Current Date

Search
Close this search box.
Search
Close this search box.

സീസി സ്വന്തം ജനതയെ കൊന്നൊടുക്കുകയാണ്

ഈജിപ്തിന്റെ ജനാധിപത്യ സംവിധാനത്തെ 2013 ജൂലൈയില്‍ അബ്ദുല്‍ ഫത്താഹ് സീസി അട്ടിമറിച്ചതിന് ശേഷം നിരവധി ഈജിപ്തുകാരുടെ രക്തമാണ് അവിടെ ചിന്തപ്പെട്ടിട്ടുള്ളത്. 1952 മുതലുള്ള അവിടത്തെ സൈനിക ഭരണകൂടങ്ങളെ പോലും അദ്ദേഹം കവച്ചു വെക്കുകയായിരുന്നു. പൊള്ളയായ ന്യായങ്ങളും വ്യാജ വാദങ്ങളും ഉയര്‍ത്തിയായിരുന്നു അതെല്ലാം. അതോടെ ഈജിപ്തിന്റെ അന്തസ്സ് കാറ്റില്‍ പറത്തപ്പെട്ടു. ഒന്നാമത്തെ പ്രസ്താവനയിലെ അട്ടിമറിക്കാരുടെ വാദം പോലെ അഭിനന്ദനീയമായ ഒന്നും തന്നെ അവിടെയില്ല. മറിച്ച് സീസിയെയും അദ്ദേഹത്തിന്റെ ഭരണത്തെയും എതിര്‍ക്കുന്നവര്‍ക്കെതിരെ ശക്തിപ്രയോഗത്തിന്റെയും കൊലയുടെയും അക്രമങ്ങളുടെയും സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ചു. വിയോജിക്കുന്നവരെയും എതിര്‍ക്കുന്നവരെയും പൈശാചികവല്‍കരിക്കുന്ന മാധ്യമ സംവിധാനങ്ങളെ അദ്ദേഹം ഉപയോഗപ്പെടുത്തി. യാഥാര്‍ഥ്യങ്ങളെ മറച്ചുവെച്ച് വ്യാജപ്രചാരണങ്ങള്‍ അവ നടത്തി.

പൗരന്‍മാരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വമുള്ള പോലീസും പട്ടാളവും കോടതിയുമെല്ലാം അവരെ കൊന്നൊടുക്കാനുള്ള സീസിയുടെ സംവിധാനങ്ങളായി മാറ്റപ്പെട്ടു. റിപബ്ലിക്കന്‍ ഗാര്‍ഡ് സംഭവത്തോടെ ഈജിപ്തുകാരുടെ രക്തത്തിന് ഒരു വിലയുമില്ലാതാകുന്നത് നാം കണ്ടു. തുടര്‍ന്ന് റാബിഅ, അന്നഹ്ദ സ്‌ക്വയറുകള്‍ ഒഴിപ്പിച്ചപ്പോള്‍ ആയിരങ്ങളാണ് കൊലചെയ്യപ്പെട്ടത്. അങ്ങനെ അലക്‌സാണ്ടറിയയിലും സുവൈസിലും ഇസ്മാഈലിയ്യയിലും ബൂര്‍സഈദിലും ഒക്ടോബര്‍-6ലും ഈജിപ്തുകാര്‍ കൊല ചെയ്യപ്പെടുകയും വീടുകളില്‍ നിന്ന് ആട്ടിയിറക്കപ്പെടുകയും ചെയ്തു. രാജ്യത്തിന്റെ പല ഭാഗത്തും യുവാക്കള്‍ നിഷ്ഠൂരമായി കൊല ചെയ്യപ്പെട്ടു. പലരെയും കാണാതായി. അദ്ദേഹത്തെ എതിര്‍ക്കുകയോ വിയോജിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ നൂറുകണക്കിന് വധശിക്ഷകളും ജീവപര്യന്തങ്ങളും വിധിക്കപ്പെട്ടു.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തളര്‍ത്തിയും അന്നാന്നത്തെ അന്നത്തിനുള്ള വക കണ്ടെത്താനാവാത്ത ദരിദ്ര കുടുംബങ്ങളെ പട്ടിണിക്കിട്ടും സീസി കൊലക്ക് കൊടുത്തു. ഈജിപ്തുകാര്‍ മൊത്തത്തില്‍ തന്നെ ആരോഗ്യപരിചരണത്തിന്റെ അഭാവം നേരിട്ടു. എന്നിട്ടും കഴിഞ്ഞ ഫ്രാന്‍സ് സന്ദര്‍ശന വേളയില്‍ അദ്ദേഹം പറഞ്ഞത്, ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും താന്‍ വലിയ പ്രാധാന്യം കൊടുക്കുന്നുവെന്നായിരുന്നു. ജയിലുകളില്‍ കഴിയുന്ന രാഷ്ട്രീയ തടവുകാര്‍ക്ക് ചികിത്സയും മരുന്നും നിഷേധിച്ച് മരണത്തിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കെയാണ് ഈ വാദം. അതിന്റെ ഏറ്റവും പുതിയ ഇരയാണ് മുസ്‌ലിം ബ്രദര്‍ഹുഡിന്റെ മുന്‍ അധ്യക്ഷന്‍ മഹ്ദി ആകിഫ്. തൊണ്ണൂറിനടത്ത് പ്രായമുണ്ടായിരുന്ന അദ്ദേഹം തടവറക്കുള്ളിലാണ് ഇഹലോക വാസം വെടിഞ്ഞത്.

