Current Date

Search
Close this search box.
Search
Close this search box.

“ ഞങ്ങള്‍ പള്ളി പൊളിച്ചു… അപ്പുറത് പള്ളി പൊളിച്ച് കക്കൂസ് പണിയുന്നു…”

ഇന്ത്യയിലെ സംഘ പരിവാറും ചൈനീസ് കമ്യുണിസ്റ്റ് പാര്‍ടിയും തമ്മില്‍ ആദര്‍ശ പരമായി വല്ല അടുപ്പവുമുണ്ടോ?. ഉണ്ടെന്നു സമ്മതിക്കാനാണ് അന്തിമ വിശകലനത്തില്‍ സാധ്യമാകുക. രണ്ടിടത്തും മത വിശ്വാസം നിയമപരമായി സര്‍ക്കാര്‍ പൂര്‍ണമായി തടഞ്ഞിട്ടില്ല. പക്ഷെ മതവും അവരുടെ ഭാഷയിലുള്ള ദേശീയതയും തമ്മിലുള്ള സംവാദത്തില്‍ ദേശീയത എന്നും മുന്നിട്ടു നില്‍ക്കണമെന്ന് രണ്ടു പേരും ആവശ്യപ്പെടുന്നു. ഇസ്ലാമിന്റെ ഒരു ഇന്ത്യന്‍ version അംഗീകരിക്കാന്‍ സംഘ പരിവാരിനു തടസ്സമില്ല. അതു പോലെ ഇസ്ലാമിന്റെ ചൈനീസ് version അംഗീകരിക്കാന്‍ ചൈന സര്‍ക്കാരിനും കുഴപ്പമില്ല.

രണ്ടിടത്തും മതം നിലനില്‍പ്പിനു വേണ്ടി പൊരുതുകയാണ്. ചൈനീസ് ജനസംഖ്യ 1.4 ബില്യന്‍ എന്ന് വരികില്‍ അതില്‍ മുസ്ലിംകള്‍ രണ്ടര കോടി മാത്രമാണ്. അവസാന സര്‍വേ അനുസരിച്ച് മൊത്തം ജനസംഖ്യയുടെ ഒമ്പത് ശതമാനം മാത്രമാണ് മത വിശ്വാസികള്‍. അതില്‍ കൃസ്ത്യന്‍ മുസ്ലിം ബുദ്ധ സൗരാഷ്ട്ര മതങ്ങള്‍ ഉള്‍പ്പെടുന്നു. നേര്‍ക്കുനേരെ ആക്രമിക്കുക എന്നതു ഒരു ഭരണകൂടവും ചെയ്യാറില്ല. അവര്‍ ആദ്യം അടയാളങ്ങളെ ഇല്ലായ്മ ചെയ്യുന്നു. അതിലൂടെ അവര്‍ ആഗ്രഹിക്കുന്നത് മനോവീര്യം തകര്‍ക്കലാണ്. ആത്മവീര്യം തകര്‍ന്ന ജനതയെ ഇല്ലാതാക്കാന്‍ പിന്നെ വലിയ ബുധിമുട്ടു വരില്ല.

Also read: പഴ വര്‍ഗങ്ങളുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശം, ശരിയോ ?

ചൈനയുടെ സാംസ്കാരിക വിപ്ലവം പ്രസിദ്ധമാണ്. 1966 ലായിരുന്നു അതിനു തുടക്കം. പഴമകളെ ഇല്ലാതാക്കുക എന്നതായിരുന്നു മുഖ്യ ഉദ്ദേശ്യം. മത സമൂഹങ്ങളാണ് അതിന്റെ കൂടുതല്‍ ഇരകളായത്. 2016 മുതല്‍ ചൈനയില്‍ 31 പള്ളികള്‍ പൂര്‍ണമായോ ഭാഗികമായോ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഉയ്ഗൂര്‍ മുസ്ലിം സമുദായം ചൈന സ്വീകരിച്ച “ Sinicization” അഥവാ ചൈനാവല്‍ക്കരണത്തിനു നിന്ന് കൊടുക്കുന്നില്ല എന്നതിനാല്‍ അവരോടാണ് ഭരണകൂടത്തിനു കൂടുതല്‍ എതിര്‍പ്പ്. മത വിശ്വാസം നേരത്തെ പറഞ്ഞ കണക്കനുസരിച്ച് സര്‍ക്കാരിനു ദേശീയത ദേശ സുരക്ഷ എന്നിവയില്‍ ഉള്‍പ്പെടുത്തി നടപടി സ്വീകരിക്കാം. അതിന്റെ ഭാഗമാണു അവരോടു സര്‍ക്കാര്‍ കൈക്കൊള്ളുന്ന ഇത്തരം മനുഷ്യത്വ വിരുദ്ധ നിലപാടുകള്‍. അവരുടെ ആരാധന വസ്ത്രധാരണ വിഷയത്തില്‍ പോലും ഭരണ കൂട ഇടപെടല്‍ പ്രസിദ്ധമാണ്. അവരില്‍ പലരെയും ദേശ വിരുദ്ധതയുടെ പേരില്‍ സര്‍ക്കാര്‍ ജയിലുകളില്‍ പാര്‍പ്പിച്ചിരിക്കുന്നു. അവരുടെ “ അസുഖം” മാറി എന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന മുറക്കെ അവര്‍ പുറം ലോകം കാണൂ. അതായത് ഇസ്ലാം ചൈനീസ് ദേശീയതയ്ക്ക് വഴിമാറണം എന്ന് സാരം.

