജയമായിരുന്നു. ഇസ്രയേലിന്റെ വലതുപക്ഷ സര്‍ക്കാര്‍ സഖ്യത്തിന് ട്രംപ് ഭരണകൂടം നല്‍കിയ ക്ലീന്‍ ചീറ്റിന് നന്ദിയെന്നോണം ഒരു കാലത്ത് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യങ്ങളെക്കുറിച്ചിപ്പോള്‍ പരസ്യമായാണ് ഇസ്രയേല്‍ രാഷ്ട്രീയകക്ഷികള്‍ ഗൂഢാലോചന നടത്തുന്നത്. ജോര്‍ദാന്‍ താഴ്‌വരയുടെ വലിയൊരു ഭാഗമടക്കം വെസ്റ്റ് ബാങ്കിലെ പ്രധാന ജൂത പാര്‍പ്പിടങ്ങള്‍ക്കായി ഏകപക്ഷീയമായ കയ്യേറ്റത്തിനെക്കുറിച്ചാണ് അവരിപ്പോള്‍ ചിന്തിച്ചു കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി വാഷിംഗ്ടണ്‍ ഇസ്രയേലിന്റെ തെറ്റായ രൂപകല്‍പനകളോട് കണ്ണടച്ചിരിക്കുകയായിരുന്നു. ഇസ്രയേല്‍ നടപടികളെ ഒളിപ്പിച്ച് വെക്കുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തതിനപ്പുറം ഇസ്രയേല്‍ രാഷ്ട്രീയ വ്യവഹാരത്തെത്തന്നെ അത് പരിപൂര്‍ണ്ണമായി അംഗീകരിക്കുകയും പിന്തുണക്കുകയും ചെയ്തുവെന്നതാണ് വാഷിംഗ്ടണ്‍ ചെയ്ത ഏറ്റവും വലിയ തെറ്റ്. ‘ജൂത കൂടിയേറ്റങ്ങള്‍ അന്താരാഷ്ട്ര നിയമവുമായി ബന്ധിപ്പിക്കേണ്ട ഒന്നല്ല’ എന്ന് നവംബര്‍ 18 ന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പ്രഖ്യപിച്ചത് ഇസ്രയേലിന്റെ ധിക്കാരത്തിനും അന്താരാഷ്ട്ര നിയമ ലംഘനത്തിനും വഴിയൊരുക്കാന്‍ വാഷിംഗ്ടണ്‍ സ്വീകരിച്ച അനവധി നിലപാടുകളില്‍ ഒന്ന് മാത്രമാണ്.

മുന്‍കാലാടിസ്ഥാനത്തില്‍, പ്രസിഡന്റ് ഒബാമയ്ക്ക് യു.എന്‍ പ്രമേയത്തിനെതിരായ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുക എന്നതിലുപരി ഇസ്രയേലിന് യു.എന്നില്‍ നിന്നുള്ള ഉദാരമായ ധനസഹായം ഒരു വിലപേശല്‍ തന്ത്രമായി ഉപയോഗിക്കലടക്കം കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുള്ള അവസരം ലഭിച്ചിരുന്നു. അതുവഴി, ജൂത അധിവാസ വിപുലീകരണം മൊത്തത്തില്‍ തന്നെ മരവിപ്പിക്കാന്‍ നെതന്യാഹുവിനെ നിര്‍ബന്ധിതനാക്കാന്‍ അദ്ദേഹത്തിനാകുമായിരുന്നു.

പക്ഷെ, ഒബാമ അതിന് നേര്‍വിപരീതമാണ് ചെയ്തത്. ഇസ്രയേല്‍ സൈന്യത്തിന് മൂലധനം നല്‍കി ഗാസക്കെതിരായ എല്ലാ ഇസ്രയേലി യുദ്ധങ്ങള്‍ക്കും ഒബാമ സാമ്പത്തിക സഹായം നല്‍കുക കൂടി ചെയ്തു. ശേഷം വന്ന ട്രംപ് ഭരണകൂടം ഫലസ്ഥീനികള്‍ക്കെതിരെയും അന്താരാഷ്ട്ര നിയമങ്ങള്‍ക്കെതിരെയും ക്രൂരമായ യുദ്ധം അഴിച്ചുവിടാനാണ് ഒബാമയുടെ ഇത്തരം നീച നീക്കങ്ങള്‍ വഴിയൊരുക്കിയത്.

യു.എന്നിലെ യു.എസ് അംബാസിഡര്‍ നിക്കി ഹാലി രണ്ടു വര്‍ഷത്തെ തന്റെ ഭരണ കാലാവധിയില്‍ പ്രധാനമായും ശ്രദ്ധ ചെലുത്തിയത് ഒബാമ ഭരണകൂടത്തിന്റെ ‘വഞ്ചന’ മായ്ച്ചു കളയുന്നതിനായിരുന്നെന്ന് തോന്നുന്നു. സാങ്കല്‍പികമായ ആഗോള ‘ജൂത വിരുദ്ധത’ ക്കെതിരെ ഇസ്രയേലിനെ പ്രതിരോധിക്കുന്നു എന്ന് പറഞ്ഞ് യു.എസ് നിരവധി യു.എന്‍ സംഘടനകളുമായി ബന്ധം വിച്ഛേദിച്ചതിന്റെ അനന്തരഫലമെന്നോണം ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ യു.എസ് ഒറ്റപ്പെടുകയാണുണ്ടായത്.

