Current Date

Search
Close this search box.
Search
Close this search box.

ഹിലരി – ട്രംപ് പോരാട്ടം; ഒരു വേറിട്ട വായന

hilary-trump.jpg

അമേരിക്കന്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളായ ഹിലരി ക്ലിന്റനും ഡൊണാള്‍ഡ് ട്രംപിനും ഇടയിലെ മൂന്നാമത്തെ സംവാദം ലോകത്തെ ലക്ഷക്കണക്കിനാളുകളെ പോലെ ഞാനും വീക്ഷിച്ചിരുന്നു. അഭിപ്രായ സര്‍വേകളും നിരീക്ഷകരും മാധ്യമങ്ങളിലെ പ്രമുഖ എഴുത്തുകാരുമെല്ലാം അഭിപ്രായപ്പെടുന്നത് ഹിലരി ജയിക്കുമെന്നാണെങ്കിലും അത്ഭുതങ്ങള്‍ക്കുള്ള സാധ്യത തള്ളിക്കളയാനാവില്ല.

അനുഭവ സമ്പത്തോടെയും ആത്മവിശ്വാസത്തോടെയും വ്യവസ്ഥാപിതമായ പ്രവര്‍ത്തനങ്ങളാണ് ഹിലരി നടത്തിയിട്ടുള്ളതെന്ന് ശരിയാണ്. വിദേശകാര്യ സെക്രട്ടറിയെന്ന പദവിയിലൂടെ നേടിയെടുത്ത ഗുണങ്ങളാണവ. എന്നാല്‍ കഴിഞ്ഞ സംവാദത്തില്‍ നല്ല പ്രകടനമാണ് ട്രംപ് കാഴ്ച്ചവെച്ചത്. ആഭ്യന്തരവും വൈദേശികവുമായ വിഷയങ്ങളില്‍ തന്റെ എതിരാളിയെ മറികടക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഒരു വശത്തുള്ള അഭയാര്‍ഥി പ്രശ്‌നവും മറുവശത്തെ സിറിയ, ഇറാഖ് പ്രതിസന്ധികളുമാണതെന്ന് ഒന്നുകൂടി കൃത്യപ്പെടുത്തി പറയാം.

അഭയാര്‍ഥി പ്രശ്‌നമെടുത്ത് പരിശോധിക്കുമ്പോള്‍ പാശ്ചാത്യലോകം ഇസ്‌ലാമോഫോബിയ കൊണ്ട് പ്രയാസപ്പെടുകയാണെന്ന് കാണാം. അഭയാര്‍ഥികളോടുള്ള വിരോധം – അവര്‍ വെളുത്ത തൊലിയുള്ളവരാണെങ്കില്‍ പോലും – ചിലപ്പോഴെല്ലാം പരസ്യമായി തന്നെ പുറത്തുവരുന്നു, മറ്റു ചിലപ്പോള്‍ അത് ഉള്ളില്‍ ഒളിപ്പിക്കപ്പെടുന്നു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോന്നതിലൂടെ അതാണ് നാം കണ്ടത്. അതിര്‍ത്തികള്‍ക്ക് മേല്‍ ആധിപത്യം പൂര്‍ണമാക്കാനും പോളണ്ട്, റൊമേനിയ, ബള്‍ഗേറിയ എന്നിവിടങ്ങളില്‍ നിന്ന് വരുന്ന യൂറോപ്യന്‍ അഭയാര്‍ഥികള്‍ക്ക് മുമ്പില്‍ വാതില്‍ കൊട്ടിയടക്കാനും വേണ്ടിയായിരുന്നു അത്.

അമേരിക്കയിലെ വെളുത്ത വോട്ടര്‍മാര്‍ക്കിടയിലെ വംശീയ വികാരത്തെ കുറിച്ച് ട്രംപിന് നല്ല ധാരണയുണ്ട്. അതുകൊണ്ടാണ് മെക്‌സിക്കോ – അമേരിക്ക അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കല്‍, അമേരിക്കന്‍ സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ക്കും മയക്കുമരുന്നുകള്‍ക്കും കാരണക്കാരായി ആരോപിക്കപ്പെടുന്ന എട്ട് മില്യണോളം അനധികൃത കുടിയേറ്റക്കാരെ പുറത്താക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ക്ക് ട്രംപ് ഊന്നല്‍ നല്‍കിയത്. അമേരിക്കക്കാര്‍ ആയുധം കൈവശം വെക്കുന്നതിനെ പിന്തുണച്ചതിലൂടെ പ്രസ്തുത വികാരങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്തു. അതേസമയം അമേരിക്കയുടെ മഹത്വവും ഔന്നിത്യവും വീണ്ടെടുക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കുന്നു.