പള്ളികളില്‍ ആകെ ഒരു ഖുര്‍ആന്‍ അനുവദിക്കും. അത് ഇമാമിന്റെ മുറിയിലാകും. ആളുകള്‍ക്ക് വന്നു നകസ്കരിക്കാം. മറ്റു പഠനമോ ക്ലാസ്സുകളോ പാടില്ല. മത നിഷേധം  അവിടെ പഠന വിഷയവും മതം നിബന്ധനകളോടെ മാത്രം പഠിപ്പിക്കാന്‍ അനുവദിക്കുകയും ചെയ്യുന്നു. ( ഇതെന്റെ ചൈനീസ് സുഹൃത്തിന്റെ അനുഭവമാണ്).

ചൈനീസ് സംസ്കാരത്തോടു അടുത്ത് നില്‍ക്കുന്നവരാണ് ഹുയ് മുസ്ലിംകള്‍ എന്നാണ് കണക്കാക്കപ്പെടുന്നത്. അവരാണ് ചൈനയില്‍ എണ്ണത്തില്‍ കൂടുതല്‍. 2018 ല്‍ അവര്‍ ഒരു പള്ളി പണി കഴിപ്പിച്ചു. ഗ്രാന്‍ഡ്‌ മോസ്ക് എന്ന പേരില്‍ “ വെയ്ഴോന്‍” എന്ന സ്ഥലത്താണ് പള്ളി നിര്‍മ്മിച്ചത്. നിര്‍മ്മാണ രീതിയുടെ പേര് പറഞ്ഞു ഭരണകൂടം അത് പൊളിച്ചു കളയാന്‍ തീരുമാനിചു. പള്ളി ചൈനീസ് സംസ്കാരത്തിന് പകരം അറേബ്യന്‍ രീതിയില്‍ നിര്‍മ്മിച്ചു എന്നതായിരുന്നു പൊളിക്കാന്‍ ആരോപണമായി പറഞ്ഞത്. എങ്കിലും ചൈനയില്‍ മുപ്പതിനായിരത്തിന് മുകളില്‍ ചെറുതും വലുതുമായ പള്ളികള്‍ ഉണ്ടെന്നാണ് കണക്ക്. മുസ്ലിംകള്‍ അവരുടെ സ്വത്വം ഉയര്‍ത്തി നില്‍ക്കുന്നത് മാത്രമാണ് ഭരണകൂടം എതിര്‍ക്കുന്നത് എന്ന് വേണം മനസ്സിലാക്കാന്‍. സംഘ പരിവാര്‍ ദേശീയതയിലൂടെ ഇസ്ലാമിനെ കാണുന്ന രീതി തന്നെയാണ് ചൈനയിലും നടക്കുന്നത്.

മറ്റൊരു കാര്യം കൂടി പറയാനാണ് ഇത്രയും പറഞ്ഞത്. ബാബറി മസ്ജിദ് സ്ഥലത്ത് അമ്പലത്തിനു തറക്കില്ലിട്ട കാര്യം ലോകം മുഴുവന്‍ ചര്‍ച്ച ചെയ്തതാണ്. അടുത്ത ദിവസം ഒരു വാര്‍ത്ത വന്നിരുന്നു. “ ചൈനയില്‍ പള്ളി പൊളിച്ചു അവിടെ കക്കൂസ് നിര്‍മ്മിച്ചു. മറ്റൊരിടത്ത് കള്ളുഷാപ്പ് നിര്‍മ്മിച്ചു” എന്നായിരുന്നു വാര്‍ത്ത. Radio Free Asia യാണ് വാര്‍ത്ത പുറത്തു വിട്ടത് എന്നും കേട്ടിരുന്നു . സംഭവം നടന്നെന്നു പറയുന്നത് 2018 ല്‍ . നേരത്തെ പറഞ്ഞത് പോലെ ചൈനയില്‍ പള്ളിപൊളിക്കല്‍ ഒരു പുതിയ കാര്യമല്ല . ഏകാധിപത്യമാണ് അവിടുത്തെ ഭരണം. പ്രതിഷേധിക്കാന്‍ മുന്‍കൂട്ടി അനുമതി വാങ്ങേണ്ട രാജ്യം. ( ഇന്നുവരെ ആര്‍ക്കും അനുമതി നല്‍കിയതായി അറിയില്ല എന്നത് മറ്റൊരു കാര്യം).

