Current Date

Search
Close this search box.
Search
Close this search box.

ഭൂരിപക്ഷം: ഇസ്‌ലാമിലും ജനാധിപത്യത്തിലും

majority-demo.jpg

ഭൂരിപക്ഷമെന്നത് ന്യൂനപക്ഷത്തിന് വിരുദ്ധമായ, ഒരു ആശയത്തിന്മേല്‍ യോജിച്ചവരുടെ ആധിക്യത്തെക്കുറിക്കുന്ന പദമാണ്. സത്യത്തെയോ, അസത്യത്തെയോ ദ്യോതിപ്പിക്കുന്ന ഒരു അക്ഷരമോ, ആശയമോ അതിലില്ല. ഭൂരിപക്ഷമെന്നത് സത്യത്തെയോ, ന്യൂനപക്ഷം അസത്യത്തെയോ കുറിക്കുന്ന മാനദണ്ഡമല്ല. ഇതിന്ന് നേര്‍വിപരീതമായി ഭൂരിപക്ഷം അസത്യത്തെയോ, ന്യൂനപക്ഷം സത്യത്തെയോ സൂചിപ്പിക്കുന്നുമില്ല.

പക്ഷെ കൂടുതല്‍ സന്ദര്‍ഭങ്ങളിലും ഭൂരിപക്ഷം സത്യത്തോടും, പിന്തുണക്കപ്പെടേണ്ട നിലപാടിനോടും ചേര്‍ന്ന് വരാറുണ്ട്. ജനാധിപത്യവ്യവസ്ഥയില്‍ ഭൂരിപക്ഷത്തെ സത്യത്തിന്റെ മാനദണ്ഡവും അടിസ്ഥാനവുമായി നിര്‍ണയിച്ചത് ഇസ്‌ലാമിസ്റ്റുകളുടെ ശക്തമായ പ്രതിഷേധത്തിന് വഴിയൊരുക്കുകയുണ്ടായി. ചിലര്‍ ഭൂരിപക്ഷത്തിന്റെ സ്വേഛാധിപത്യം എന്നാണതിനെ വിശേഷിപ്പിച്ചത്. യാഥാര്‍ത്ഥ്യം വേര്‍തിരിച്ചറിയാന്‍ പ്രസ്തുത ഏകകത്തെ അവലംബിക്കുന്നത് ജനാധിപത്യഘടനയെ പിന്തുടര്‍ന്ന് മുസ്‌ലിംകള്‍ക്കിടയില്‍ അസത്യം വ്യാപിപ്പിക്കാനുള്ള ശ്രമമായും അവര്‍ വിലയിരുത്തുന്നു.

ഭൂരിപക്ഷം എന്ന പദം തിന്മയുടെ വക്താക്കളാല്‍ ദുരുപയോഗം ചെയ്യപ്പെട്ടുവെന്നത് നാം ആ പ്രയോഗത്തെഅത് സത്യത്തെ കുറിക്കുന്ന പക്ഷം ഉപേക്ഷിക്കണമെന്നതിന് ന്യായമല്ല. പക്ഷെ അതോടൊപ്പം തന്നെ അതിലൂടെ സമൂഹത്തില്‍ തിന്മ പ്രചരിപ്പിക്കപ്പെടാതിരിക്കാന്‍ നാം അതീവ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.

പണ്ഡിതന്‍മാര്‍ തങ്ങളുടെ രചനകളിലും പ്രഭാഷണങ്ങളിലും സാധാരണയായി ഭൂരിപക്ഷം എന്ന പദമോ, അതിനെ ദ്യോതിപ്പിക്കുന്ന ആശയമോ ഉപയോഗിക്കാറുണ്ട്. എന്നല്ല അതിന്റെ തേട്ടത്തിനനുസൃതമായി അവര്‍ പണിയെടുക്കാറുമുണ്ട്. അതിനാല്‍ തന്നെ അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുമ്പോള്‍ തങ്ങളുടെ ലോകരക്ഷിതാവിന്റെ താല്‍പര്യത്തിന് വിരുദ്ധമാണിതെന്ന സാമാന്യബോധം പോലും സാധാരണക്കാര്‍ക്ക് നഷ്ടപ്പെട്ട് പോയിരിക്കുന്നു.
