Current Date

Search
Close this search box.
Search
Close this search box.

ആഫ്രിക്കയിലെ മെഡിക്കൽ കൊളോണിയലിസം

കഴിഞ്ഞ ബുധനാഴ്ച്ച, കോവിഡ് 19 പകർച്ചവ്യാധിയെ പ്രതിരോധിക്കുന്നതിനായി നിർമിക്കുന്ന വാക്സിനുകൾ ആഫ്രിക്കൻ ജനതയുടെ ദേഹത്ത് പരീക്ഷിക്കണമെന്ന് നിർദ്ദേശിച്ച് ഒരു ഫ്രഞ്ച് ഡോക്ടർ വിവാദം സൃഷ്ടിച്ചിരുന്നു. ആഫ്രിക്കൻ ജനതയുടെ കൈവശം മാസ്ക്കുകളും മറ്റു സുരക്ഷാസംവിധാനങ്ങളും കുറവാണെന്നായിരുന്നു അദ്ദേഹം അതിനു കാരണമായി പറഞ്ഞത്. വെള്ളിയാഴ്ചയോടെ, ഡോക്ടറുടെ പ്രസ്താവന വംശീയതയാണെന്ന് വ്യാപകമായി ആരോപണം ഉയർന്നതിനെ തുടർന്ന്, അദ്ദേഹം മാപ്പു പറയാൻ നിർബന്ധിതനായി.

എന്നാൽ അദ്ദേഹത്തിന്റെ വാക്കുകളിലൂടെ പുറത്തുവന്ന ആ പ്രത്യേകതരം ചിന്ത പുതിയതല്ല. ആ ഡോക്ടറെ സംബന്ധിച്ചിടത്തോളം അതൊരു ഒറ്റപ്പെട്ട സംഭവവുമല്ല. ഒരു കൂട്ടരുടെ തങ്ങളാണ് എല്ലാവരെക്കാളും ശ്രേഷ്ഠരും ഉന്നതരുമെന്ന മനോഭാവം കാരണം മറ്റൊരു കൂട്ടരെ അമാനവീകരിക്കുന്ന അഥവാ മനുഷ്യരല്ലാതായി (Dehumanise) കാണുന്ന തലമുറകളായി നിലനിന്നുപോരുന്ന ഒരു പ്രവണതയുടെ ഭാഗമാണത്.

Also read: അസം തടങ്കല്‍ കേന്ദ്രങ്ങളിലുള്ളവരെ നാം മറന്നുകൂട

ദക്ഷിണാർദ്ധ ഗോളത്തിലെ മനുഷ്യരുടെ അമാനവീകരണമായിരുന്നു അടിമക്കച്ചവടത്തിന്റെയും കോളനിവത്കരണത്തിന്റെയും പിന്നിലെ ചാലകശക്തികളിൽ ഒന്ന്. ജോസഫ് കോൺറാഡ്, 1899ൽ എഴുതിയ തന്റെ ‘ഹാർട്ട് ഓഫ് ഡാർക്നെസ്സ്’ എന്ന കൃതിയിൽ, ആഫ്രിക്കയിൽ അദ്ദേഹം കണ്ടുമുട്ടിയ ആളുകൾ ശരിക്കും മനുഷ്യരാണോ എന്ന ചോദ്യവുമായി ഏറ്റുമുട്ടുണ്ട്. അദ്ദേഹം അഭിപ്രായപ്പെടുന്നു : “അല്ല, അവർ മനുഷ്യത്വരഹിതരായിരുന്നില്ല. നിങ്ങൾക്കറിയാമോ, അവർ മനുഷ്യരാണോ എന്ന സംശയം, അതാണ് ഏറ്റവും മോശം.”

അത്തരം ചോദ്യങ്ങൾ വളരെ സ്വഭാവികമായി ഉന്നയിക്കുന്നതാണ് പ്രസ്തുത ആശയങ്ങളെ ഊട്ടിയുറപ്പിക്കാൻ സഹായകരമായി വർത്തിക്കുന്നത്. മനുഷ്യജീവനുകളെ നാടുകടത്താനും വിൽപ്പനനടത്താനും അനുവദിച്ചത് “രണ്ടാം തരം മനുഷ്യർ” എന്ന ആശയത്തിനു ലഭിച്ച സ്വീകാര്യതയാണെന്ന വസ്തുത വളരെ എളുപ്പം നിഷേധിക്കപ്പെട്ടു.

