Current Date

Search
Close this search box.
Search
Close this search box.

ബ്രസല്‍സ് ആക്രമണം; ഐഎസിന് തീവ്രത കൂടുകയാണോ?

brussels-attack.jpg

ബ്രസ്സല്‍സ് ആക്രമണങ്ങള്‍ക്ക് ശേഷം ഒട്ടുമിക്ക യൂറോപ്യന്‍ തലസ്ഥാനങ്ങളും ഭീതിയിലാണ്. യൂറോപ്യന്‍ എയര്‍പോര്‍ട്ടുകളെല്ലാം കടുത്ത ജാഗ്രതയിലാണ്. ഒട്ടുമിക്ക സ്ഥലങ്ങളിലും യൂണിഫോമിലും അല്ലാതെയും സുരക്ഷാ വിഭാഗത്തിന്റെ സാന്നിദ്ധ്യമുണ്ട്. ഒരു തവണ ഞാനും അവരുടെ ചോദ്യം ചെയ്യലിന് വിധേയനാവേണ്ടി വന്നു. താടി വളര്‍ത്തിയിട്ടില്ലെങ്കിലും എന്റെ അറബ് ശരീരഭാഷയും ‘സദ്ദാം’ മീശയും അതിന് കാരണമായിരിക്കാം.

ഭീകരവാദ കാര്യ ‘വിദഗ്ദരുടെ’ നാവുകളിലൂടെയുള്ള ചോദ്യങ്ങളാണ് പടിഞ്ഞാറന്‍ ചാനലുകളിലും പത്രങ്ങളിലും നിറഞ്ഞു നില്‍ക്കുന്നത്. ബ്രസ്സല്‍സിനെ ആക്രമണത്തിന് തെരഞ്ഞെടുത്തതിന്റെ കാരണം? എന്തു കൊണ്ട് ഇപ്പോള്‍? പാരീസ് ആക്രമണത്തിന്റെ സൂത്രധാരന്‍ സലാഹ് അബ്ദുസ്സലാമിന്റെ അറസ്റ്റിലുള്ള പ്രതികാരമാണോ? അടുത്ത ആക്രമണം എവിടെ? തുടങ്ങിയ ചോദ്യങ്ങള്‍ ഉയരുന്നു.

ബ്രസല്‍സ് തെരെഞ്ഞെടുത്തതിന് പിന്നില്‍ കാരണങ്ങള്‍ പലതുണ്ട്. അതില്‍ പ്രധാനം അവിടത്തെ മുസ്‌ലിം സാന്നിദ്ധ്യമാണ്. 30 ശതമാനം മുസ്‌ലിംകളാണ് അവിടെയുള്ളത്. മറ്റൊരു പ്രധാന കാരണം അമേരിക്കന്‍ നേതൃത്വത്തിലുള്ള ഐഎസ് വിരുദ്ധ സിഡ്‌നി സഖ്യത്തില്‍ ബ്രസല്‍സും ഭാഗമായി എന്നുള്ളതാണ്. സിറിയയിലെയും ഇറാഖിലെയും ഐഎസ് കേന്ദ്രങ്ങളില്‍ പതിനായിരത്തിലേറെ ആക്രമണങ്ങള്‍ അവര്‍ നടത്തിയിട്ടുണ്ട്. അതുപോലെ യൂറോപ്യന്‍ പാര്‍ലമെന്റും നാറ്റോ സഖ്യത്തിന്റെ ആസ്ഥാനവും സ്ഥിതി ചെയ്യുന്നത് ബ്രസല്‍സിന്റെ ഹൃദയഭാഗത്താണ്.

ഐഎസിന്റെയും അവരോട് അനുഭാവം പുലര്‍ത്തുന്നവരുടേയും യൂറോപ്യന്‍ ‘ഇന്‍ക്യുബേറ്ററുകളില്‍’ ഒന്നാണ് ബെല്‍ജിയം എന്നു പറയുന്നത് അതിശയോക്തിയാവില്ല. ഐഎസില്‍ ചേര്‍ന്ന അവിടത്തെ പൗരന്‍മാരുടെ എണ്ണം അവിടത്തെ ജനസംഖ്യയുമായി തട്ടിച്ചു നോക്കുമ്പോള്‍ വളരെ കൂടുതലാണ് (11 ദശലക്ഷം ജനസംഖ്യയുള്ള അവിടെ നിന്നും ഐഎസ് പോരാളികളായത് 400 പേരാണ്). മഗ്‌രിബ് രാഷ്ട്രങ്ങളില്‍ (തുനീഷ്യ, അള്‍ജീരിയ, മൊറോക്കോ) നിന്നുള്ളവരാണ് അവരധികവും. തുര്‍ക്കി വഴി അവര്‍ സിറിയയിലും ഇറാഖിലും എത്തി.