ഭൂരിപക്ഷത്തെ പരിഗണിച്ച് മാത്രമെ സ്വീകരിക്കാവൂ എന്ന് ഇസ്‌ലാമിക ശരീഅത്ത് നിഷ്‌കര്‍ഷിച്ച ചില വിഷയങ്ങളുണ്ട്. അവയില്‍പെട്ടതാണ് മുസ്‌ലിങ്ങളെ അല്ലാഹു പ്രശംസിച്ച ശൂറാ അഥവാ കൂടിയാലോചനാ സംവിധാനം. അല്ലാഹു പറയുന്നു ‘അവര്‍ കാര്യങ്ങളില്‍ പരസ്പരം കൂടിയാലോചിക്കുന്നവരാണ്’. മുസ്‌ലിങ്ങള്‍ ഒരു കാര്യത്തില്‍ കൂടിയാലോചിക്കുകയും അവര്‍ക്ക് രണ്ടഭിപ്രായമുണ്ടാവുകയും ചെയ്താല്‍ ഏത് തീരുമാനം സ്വീകരിക്കും? പ്രമാണമുള്ള വിഷയമാണെങ്കില്‍ അത് സ്വീകരിക്കല്‍ നിര്‍ബന്ധമാണ്. അത് അഭിപ്രായപ്പെട്ടവര്‍ ന്യൂനപക്ഷമോ, ഒരു വ്യക്തി മാത്രമോ ആയാല്‍ പോലും. അത് കൊണ്ട് അല്‍ ജമാഅത്തിനെ പിന്‍പറ്റണമെന്ന, അല്ലെങ്കില്‍ ഭൂരിപക്ഷത്തെ പരിഗണക്കണമെന്ന നിര്‍ദ്ദേശം അവര്‍ മിക്കപ്പോഴും സത്യത്തിന്റെ കൂടെയായിരിക്കുമെന്നും, സത്യത്തെയാണ് പിന്‍പറ്റേണ്ടത് എന്നുമാണ് കുറിക്കുന്നത്. അബ്ദുല്ലാഹി ബിന്‍ അബ്ബാസ്(റ) പറയുന്നു ‘സത്യത്തോട് യോജിച്ചവര്‍ -ഒരാള്‍ മാത്രമാണെങ്കില്‍ പോലും- എന്നാണ് അല്‍ ജമാഅത് കൊണ്ടുള്ള വിവക്ഷ.’ പക്ഷെ വിഷയത്തില്‍ പ്രമാണം വന്നിട്ടില്ലെങ്കില്‍ എന്ത് തീരുമാനമാണ് കൈകൊള്ളുക? ഭൂരിപക്ഷത്തിന്റെ അഭിപ്രായം സ്വീകരിച്ചില്ലെങ്കില്‍ പിന്നെ അക്കാര്യത്തില്‍ കൂടിയാലോചനക്ക് പ്രസക്തിയില്ലല്ലോ. ചിലപ്പോള്‍ ഖലീഫയെ തെരഞ്ഞെടുക്കുന്നത് പോലെ അങ്ങേയറ്റം പ്രാധാന്യമുള്ള കാര്യമായിരിക്കും കൂടിയാലോചനക്ക് വിഷയീഭവിക്കുക. ശരീഅത്തധിഷ്ഠിത രാഷ്ട്രീയ കര്‍മ്മശാസ്ത്രമനുസരിച്ച് മുസ്‌ലിം സമൂഹത്തിന്റെ കാര്യങ്ങള്‍ വ്യവസ്ഥപ്പെടുത്താനും പുനര്‍നിര്‍ണയിക്കാനും അധികാരമുള്ള നീതിമാന്മാരായ പണ്ഡിതന്‍മാരുടെ (അഹ്‌ലുല്‍ ഹില്ല് വല്‍ ഇഖ്ദ്) ഉത്തരവാദത്തമാണത്. മാത്രമല്ല ഇവരുടെ ഇജ്മാഅ് അഥവാ ഏകോപിച്ച അഭിപ്രായം നിബന്ധനയല്ല. ഇനി അവര്‍ രണ്ട് വ്യക്തികളുടെ കാര്യത്തില്‍ ഭിന്നാഭിപ്രായത്തിലാണെങ്കില്‍ ഭൂരിപക്ഷം പരിഗണിച്ച് തന്നെയാണ് തീരുമാനമെടുക്കുക. അതിനാല്‍ ചിലപണ്ഡിതര്‍ ഇപ്രകാരം പറഞ്ഞതായി കാണാവുന്നതാണ് ‘അഹ്‌ലുല്‍ ഹില്ല് വല്‍ ഇഖ്ദി’ല്‍ പെട്ടവരുടെ ഭൂരിപക്ഷത്തോടെയല്ലാതെ ഖിലാഫത്ത് സാധുവാകുകയില്ല’. ഖലീഫയെ നിശ്ചയിക്കുന്നതിന് വേണ്ടി ഉമര്‍(റ) തെരഞ്ഞെടുത്ത, പ്രവാചകന്‍ തൃപ്തിപ്പെട്ട ആറംഗസംഘം ഇതിന് ഉദാഹരണമാണ്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശം ഇബ്‌നു സഅദ് ‘ത്വബകാത്തില്‍’ ഇപ്രകാരം ഉദ്ധരിക്കുന്നു ‘ഉമറു ബിന്‍ ഖത്താബ്(റ) ശൂറാ അംഗങ്ങളോട് പറഞ്ഞു: നിങ്ങള്‍ ഖലീഫയുടെ കാര്യത്തില്‍ ചര്‍ച്ച ചെയ്യുക. ഒരാളുടെ കാര്യത്തില്‍ ഈരണ്ട് പേര്‍ യോജിച്ചാല്‍ നിങ്ങള്‍ വീണ്ടും ചര്‍ച്ച നടത്തുക. അതല്ല നാല് പേരും രണ്ട് പേരുമാണ് ഭിന്നാഭിപ്രായമെങ്കില്‍ നിങ്ങള്‍ ഭൂരിപക്ഷം സ്വീകരിക്കുക’.
ഇവിടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം മുന്‍ഗണന നല്‍കിയത്. മറ്റൊരു റിപ്പോര്‍ട്ടില്‍ ഇപ്രകാരം കാണാം ‘മുമ്മൂന്ന് പേരാണ് യോജിക്കുന്നതെങ്കില്‍ അബ്ദുര്‍റഹ്മാനു ബിന്‍ ഔഫിന്റെ വിഭാഗത്തെ നിങ്ങള്‍ പിന്‍പറ്റുകയും അനുസരിക്കുകയും ചെയ്യുക’. ഭൂരിപക്ഷവും ന്യൂനപക്ഷവുമില്ലാതെ ഇരു വിഭാഗങ്ങളും തുല്യമാണെങ്കില്‍ അബ്ദുര്‍റഹ്മാനു ബിന്‍ ഔഫ്(റ) ഉള്ള സംഘത്തിന്റെ അഭിപ്രായം സ്വീകരിക്കണമെന്നത് ഭൂരിപക്ഷത്തിനും ന്യൂനപക്ഷത്തിനുമപ്പുറമുള്ള മുന്‍ഗണനാ മാനദണ്ഡമാണ്.