യാതൊരു മാന്യതയുമില്ലാത്തെ സ്വേച്ഛാധിപത്യപരമായ സമീപനമാണ് സീസി തന്റെ പ്രതിയോഗികള്‍ക്കെതിരെ സ്വീകരിക്കുന്നത്. അവരെ ഇല്ലാതാക്കാന്‍ നിയമപരമായതും അല്ലാത്തതുമായ എല്ലാ മാര്‍ഗങ്ങളും അദ്ദേഹം സ്വീകരിക്കുന്നു. അവരെ കൊല്ലാനും രാഷ്ട്രീയ രംഗത്ത് നിന്നും പൂര്‍ണമായി നിഷ്‌കാസനം ചെയ്യാനും യാതൊരു മടിയും അദ്ദേഹത്തിനില്ലെന്ന് തെളിയിച്ചു.

സീസിയുടെ വ്യാജ വാദങ്ങള്‍
കഴിഞ്ഞ ഫ്രാന്‍സ് സന്ദര്‍ശന വേളയില്‍ വസ്തുതക്ക് നിരക്കാത്ത നിരവധി പ്രസ്താവനകളാണ് അദ്ദേഹത്തില്‍ നിന്നും ഉണ്ടായത്. അവയില്‍ ചിലതിലേക്ക് നമുക്ക് കണ്ണെത്തിച്ചു നോക്കാം.
-ഈജിപ്തില്‍ ഞങ്ങള്‍ മനുഷ്യാവകാശങ്ങളുടെ സംരക്ഷണത്തിന് ഈജിപ്ത് അതിയായ താല്‍പര്യമാണ് കാണിക്കുന്നത്.
– ആധുനിക ജനാധിപത്യ രാഷ്ട്രത്തിന്റെ സ്ഥാപനത്തിനാണ് ഈജിപ്ത് താല്‍പര്യപ്പെടുന്നത്. ഈജിപ്ഷ്യന്‍ ജനതയുടെ താല്‍പര്യമാണ് അത്. യാതൊരു തരത്തിലുള്ള അക്രമോ സ്വേച്ഛാധിപത്യമോ മനുഷ്യാവകാശ ലംഘനമോ ഞാന്‍ അംഗീകരിക്കില്ല.
– സംഘര്‍ഷ ഭരിതമായ ഈ സാഹചര്യത്തില്‍ പത്തര കോടി വരുന്ന ഈജിപ്തുകാരുടെ  ഉത്തരവാദിത്വം എനിക്കാണ്. മറ്റുള്ളവരുമായി സഹിഷ്ണുതയോടെ വര്‍ത്തിക്കുന്നത് അംഗീകരിക്കാത്ത തീവ്രവാദ ചിന്തകളുണ്ടെങ്കിലും ഞങ്ങള്‍ പീഡനത്തിന്റെ വഴികള്‍ സ്വീകരിക്കില്ല. മനുഷ്യാവകാശ സംഘടനകള്‍ പുറത്തുവിടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നിങ്ങളെല്ലാവരും അതിനെ വിലയിരുത്തണം.
– ഈജിപ്ഷ്യന്‍ സമൂഹത്തെ സേവിക്കുന്നതിനായി നാല്‍പതിനായിരത്തിലേറെ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സമാധാനത്തോടെയും ഈജിപ്തിന്റെ വളര്‍ച്ചയിലും പുരോഗതിയിലും സ്തുത്യര്‍ഹമായ സേവനങ്ങള്‍ അര്‍പിച്ചും അവ മുന്നോട്ടു പോകുന്നു. പുറത്തുവന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകളെ ജാഗ്രതയോടെ നിങ്ങള്‍ സമീപിക്കേണ്ടതുണ്ട്. കാരണം ഈജിപ്തിന്റെ സുസ്ഥിരത തകര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അതിലുണ്ട്.
– ഈജിപ്തില്‍ യാതൊരുവിധ പീഡനങ്ങളുമില്ല. രക്തസാക്ഷികളുടെയും പരിക്കേറ്റവരുടെയും അവകാശത്തെ കുറിച്ചും മനുഷ്യരുടെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുമുള്ള അവകാശത്തെ കുറിച്ചും എ്തുകൊണ്ട് നിങ്ങള്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നില്ല?