ഉദാഹരണത്തിന്, 2014ൽ പശ്ചിമാഫ്രിക്കയിൽ എബോള പൊട്ടിപ്പുറപ്പെട്ടപ്പോൾ, രോഗപരിശോധനയുടെ മറവിൽ 250,000 രക്തസാമ്പിളുകളാണ്, പലപ്പോഴും രോഗികളുടെ സമ്മതമില്ലാതെ, ഫ്രാൻസിലെയും ബ്രിട്ടനിലെയും അമേരിക്കയിലെയും ലാബോറട്ടറികൾ ശേഖരിച്ചത്. പുതിയ വാക്സിനുകളും മരുന്നുകളും നിർമിക്കാൻ ഗവേഷകരെ സഹായിക്കുന്നതിനു വേണ്ടിയായിരുന്നു അത്. “രാജ്യസുരക്ഷയുടെ” പേരുപറഞ്ഞ് അതിന്റെ കണക്കുകൾ പുറത്തുവിടാൻ അവർ ഇപ്പോഴും തയ്യാറായിട്ടില്ല.
രോഗബാധിതരായ സമൂഹങ്ങളുടെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥയാണ് ചൂഷണം ചെയ്യപ്പെടുന്നത്. അവരുടെ സമ്മതമില്ലാതെ ഗവേഷക കമ്പനികൾ അവരുടെ സാമ്പിളുകൾ എടുക്കുന്നു, ചികിത്സക്കു വേണ്ടി പണം ചെലവഴിക്കാൻ ശേഷയുള്ളവർക്കു വേണ്ടി മരുന്നുകൾ നിർമിക്കുന്നു.

Also read: ആകസ്മിക വിപത്തുക്കളെ എങ്ങിനെ നേരിടാം?

1996ൽ, നൈജീരിയയിലെ കാനോ സ്റ്റേറ്റിൽ വലിയ തോതിൽ മെനിൻജൈറ്റിസ് പടർന്നുപിടിച്ചു. ആ സമയത്ത്, ലോകത്തിലെ ഏറ്റവും വലിയ റിസർച്ച് ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ ഒന്നായ ഫിസർ (Pfizer), അവർ വികസിപ്പിച്ചു കൊണ്ടിരുന്ന ഒരു മരുന്ന് പരീക്ഷിക്കുന്നതിനു വേണ്ടി അവിടെ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താൻ തീരുമാനിച്ചു. രോഗികളുടെ രക്ഷിതാക്കളുടെ അന്നേരത്തെ മാനസികാവസ്ഥയെ ചൂഷണം ചെയ്തുകൊണ്ട്, അവരിൽ നിന്ന് സമ്മതപത്രം വാങ്ങുന്നത് ഫിസർ സമർഥമായി മറികടന്നു. ഇതുമായി ബന്ധപ്പെട്ട കേസ് 2009ലാണ് തീർപ്പാക്കപ്പെട്ടത്. അതുപക്ഷേ, കോടതിക്കു പറത്തുവെച്ച് നടന്ന ചർച്ചയിൽ, കാനോ സ്റ്റേറ്റ് ഗവൺമെന്റിന് 75 മില്യൺ ഡോളറും, മരുന്നു പരീക്ഷണത്തിനിടെ മരണപ്പെട്ട നാലു കുട്ടികളുടെ രക്ഷിതാക്കൾക്ക് 175,000 ഡോളറും നൽകി ഒതുക്കിത്തീർക്കുകയാണ് ഉണ്ടായത്. മരുന്നു പരീക്ഷണം മൂലമല്ല, രോഗം മൂലമാണ് കുട്ടികൾ മരണപ്പെട്ടത് എന്നായിരുന്നു ഫിസർ കമ്പനി കോടതിയിൽ വാദിച്ചു. പിന്നീട് കോടതിക്ക് പുറത്തു വെച്ച് ഒത്തുതീർപ്പിലെത്തിയതിനാൽ മെഡിക്കൽ വസ്തുതകൾ സ്ഥാപിക്കാനുള്ള അവസരം നഷ്ടപ്പെടുകയും ചെയ്തു.

സമാനമായ പരീക്ഷണങ്ങൾ 1994ൽ സിംബാവേയിൽ നടന്നിരുന്നു. യു.എസ് ആസ്ഥാനമായ സി.ഡി.സി, എൻ.ഐ.എച്ച് എന്നിവരായിരുന്നു അതിനു വേണ്ടി പണമിറക്കിയിരുന്നത്. രോഗികളിൽ പ്രതികൂല ഫലങ്ങൾ ഉണ്ടാക്കുന്നതിലായിരുന്നു പ്രസ്തുത മരുന്നുപരീക്ഷണങ്ങൾ ചെന്നവസാനിച്ചത്. 1900-കളുടെ ആദ്യത്തിൽ, നമീബിയയിൽ, മിശ്ര-വംശ വിവാഹങ്ങൾ നിരോധിക്കുന്നതിന് “ശാസ്ത്രീയ” പിന്തുണ നൽകാൻ ശ്രമിച്ച ജർമൻ ഡോക്ടർ ഹെറേറോ സ്ത്രീകളിൽ വന്ധ്യംകരണം നടത്തിയിരുന്നു.