ഇബ്‌നുല്‍ ഖയ്യിം തന്റെ ഇഅ്‌ലാമുല്‍ മുവഖിഈനില്‍ സ്വഹാബാക്കള്‍ ഒരു വിഷയത്തില്‍ ഭിന്നാഭിപ്രായം പുലര്‍ത്തിയാല്‍ എന്ന തലക്കെട്ടിന് താഴെ ഇമാം ബൈഹഖിയില്‍ നിന്നുദ്ധരിക്കുന്നു. ‘പ്രമാണമില്ലാത്ത വിഷയത്തില്‍ അവര്‍ ഭിന്നാഭിപ്രായക്കാരാണെങ്കില്‍ ഭൂരിപക്ഷത്തെയാണ് പരിഗണിക്കുക’.
മുസ്‌ലിം ഉമ്മത്തിലെ പണ്ഡിതര്‍ ഭൂരിപക്ഷം പരിഗണിച്ച് പലതീരുമാനങ്ങളും എടുത്തിട്ടിട്ടുണ്ട്. ഉദാഹരണമായി ഗോത്രത്തിലെയോ, അങ്ങാടിയിലെയോ പള്ളികളില്‍ ഇമാമിനെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ഇമാം മാവര്‍ദി പറയുന്നു ‘ഇമാമിനെ തെരെഞ്ഞെടുക്കുന്നതില്‍ പള്ളികളുടെ ആളുകള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുയര്‍ന്നാല്‍ ഭൂരിപക്ഷം പരിഗണിക്കുകയാണ് ചെയ്യേണ്ടത്.’ ‘ജനങ്ങള്‍ ഇഷ്ടപ്പെടാത്തയാള്‍ അവര്‍ക്ക് നമസ്‌കാരത്തിന് നേതൃത്വം നല്‍കിയാല്‍’ എന്ന ഹദീസിന്റെ വിശദീകരണത്തില്‍ ഇമാം ഇബ്‌നു ഖുദാമ തന്റെ മുഗ്‌നിയില്‍ ഇപ്രകാരം സൂചിപ്പിക്കുന്നു ‘ഇമാം അഹ്മദ്(റ) പറഞ്ഞു. ഒന്നോ, രണ്ടോ, മൂന്നോ ആളുകള്‍ പ്രശ്‌നമില്ല. എന്നാല്‍ ഭൂരിപക്ഷം ആളുകളും വെറുത്താല്‍ പ്രശ്‌നം തന്നെയാണ്’. ഇവിടെ ഇമാം അഹ്മദ്(റ) ന്യൂനപക്ഷത്തിന്റെ വെറുപ്പ് അവഗണിക്കുകയും ഭൂരിപക്ഷത്തിന്റേത് സാരമായി ഗണിക്കുകയും ചെയ്തു.
പ്ലേഗ് ബാധിച്ച നാട്ടില്‍ പ്രവേശിക്കുകയോ, അതില്‍ നിന്നും ഓടി രക്ഷപ്പെടുകയോ ചെയ്യരുതെന്ന് നിര്‍ദ്ദേശിക്കുന്ന ഹദീസിന്റെ അനുബന്ധമായി ഇമാം ഇബ്‌നു ഹജര്‍ അസ്ഖലാനി ഇപ്രകാം ചേര്‍ക്കുന്നു ‘എണ്ണത്തിലും പരിചയത്തിലും കൂടുതലുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ് ഖുറൈശികളുടെ അഭിപ്രായം സ്വീകരിച്ച ഉമറി(റ)ന്റെ ഈ സമീപനം. കാരണം അന്‍സ്വാരികളിലും മുഹാജിറുകളിലും പെട്ട എതിരഭിപ്രായം പുലര്‍ത്തിയവരേക്കാള്‍ കൂടുതലായിരുന്നു അനുകൂലിച്ചവര്‍. ഇരു വിഭാഗങ്ങള്‍ക്കിടയിലും വിജ്ഞാനത്തിലും അനുഭവസമ്പത്തിലും തുല്യത കണ്ട ഉമര്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായം തെരഞ്ഞെടുക്കുകയായിരുന്നു.’ അല്ലാഹുവിന്റെ വിധിയില്‍ നിന്നും താങ്കള്‍ ഓടിയൊളിക്കുകയാണോ എന്ന് അബൂ ഉബൈദ ചോദിച്ചപ്പോള്‍ ‘താങ്കളല്ലാത്ത മറ്റാരെങ്കിലുമാണിത് ചോദിച്ചതെങ്കില്‍’ എന്നായിരുന്നു ഉമറി(റ)ന്റെ മറുപടി. ഖസ്ത്വലാനി ഇത് വിശദീകരിച്ച് കൊണ്ട് പറയുന്നു ‘അഹ്‌ലുല്‍ ഹില്ല് വല്‍ ഇഖ്ദില്‍പെട്ട ഭൂരിപക്ഷം അംഗീകരിച്ച എന്റെ ഇജ്തിഹാദിന് മുന്നില്‍ തടസ്സം നിന്നതിന്റെ പേരില്‍ ഞാനദ്ദേഹത്തെ മര്യാദ പഠിപ്പിക്കുമായിരുന്നു.’