അമേരിക്കന്‍, പാശ്ചാത്യ മാധ്യമങ്ങള്‍ അദ്ദേഹത്തിനെതിരെ ഉന്നയിച്ചിട്ടുള്ള പ്രധാന കാര്യം തെരെഞ്ഞെടുപ്പ് ഫലം മാനിക്കില്ലെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നതാണ്. വോട്ടുകളുടെ എണ്ണത്തില്‍ കൃത്രിമത്വം നടക്കാനും വിജയി ആരെന്ന് നേരത്തെ തന്നെ നിശ്ചയിക്കപ്പെടാനുമുള്ള സാധ്യതയുണ്ടെന്നാണ് അദ്ദേഹം തറപ്പിച്ചു പറയുന്നത്. ആ നിലപാടില്‍ നിന്ന് പിന്നീടദ്ദേഹം പിന്നോട്ടടിച്ചിട്ടുണ്ട്.

അമേരിക്കന്‍ ഭരണകൂടം കൃത്രിമത്വം നടത്തുമെന്ന ട്രംപിനെ ആരോപണം അവഗണിച്ച് തള്ളിക്കളയാവുന്ന ഒന്നല്ല. 16 വര്‍ഷം മുമ്പ് ജോര്‍ജ് ഡബ്ല്യൂ ബുഷ് മിയാമിയില്‍ തന്റെ ഡെമോക്രാറ്റ് എതിരാളിക്കെതിരെ ജയിച്ചത് കൃത്രിമം കാണിച്ചായിരുന്നുവെന്ന് വിശ്വസിക്കുന്ന വലിയൊരു വിഭാഗം അമേരിക്കക്കാരുണ്ട്. കള്ളങ്ങളെ മാത്രം അടിസ്ഥാനമാക്കി ഒരു രാജ്യത്തിനെതിരെ യുദ്ധം ചെയ്തവര്‍ക്ക് മറ്റെന്ത് കാര്യവും അങ്ങനെ ചെയ്യാന്‍ സാധിക്കുമല്ലോ. ഇറാഖിന്റെ കാര്യത്തില്‍ അതാണല്ലോ സംഭവിച്ചത്. ഒരിക്കല്‍ കളവ് പറയുകയും കൃത്രിമം കാണിക്കുകയും ചെയ്തവര്‍ അതാവര്‍ത്തിക്കും.

മാധ്യമങ്ങള്‍ ട്രംപിനെതിരാണ്. സെനറ്റിലെയും പ്രതിനിധി സഭയിലെയും റിപബ്ലിക്കന്‍ അംഗങ്ങളില്‍ തന്നെ വലിയൊരു ഭാഗം അദ്ദേഹത്തിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണത്തെ പിന്തുണക്കുന്നില്ലെന്നതും ശരിയാണ്. അമേരിക്കയിലെ ജൂത ലോബിയുടെ അവസ്ഥയും മറ്റൊന്നല്ല. ഹിലരിക്ക് പിന്നിലാണ് തങ്ങളെന്ന് പരസ്യപ്പെടുത്തിയിരിക്കുകയാണവര്‍. ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുള്ള ഈ സംഘടിക്കല്‍ ഒരുപക്ഷേ ട്രംപിനെ വിജയത്തിലേക്ക് നയിക്കുന്ന ഘടകമായി മാറിയേക്കും. എന്നാല്‍ കൃത്രിമങ്ങള്‍ നടന്നാല്‍ അദ്ദേഹത്തിന്റെ എതിരാളിക്കനുകൂലമായിരിക്കും ഫലം. കൃത്രിമത്തിന് പല രൂപങ്ങളുണ്ടല്ലോ. രാഷ്ട്രത്തിന്റെയും അതിന്റെ സംവിധാനങ്ങളുടെയും പുരോഗതിക്കനുസരിച്ച പുരോഗതി അതിലുമുണ്ടാവുമല്ലോ.

സിറിയ, ഇറാഖ് വിഷയങ്ങളില്‍ ഒബാമയേക്കാളും ഹിലരിയേക്കാളും ബുദ്ധി കാണിച്ചിരിക്കുന്നത് റഷ്യന്‍ പ്രസിഡന്റ് പുടിനാണെന്ന് പറഞ്ഞതില്‍ ട്രംപിന് തെറ്റുപറ്റിയിട്ടുണ്ട്. യുക്രൈനും ക്രിമിയ ഉപദ്വീപിന്റെയും ഫയലുകള്‍ കൂടി നാമതിലേക്ക് ചേര്‍ത്തുവെക്കുകയാണ്. ഇറാഖ് യുദ്ധത്തോടുള്ള വിയോജിപ്പിലും അദ്ദേഹത്തിന് തെറ്റുപറ്റിയിരിക്കുന്നു. ഐഎസിന്റെ രംഗപ്രവേശവും ഇറാഖ് പൂര്‍ണമായും ഇറാന്റെ സ്വാധീനത്തിനായി വിട്ടുകൊടുക്കപ്പെട്ടതും അടക്കമുള്ള അതിന് ശേഷമുണ്ടായ സംഭവവികാസങ്ങളുടെ ഉത്തരവാദിത്വം അമേരിക്കക്ക് മേല്‍ കെട്ടിവെച്ച നിലപാടിലും ട്രംപിന് വീഴ്ച്ച പറ്റിയിരിക്കുകയാണ്.

