Current Date

Search
Close this search box.
Search
Close this search box.

സി.എ.എ വിരുദ്ധ നാടകവും കര്‍ണാടക പൊലിസ് വേട്ടയും

കര്‍ണാടകയിലെ ബിദര്‍ ജില്ലയിലെ ഷഹീന്‍ ഹൈസ്‌കൂളിലെ താല്‍ക്കാലിക ‘ചോദ്യം ചെയ്യല്‍’ മുറിയില്‍ നിന്നും പുറത്തുവരുമ്പോള്‍ ആയിഷയുടെ(പേര് യഥാര്‍ത്ഥമല്ല) കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. രണ്ടാഴ്ച മുന്‍പ് സ്‌കൂളില്‍ ഒരു നാടകം അവതരിപ്പിച്ചതിന്റെ പേരില്‍ കഴിഞ്ഞ ഒരാഴ്ചയായി സ്‌കൂളിന്റെ ഒരു ഭാഗത്ത് പൊലിസ് ഉദ്യോഗസ്ഥര്‍ ക്യാംപ് ചെയ്യുകയാണ്.

പൊലിസുകാര്‍ ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും ഞാന്‍ ഉത്തരം നല്‍കി, എന്നാല്‍ എന്റെ ഉമ്മ ഇപ്പോഴും അറസ്റ്റിലാണ്. അവര്‍ എപ്പോഴാണ് തിരികെ വരികയെന്ന് എനിക്കറിയില്ല. 11കാരിയായ ആയിഷ കണ്ണീരില്‍ കുതിര്‍ന്ന് പറഞ്ഞുനിര്‍ത്തി. ജനുവരി 30നാണ് അവളുടെ ഉമ്മ നസ്ബുന്നീസയെയും സ്‌കൂള്‍ പ്രധാനാധ്യാപിക ഫരീദ ബീഗത്തെയും പൊലിസ് അറസ്റ്റ് ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയോടും അദ്ദേഹം പുതുതായി കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്തും നാടകം അവതരിപ്പിച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ഇരുവര്‍ക്കുമെകതിരെ കേസെടുത്തിരിക്കുന്നത്. വിധവയായ അയിഷയുടെ ഉമ്മയുടെ അറസ്റ്റിനു ശേഷം അവള്‍ അയല്‍വാസിയുടെ കൂടെയാണ് കഴിയുന്നത്. അവളുടെ അടുത്ത കുടുംബാംഗങ്ങളൊന്നും ബിദറില്‍ അവളോടൊപ്പമില്ല. ‘ഉമ്മയുടെ അറസ്റ്റിന് ശേഷം ഞാന്‍ എന്റെ അയല്‍വാസിയുടെ കൂടെയാണ് താമസിക്കുന്നത്. അവിടെ എനിക്കാവശ്യമുള്ളതെല്ലാം കിട്ടുന്നുണ്ട്. എന്നാല്‍ എനിക്ക് എന്റെ ഉമ്മ തിരിച്ചുവന്നാല്‍ മാത്രം മതി.’ വിങ്ങിക്കരഞ്ഞ് ആയിഷ പറയുന്നു.

Also read: മഹല്ലുകളെ വെറുതെ വിടുക

എന്‍.പി.ആര്‍,എന്‍.ആര്‍.സി,സി.എ.എ എന്താണെന്ന് സ്‌കൂളില്‍ വായിക്കാനും രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി നിയമത്തിനെതിരെ സ്‌കൂളില്‍ നാടകം അവതരിപ്പിക്കാനും കുട്ടികള്‍ക്ക് നിര്‍ദേശമുണ്ടായിരുന്നു. ജനുവരി 21നാണ് കുട്ടികള്‍ നാടകതം അവതരിപ്പിച്ചത്. 4,5,6 ക്ലാസുകളിലെ കുട്ടികള്‍ ചേര്‍ന്നാണ് നാടകം കളിച്ചത്. എന്നാല്‍ ഇതിനു പിന്നാലെ പ്രധാനമന്ത്രിയെ അവഹേളിച്ചു എന്നാരോപിച്ച് എ.ബി.വി.പി സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ ബിദര്‍ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. ജനുവരി 26ന് പൊലിസ് സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഇതിനു ശേഷം ബിദര്‍ ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ട് ബാസവേശ്വര ഹീരയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം നാല് തവണയാണ് നാടകത്തിലഭിനയിച്ച കുട്ടികളെ ചോദ്യം ചെയ്യാനായി ഷഹീന്‍ സ്‌കൂളിലെത്തിയത്.

