Current Date

Search
Close this search box.
Search
Close this search box.

നാമോ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി

2007 ഫെബ്രുവരി എട്ടിന് 68 പേരുടെ മരണത്തിനിടയാക്കിയ സംജോത എക്‌സ്പ്രസ് ബോംബ് സ്‌ഫോടന കേസില്‍ സംഘ്പരിവാര്‍ നേതാവ് സ്വാമി അസീമാനന്ദയെയും മൂന്നു കൂട്ടുപ്രതികളെയും കുറ്റ വിമുക്തമാക്കിയ ഹരിയാനയിലെ എന്‍.ഐ.എ ഭീകര വിരുദ്ധ കോടതി വിധിയില്‍ അല്‍ഭുതമൊന്നുമില്ല. ഹിന്ദു ഭീകരര്‍ പ്രതികളാകുന്നതും എന്‍.ഐ.എ എന്ന നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അന്വേഷിക്കുന്നതുമായ കേസുകളില്‍ പുറത്തുവരുന്ന സ്വാഭാവിക വിധികളില്‍ ഒന്നു മാത്രമാണിത്. സംഭവത്തില്‍ കൊല്ലപ്പെട്ടവരില്‍ ഏറെയും പാക്കിസ്ഥാന്‍ സ്വദേശികളാണ്. തന്റെ രാജ്യത്തുനിന്നുള്ള ചില ദൃക്‌സാക്ഷികളില്‍നിന്ന് കേസുമായി ബന്ധപ്പെട്ട മൊഴികള്‍ രേഖപ്പെടുത്തണമെന്ന ഒരു പാക്കിസ്ഥാന്‍ സ്വദേശിനിയുടെ അപേക്ഷ എന്‍.ഐ.എ സ്‌പെഷ്യല്‍ ജഡ്ജി ജഗ്ദീപ് സിംഗ് നിരസിക്കുകയുമുണ്ടായി.

2006നും 2008നുമിടയില്‍ മുസ്‌ലിംകളെ ലക്ഷ്യമിട്ട് രാജ്യത്ത് നടന്ന നാലു സ്‌ഫോടനക്കേസുകളില്‍ മുഖ്യപ്രതിയാണ് സ്വാമി അസീമാനന്ദ. ആകെ 119 പേരാണ് ഈ സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടത്. 2007ല്‍ ഹൈദരാബാദിലെ മക്കാ മസ്ജിദില്‍ നടന്ന സ്‌ഫോടനക്കേസില്‍ പങ്കുണ്ടായിരുന്ന അസീമാനന്ദയെ എന്‍.ഐ.എയുടെ ‘പഴുതടച്ച അന്വേഷണ’ ത്തെതുടര്‍ന്ന് കഴിഞ്ഞ വര്‍ഷം കുറ്റവിമുക്തനാക്കിയിരുന്നു. അജ്മീര്‍ ദര്‍ഗ സ്‌ഫോടനക്കേസില്‍ സ്വാമി കുറ്റക്കാരനല്ലെന്ന് വിധി 2017ലും വന്നു.

എന്‍.ഐ.എയെ ‘നാമോ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി’ എന്നുവിളിച്ചത് കോണ്‍ഗ്രസാണ്. 2008ലെ മാലേഗാവ് സ്‌ഫോടന കേസില്‍ സംഘ്പരിവാര്‍ നേതാക്കളായ പ്രജ്ഞാ താക്കൂറിനെയും മറ്റു അഞ്ചുപേരെയും കുറ്റക്കാരല്ലെന്ന് കണ്ടെത്തി 2016 മേയില്‍ എന്‍.ഐ.എ നടത്തിയ വിധി പ്രസ്താവമാണ് കോണ്‍ഗ്രസിനെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത്. ഹിന്ദു പുരോഹിത മാത്രമല്ല, സംഘ്പരിവാര്‍ വിദ്യാര്‍ഥി വിഭാഗമായ എ.ബി.വി.പിയുടെ ദേശീയ നിര്‍വ്വാഹക സമിതി അംഗവുമായിരുന്നു പ്രജ്ഞാ താക്കൂര്‍. വിവിധ ഭീകരവാദ, ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട സംഘ് പരിവാര്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കുകയും ന്യൂനപക്ഷങ്ങളെ അനാവശ്യമായി വേട്ടയാടുകയും ചെയ്യുന്ന നടപടിയാണ് പ്രസ്താവനക്ക് ആധാരം. അതിലുപരി, കേസില്‍ സംഘ്പരിവാര്‍ നേതാക്കള്‍ക്കെതിരെ നീങ്ങാതിരിക്കാന്‍ തന്റെ മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നതായി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രോഹിണി സാലിയാന്‍ തുറന്നുപറയുകയുമുണ്ടായി. ഉന്നത തലങ്ങളില്‍നിന്നുള്ള നിര്‍ദ്ദേശം ഒരു ഓഫീസര്‍ തന്നെ നേരിട്ട് അറിയിക്കുകയായിരുന്നുവെന്നായിരുന്നു രോഹിണി വ്യക്തമാക്കിയത്. താങ്കളെ മാറ്റി പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുകയാണെന്ന് മാസങ്ങള്‍ക്ക് ശേഷം ഇതേ ഓഫീസര്‍ വീണ്ടും നേരില്‍കണ്ട് പറഞ്ഞു.

അസാമാനന്ദിനെയും പ്രജ്ഞയെയും പോലെ സ്‌ഫോടനങ്ങളില്‍ പങ്കുണ്ടെന്ന് തുറന്നുപറഞ്ഞയാളാണ് സൈന്യത്തില്‍ ഉയര്‍ന്ന പദവി വഹിക്കുന്ന കേണല്‍ പി.എസ് പുരോഹിത്. എന്‍.ഐ.എ അന്വേഷിച്ചപ്പോള്‍ ഈ മനുഷ്യനും ‘നിരപരാധി’യാണെന്ന് കണ്ടെത്തി. അതുകൊണ്ട് ഈ ‘രാജ്യസ്‌നേഹി’ ക്ക് സൈന്യത്തെ വീണ്ടും ‘സേവിക്കാന്‍’ അവസരവും ലഭിച്ചു. ചുരുക്കിപ്പറഞ്ഞാല്‍ ഇന്ത്യയെ നടുക്കിയ നാലു സ്‌ഫോടനങ്ങളും മാനത്തുനിന്ന് പൊട്ടിയുണ്ടായതാണെന്ന് ജനങ്ങള്‍ കണ്ണടച്ചു വിശ്വസിച്ചുകൊള്ളണമെന്നാണ് എന്‍.ഐ.എ ബോധ്യപ്പെടുത്തുന്നത്. വല്ലാത്തൊരു അന്വേഷണവും വിധിയും!

Related Articles