ട്രംപിനെ ന്യായീകിക്കുകയല്ല ഞാന്‍. വിഷയത്തെ സംബന്ധിച്ച് പാശ്ചാത്യ മാധ്യമങ്ങളും അറബ് മാധ്യമങ്ങളും നല്‍കിക്കൊണ്ടിരിക്കുന്നതില്‍ നിന്നും വ്യത്യസ്തമായ ഒരു ചിത്രം സമര്‍പിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. ട്രംപിനെതിരെ ശത്രുത ഉയര്‍ത്തി ഇസ്രയേലിന്റെ തോഴിയായ ഹിലരിയെ വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളാണല്ലോ അവ ചെയ്യുന്നത്. ഇസ്രയേല്‍ കുടിയേറ്റ കേന്ദ്രങ്ങളുടെ വ്യാപനത്തിന് കൈയ്യയച്ച് പിന്തുണക്കുമെന്നാണ് ഹിലരിയുടെ വാഗ്ദാനം. ചിലപ്പോഴെല്ലാം ഒച്ചയില്ലാതെയുള്ള കൂവലും കൂട്ടത്തില്‍ നിന്നുള്ള മാറിനില്‍ക്കലുമെല്ലാം യുക്തിയുടെ ഭാഗമായിട്ട് വേണം മനസ്സിലാക്കാന്‍.

ഏറ്റവും ചുരുങ്ങിയത് ആറ് കാര്യങ്ങളിലെങ്കിലും ഹിലരി തന്റെ എതിരാളിയേക്കാള്‍ മുന്നിട്ടു നില്‍ക്കുന്നു എന്നാണ് സര്‍വേകള്‍ പറയുന്നത്. എന്നാല്‍ വോട്ടര്‍മാരുടെ വലിയൊരു ഭാഗം ഇപ്പോഴും തീരുമാനമെടുത്തിട്ടില്ല. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്റെ ഭാഗമായി തുടരണമെന്നാഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷം ബ്രിട്ടീഷുകാരുമെന്ന് അഭിപ്രായപ്പെട്ടവരാണ് ഈ അഭിപ്രായ സര്‍വേക്കാര്‍ എന്നത് മറ്റൊരു വൈരുധ്യമാണ്. ഹിതപരിശോധന നടന്നപ്പോള്‍ അതിന് നേര്‍വിരുദ്ധമായ ഫലമാണ് കണ്ടത്.

ബി.ബി.സി ചാനലിന്റെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ ഏറെ പ്രചാരമുള്ള ഒരു റേഡിയോ സ്‌റ്റേഷന്റെ പരിപാടി ഞാന്‍ ശ്രവിച്ചു. ഫോണ്‍ വിളിച്ചിട്ട് അമേരിക്കന്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ കുറിച്ച് അഭിപ്രായം അറിയിക്കുന്ന പരിപാടിയായിരുന്നു അത്. അതിലേക്ക് വിളിച്ച ബ്രിട്ടീഷ് വനിതകളില്‍ ബഹുഭൂരിപക്ഷവും പിന്തുണച്ച് ഹിലരിയെയായിരുന്നില്ല, മറിച്ച് ട്രംപിനെയായിരുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തി. ട്രംപിന്റെ സ്ത്രീ വിരുദ്ധ സമീപനങ്ങളെ കുറിച്ച് അവതാരകന്‍ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കെയാണിത്. ട്രംപിന്റെ ഏറ്റവും വലിയ ദൗര്‍ബല്യമായി എതിരാളി അവതരിപ്പിക്കുന്ന വിഷയമാണത്.

