Current Date

Search
Close this search box.
Search
Close this search box.

വംശീയ ദേശീയവാദികള്‍ തീരുമാനിക്കുന്ന ഇന്ത്യന്‍ നയങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ വംശീയ-ദേശീയതയിലേക്കുള്ള ഇന്ത്യയുടെ ചുവടുമാറ്റം ഈ നൂറ്റാണ്ടിലെ സുപ്രധാന സംഭവവികാസങ്ങളില്‍ ഒന്നാണ്. ഉദാര-ജനാധിപത്യ മൂല്യങ്ങള്‍ വലിച്ചെറിഞ്ഞ് അപരവിദ്വേഷവും അന്യവത്കരണവും വംശീയതയും മുഖമുദ്രയാക്കിയ രാഷ്ട്രീയ പ്രത്യയശാസ്ത്ര സ്വീകരണത്തെയാണ് ഈ മാറ്റം അടയാളപ്പെടുത്തുന്നത്.

ഈ മാറ്റം ഇന്ത്യയുടെ ഇസ്രായേല്‍-ഫലസ്തീന്‍ നിലപാടിലൂടെ കൂടുതല്‍ വ്യക്തമായിരിക്കുകയാണ്. ദശാബ്ദങ്ങളോളം ഫലസ്തീന്‍ ജനതക്കൊപ്പം നിലകൊണ്ട ഇന്ത്യ, ഭാരതീയ ജനതാ പാര്‍ട്ടി (ബി.ജെ.പി)യുടെ നേതൃത്വത്തില്‍ ഇസ്രായേല്‍ അനുകൂലമായ നിലപാട് സ്വീകരിച്ചിരിക്കുകയാണ്. ഇസ്രായേല്‍ എന്ന സയണിസ്റ്റ് രാഷ്ട്രത്തിന്‍റെ വംശീയ-ദേശീയതയുടെ ഉദ്ദേശലക്ഷ്യങ്ങളുമായി തത്വത്തിലും പ്രയോഗത്തിലും ഏറെ സാമ്യതകളുള്ള ഒന്നാണ് ബി.ജെ.പി മുന്നോട്ടുവെക്കുന്ന ഹിന്ദു ദേശീയത എന്നു കാണാം.

കഴിഞ്ഞാഴ്ച യു.എന്‍ സാമ്പത്തിക സാമൂഹ്യ സമിതിയില്‍ (ECOSOC) ഫലസ്തീന്‍ എന്‍.ജി.ഒ ആയ ‘ഷാഹിദി’ന് നിരീക്ഷക പദവി നല്‍കുന്നത് സംബന്ധിച്ച നടന്ന വോട്ടെടുപ്പില്‍ ഫലസ്തീന്‍ ജനതയുടെ വികാരത്തിന് എതിരായി ഇസ്രായേലിന് അനുകൂലമായി ഇന്ത്യന്‍ പ്രതിനിധി വോട്ടു രേഖപ്പെടുത്തിയത്, പ്രസ്തുത ചുവടുമാറ്റത്തിന്‍റെ പ്രത്യക്ഷ ഉദാഹരണമാണ്.

ഇസ്രായേലി നയതന്ത്രജ്ഞര്‍ അത്യാഹ്ലാദത്തിലായിരുന്നു. “ഫലസ്തീന്‍ ഭീകരവാദ സംഘടനയായ “ഷാഹിദി”ന് യു.എന്നില്‍ നിരീക്ഷക പദവി നല്‍കുന്നതിന് എതിരെ വോട്ടു ചെയത് ഇന്ത്യക്കു നന്ദി. ഭീകരവാദ സംഘടനകള്‍ക്കെതിരെയുള്ള നടപടികളുമായി നാം ഒരുമിച്ചു തന്നെ മുന്നോട്ടുപോകും” ഇന്ത്യയിലെ ഇസ്രായേല്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ മായാ കദോഷ് ട്വീറ്റ് ചെയ്തു.

ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള പുതിയ ബന്ധത്തിന്‍റെ തുടക്കത്തെയാണ് പ്രസ്തുത നീക്കം അടയാളപ്പെടുത്തുന്നത്. ഇന്ത്യയുടെ കോളോണിയല്‍ വിരുദ്ധ ചരിത്രവും ഇസ്രായേല്‍ ഒരു കോളോണിയല്‍ രാഷ്ട്രമാണെന്ന ഉറച്ച ബോധ്യവും തന്നെയായിരുന്നു ഫലസ്തീന്‍ ജനതക്കൊപ്പം അടിയുറച്ചുനില്‍ക്കാന്‍ മുന്‍ ഇന്ത്യന്‍ ഭരണാധികാരികളെ പ്രേരിപ്പിച്ചിരുന്ന മുഖ്യഘടകം. വംശീയ ദേശീയത ആപത്താണെന്നും മതേതര ഉദാര ജനാധിപത്യ മൂല്യങ്ങളെ അതു തകര്‍ക്കുമെന്നും ഉറച്ചു ബോധ്യമുള്ളവരായിരുന്നു മുന്‍ ഇന്ത്യന്‍ ഭരണാധികാരികള്‍.

മോദിയുടെ ഭരണത്തിനു കീഴില്‍ ഇന്ത്യ നടത്തിയിരിക്കുന്ന ചുവടുമാറ്റം അങ്ങേയറ്റം ആശങ്കയേറ്റുന്നതാണ്. ന്യൂനപക്ഷ വിരുദ്ധതക്കു പേരുകേട്ട തീവ്രവലതുപക്ഷ ഹിന്ദു ദേശീയവാദികള്‍ ഒരു ജനാധിപത്യ രാഷ്ട്രത്തിന്‍റെ അജണ്ടകളും നയങ്ങളും തീരുമാനിക്കുന്ന കാഴ്ചകള്‍ക്ക് നാം ഇനിയും സാക്ഷികളാകേണ്ടി വരും.

Related Articles