പ്രവാചക ചരിതം പരിശോധിക്കുന്ന പക്ഷം ഉഹുദ് യുദ്ധവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ രണ്ടഭിപ്രായം രൂപപ്പെട്ടതായി കാണാം. മുശ്‌രിക്കുകളെ കാത്ത് നിന്നതിന് ശേഷം മദീനയില്‍ വെച്ച് യുദ്ധം ചെയ്യാമെന്നായിരുന്നു പ്രവാചകന്റെയും ഒരു വിഭാഗം അനുയായികളുടെയും അഭിപ്രായം. അതല്ല അവരെ കണ്ട് മുട്ടുന്നതിന് അങ്ങോട്ട് പുറപ്പെടുകയും മദീനക്ക് പുറത്ത് യുദ്ധത്തിലേര്‍പ്പെടുകയും ചെയ്യാമെന്നതായിരുന്നു മറ്റൊരഭിപ്രായം. ഇബ്‌നു കഥീര്‍ പറയുന്നു ‘അവരുടെ അടുത്തേക്ക് പോകണമെന്നതായിരുന്നു ഭൂരിപക്ഷാഭിപ്രായം. അങ്ങനെത്തന്നെ അവര്‍ ചെയ്തു.’ ഭൂരിപക്ഷത്തെ പരിഗണിക്കാമെന്നതിനുള്ള മറ്റൊരു തെളിവാണിത്.

സുപ്രധാനമായ ചില കാര്യങ്ങള്‍
1- ഭൂരിപക്ഷത്തേക്കാള്‍ ശക്തമായ മറ്റൊരു തെളിവ് ഇല്ലാത്ത സാഹചര്യത്തിലാണ് അത് സ്വീകരിക്കുക. യഥാര്‍ത്ഥ നേതാവിന്റെ അഭാവത്തില്‍ സദ്‌വൃത്തനായ വ്യക്തിയെ അമീറാക്കുന്നത് പോലെയാണിത്. കാര്യത്തില്‍ തീരുമാനമെടുക്കേണ്ട നേതൃത്വമില്ലാതെ വന്നാല്‍ ഭൂരിപക്ഷം തന്നെയാണല്ലോ പരിഗണിക്കപ്പെടേണ്ടത്. എന്നാല്‍ അമീര്‍ ഉണ്ടായിരിക്കേ ഇജ്തിഹാദി വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ അഭിപ്രായമാണ് മുന്‍ഗണനയര്‍ഹിക്കുന്നത്. അദ്ദേഹത്തിന്റെ പ്രതിപക്ഷത്ത് ന്യൂനപക്ഷമോ, ഭൂരിപക്ഷമോ ഉണ്ടായാലും ശരി. അഖീദത്തുത്വഹാവിയെ വിശദീകരിച്ച് കൊണ്ട് ഇപ്രകാരം എഴുതുന്നു ‘ഇജ്തിഹാദി വിഷയങ്ങളില്‍ രക്ഷാധികാരി, നമസ്‌കാരത്തിന് നേതൃത്വം നല്‍കുന്നയാള്‍, ഭരണാധികാരി, സൈന്യാധിപന്‍ തുടങ്ങിയവര്‍ അനുസരിക്കപ്പെടണമെന്ന് വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും ഇജ്മാഅ് മുഖേനയും സ്ഥിരപ്പെട്ടതാണ്. അദ്ദേഹം ഇക്കാര്യങ്ങളില്‍ അനുയായികളെ അനുസരിക്കേണ്ടതില്ല. അവര്‍ സ്വന്താഭിപ്രായങ്ങള്‍ മാറ്റിവെച്ച് അദ്ദേഹത്തെ അനുസരിക്കല്‍ നിര്‍ബന്ധമാണ്’.