വാഷിംഗ്ടണും തെല്‍ അവീവും പൊതുശത്രുവാക്കപ്പെട്ടതോടെ അന്താരാഷ്ട്ര നിയമങ്ങള്‍ അപ്രസക്തമായി. ക്രമേണ യു.എസ് സര്‍ക്കാര്‍ ഇസ്രയേലിന് ചുറ്റും തങ്ങളുടെ സംരക്ഷണ വലയം ഉറപ്പിച്ചു. അതിലൂടെയവര്‍ 2334 ഉം യു.എന്നിന്റെ മറ്റു പ്രമേയങ്ങളും അര്‍ത്ഥശൂന്യമാക്കി. അഥവാ, ഫലസ്ഥീനിലെ ഇസ്രയേല്‍ അധിനിവേശത്തിന്റെ നിയമലംഘനം സംബന്ധിച്ച അന്താരാഷ്ട്ര സമവായം തെല്‍ അവീവിന് യു.എന്നിനെ മാത്രമല്ല, ദ്വിരാഷ്ട്ര പരിഹാരമെന്ന് വിളിക്കപ്പെടുന്ന ഏതൊരു തീരുമാനത്തേയും സമാധാന പ്രക്രിയകളെയും നിരാകരിക്കാനുള്ള അവസരമാക്കി മാറ്റാന്‍ യു.എസിന് കഴിഞ്ഞു എന്നതാണ് സത്യം.

ഇസ്രയേല്‍ തങ്ങളുടെ ഒത്തുതീര്‍പ്പ് പദ്ധതികളെ തടസ്സമില്ലാതെത്തന്നെ ത്വരിതപ്പെടുത്തുന്നതിലൂടെ പ്രതീകാത്മകമായിട്ടാണെങ്കില്‍ പോലും വിവിധ അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ മുഖേനയും ലഭ്യമായ ഏതെങ്കിലും രാഷ്ട്രീയവും നിയമപരവുമായ വേദികളിലൂടെയും പോരാടാനുള്ള ഫലസ്ഥീന്‍ നേതൃത്വത്തിന്റെ അവസരം ഇല്ലായ്മ ചെയ്യപ്പെടുന്നുവെന്ന് അമേരിക്ക ഉറപ്പ് വരുത്തി. ചിട്ടയായ സാമ്പത്തിക യുദ്ധത്തിലൂടെയായിരുന്നു അവരിത് രൂപകല്‍പന ചെയ്തത്. 2018 ആഗസ്റ്റോടെ ഫലസ്ഥീന്‍ അതോറിറ്റിക്ക് നല്‍കിപ്പോന്നിരുന്ന എല്ലാ സഹായങ്ങളും വെട്ടിക്കുറച്ചു. ഒരാഴ്ചക്ക് ശേഷം, UNRWA(UN organisation Responsible for the Welfare) ന്റെ ഫലസ്ഥീന്‍ അഭയാര്‍ത്ഥികള്‍ക്കുള്ള എല്ലാ ഫണ്ടും അവര്‍ നിര്‍ത്തലാക്കി.

ഫലസ്ഥീനകള്‍ക്കെതിരായ ഇസ്രയേലന്റെ യുദ്ധം രണ്ടു രൂപത്തിലായിട്ടായിരുന്നു അരങ്ങേറിയിരുന്നത്. അതിലൊന്നാമത്തേത് വെസ്റ്റ് ബാങ്കിന്റെ ഭൂരിഭാഗവും പിടിച്ചെടുക്കാനുള്ള നടപടികളുടെ ആദ്യ പടിയെന്നോണം ഫലസ്ഥീന്‍ ഭൂമികള്‍ കയ്യേറുന്നതിലും പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിലും നിലവിലുള്ള അവരുടെ വാസസ്ഥലങ്ങള്‍ വിപുലപ്പെടിത്തുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. രണ്ടാമത്തേത്, രാഷ്ട്രീയവും സാമ്പത്തികവുമായ മാര്‍ഗങ്ങളിലൂടെ ഫലസ്ഥീനികള്‍ക്കെതിരായ യു.എസ് ഭരണകൂടത്തിന്റെ നിരന്തരമായ സമ്മര്‍ദ്ദത്തിനും ഊന്നല്‍ നല്‍കി.