സെമിനാറുകളിലും പരിപാടികളിലും പങ്കെടുക്കുന്നതായി കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ പല തവണ ഞാന്‍ ബ്രസല്‍സില്‍ പോയിട്ടുണ്ട്. എന്നാല്‍ അപൂര്‍വമായി മാത്രമേ ടാക്‌സിക്കാര്‍ക്ക് യൂറോ നല്‍കേണ്ടി വന്നിട്ടുള്ളൂ. എന്നെ ടെലിവിഷനില്‍ കണ്ട് പരിചയമുള്ള മഗ്‌രിബ് രാഷ്ട്രങ്ങളില്‍ നിന്നുള്ള അവര്‍ എന്നോട് പ്രതിഫലം വാങ്ങിയിരുന്നില്ല. പാരീസ് ആക്രമണത്തിന് ശേഷമുള്ള എന്റെ അവസാന സന്ദര്‍ശനത്തില്‍ അസ്വസ്ഥതയുടെയും ഭീതിയുടെയും ഒരന്തരീക്ഷം ഞാനവിടെ കണ്ടു. മുമ്പത്തേ പോലെ അറബി ഭാഷയില്‍ എന്നോട് സംസാരിക്കാന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ തയ്യാറായില്ല. പതിവു പോലെ രാഷ്ട്രീയ വിഷയങ്ങളോ പ്രദേശത്തെ പ്രശ്‌നങ്ങളോ അവര്‍ സംസാരിച്ചില്ല. ഇത്തവണ ടാക്‌സിക്കുള്ള കൂലി പൂര്‍ണമായി ഞാന്‍ നല്‍കുകയും ചെയ്തു.

ബ്രസല്‍സില്‍ ഐഎസിന്റെ ‘ഇന്‍ക്യുബേറ്റര്‍’ ഉണ്ടെന്ന് പറയുമ്പോള്‍ അവിടത്തെ മുസ്‌ലിം സമൂഹത്തെ കുറിച്ചും സൂചിപ്പിക്കേണ്ടതുണ്ട്. ഐഎസിനോട് അനുഭാവം പുലര്‍ത്തുന്നവര്‍ അവിടെയുണ്ടെങ്കിലും ഭൂരിഭാഗം മുസ്‌ലിംകളും മിതനിലപാടുകാരും സമാധാന കാംക്ഷികളുമാണ്. അക്രമത്തോടും ഭീകരസംഘങ്ങളോടും ബന്ധമില്ലാത്തവരാണ് അവര്‍. ബെല്‍ജിയം പോലീസിന് പിടികൊടുക്കാതെ നാല് മാസം അവിടെ ഒളിച്ചു താമസിക്കാന്‍ സലാഹ് അബ്ദുസ്സലാമിന് സാധിച്ചു. ഭൂരിപക്ഷം താമസക്കാരും അറബികളും മുസ്‌ലിംകളുമായിട്ടുള്ള ‘മോളെന്‍ബീക്’ സ്ട്രീറ്റിലെ അയാളുടെ ബന്ധുക്കളുടെയും പരിചയക്കാരുടെയും വീടുകളിലെല്ലാം അവരെത്തിയിരുന്നു. പോലീസിനെ സംബന്ധിച്ചടത്തോളം അടച്ചിട്ട പ്രദേശമായിരുന്നു അത്. അദ്ദേഹം ഒളിച്ചിരിക്കുന്ന സ്ഥലത്തെ കുറിച്ച് ആരും പോലീസിനെ അറിയിച്ചില്ല. ഒരു കൂട്ടുകാരനുമായി അദ്ദേഹം നടത്തിയ ടെലിഫോണ്‍ സംഭാഷണമാണ് പിന്നീട് അറസ്റ്റിന് കാരണമായത്. സമാനമായ അബദ്ധങ്ങളായിരുന്നു അല്‍ഖാഇദ നേതാക്കളായ ഖാലിദ് ശൈഖ് മുഹമ്മദ്, റംസി ബിന്‍ ശൈബ, അബൂമിസ്അബ് സൂരി പോലുള്ളവരെയും കുടുക്കിയതെന്ന് സാന്ദര്‍ഭികമായി ഓര്‍ക്കുന്നു.