ഉത്തരാർദ്ധ ഗോളത്തിൽ (Global North) ഗവേഷണ പരീക്ഷണങ്ങൾ നടത്തുന്നത് പ്രയാസകരവും ഒരുപാട് നിയമനൂലാമാലകൾ ഉള്ളതുമാണെന്ന് ഗവേഷകർക്ക് നല്ല ബോധ്യമുള്ള കാര്യമാണ്. അതേസമയം ദക്ഷിണാർദ്ധ ഗോളത്തിൽ (Global South) അഴിമതിക്കാരായ സർക്കാർ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വലിയ ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് അത് വളരെ എളുപ്പം സാധിക്കുന്ന കാര്യമാണ്. സാമ്പത്തിക ലാഭത്തിനു പിറകെ ഓടുന്ന അവരെ സംബന്ധിച്ചിടത്തോളം പാവപ്പെട്ട രോഗികളുടെ ജീവൻ പരിഗണിക്കപ്പെടേണ്ട ഒന്നല്ല.

Also read: മക്കള്‍ക്കിടയിലെ വഴക്ക് നിങ്ങള്‍ക്കൊരു തലവേദനയാണോ?

ടി.ബി, മലേറിയ, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ രോഗങ്ങൾ ഓരോ വർഷവും ദശലക്ഷണക്കിന് ആളുകളെ കൊന്നൊടുക്കുന്നത് തുടരുന്നു എന്നതും, അവയെ ഉന്മൂലനം ചെയ്യുന്നതിനു വേണ്ടി ചെലവഴിക്കുന്ന ഊർജ്ജവും വിഭവങ്ങളും കോവിഡ് 19നു വേണ്ടിയും എബോളക്കു വേണ്ടിയും ഇപ്പോൾ ചെലവഴിക്കുന്നതിന്റെ അടുത്തുപോലും എത്തുന്നില്ലായെന്നതും അതിശയകരമായ ഒരു വസ്തുതയാണ്.

2011ൽ, ഒരു അന്താരാഷ്ട്ര എൻ.ജി.ഓ-യെ മറയാക്കി സി.എ.എ, ഒസാമ ബിൻ ലാദനെ പിടികൂടുന്നതിന്റെ ഭാഗമായി, പാകിസ്ഥാനിൽ ഒരു വ്യാജ വാക്സിനേഷൻ കാമ്പയിൻ സംഘടിപ്പിച്ച് ഡി.എൻ.എ സാമ്പിളുകൾ ശേഖരിച്ചിരുന്നു. ഇതു പാകിസ്ഥാനും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാവുന്നതിലേക്കു നയിച്ച ഒരു ഘടകമായിരുന്നു. അതേസമയം ഗ്ലോബൽ നോർത്തിൽ നിന്നുള്ള മെഡിക്കൽ സേവനങ്ങൾക്കു പിന്നിൽ ഹിഡൻ അജണ്ടകളുണ്ടെന്ന സംശയങ്ങൾക്കു ബലമേകുന്ന സംഭവം കൂടിയായിരുന്നു അത്.

മരുന്നു പരീക്ഷണത്തിന്റെ ഭാഗമായി ആഫ്രിക്കയെ ഒരു ഫ്രഞ്ച് ഡോക്ടർ നിർദേശിക്കുമ്പോൾ, സംശയങ്ങളും പ്രതിഷേധങ്ങളും ഉയർന്നു വരുന്നതിൽ അത്ഭുതമൊന്നുമില്ല, പ്രത്യേകിച്ച് യൂറോപ്പിലും അമേരിക്കയിലും ഉള്ളതിനേക്കാൾ വളരെ കുറച്ച് കേസുകൾ മാത്രമാണ് ആഫ്രിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് എന്ന വസ്തുത പരിഗണിക്കുമ്പോൾ.

ആഫ്രിക്കയിലെ മെഡിക്കൽ കൊളോണിയലിസത്തിന്റെ ചരിത്രം പരിഗണിക്കുമ്പോൾ, ഫ്രഞ്ച് ഡോക്ടറുടെ പരാമർശങ്ങൾ, ചില മനുഷ്യർ ഉപയോഗിച്ച ശേഷം വലിച്ചെറിയപ്പെടേണ്ടവരാണ് എന്ന വംശീയവും മനുഷ്യത്വരഹിതവുമായ സമീപനത്തിന്റെ തുടർച്ചയല്ലാതെ മറ്റെന്താണ്?

ഗ്ലോബൽ നോർത്തിനെ വ്യാപകമായി ബാധിച്ച രോഗത്തെ നേരിടുന്നതിനുള്ള മരുന്നുകൾ വികസിപ്പിക്കാനായി ആഫ്രിക്കൻ ജനതയെ ഗിനിപ്പന്നികളായി ഉപയോഗിക്കാനുള്ള മറ്റൊരു ശ്രമത്തോട് ആഫ്രിക്കൻ ജനത പ്രതികരിക്കുക സ്വാഭാവികം മാത്രമാണ്.

വിവ. അബൂ ഈസ

Related Articles