Current Date

Search
Close this search box.
Search
Close this search box.

ബി.ജെ.പിയെ അധികാരത്തിലെത്തിച്ച ഘടകങ്ങള്‍ എന്തെല്ലാം?

ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ഫലം രാജ്യത്തെ എല്ലാ പാര്‍ട്ടികളെ സംബന്ധിച്ചിടത്തോളവും ഞെട്ടിപ്പിക്കുന്നതായിരുന്നു. ബി.ജെ.പി പോലും തങ്ങള്‍ക്ക് ഇത്രയും വലിയ വിജയം പ്രതീക്ഷിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് വിജയത്തെ ബി.ജെ.പി, മോദി ‘തരംഗ’മെന്നും ‘ചരിത്രപരമെന്നും’ വിശേഷിപ്പിച്ച് യാഥാര്‍ഥ്യം മറച്ചു വെക്കുന്ന നിലപാടാണ് മാധ്യമങ്ങള്‍ കൈകൊണ്ടിരിക്കുന്നത്. ഈ കാലയളവില്‍ തന്നെയാണ് 13 സംസ്ഥാനങ്ങളിലായി 1560 നിയമസഭാ മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ വെറും 39 സീറ്റ് മാത്രമാണ് ബി.ജെ.പിക്ക് നേടാനായത്. അപ്പോള്‍ എവിടെയാണ് ഈ ‘മോദി തരംഗം’?

ഇപ്പോഴത്തെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം ചരിത്രത്തിലെ ആദ്യസംഭവമോ അസാധാരണ സംഭവോ അല്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം ബി.ജെ.പിക്ക് 31 ശതമാനം വോട്ടും കോണ്‍ഗ്രസിന് 19.3 ശതമാനം വോട്ടുമാണ് ലഭിച്ചതെങ്കിലും ഇരുപാര്‍ട്ടികള്‍ക്കും ലഭിച്ച സീറ്റുകളില്‍ വലിയ അന്തരമുണ്ട്. ബി.ജെ.പിക്ക് ലഭിച്ചത് 282 സീറ്റും കോണ്‍ഗ്രസിന് 44 ഉം. നമ്മുടെ തെരഞ്ഞെടുപ്പ് രീതിയുടെ ന്യൂനതയാണിത് വ്യക്തമാക്കുന്നത്. നമ്മുടെ തെരഞ്ഞെടുപ്പ് രീതി അനുസരിച്ച് 20 സ്ഥാനാര്‍ഥികള്‍ 90 ശതമാനം വോട്ട് കരസ്ഥമാക്കുകയും 21 ാമത്തെ സ്ഥാനാര്‍ഥി 10 ശതമാനമോ അതിലും കുറവോ വോട്ടുകള്‍ സ്വന്തമാക്കിയാലും ആ സ്ഥാനാര്‍ഥി വിജയിക്കും. അഥവാ 90 ശതമാനം വോട്ടുകളും നിഷ്ഫലമായി പോകുന്നു എന്നര്‍ഥം. നിരവധി രാജ്യങ്ങള്‍ ഈ സമ്പ്രദായം തള്ളിക്കളയുകയും ആനുപാതിക പ്രാധിനിത്യം (Proportional representation) എന്ന രീതി നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. ഈ രീതി അനുസരിച്ച് മൊത്തം പോള്‍ ചെയ്ത വോട്ടിന്റെ എത്ര ശതമാനമാണോ ഓരോ പാര്‍ട്ടിയും കരസ്ഥമാക്കുന്നത് അതിനനുസരിച്ചാണ് പാര്‍ട്ടികള്‍ക്ക് സീറ്റ് ലഭിക്കുക.  മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ ആനുപാതിക പ്രാധിനിത്യ രീതി അനുസരിച്ചാകുമ്പോള്‍ പോള്‍ ചെയ്ത ഓരോ വോട്ടും പ്രതിഫലിക്കും എന്നുള്ളതാണ്. നേരത്തെ നിലവിലെ രീതിയനുസരിച്ച് നടന്ന തെരഞ്ഞെടുപ്പിലൂടെ പ്രതിപക്ഷത്തിരിക്കേണ്ട വന്ന സന്ദര്‍ഭത്തില്‍ ബി.ജെ.പി തന്നെ രാജ്യത്ത് ആനുപാതിക പ്രാധിനിത്യ സമ്പ്രദായം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ജര്‍മ്മനി, സ്വിസ്റ്റ്‌സര്‍ലാന്റ്, ഫിന്‍ലാന്റ്, ലാത്വിയ, സ്വീഡന്‍, ഇസ്രയേല്‍, ബ്രസീല്‍, നെതര്‍ലാന്റ്, റഷ്യ, സൗത്ത് ആഫ്രിക്ക, കോംഗോ എന്നീ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും നടപ്പിലാക്കയി ഈ സിസ്റ്റം നമ്മുടെ രാജ്യത്തും നടപ്പിലാക്കണമെന്ന് എല്ലാ പാര്‍ട്ടികളും ഒന്നിച്ചാവശ്യപ്പെടേണ്ട സന്ദര്‍ഭമാണിത്.