അബ്ദുസ്സലാം എന്ന യുവാവിന്റെ അറസ്റ്റിനുള്ള മറുപടിയായി ബ്രസല്‍സ് സ്‌ഫോടനത്തെ ഞാന്‍ കാണുന്നില്ല. ഇത്തരം ഒരു ആക്രമണം ആസൂത്രണം ചെയ്ത് നടപ്പാക്കാന്‍ ആഴ്ച്ചകളോ മാസങ്ങളോ വേണ്ടതുണ്ടെന്നത് തന്നെ കാരണം. പ്രത്യേകിച്ചും എയര്‍പോര്‍ട്ടിലെ ഡിപ്പാര്‍ച്ചര്‍ ഹാളിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തിന് പിന്നില്‍ നല്ല പരിശീലനം ലഭിച്ച പത്തില്‍ കുറയാത്ത അംഗങ്ങളുടെ ഒരു സംഘം  തന്നെ ഉണ്ടാവുമെന്നാണ് എന്റെ നിഗമനം.

ഐഎസ് തങ്ങല്‍ക്കെതിരെ യുദ്ധം ചെയ്യുന്നവരുടെ തലസ്ഥാനങ്ങളിലേക്ക് യുദ്ധം മാറ്റുക എന്ന തന്ത്രം പയറ്റാന്‍ തുടങ്ങിയിരിക്കുന്നു, വിശിഷ്യാ യൂറോപിലേക്ക്. മൗസിലിലെയും റഖയിലെയും അവരുടെ ആസ്ഥാനങ്ങള്‍ അറബ് – പടിഞ്ഞാറന്‍ സഖ്യം ആക്രമിക്കാന്‍ കോപ്പുകൂട്ടുന്ന പശ്ചാത്തലത്തില്‍ കടുത്ത ഞെരുക്കം അനുഭവിക്കുന്ന അവര്‍ക്ക് പുതിയ താവളങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. നിലവിലെ ‘കൊടുങ്കാറ്റ്’ അടങ്ങുന്നത് വരെ രഹസ്യമായ പ്രവര്‍ത്തനങ്ങളില്‍ അഭയം പ്രാപിക്കേണ്ടതുമുണ്ട്. സെപ്റ്റംബര്‍ 11 ആക്രമണത്തിന് ശേഷം അമേരിക്കയും പാശ്ചാത്യ ശക്തികളും അഫ്ഗാന്‍ യുദ്ധം ചെയ്തപ്പോള്‍ അവരുടെ മാതൃക സംഘടനയായ അല്‍ഖാഇദ സമാനമായ രീതിയാണ് സ്വീകരിച്ചത്. അതിന്റെ നേതാക്കള്‍ യമനിലേക്കും പിന്നീട് ‘ജബ്ഹത്തുന്നുസ്‌റ’ രൂപീകരിച്ച് സിറിയയിലേക്കും ആഫ്രിക്കന്‍ തീരങ്ങളിലേക്കും നീങ്ങി.

ഒരു വര്‍ഷത്തോളം ഐഎസ് നിയന്ത്രണത്തിലായിരുന്ന സിറിയയിലെ പാല്‍മീറ നഗരത്തില്‍ സിറിയന്‍ ഔദ്യോഗിക സൈന്യം റഷ്യന്‍ വ്യോമാക്രമണത്തിന്റെ സഹായത്തോടെ പ്രവേശിച്ചതിന്റെ വാര്‍ത്തകള്‍ വന്നിട്ടുണ്ട്. പ്രത്യേക സേനയുടെയും അമേരിക്കന്‍ വ്യോമാക്രമണത്തിന്റെയും സഹായത്തോടെ ഇറാഖ് സൈന്യം മൗസില്‍ നഗര കവാടങ്ങളിലും എത്തിയിട്ടുണ്ട്.