ഈ തെരെഞ്ഞെടുപ്പിനെ കുറിക്കാന്‍ ‘ഏറ്റവും അപകടം’, ‘ഏറ്റവും മഹത്തായ’ എന്നീ പദങ്ങളൊന്നും ഉപയോഗിക്കാന്‍ ഞാന്‍ താല്‍പര്യപ്പെടുന്നില്ല. ആര് പരാജയപ്പെടും ആര് വിജയിക്കുമെന്ന് പ്രവചിക്കാനും ഞാനാഗ്രഹിക്കുന്നില്ല. എന്നാല്‍ ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടിയിലെ ഒരു ഉദാഹരണം നിങ്ങളുടെ മുമ്പില്‍ വെക്കാം. അറബ് അനുകൂല നിലപാടുള്ള, ഇറാഖ് യുദ്ധത്തെ എതിര്‍ത്ത പാര്‍ട്ടിയുടെ പ്രസിഡന്റ് ജെറെമി കോര്‍ബിനെ പുറത്താക്കാന്‍ പാര്‍ട്ടിയിലെ തന്നെ ബഹുഭൂരിപക്ഷം എം.പിമാരും കൈകോര്‍ത്തു. പ്രസ്തുത ഉദ്ദേശ്യത്തിനായി രണ്ട് തവണ പാര്‍ട്ടി ആസ്ഥാനത്തേക്കവര്‍ പോവുകയും ചെയ്തു. എന്നിട്ടും വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് ഭരണകൂടത്തിനും അദ്ദേഹത്തോട് ശത്രുതയുണ്ടായിരുന്നു. അദ്ദേഹം പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവാകുന്നത് അവരും ഇഷ്ടപ്പെട്ടിരുന്നില്ല.

ട്രംപിനും കോര്‍ബിനും ഇടയിലെ താരതമ്യം എത്രത്തോളം സൂക്ഷ്മമാണെന്ന് എനിക്കറിയില്ല. എന്നാല്‍ ബ്രിട്ടനില്‍ സംഭവിച്ചത് അമേരിക്കയില്‍ ട്രംപിന്റെ കാര്യത്തിലും സംഭവിച്ചു കൂടായ്കയില്ല. കലഹപ്രിയനും വിജയിക്കാന്‍ സാധ്യതയില്ലാത്തയാളുമായിട്ടാണ് അദ്ദേഹം കാണപ്പെടുന്നത്. കൃത്രിമം കാണിച്ചോ മറ്റേതെങ്കിലും തരത്തിലോ അദ്ദേഹം വിജയിക്കുന്നത് തടയാന്‍ ശ്രമിച്ചാല്‍ അദ്ദേഹത്തിന്റെ അനുയായികള്‍ പ്രശ്‌നങ്ങളുണ്ടാക്കും. അമേരിക്കയില്‍ വലിയ വിള്ളലത് സൃഷ്ടിക്കും. വന്‍ശക്തികളുടെയും അവരുടെ ആയുധങ്ങളുടെയും ദുരിതം പേറുന്നവരെന്ന നിലക്ക് അറബ് മുസ്‌ലിംകള്‍ക്ക് അതില്‍ ഖേദം ഉണ്ടാവേണ്ടതില്ല. നമ്മെ ഇന്നത്തെ അവസ്ഥയിലെത്തിച്ചത് അവരാണല്ലോ.

തെരെഞ്ഞെടുപ്പില്‍ ആര് തന്നെ ജയിച്ചാലും അറബികളും മുസ്‌ലിംകളുമായ നമുക്കെതിരായിരിക്കും അവര്‍. നമുക്കെതിരായ നയങ്ങളായിരിക്കും അവര്‍ രൂപപ്പെടുത്തുക. ഇറാഖ് യുദ്ധത്തെ പിന്തുണച്ചയാളാണ് ഹിലരി എന്ന് നമുക്കറിയാം. ലിബിയയെ വന്‍ദുരന്തത്തിലേക്ക് തള്ളിവിട്ട നാറ്റോ സഖ്യത്തിന്റെ സൈനിക ഇടപെടലിനെ പിന്തുണച്ച അവര്‍ ജയിച്ചാല്‍ സമാനമായ ഇടപെടല്‍ സിറിയയിലും നടത്തുമെന്നാണ് താക്കീത് നല്‍കിയിരിക്കുന്നത്. അഥവാ കൂടുതല്‍ കൂട്ടകശാപ്പുകളും രക്തപ്പുഴകളും ഒഴുകുമെന്ന് ചുരുക്കം. ഒരുപക്ഷേ ഒരു ലോക യുദ്ധത്തിന് തന്നെ അത് തിരികൊളുത്തിയേക്കും. താരതമ്യേനെ ട്രംപാണ് കൂടുതല്‍ മോശമെന്ന അഭിപ്രായം നമുക്കില്ല. ഇനി അങ്ങനെയാണെങ്കില്‍ തന്നെയും നമുക്ക് നഷ്ടപ്പെടാനും ഒന്നുമില്ല.

വിവ: നസീഫ്‌

Related Articles