Current Date

Search
Close this search box.
Search
Close this search box.

മുര്‍സി വധശിക്ഷ കാത്ത് കഴിയുന്ന നാട്ടില്‍ കൊലയാളികള്‍ കുറ്റവിമുക്തരാവുന്നു

കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ മുസ്‌ലിം ബ്രദര്‍ഹുഡ് അധ്യക്ഷന്‍ മുഹമ്മദ് ബദീഅ് അടക്കമുള്ള 44 ബ്രദര്‍ഹുഡ് നേതാക്കള്‍ക്കെതിരെയുള്ള വധശിക്ഷാ വിധി ഈജിപ്തിലെ രണ്ട് കോടതികള്‍ മുഫ്തിയുടെ അഭിപ്രായത്തിനായി കൈമാറിയിരിക്കുകയാണ്. അക്രമം, ക്രമസമാധാനം തകര്‍ക്കല്‍, കൊല, ഭീകരസംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് അവര്‍ക്ക് മേല്‍ ചുമത്തിയിട്ടുള്ളത്. അതേസമയം ഈജിപ്തിലെ മറ്റൊരു കോടതി ഹുസ്‌നി മുബാറകിന്റെ ആഭ്യന്തര മന്ത്രി ജനറല്‍ ലിവാഅ് ആദിലിയെ എല്ലാ കേസുകളില്‍ നിന്നും കുറ്റവിമുക്തരാക്കുകയും ചെയ്തു. തന്റെ സ്ഥാനം ഉപയോഗിച്ച് 25 ദശലക്ഷം ഡോളറിന്റെ തട്ടിപ്പാണ് അയാള്‍  നടത്തിയിരുന്നത്.

ഈജിപ്ഷ്യന്‍ വിപ്ലവ സമയത്ത് പ്രകടനക്കാരെ തല്ലിച്ചതക്കുകയും തഹ്‌രീര്‍ സ്‌ക്വയറിലും ഈജിപ്തിന്റെ മറ്റു ഭാഗങ്ങളിലും നൂറുകണക്കിനാളുകളെ വധിക്കാന്‍ ഉത്തരവിടുകയും ചെയ്തയാളാണ് ആദിലി. മോചിതനായ ശേഷം താന്‍ ജയിലില്‍ കഴിഞ്ഞ ഓരോ ദിവസത്തിനും രാഷ്ട്രത്തോട് നഷ്ടപരിഹാരം ചോദിച്ച് അയാള്‍ കോടതിയെ സമീപിച്ചാലും ഒട്ടും അത്ഭുതപ്പെടേണ്ടതില്ല. എന്തിന് അത്ഭുതപ്പെടണം? മുന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറകിനെയും മക്കളെയും എല്ലാ കേസുകളില്‍ നിന്നും കുറ്റവിമുക്തരാക്കിയ ഒരു നാട്ടിലാണിത് നടക്കുന്നത്.

ഇത്തരം ദുഷിച്ച തീരുമാനങ്ങളിലൂടെ ഈജിപ്ഷ്യന്‍ കോടതി സ്വയം പരിഹാസ പാത്രമായി മാറുകയാണെന്ന് പ്രത്യേകം പറയേണ്ടതില്ല. ഭരണകൂടത്തിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണത് കാര്യങ്ങളത് തീരുമാനിക്കുന്നത്. ഈ നാടകങ്ങളെല്ലാം കണ്ടിട്ടും രാഷ്ട്രീയ, സാംസ്‌കാരിക, മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഈജിപ്തിലെ പ്രമുഖര്‍ മൗനമവലംബിക്കുന്നു എന്നത് ഏറെ ദുഖകരമാണ്. ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കാനാണവര്‍ ശ്രമിക്കുന്നത്. ഈജിപ്ഷ്യന്‍ വിപ്ലവത്തിന്റെ പ്രതീകങ്ങളായി നിലകൊണ്ടവരും മുന്‍ ഭരണാധികാരികള്‍ക്കെതിരെ അവര്‍ ചെയ്ത് കുറ്റകൃത്യങ്ങളുടെയും അഴിമതിയുടെയും പേരില്‍ പ്രതികാരം നടപ്പാക്കണമെന്ന് ഉച്ചത്തില്‍ ആവശ്യപ്പെട്ടവരുമാണവര്‍.

ഈജിപ്തില്‍ പ്രതിവിപ്ലവം വിജയിച്ചിരിക്കുകയാണ്. മുന്‍ ഭരണകൂടം തന്നെ പരോക്ഷമായ മറ്റൊരു കവാടത്തിലൂടെ തിരിച്ചെത്തിയിരിക്കുന്നു. തെരെഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചതിന്റെ പേരില്‍ ആരോപണ വിധേയനായ അഹ്മദ് ഇസ്സ് പോലും പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ധൈര്യം കാണിച്ചിരിക്കുന്നു. ജനാധിപത്യത്തിനും സാമൂഹ്യ നീതിക്കും വേണ്ടി ഒഴുക്കപ്പെട്ട രക്തസാക്ഷികളുടെ രക്തം വെറുതെയായിരിക്കുന്നു എന്നാണിത് കുറിക്കുന്നത്.

സൈനിക ഭരണകൂടത്തിന്റെ കയ്യിലെ കേവല ഉപകരണമായി അദ്‌ലി മന്‍സൂര്‍ ഭരണഘടനാ കോടതിയുടെ തലപ്പത്ത് എത്തിയത് മുതല്‍ ഈജിപ്ഷ്യന്‍ നീതിന്യായ വ്യവസ്ഥക്ക് അതിന്റെ അന്തസും അസ്ഥിത്വവും നഷ്ടപ്പെട്ടിരിക്കുന്നു. എല്ലാ ഭരണ സംവിധാനങ്ങള്‍ക്കും മുകളിലാണ് കോടതിയെന്ന സങ്കല്‍പമാണ് ഈജിപ്തിന്റെ ഏത് ഭരണഘടയിലും കാണുന്നത്. എന്നാല്‍ അതൊരു സങ്കല്‍പം മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു എന്നാണ് യാഥാര്‍ഥ്യം വിളിച്ചോതുന്നത്.

ഇപ്പോള്‍ ഈജിപ്ഷ്യന്‍ കോടതിയുടെ ദൗത്യം മൂന്ന് കാര്യങ്ങളില്‍ പരിമിതപ്പെട്ടിരിക്കുകയാണ്. ഒന്ന്, മുന്‍ ഭരണകൂടത്തിന്റെ ഭാഗമായിരുന്നവരെ എല്ലാ കുറ്റങ്ങളില്‍ നിന്നും മോചിതരാക്കുക. രണ്ട്, സൈനിക അട്ടിമറിയെ എതിര്‍ക്കുകയും ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി മുറവിളി കൂട്ടുന്നരുമായ എല്ലാവര്‍ക്കെതിരെയും വധശിക്ഷയും തടവും വിധിക്കുക. മൂന്ന്, ഗസ്സ മുനമ്പില്‍ കിടക്കുന്ന ഹമാസിനെതിരെ ഭീകരകുറ്റം കെട്ടിച്ചമക്കുക.

‘നീതിയാണ് ഭരണത്തിന്റെ അടിത്തറ’. ഈജിപ്തിനെ പോലുള്ള ഒരു പൗരാണിക രാജ്യത്ത് നീതി പൂര്‍ണമായി മാഞ്ഞുപോവുകയും നീതിന്യായ വ്യവസ്ഥ തകര്‍ന്നടിയുകയും ചെയ്യുമ്പോള്‍ ഭാവി എല്ലാതരത്തിലും ഇരുളടഞ്ഞതാവുകയാണ് ചെയ്യുന്നത്. സുസ്ഥിരത വളരെ വിദൂരവും, സഹവര്‍ത്തിത്വം അസംഭവ്യവും, ദേശീയ അനുരഞ്ജനം ഒരു മരീചികയും ആയി മാറുന്നു.

ജനറല്‍ ആദിലി സ്വതന്ത്രനായി പുറത്തിറങ്ങുമ്പോള്‍ ഒരു പൂച്ചയെ പോലും കൊല്ലാത്ത ജനാധിപത്യ രീതിയില്‍ തെരെഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സി വധശിക്ഷയും കാത്ത് ഇരുമ്പഴികള്‍ക്ക് പിന്നിലാണുള്ളത്. വലിയൊരു ദുരന്തം തന്നെയാണിത്. അല്ലാഹുവാണ്, അല്ലയോ ഈജിപ്ത് നിഷിദ്ധമാണ് നീ ചെയ്യുന്നത്. അതിലേറെ ഒന്നും എനിക്ക് പറയാനില്ല.

മൊഴിമാറ്റം : നസീഫ്‌

Related Articles