ഐഎസിന്റെ പുതിയ ആക്രമണത്തെ കുറിച്ച് സൂചനകള്‍ നിര്‍ണയിക്കുക വളരെ പ്രയാസമാണ്. എന്നാല്‍ താല്‍ക്കാലിക താവളമായി സ്വീകരിച്ചിരിക്കുന്നത് ലിബിയയാണെന്ന് നമുക്ക് അനുമാനിക്കാനാവും. കിഴക്ക് ദര്‍ന, ജബല്‍ അഖ്ദര്‍ പ്രദേശങ്ങളും പടിഞ്ഞാറ് സിര്‍ത്തും തെക്ക് കുഫ്‌റയും അവര്‍ കേന്ദ്രങ്ങായി സ്വീകരിച്ചിരിക്കാം. മുന്‍ ഭരണകൂടത്തെ പിന്തുണച്ചു എന്ന പേരില്‍ പാര്‍ശ്വവല്‍കരിക്കപ്പെട്ട ശക്തമായ ഗോത്രങ്ങളിലെ പതിനായിരത്തോളം പോരാളികളുടെ സാന്നിദ്ധ്യം ഈ പ്രദേശങ്ങളിലുണ്ട്. അതിന് പുറമെ നേരത്തെ ഖദ്ദാഫി സൈന്യത്തിന്റെ ഭാഗമായിരുന്നവരുമുണ്ട്. മാത്രമല്ല പല വലുപ്പത്തിലും വ്യത്യസ്തങ്ങളായ 30 ദശലക്ഷം ആയുധങ്ങളും ആയിരക്കണക്കിന് ടണിന്റെ സ്‌ഫോടക വസ്തുക്കളുടെ ശേഖരവും ലിബിയയിലുണ്ട്. സൗദി സഖ്യത്തിന് നേരെ ഐഎസ് അവസാനമായി നടത്തിയ ആക്രമണങ്ങള്‍ വിലയിരുത്തുമ്പോള്‍ അവര്‍ക്ക് മുന്നിലുള്ള മറ്റൊരു സാധ്യത യമനാണ്.

ഐഎസ് സ്വീകരിച്ചിരിക്കുന്ന പുതിയ ആക്രമണ തന്ത്രത്തിന്റെ പശ്ചാത്തലത്തില്‍ മറ്റ് യൂറോപ്യന്‍ തലസ്ഥാനങ്ങളിലും ഉണ്ടായേക്കാവുന്ന ആക്രമണ സാധ്യത തള്ളിക്കളയാനാവില്ല. പാരീസിലും ലണ്ടനിലും നടന്ന പോലെ അമേരിക്കയിലും സംഭവിച്ചേക്കാം. കാരണം മാധ്യമങ്ങളിലൂടെ ഞെട്ടലുണ്ടക്കുക എന്നതും അവരുടെ തന്ത്രത്തിന്റെ ഭാഗമാണ്. കഴിഞ്ഞ 18 മാസത്തിനുള്ളില്‍ സിറിയക്കും ഇറാഖിനും പുറത്ത് ഐഎസ് 75ല്‍ പരം ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും പാരീസിലെയും ബ്രസല്‍സിലെയും ആക്രമണത്തിന് കിട്ടിയ മീഡിയ കവറേജ് മറ്റൊന്നിനും കിട്ടിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

ഇസ്തംബൂളിലുണ്ടായ ചാവേറാക്രമണം സംബന്ധിച്ച് വന്നിട്ടുള്ള റിപോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഇസ്രയേല്‍ ടൂറിസ്റ്റുകളെ ലക്ഷ്യമാക്കിയാണത് നടന്നതെന്നാണ് വ്യക്തമാകുന്നത്. ഒരുപക്ഷേ യൂറോപ്യന്‍ തലസ്ഥാനങ്ങളിലെ സമാനമായ ആക്രമണങ്ങളുടെ മുഖവുരയുമായിരിക്കാം അത്. അന്താരാഷ്ട്ര അംഗീകാരത്തിനും അനുരഞ്ജനത്തിലൂടെയുള്ള പരിഹാരത്തിനും പകരമായി ഇസ്രയേല്‍ ലക്ഷ്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കും വിധം പി.എല്‍.ഒയെയും അനുബന്ധ സംവിധാനങ്ങളെയും ‘മെരുക്കി’യെടുക്കുന്നതില്‍ പടിഞ്ഞാറും അറബികളും വിജയിച്ചതിന് ശേഷമുള്ള പുതിയ മാറ്റമാണിത്. 1982-ല്‍ ബൈറൂത്തില്‍ നിന്നുള്ള ഫലസ്തീന്‍ പ്രതിരോധത്തിന് ശേഷം യൂറോപില്‍ വെച്ച് ഇസ്രയേലികള്‍ ആക്രമണത്തിന് വിധേയരാക്കപ്പെട്ടിട്ടില്ല.

ഇറാഖിലും സിറിയയിലും ഐഎസിന് തങ്ങളുടെ കൈവശമുണ്ടായിരുന്ന പ്രദേശങ്ങളുടെ 30 ശതമാനത്തിലേറെ നഷ്ടപ്പെട്ടിരിക്കുന്ന സാഹചര്യമാണുള്ളത്. കൂടുതല്‍ ഞെരുക്കം അവര്‍ക്കു മേലുണ്ടാകുമ്പോള്‍ വരും മാസങ്ങളില്‍ അവര്‍ കൂടുതല്‍ അപകടകാരികളാകുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

വിവ: നസീഫ് തിരുവമ്പാടി

Related Articles