‘ഞങ്ങള്‍ എങ്ങിനെയാണ് നാടകം പരിശീലിച്ചത് എന്ന് പൊലിസ് ചോദിച്ചു, എന്നാല്‍ പോയിന്റുകള്‍ ഓര്‍ത്തുവെക്കുകയാണ് ചെയ്തതെന്നും പരിശീലനത്തിന്റെ ആവശ്യം വന്നില്ലെന്നും ഞാന്‍ പറഞ്ഞു’-ആയിഷ പറയുന്നു. നാടകത്തില്‍ പ്രധാനമന്ത്രിയെ ചെരുപ്പ്‌കൊണ്ട് അടിച്ചു എന്നത് ശരിയാണോ അവര്‍ ചോദിച്ചു. ഞാന്‍ പറഞ്ഞു അത് തീര്‍ത്തും തെറ്റാണ്. അവസാനമായി ചോദിച്ചു നാടകത്തില്‍ പറഞ്ഞത് ആവര്‍ത്തിക്കുമോയെന്ന് ഇല്ലെന്ന് ഞാനും പറഞ്ഞു. ഇങ്ങനെ അവരുടെ ചോദ്യങ്ങള്‍ക്കെല്ലാം സത്യസന്ധമാി മറുപടി നല്‍കിയിട്ടും എന്റെ ഉമ്മയെ അവര്‍ വിട്ടയക്കുന്നില്ല’.സി.എ.എ,എന്‍.ആര്‍.സിയെക്കുറിച്ച് ഈ രണ്ട് സ്ത്രീകള്‍ കുട്ടികള്‍ക്കിടയില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതായും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചെരുപ്പ്‌കൊണ്ട് അടിക്കണം എന്ന് പറയുകയും ചെയ്തതായാണ് അവരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലിസ് ഉള്‍പ്പെടുത്തിയത്.

നാടകത്തില്‍ ആയിഷയുടെ കഥാപാത്രത്തിന്റെ ഒരു പ്രത്യേക സംഭാഷണമാണ് സ്‌കൂളിനെ കുഴപ്പത്തിലാക്കിയത്. ആരെങ്കിലും നമ്മോട് രേഖകള്‍ ചോദിച്ചാല്‍ അവരെ ചെരുപ്പ് കൊണ്ട് അടിക്കണം എന്നാണ് ആയിഷ പറഞ്ഞത്. ഇത് പ്രധാനമന്ത്രിയെ ഉദ്ദേശിച്ചാണ് എന്നാണ് പൊലിസ് വാദം. തന്റെ മാതാവ് ആണ് ഈ ഡയലോഗ് പറയാന്‍ ആവശ്യപ്പെട്ടത് എന്ന് ആയിഷ പൊലിസിനോട് പറഞ്ഞതായാണ് റിമാന്‍ഡ് അപേക്ഷയില്‍ പൊലിസ് പറയുന്നത്. വീട്ടില്‍ നിന്നും നാടകം പരിശീലിക്കുന്ന സമയത്ത് മാതാവ് ഇത്തരത്തില്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്. എന്നാല്‍ അങ്ങിനെ ഉണ്ടായില്ല എന്ന് പെണ്‍കുട്ടി കൃത്യമായി പറയുന്നുമുണ്ട്.