ഓരോ വിദേശ സന്ദര്‍ശനങ്ങളിലും തന്റെ മുഖം മിനുക്കുന്ന ഇത്തരം വ്യാജ സംസാരങ്ങളാണ് അദ്ദേഹം നടത്തുന്നതെന്ന് കാണാം. ഈജിപ്തുകാര്‍ ജീവിക്കുന്ന യാഥാര്‍ഥ്യത്തിന് നേര്‍വിരുദ്ധമായിട്ടാണ് അദ്ദേഹം കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്.

മോചനം എവിടെ?
സൈനിക ഭരണത്തിന് കീഴില്‍ ഈജിപ്ഷ്യന്‍ ജനത ഏറെ ദുരിതങ്ങള്‍ നേരിടേണ്ടി വരുന്നുണ്ടെങ്കിലും അതില്‍ നിന്നുള്ള മോചനത്തെ സംബന്ധിച്ച പ്രതീക്ഷകള്‍ നിലനില്‍ക്കുന്നുണ്ട്. അതിന് നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്. സൈനിക ഭരണവും അതിന്റെ നടപടികളും രാഷ്ട്രീയം, സാമ്പത്തികം, സാമൂഹികം തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഈജിപിതിനെ പിന്നോട്ടാണ് നയിച്ചിരിക്കുന്നതെന്ന ബോധം ഈജിപ്തുകാരില്‍ ഉണ്ടാവുകയെന്നതാണ് അതില്‍ ഒന്നാമത്തേത്. എല്ലാ രാഷ്ട്രീയ സാംസ്‌കാരിക വ്യക്തിത്വങ്ങളും ഒറ്റക്കെട്ടായി നിലകൊള്ളുകയെന്നതാണ് രണ്ടാമത്തെ കാര്യം. അതിലൂടെ തങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് അവര്‍ക്ക് താല്‍പര്യമുണ്ടെന്ന ബോധം പൗരന്‍മാരില്‍ ഉണ്ടാവും. രാഷ്ട്ര സംവിധാനങ്ങളോട് ശത്രുത വെച്ചുപുലര്‍ത്താതിരിക്കുക എന്നതാണ് മറ്റൊന്ന്. രാഷ്ട്രസംവിധാനങ്ങള്‍ ഭരണാധികാരിയുടേതല്ല, ജനങ്ങളാണ് അതിന്റെ ഉടമകള്‍. സൈന്യം, പോലീസ്, കോടതി പോലുള്ള സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശരിയല്ലാതിരിക്കാം. എന്നാല്‍ അതില്‍ നിരാശരാവാതെ അവയെ സംസ്‌കരിക്കാനുള്ള നിര്‍ദേശങ്ങളാണ് മുന്നോട്ടു വെക്കേണ്ടത്. എല്ലാവിധ അക്രമ പ്രവര്‍ത്തനങ്ങളും ഉപേക്ഷിക്കുക എന്നതാണ് നാലാമത്തേ കാര്യം. കാരണം അവര്‍ക്കെതിരെ ആയുധം ഉപയോഗിക്കാനുള്ള അവസരത്തിനായി കാത്തുനില്‍ക്കുകയാണ് സൈന്യം. അക്രമത്തിന്റെ വഴി സ്വീകരിക്കുമ്പോള്‍ തങ്ങളെ തന്നെ ഉന്മൂലനം ചെയ്യാനുള്ള ന്യായം ഉണ്ടാക്കി കൊടുക്കുകയാണ് ചെയ്യുന്നത്. അപ്പോള്‍ ഭീകരതയെ നേരിടുകയാണെന്ന വാദം ഉയര്‍ത്തി അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് കൂട്ടാളികളെ കണ്ടെത്താനും അവര്‍ക്കത് സഹായകമാകും. എന്നാല്‍ സൈന്യത്തിന്റെ എല്ലാ വേണ്ടാതീനങ്ങള്‍ക്കും മുമ്പില്‍ തലകുനിച്ച് കീഴ്‌പ്പെട്ടു നില്‍ക്കണം എന്ന് ഇതിന്നര്‍ഥമില്ല. മാറ്റത്തിന്റെ വഴി ദീര്‍ഘിച്ചതും ഏറെ ക്ഷമയും സഹനവും ആവശ്യമുള്ളതാണ്. അതിന് മുന്നൊരുക്കം നടത്തുകയും സാധ്യമായ എല്ലാ വഴികളും സ്വീകരിക്കുകയും വേണം.

Related Articles