രാജ്യത്ത് ആനുപാതിക പ്രാധിനിത്യ സമ്പ്രദായം നടപ്പിലാക്കിയിരുന്നെങ്കില്‍ ബി.ജെ.പി ഇപ്പോള്‍ പ്രതിപക്ഷ സ്ഥാനത്തായിരിക്കും ഇരിക്കേണ്ടി വരിക, മോദി ഗാന്ധിനഗറില്‍ തെരഞ്ഞെടുപ്പ് ആഘാതത്തില്‍ നിന്നും മുക്തനാകാന്‍ ചികിത്സ തേടേണ്ടിയും വരുമായിരുന്നു. കോണ്‍ഗ്രസും സംഖ്യ കക്ഷികളും ചേര്‍ന്ന് പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന്റെ ചര്‍ച്ചയും ആരംഭിച്ചിട്ടുണ്ടാവും.

സ്വാതന്ത്ര്യത്തിന് ശേഷം ഏറ്റവും കുറഞ്ഞ വോട്ടിംഗ് ശതമാനവുമായി അധികാരത്തിലേറുന്ന സര്‍ക്കാറാണ് മോദി സര്‍ക്കാര്‍ (ചാര്‍ട്ട് കാണുക). വോട്ടേര്‍സ് ലിസ്റ്റില്‍ പേര് ചേര്‍ത്തവരില്‍ 66.48 ശതമാനം പേരാണ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സമ്മതിദാന അവകാശം വിനിയോഗിച്ചത്. ഇതില്‍ 31 ശതമാനം വോട്ടാണ് ബി.ജെ.പി നേടിയത്. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍, രാജ്യത്തെ മൊത്തം വോട്ടര്‍മാരില്‍ 21 ശതമാനമാണ് ബി.ജെ.പിയെ പിന്തുണക്കുന്നവര്‍. ഇനി രാജ്യത്തെ മൊത്തം ജനസംഖ്യയെടുത്ത് നോക്കിയാല്‍ രാജ്യത്തെ 12 ശതമാനം പേരുടെ പിന്തുണ മാത്രമാണ് ബി.ജെ.പിക്കുള്ളത്. ചുരുക്കത്തില്‍ 12 ശതമാനം പേരുടേയോ 21 ഓ 31 ശതമാനം പേരുടേയോ മാത്രം പിന്തുണയെ ‘തരംഗ’മെന്നും ‘ചരിത്രപര’മെന്നും വിശേഷിപ്പിക്കാനാകുന്നതെങ്ങനെ?