Also read: ഇബ്‌നുല്‍ ഹൈഥം: ശാസ്ത്ര ലോകത്തിന്റെ വെളിച്ചം

വാര്‍ത്ത ശേഖരിക്കുന്നതിന്റെ ഭാഗമായി റിപ്പോര്‍ട്ടര്‍ ബിദര്‍ ജില്ലാ ജയില്‍ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ അവര്‍ സംസാരിക്കാന്‍ തയാറായില്ല. എം.പി അസദുദ്ദീന്‍ ഉവൈസിയടക്കം നൂറുകണക്കിന് പേര്‍ തങ്ങളെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നുവെന്നും എന്നാല്‍ തങ്ങള്‍ ഇപ്പോഴും ജയിലില്‍ തുടരുകയാണെന്നും മാത്രമാണ് ഇവര്‍ പറഞ്ഞത്. ജഡ്ജി അവധിയായതിനാല്‍ തങ്ങളുടെ ജാമ്യാപേക്ഷ ഇതുവരെ പരിഗണിച്ചിട്ടില്ലെന്നും ഇവര്‍ പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയായി പൊലിസ് നിരന്തരം സ്‌കൂളില്‍ വന്ന് വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്യുന്നതിനെക്കുറിച്ച് വിശദീകരിക്കാന്‍ സ്‌കൂള്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആകുന്നില്ല. നാടകത്തിലെ പ്രത്യേക പരാമര്‍ശത്തെക്കുറിച്ച് നസ്ബുന്നിസ ഒരു ടി.വി ചാനലിന് മുന്നില്‍ മാപ്പു പറഞ്ഞിട്ടുണ്ട്. എന്നാല്‍ പൊലിസ് നിരന്തരം സ്‌കൂളിനെതിരെ തിരിയുകയും വിദ്യാര്‍ത്ഥികളെ മണിക്കൂറുകളോളം ക്ലാസ് റൂമില്‍ നിന്നും മാറ്റി നിര്‍ത്തി ചോദ്യം ചെയ്യുകയുമാണ്. ഇതൊന്നും ആര്‍ക്കും ന്യായീകരിക്കാനാവില്ല-സ്‌കൂള്‍ സി.ഇ.ഒ തൗസീഫ് മടിക്കേരി പറയുന്നു.

ആരാണ് നാടകം എഴുതിയത്,ആരാണ് ഈ ഡയലോഗുകള്‍ പറയാന്‍ ആവശ്യപ്പെട്ടത്,ഇതിനു പിന്നില്‍ ഏതെങ്കിലും അധ്യാപകന്‍ ആണോ- ഇത്തരം ചോദ്യങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുകയാണ് പൊലിസ്. 9,10 വയസ്സുള്ള വിദ്യാര്‍ത്ഥികളെയും അവരുടെ രക്ഷിതാക്കളെയും മാനസികമായി പീഡിപ്പിക്കുകയാണ് പൊലിസ്. നാടകത്തിന്റെ ഭാഗമായ പല വിദ്യാര്‍ത്ഥികളും ഈ സംഭവത്തിന് ശേഷം സ്‌കൂളില്‍ വന്നിട്ടില്ല., ഞങ്ങള്‍ ഒരു ന്യൂനപക്ഷ സ്ഥാപനമായിട്ടാണോ ഇങ്ങനെ തൗസീഫ് ചോദിക്കുന്നു.