Also read: ഇസ്രയേല്‍-യുഎഇ കരാര്‍: മിഡില്‍ ഈസ്റ്റിലെ പുതിയ ആധിപത്യം

കാര്യത്തിന്റെ സത്യാവസ്ഥ അറിയാന്‍ അന്തര്‍ദ്ദേശീയ മാധ്യമങ്ങള്‍ പരിശോധിച്ചു. സ്വതവേ ചൈനീസ് വിരുദ്ധ മാധ്യമങ്ങള്‍ പോലും അത്തരം ഒരു വാര്‍ത്ത‍ നല്‍കിയതായി കണ്ടില്ല. പള്ളികള്‍ പൊളിച്ചതിന്റെ വാര്‍ത്തകള്‍ ധാരാളം. പക്ഷെ ഇങ്ങിനെ ഒന്ന് കണ്ടില്ല. Radio Free Asia ഒരു അമേരിക്കന്‍ പിന്തുണയുള്ള സ്ഥാപനമാണു. മാത്രമല്ല വാര്‍ത്തയുടെ കാര്യത്തില്‍ അവരുടെ വിശ്വസ്തത സംശയിക്കപ്പെടുന്ന സാഹചര്യമാണ് ലോകത്തില്‍ നിലനില്‍ക്കുന്നത്. അപ്പോഴാണ് മറ്റൊരു കാര്യം ശ്രദ്ധയില്‍ പെട്ടത്. ഈ വാര്‍ത്ത ഇന്ത്യന്‍ മാധ്യമങ്ങള്‍ മാത്രമാണ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്. അതും സംഘ പരിവാരിനോട് ചാരി നില്‍ക്കുന്ന മാധ്യമങ്ങള്‍. “ ചൈനയിലെ ഈ അവസ്ഥയെ കുറിച്ച് എന്ത് കൊണ്ട് പാകിസ്താന്‍ മിണ്ടുന്നില്ല” എന്ന ബി ജെ പി നേതാക്കളുടെ പ്രസ്താവന കൂടി കണ്ടപ്പോള്‍ കാര്യം വ്യക്തമായി . ഇതൊരു പ്രതിരോധമാണ്.

സംഘ പരിവാര്‍ പറയാന്‍ ശ്രമിക്കുന്നത് ഇങ്ങിനെയാണ്‌. “ ഞങ്ങള്‍ പള്ളി പൊളിച്ചു മറ്റൊരു ആരാധനാലയം മാത്രമേ പണിതുള്ളൂ . അപ്പുറത് പള്ളി പൊളിച്ചു കക്കൂസ് പണിയുന്നു. അപ്പോള്‍ ആരാണ് കൂടുതല്‍ മെച്ചം”. സംഘ പരിവാരിന്റെ മനസ്സില്‍ ഇപ്പോഴും ബാബറി പള്ളി ഒരു കുത്തായി നിലനില്‍ക്കുന്നു . അവര്‍ സ്വയം സമാധാനിക്കാനുള്ള ശ്രമത്തിലാണ്. ഇന്ത്യന്‍ മാധ്യമങ്ങള്‍ അധികവും സംഘ പരിവാര്‍ പിടിയിലാണ്. അടുത്തിടെ ബാംഗ്ലൂര്‍ സംഭവത്തില്‍ നാം അത് നേരില്‍ കണ്ടതാണു. ചൈനയില്‍ സര്‍ക്കാര്‍ പള്ളി പൊളിച്ചു എന്നത് ഒരു വാര്‍ത്ത പോലുമല്ല. ചോദിക്കാനും പറയാനും ആരുമില്ലാത്ത രാജ്യത്ത് അതിലപ്പുറവും നടക്കുന്നു.

ഇസ്ലാം ഒരു സംസ്കാരത്തിന്റെ കൂടി പേരാണ്. അത് അറബി സംസ്കാരം എന്നല്ല ഉദ്ദേശിക്കുന്നത്. അതിനു ഒരു ജീവിത സംസ്കാരമുണ്ട്. അതിനെ തകര്‍ക്കുക എന്നതാണ് സംഘ പരിവാറും കമ്യുണിസ്റ്റ് സര്‍ക്കാരുകളും ചെയ്തു കൊണ്ടിരിക്കുന്നത് . ഫലത്തില്‍ രണ്ട് പേരും ഒരേ നാണയത്തിന്റെ ഇരു വശം എന്നെ പറയാന്‍ കഴിയൂ.

Related Articles