Election

Winning

Party

Seats

Won

Total

Seats

Vote

Share

1957 Congress 371 494 47.8
1962 Congress 361 494 44.7
1967 Congress 283 520 40.8
1971 Congress 352 518 43.7
1977 Janata Party 295 542 41.3
1980 Congress 353 529 42.7
1984-85 Congress 414 541 48.1
2014 BJP 282 543 31.0

വളരെ ഈസിയായി കൃത്രിമം നടത്താന്‍ സാധിക്കും എന്നതിനാല്‍ പല ലോക രാഷ്ട്രങ്ങളും ഉപേക്ഷിച്ച ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ (ഇ.വി.എം) ആണ് നമ്മള്‍ ഇപ്പോഴും ഉപയോഗിക്കുന്നതെന്നതും മറ്റൊരു പ്രശ്‌നമാണ്. മെഷീനില്‍ രേഖപ്പെടുത്തിയ വോട്ട് പുനഃപ്പരിശോധനക്ക് വിധേയമാക്കാന്‍ ഒരിക്കലും സാധ്യമല്ല. മോദിയെ അധികാരത്തിലെത്തിക്കുന്നതില്‍ കോര്‍പ്പറേറ്റുകള്‍ വഹിച്ച് പങ്ക് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതേ കോര്‍പ്പറേറ്റുകള്‍ തന്നെയാണ് ഈ മെഷീനുകളും നിര്‍മ്മിക്കുന്നതും അതിന്റെ കേടുപാടുകള്‍ തീര്‍ക്കുന്നതും. അതിനാല്‍ തന്നെ ഈ തെരഞ്ഞെടുപ്പിനിടെ തെരഞ്ഞെടുപ്പ് മെഷീനില്‍ കൃത്രിമങ്ങള്‍ നടന്നിട്ടുണ്ടെന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയായേക്കില്ല. തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത വോട്ടും ഫലവും തമ്മില്‍ തമ്മില്‍ അന്തരങ്ങളുള്ളതായി പലയിടത്തു നിന്നും പരാതികളുയര്‍ന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. 2000 ത്തില്‍ യു.എസ്.എ യിലെ ഫ്‌ലോറിഡയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് മെഷീനില്‍ കൃത്രിമം നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അമേരിക്കയില്‍ തെരഞ്ഞെടുപ്പില്‍ മെഷീന്‍ ഉപയോഗിക്കുന്നത് നിര്‍ത്തിയിരുന്നു. നെതര്‍ലാന്റ്, ജര്‍മ്മനി, അയര്‍ലന്റ്, തുടങ്ങിയ രാജ്യങ്ങളും മെഷീനില്‍ കൃത്രിമം സാധ്യമാകുമെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ഈ രീതി ഉപേക്ഷിക്കുകയുണ്ടായി. ഇന്ത്യയില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടത്താനാകുമെന്ന് അമേരിക്കന്‍ സയന്റിസ്റ്റുകള്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് വെളിപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് മെഷീനില്‍ കൃത്രിമം സാധ്യമാകുമെന്ന ആക്ഷേപം വ്യാപകമായതിനെ തുടര്‍ന്ന് സുതാര്യത ഉറപ്പ് വരുത്താന്‍ വോട്ട് ചെയ്യുന്ന സന്ദര്‍ഭത്തില്‍ തന്നെ വോട്ടര്‍ക്ക് പ്രിന്റഡ് സ്ലിപ് നല്‍കുന്നതിനുള്ള സൗകര്യം മെഷീനില്‍ ഒരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 543 മണ്ഡലങ്ങളില്‍ കേവലം 8 മണ്ഡലങ്ങളില്‍ മാത്രമാണ് ഈ രീതി നടപ്പിലാക്കിയത്. അതിനാല്‍ അന്താരാഷ്ട്ര വിധഗ്ദരെ ഉള്‍പ്പെടുത്തി ഈ വിഷയത്തില്‍ ഒരു ഉന്നതതല അന്വേഷണം നടക്കേണ്ടതുണ്ട്.

മറ്റൊരു പ്രശനം പണത്തിന്റെ അമിതമായ ഒഴുക്കാണ്. പരസ്യത്തിനും പെയ്ഡ് ന്യൂസിനും വേണ്ടി മാത്രം 10,000 കോടിയാണ് മോദി ഒഴുക്കിയത്. തെരഞ്ഞെടുപ്പ് ആരംഭിക്കുന്നതിനും മുമ്പ് തന്നെ ചാനലുകളെല്ലാം മോദിക്ക് വേണ്ടി മുറവിളി കൂട്ടുകയായിരുന്നു. പെയ്ഡ് ന്യൂസുമായി ബന്ധപ്പെട്ട് 3000 പരാതികളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത്. ഈ സാഹചര്യത്തില്‍ പെയ്ഡ് ന്യൂസുമായി ബന്ധപ്പെട്ട പരാതികള്‍ അന്വേഷിക്കാനും സത്യം പുറത്ത് കൊണ്ടുവരുവാനും കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കാനും തെരഞ്ഞെടുപ്പ് കമ്മീഷനും പ്രസ്സ് കൗണ്‍സിലും തയ്യാറാകണം.

ഹിന്ദുത്വ വികാരം ഇളക്കി വിട്ടും വര്‍ഗീയ ചേരിതിരിവുണ്ടാക്കിയും മതേതരത്വത്തെ പിച്ചിചീന്താനുള്ള ശ്രമങ്ങള്‍ നിരവധി ഉണ്ടായി എന്നതാണ് മറ്റൊരു പ്രശ്‌നം. കലാപത്തിന് പ്രേരിപ്പിച്ചും വിവാദ പ്രസ്താവനകള്‍ നടത്തിയും കിംവദന്തികളും വ്യാജ പ്രചരണങ്ങളും നടത്തിയും ഹിന്ദുത്വ വോട്ടുകള്‍ ഏകീകരിക്കാനുള്ള ശ്രമങ്ങള്‍ ധാരാളമായി നടന്നു. മതേതരത്വത്തിനു നേരെ നടന്ന ഈ കൂട്ടക്കശാപ്പ് നേരിടുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ണ പരാജയമായിരുന്നു. മുസ്‌ലിം സംഘടനകള്‍ക്കും മതനേതാക്കള്‍ക്കും ഈ തെരഞ്ഞെടുപ്പ് ഫലത്തില്‍ ഉത്തരവാദിത്തമുണ്ട്. സമുദായത്തെ തെറ്റായ പാതയിലൂടെ നയിച്ച സംഘടനകള്‍ക്കും മതനേതാക്കള്‍ക്കുമാണ് അതിന്റെ ഉത്തരവാദിത്തമുള്ളത്. ചിലര്‍ ബി.ജെ.പിയോടൊപ്പം ചേര്‍ന്നും അവരോട് കൈകോര്‍ത്തും മുന്നോട്ട് പോയപ്പോള്‍ മറ്റു ചിലര്‍ ഫാഷിസത്തിന്റെയും വര്‍ഗീയതയുടെയും മലവെള്ളപ്പാച്ചില്‍ നോക്കിനില്‍ക്കുകയായിരുന്നു. ബി.ജെ.പിയെ, മോദിയെ, അമിത് ഷായെ, 2002 ലെ ഗുജറാത്ത് വംശഹത്യയുടെയും ഗുജറാത്തിലെ 21 ഓളം വ്യാജ ഏറ്റുമുട്ടലുകളുടെയും ഏറെ കൊട്ടിഘോഷിച്ച ‘ഗുജറാത്ത മോഡലി’ന്റെയും യാഥാര്‍ഥ്യങ്ങളറിയുന്ന മുസ്‌ലിം നേതാക്കള്‍ തെരഞ്ഞെടുപ്പിനിടെ എന്താണ് ചെയ്തത്?

മോദിയുടെയും ഹിന്ദുത്വ ശക്തികളുടെയും മുന്നേറ്റം മുസ്‌ലിംകള്‍ക്ക് മാത്രമല്ല രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഫാഷിസത്തിന്റെ കടന്നു വരവ് ജനങ്ങളെ എല്ലാവരെയുമായിരിക്കും ബാധിക്കുക. ഫാഷിസ്റ്റ് ഭരണം, അത് ഹിറ്റ്‌ലറുടേതാകട്ടെ മുസ്സോളിനിയുടേതാകട്ടെ, രാജ്യത്തെ മൊത്തം ജനതയുടെയും അന്ധമായ അനുസരണമാണ് ആവശ്യപ്പെടുന്നത്. ചരിത്രപരമായ വെല്ലുവിളിയാണ് ഇപ്പോള്‍ നമ്മുക്ക് മുമ്പിലുള്ളത്. മോദി ഇപ്പോള്‍ പഴയ മോദിയല്ലെന്നും അദ്ദേഹം എല്ലാവരെയും ഒരുമിച്ച് നിര്‍ത്തുമെന്നും ചിലര്‍ പറയുന്നു. അങ്ങനെയെങ്കില്‍, രാജ്യ പുരോഗതിയില്‍ നിര്‍മാണാത്മകവും ക്രിയാത്മകവുമായ പങ്കുവഹിക്കുന്ന മുസ്‌ലിംകളടക്കമുള്ള എല്ലാവര്‍ക്കും ഗുണകരമാണത്. എന്നാല്‍ കഴിഞ്ഞ 13 വര്‍ഷത്തെ ‘ഗുജറാത്ത് മോഡല്‍’ നമുക്ക് വ്യക്തമാക്കി തരുന്നത് തികച്ചും വ്യത്യസ്തമായ യാഥാര്‍ഥ്യമാണ്. അവിടെ മുസ്‌ലിംകള്‍ മാത്രമല്ല ഹിന്ദുക്കള്‍ പോലും ഭയന്നാണ് ജീവിക്കുന്നത്. അവിടെ വിയോജിക്കാനോ പ്രതികരിക്കാനോ സ്വാതന്ത്ര്യമില്ല, മറിച്ച് അവര്‍ക്കുള്ളത് ഫാഷിസത്തെ പിന്തുണക്കാനുള്ള സ്വാതന്ത്ര്യം മാത്രമാണ്. ഫാഷിസം ലോകത്തെവിടെയാണെങ്കിലും മുസ്‌ലിംകളെ മാത്രമല്ല എല്ലാ വിഭാഗം ജനങ്ങളെയും ബാധിക്കുന്ന വിപത്താണ്. ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി എല്ലാവരും ഒരുമിച്ച് പോരാടേണ്ടതുണ്ട്.

മുസ്‌ലിംകളെ സംബന്ധിച്ച്, പ്രയാസങ്ങളിലും പ്രതിസന്ധികളിലും അവര്‍ ദുഃഖിതരാകേണ്ടതില്ല. മുസ്‌ലിം ചരിത്രത്തില്‍ അഞ്ചോ പത്തോ വര്‍ഷങ്ങള്‍ അത്ര വലിയ കാലമല്ല. താര്‍ത്താരികളുടെയും കുരിശ് യോദ്ധാക്കളുടെയും ക്രൂരതകള്‍ക്ക് ഇരയായ മുസ്‌ലിംകള്‍ അതിനെയെല്ലാം അതിജീവിച്ചിട്ടുണ്ട്. നാഥന്‍ ഉദ്ദേശിച്ചാല്‍, വെല്ലുവിളികളെ എല്ലാം അതിജീവിച്ച് നിറവര്‍ണ്ണങ്ങളോടെയും ധീരതയോടെയും നമ്മള്‍ ഉദിച്ചുവരും.

വിവ : ജലീസ് കോഡൂര്‍

Related Articles