കര്‍ണാടകയിലെ പ്രസിദ്ധമായ സ്ഥാപനമാണിത്. എട്ട് സംസ്ഥാനങ്ങളിലായി 40 സെന്ററുകളും 16,000 വിദ്യാര്‍ത്ഥികളും ഇവിടെ പഠിക്കുന്നുണ്ട്. ഇതില്‍ 327 വിദ്യാര്‍ത്ഥികള്‍ നീറ്റ് പരീക്ഷ പാസായവരാണ്. 2013ല്‍ മികച്ച സ്ഥാപനത്തിനുള്ള രാജ്യോത്സവ അവാര്‍ഡും ഈ സ്ഥാപനത്തിന് ലഭിച്ചിട്ടുണ്ട്. ‘നടപടിക്രമങ്ങള്‍ക്കനുസൃതമായാണ് ഞങ്ങള്‍ അന്വേഷണം നടത്തുന്നത്, ഞങ്ങള്‍ക്ക് ഇപ്പോള്‍ ഇതിനെക്കുറിച്ച് അഭിപ്രായം പറയാന്‍ കഴിയില്ല. നാടകത്തെക്കുറിച്ചും സ്റ്റാഫിന്റെയും വിദ്യാര്‍ത്ഥികളുടെയും പങ്കിനെക്കുറിച്ചും ഞങ്ങള്‍ വിവരങ്ങള്‍ ശേഖരിക്കുന്നു.’ എന്നാണ് നാലാം തവണയും സ്‌കൂളിലെത്തിയ പൊലിസ് ഡെപ്യൂട്ടി സൂപ്രണ്ട് പറഞ്ഞത്. ഇതുപോലുള്ള ഒരു കേസില്‍ രാജ്യദ്രോഹം ബാധകമാണോ എന്ന് ചോദിച്ചപ്പോള്‍ ”എനിക്ക് ഇപ്പോള്‍ ഇതിനെക്കുറിച്ച് അഭിപ്രായം പറയാന്‍ കഴിയില്ല. അന്വേഷണം തുടരുകയാണ് എന്നാണ് അദ്ദേഹം പ്രതികരിച്ചത്.

Also read: ഖിബ്‌ലയെ സംബന്ധിക്കുന്ന ആധുനിക വിഷയങ്ങള്‍

രാജ്യദ്രോഹക്കുറ്റം എന്നത് ബ്രിട്ടീഷ് കാലഘട്ടത്തില്‍ ഉണ്ടാക്കിയ നിയമത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. സി.എ.എയ്ക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യവിരുദ്ധമെന്ന് പ്രഖ്യാപിക്കാനുള്ള ശ്രമത്തിലാണ് പൊലിസും സര്‍ക്കാരും. ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 124 എ, രാജ്യദ്രോഹത്തെ നിര്‍വചിക്കുന്നത് രാജ്യത്തെ നിയമപരമായ സര്‍ക്കാരിനോടുള്ള അസംതൃപ്തി വിദ്വേഷത്തിലേക്കോ അവഹേളനത്തിലേക്കോ കൊണ്ടുവരികയോ അതിനെ ഉത്തേജിപ്പിക്കുകയോ ചെയ്യുക എന്നതാണ്. എന്നിരുന്നാലും, നിയമപരമായ മാര്‍ഗ്ഗങ്ങളിലൂടെ അവരുടെ നയം മാറ്റുന്നതിനായി സര്‍ക്കാര്‍ നടപടികളെ നിരാകരിക്കുന്നത് കുറ്റകരമല്ലെന്ന് അതേ നിയമത്തിലെ വിശദീകരണങ്ങളില്‍ തന്നെ പറയുന്നുമുണ്ട്. ‘വിദ്യാര്‍ത്ഥികളെ ആവര്‍ത്തിച്ച് ചോദ്യം ചെയ്യുകയും അറസ്റ്റു ചെയ്യുകയും ചെയ്തുകൊണ്ട് നമ്മളില്‍ ഭയം വളര്‍ത്താനാണ് അവര്‍ ശ്രമിക്കുന്നത്. സ്‌കൂളിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാല്‍ ഞങ്ങള്‍ പോരാടുക തന്നെ ചെയ്യും’- തൗസീഫ് മടിക്കേരി പറയുന്നു.

അവലംബം:thenewsminute.com
വിവ: സഹീര്‍ വാഴക്കാട്

Related Articles