2334 പ്രമേയം പ്രഖ്യാപിക്കപ്പെട്ട് മൂന്ന് വര്‍ഷം കഴിഞ്ഞ് പുതുയൊരു സ്ഥിതിഗതിയിലേക്കാണ് ഞങ്ങള്‍ എത്തിപ്പെട്ടത്. പരമ്പരാഗ അമേരിക്കന്‍ ‘സമാധാന നിര്‍മ്മാണ പ്രക്രിയ’ യും അതിന്റെ പരിഹാര മാര്‍ഗമെന്നോണം മുന്നോട്ട് വെക്കപ്പെട്ട ദ്വിരാഷ്ട്ര വാദഗതികള്‍ക്കെല്ലാം അറുതിയായിരിക്കുന്നു. ഇപ്പോള്‍, രാജ്യത്തിന്റെ ബുദ്ധിഭ്രമം സംഭവിച്ച വളര്‍ന്ന് കൊണ്ടിരിക്കുന്ന തീവ്ര വലതുപക്ഷ സമ്മതിദായകരുടെ പ്രതീക്ഷകള്‍ നിറവേറ്റുന്നതിനായി രൂപകല്‍പന ചെയ്തിട്ടുള്ള ഭാവിക്കനുസൃമായി ഇസ്രയേല്‍ സ്വന്തം കാഴ്ചപ്പാടുകളെ രൂപപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. യു.എസിനെ സംബന്ധിച്ചെടുത്തോളം ഇപ്പോള്‍ ഫലസ്ഥീന്‍ രാഷ്ട്രീയത്തില്‍ അവരുടെ പങ്ക് ഇസ്രയേല്‍ നേതാക്കള്‍ക്കൊപ്പമുള്ള ചിയേര്‍സ് ലീഡേര്‍സിലേക്കും അന്താരാഷ്ട്ര നിയമം, മനുഷ്യാവകാശങ്ങള്‍, നീതി, സമാധാനം തുടങ്ങിയ ചര്‍ച്ചകളിലേക്ക് മാത്രമായി തരം താഴ്ത്തപ്പെടുകയും ചെയ്തിരിക്കുകയാണ്.

നവംബര്‍ 9ന് ഇസ്രയേലിന്റെ പുതിയ പ്രതിരോധ മന്ത്രിയായി നിയമിതനായതിന് ശേഷം അധിനിവേശ ഫലസ്ഥീന്‍ നഗരമായ അല്‍-ഖലീലില്‍(ഹെബ്രോണ്‍) ഒരു പുതിയ ജൂത വാസസ്ഥലം പണിയുന്നതിനായുള്ള ആനുഷംഗികവും അപകടകരവുമായ തീരുമാനത്തിനാണ് നഫ്താലി ബെന്നിറ്റ് മുതിര്‍ന്നിട്ടുള്ളത്. സ്വാഭാവികമായും, ഈ തീരുമാനത്തില്‍ ജൂത കുടിയേറ്റക്കാര്‍ സന്തുഷ്ടരാണ്. ഒടുവില്‍ ഇസ്രയേലിനെക്കാള്‍ പഴയമയുള്ള ഹെബ്രോണ്‍ മാര്‍ക്കറ്റ് നശിപ്പിക്കുന്നതിനും നഗരത്തില്‍ കുടിയേറ്റം വ്യാപിപ്പിക്കുന്നതിനും കൂടുതല്‍ പ്രദേശങ്ങള്‍ കയ്യേറുന്നതിനുമുള്ള സാധ്യതകളാണ് അവരിപ്പോള്‍ ആലോചിക്കുന്നത്.

അതേസമയം, ഫലസ്ഥീന്‍ ലോകരാഷ്ട്രങ്ങളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും പിന്തുണക്ക് വേണ്ടി കെഞ്ചുകയാണ്. കാരണം, രാഷ്ട്രീയമോ നിയമപരമോ ആയ പ്രത്യാഘാകങ്ങളെക്കുറിച്ച് തെല്ലും ഭയമില്ലാതെ ഇസ്രയേല്‍ ഇപ്പോള്‍ ഫലസ്ഥീനില്‍ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ അവശേഷിക്കുന്ന അവസാന തെളിവാണ് ഹെബ്രോണിനെതിരായ ഈ നിക്കം. നിയമവിരുദ്ധ കയ്യേറ്റങ്ങളുടെ ഉത്തരവാദിത്തം ഇസ്രയേലിന് മേല്‍ ചുമത്തുന്നതില്‍ യു.എന്‍ പ്രമേയം 2334 പരാജയപ്പെട്ടുവെന്ന് മാത്രമല്ല കൂടുതല്‍ കയ്യേറ്റങ്ങള്‍ക്ക് വഴിയൊരുക്കി വെസ്റ്റ് ബാങ്കിലെ ഇസ്രയേല്‍ അധിനിവേശത്തെയത് സുഖകരമാക്കുകയും ചെയ്തു.

വിവ. മുഹമ്മദ് അഹ്‌സന്‍ പുല്ലൂര്‍
അവലംബം -middleeastmonitor.com

Related Articles