Current Date

Search
Close this search box.
Search
Close this search box.

ഭീകരതയെ നേരിടുന്നതിലെ തുനീഷ്യന്‍ മാതൃക

Ennahda-tunis.jpg

ഇസ്‌ലാമിസ്റ്റുകളുടെ പ്രസ്ഥാനം ചിന്താപരമായ ഒരു ബദലായിരുന്നു. എപ്പോഴും അതിനോട് ഏറ്റുമുട്ടുകയെന്നതാണ് ഭരണകൂടം ശീലമാക്കിയിരുന്നത്. അതിലെ അംഗങ്ങള്‍ക്ക് നേരെ അറസ്റ്റുകളും ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണവും ഉയര്‍ന്നു. (നിലവിലെ അന്നഹ്ദ അധ്യക്ഷന്‍ ശൈഖ് റാശിദുല്‍ ഗന്നൂശി ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട വ്യക്തിയാണ്) പലരെയും ജയിലലടക്കുകയും നാടുകടത്തുകയും ചെയ്തു. അവരില്‍ വലിയൊരു ഭാഗം ബ്രിട്ടനിലും ഫ്രാന്‍സിലും അഭയം തേടി. രാഷ്ട്രീയ രംഗത്തെ അന്നഹ്ദയുടെ അസാന്നിദ്ധ്യവും ഇരുപത് വര്‍ഷത്തോളം അതിന്റെ നേതാക്കള്‍ പുറത്തായതും സലഫി പ്രസ്ഥാനങ്ങള്‍ക്കും സൂഫി ധാരക്കും കൂടുതല്‍ വേരോട്ടം നല്‍കി. അവയുമായുള്ള ഭരണകൂടത്തിന്റെ ബന്ധം അത്ര സുഖകരമായിരുന്നില്ല, എങ്കിലും അവയുമായുള്ള ഏറ്റുമുട്ടലുകള്‍ക്ക് മൂര്‍ച്ച കുറവായിരുന്നു. അവരുടെ പ്രവര്‍ത്തനങ്ങള്‍ ഭരണകൂടത്തിന് ഒരു ഭീഷണിയാവുന്നില്ല എന്നതായിരുന്നു പൊതുവെ സുരക്ഷാ വിഭാഗത്തിന്റെ വിലയിരുത്തല്‍. മാത്രമല്ല അവരുടെ സാന്നിദ്ധ്യം അന്നഹ്ദയുടെ കാല്‍ചുവട്ടിലെ മണ്ണാണ് ഇല്ലാതാക്കുകയെന്നും അവര്‍ വിലയിരുത്തി.

വിപ്ലവത്തിന് ശേഷം (2011) നാടുകടത്തപ്പെട്ട അന്നഹ്ദ നേതാക്കള്‍ മടങ്ങി വരികയും അന്നഹ്ദക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയെന്ന നിയമസാധുത ലഭിക്കുകയും ചെയ്തു. അപ്പോഴേക്കും സലഫികളും സൂഫികളും തുനീഷ്യന്‍ മണ്ണില്‍ ശ്രദ്ധേയമായ തരത്തില്‍ പ്രചാരം നേടിയിരുന്നു. യുവാക്കളെ കൂടുതലായി സ്വാധീനിച്ചിരുന്നത് സലഫി ചിന്തയായിരുന്നു. അതിന്റെ വിവിധങ്ങളായ സാമ്പത്തിക സ്രോതസ്സുകളും സേവന, പ്രബോധന രംഗങ്ങളിലെ പ്രവര്‍ത്തനങ്ങളുമാണ് അതിനനുകൂലമായ അന്തരീക്ഷമുണ്ടാക്കിയത്. തുനീഷ്യയിലെ മസ്ജിദുകളില്‍ വലിയൊരു പങ്കും അവരുടെ കീഴിലായതും തുനീഷ്യന്‍ സമൂഹത്തില്‍ ശക്തമായ സ്വാധീനം ചെലുത്തിയിരുന്ന സാമൂഹ്യ മാധ്യമങ്ങള്‍ക്ക് അവര്‍ നല്‍കിയ പ്രധാന്യവും അതിന് ഏറെ സഹായിച്ചിട്ടുണ്ട്. അത് മാത്രമായിരുന്നില്ല മാറ്റങ്ങള്‍. പടിഞ്ഞാറന്‍ അറബ് സമൂഹത്തിലെ ഭീകരതയുടെയും അക്രമത്തിന്റെയും വലിയ സ്രോതസ്സുകളുടെ കൂട്ടത്തില്‍ തുനീഷ്യയും ചേര്‍ക്കപ്പെട്ടു. സൈന്യം ജനാധിപത്യത്തിന്റെ വഴി മുടക്കിയ എഴുപതുകള്‍ മുതല്‍ സായുധ സംഘങ്ങളുടെ വിളനിലമായി മാറിയ അള്‍ജീരിയയാണ് ഞാനുദ്ദേശിച്ചത്. അക്രമത്തിലേക്കുള്ള മാറ്റമാണ് അവിടെ പ്രകടമായത്. ഖദ്ദാഫി തനിക്കെതിരെ പൊട്ടിപുറപ്പെട്ട വിപ്ലവത്തില്‍ മരുഭൂമിയൊന്നാകെ ആയുധങ്ങളാല്‍ നിറച്ച ലിബിയയും അക്രമവും സംഘര്‍ഷവും നിത്യസംഭവങ്ങളായ ചാഡ്, നൈജര്‍, മാലി പോലുള്ള പ്രദേശങ്ങളും അക്കൂട്ടത്തിലുണ്ട്. സലഫി ചിന്തകള്‍ക്കും അല്‍-ഖാഇദക്കും ഭീകരതയുടെയും നീചവൃത്തിയുടെയും പുതിയ പതിപ്പായ ഐസിസിനും അനുകൂലമായ അന്തരീക്ഷം അതൊരുക്കി. തുനീഷ്യയെ വലയം ചെയ്തിരിക്കുന്ന ആക്രമണങ്ങളും അതിന് സഹായകമായി വര്‍ത്തിച്ചു. ഒരു വശത്ത് ലിബിയയും മറുവശത്ത് അള്‍ജീരിയയുമാണുള്ളത്. തുനീഷ്യയുടെ പരിമിതമായ സൈനിക സംവിധാനങ്ങളുടെ പിടുത്തത്തില്‍ ഒതുങ്ങാത്ത വിശാലമായ മരുഭൂമിയാണ് ഇരുവശത്തുമുള്ളത്. അതുകൊണ്ട് തന്നെ അവിടെ നിന്നുള്ള ഭീകരപ്രവര്‍ത്തനങ്ങളെ നേരിടുന്നതില്‍ കാര്യമായൊന്നും ചെയ്യാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല.

ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ രണ്ട് കാര്യങ്ങളാണ് ഞാന്‍ നിങ്ങളുടെ മുന്നില്‍ വെക്കുന്നത്. ഒന്ന്, തുനീഷ്യയിലെ നടക്കുന്ന അക്രമണങ്ങളും ഭീകരപ്രവര്‍ത്തനങ്ങളും അന്നഹ്ദയില്‍ നിന്നും അവിടത്തെ രാഷ്ട്രീയ ഇസ്‌ലാമില്‍ നിന്നും രൂപപ്പെട്ടിട്ടുള്ളതാണെന്നാണ് ചില ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ നിരന്തരം ആവര്‍ത്തിക്കാറുള്ള കാര്യമാണ്. എന്നാല്‍ ആ പ്രചാരണത്തിന് യാതൊരുവിധ അടിസ്ഥാനമോ തെളിവോ ഇല്ല. അക്രമത്തിന്റെ മാര്‍ഗത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ പാതയാണ് അത് സ്വീകരിച്ചിരിക്കുന്നത് എന്നത് തന്നെ കാരണം. എല്ലാവരും ഭീകരരാണ് മിതവാദികള്‍ ആരും തന്നെയില്ലെന്ന് ഒരാള്‍ വാദിക്കുന്നുവെങ്കില്‍ ഭീകരര്‍ പോലും ആ വാദത്തിനെതിരെ രംഗത്ത് വരും. സ്വയം തല മണലില്‍ പൂഴത്തിവെച്ച് യാഥാര്‍ത്ഥ്യത്തിന് നേരെ കണ്ണടക്കാന്‍ ശ്രമിക്കുകയാണവര്‍ ചെയ്യുന്നതെന്ന് ചുരുക്കം.

ഭീകരവാദത്തിന് തുനീഷ്യയില്‍ ഭാവിയില്ലെന്നതാണ് രണ്ടാമത്തെ കാര്യം. ഒന്നാമതായി സമാധാനപരമായി ഒരു മാറ്റത്തിന് ശ്രമിക്കുന്ന ഇസ്‌ലാമിസ്റ്റുകള്‍ക്ക് സമൂഹത്തിന്റെ ഉള്ളിലേക്ക് ഇറങ്ങിചെല്ലാനും അവരുടെ പ്രവര്‍ത്തന ഫലം ബാലറ്റ് പേപ്പറിലൂടെ നേടാനാകുമെന്നുള്ളതുമാണ്. ഭീകരതക്കെതിരായ ഒരു ദേശീയ കൂട്ടായ്മ അവിടെയുണ്ടെന്നതാണ് രണ്ടാമത്തെ കാരണം. കക്ഷി രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കതീതമായ ഒരു കൂട്ടായ്മയാണത്. എന്തൊക്കെ വിയോജിപ്പുകള്‍ ഉണ്ടെങ്കിലും ബാലറ്റ്‌പെട്ടികള്‍ വിധിനിര്‍ണയിക്കട്ടെ എന്ന നിലപാടാണ് അവ സ്വീകരിച്ചിരിക്കുന്നത്. അവസാനമായി രാജ്യത്തെ ഭരിക്കുന്നത് സുരക്ഷാ വിഭാഗമല്ല രാഷ്ട്രീയമാണെന്നുള്ളതാണ്. കാരണം അവിടെ രാഷ്ട്രീയ പാര്‍ട്ടികളും പാര്‍ലമെന്റും സ്വതന്ത്ര തെരെഞ്ഞെടുപ്പ് സംവിധാനവുമുണ്ട്. അക്കാരണത്താല്‍ രാഷ്ട്രീയം അവിടെ മരിച്ചിട്ടില്ല. അപ്രകാരം ഭാവിയെ കുറിച്ച പ്രതീക്ഷയും മരണപ്പെട്ടിട്ടില്ല.

മൊഴിമാറ്റം: നസീഫ്‌

Related Articles