2- ഭൂരിപക്ഷത്തിന്റെ അഭിപ്രായം സ്വീകരിക്കാന്‍ നേതൃത്വം തീരുമാനിച്ചാല്‍ അപ്രകാരം ചെയ്യാവുന്നതാണ്. നടേസൂചിപ്പിച്ച ഉഹ്ദ് യുദ്ധത്തിന്റെ ചരിത്രം ഇതിന് ഉദാഹരണമാണ്.
3- ഇസ്‌ലാമിലെ ഭൂരിപക്ഷവും, ജനാധിപത്യത്തിലെ ഭൂരിപക്ഷവും തമ്മില്‍ അടിസ്ഥാനപരമായ വ്യത്യാസമുണ്ട്. ഇസ്‌ലാമിലെ ഭൂരിപക്ഷം ശരീഅത്തിന്റെ ചട്ടക്കൂട്ടിനുള്ളില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നത്. അവിടെ സ്വതന്ത്രമായ ആവിഷ്‌കാരത്തിന് പ്രസക്തിയില്ല. മറിച്ച് നിയമങ്ങളുടെ പ്രായോഗികതയോ, അവയില്‍ സ്വീകാര്യമായത് തെരഞ്ഞെടുക്കലോ ആയിരിക്കും കൂടുതലായും സംഭവിക്കുക. എന്നാല്‍ ജനാധിപത്യത്തിലെ ഭൂരിപക്ഷം സ്വതന്ത്രമായി നിയമം രൂപപ്പെടുത്തുകയാണ് ചെയ്യുക. സത്യവും അസത്യവും തീരുമാനിക്കലും അവര്‍ തന്നെ. എന്നല്ല ഇസ്‌ലാമിലെ ഭൂരിപക്ഷം എന്നത് യോഗ്യതയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ടവരാണ്. ജനാധിപത്യത്തിലാവട്ടെ യോഗ്യതയവഗണിച്ച്, പിന്തുണച്ചവരുടെ എണ്ണം മാത്രം പരിഗണിച്ച് തെരഞ്ഞെടുക്കപ്പെട്ടവരാണവര്‍.
വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിച്ചത് പോലെ ‘കൂടുതലാളുകളും യാഥാര്‍ത്ഥ്യം അറിയുന്നില്ല’ എന്നത് ഇതിന് വിപരീതമല്ലേ എന്ന് ഒരു പക്ഷേ ചോദിക്കപ്പെട്ടേക്കാം. എന്നാല്‍ അവയെല്ലാം പ്രത്യേകം ജനവിഭാഗങ്ങളെക്കുറിച്ചോ, സമൂഹങ്ങളെക്കുറിച്ചോ ആണ് സൂചിപ്പിക്കുന്നത്. അവയൊന്നും പൊതുവായ അര്‍ത്ഥത്തില്‍ പ്രയോഗിക്കപ്പെട്ടതല്ല.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles