Current Date

Search
Close this search box.
Search
Close this search box.

ബി ജെ പിയുടെ മുസ്‌ലിം ശാക്തീകരണം

പുതിയതും പരീക്ഷിച്ച് വിജയിച്ചിട്ടില്ലാത്തതുമായ നേതൃത്വത്തിനു കീഴില്‍ ബി ജെ പി അതിന് ഒരു പുതിയ ദാര്‍ശനികമായ രൂപം നല്‍കാനുള്ള ശ്രമത്തിലാണ്. അതിന്റെ ഭാഗമായി തങ്ങളുടെ ഹിന്ദുത്വ അജണ്ടയോടൊപ്പം മുസ്‌ലിംകള്‍ക്കിടയില്‍ സ്ഥാനം നേടാന്‍ മുസ്‌ലിം ശാക്തീകരണമെന്ന പുതിയ പദ്ധതികള്‍ക്ക് കോപ്പുകൂട്ടുകയാണവര്‍. ചിലപ്പോള്‍ ഈ പദ്ധതി ആ പാര്‍ട്ടിക്ക് തങ്ങളുടെ സ്ഥിരം വോട്ടായ തീവ്ര ഹിന്ദുത്വ വാദികളുടെ പിന്തുണ കുറക്കാനും എന്നാല്‍ ന്യൂനപക്ഷങ്ങളുടെ പിന്തുണ നേടാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന അവസ്ഥ കൈവരാന്‍ ഇടയായേക്കാം. ചിലപ്പോള്‍ ഈ തെരഞ്ഞെടുപ്പ് പൊറാട്ടു നാടകം കുറച്ച് വോട്ട് നേടത്തരും എന്നതുകൊണ്ടാകാം ബി ജെ പിയുടെ രക്ഷാകര്‍തൃത്വം അലങ്കരിക്കുന്ന തീവ്ര വലതുപക്ഷ ഹിന്ദുത്വ ആശയക്കാരായ ആര്‍ എസ്സ് എസ്സ് പോലും വിഷയത്തില്‍ തങ്ങളുടെ തീരുമാനം കടുത്തതാക്കാതെ നോക്കുന്നുണ്ട്. വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ് ദള്‍ തുടങ്ങിയ സായുധ സംഘങ്ങള്‍ മനസ്സില്ലാ മനസ്സോടെ ബി ജെ പിയുടെ മുസ്‌ലിം പ്രീണനം നോക്കിക്കാണുന്നു.

വര്‍ഷങ്ങളായി ബി ജെ പി, ആര്‍ എസ്സ് എസ്സ് തുടങ്ങിയ കാവി സാഹോദര്യം ഒന്നിച്ച് കോണ്‍ഗ്രസിനെ വോട്ട് ബാങ്ക് ലക്ഷ്യം വച്ച് ന്യൂനപക്ഷ പ്രീണനം നടത്തുന്നു എന്നു വിമര്‍ശിക്കുകയായിരുന്നു. 2005 ല്‍ നിയമിക്കപ്പെട്ട രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി മുസ്‌ലിംകളുടെ സാമൂഹിക സാമ്പത്തികാവസ്ഥയെക്കുറിച്ച് റിപ്പോര്‍ട്ട് പുറത്ത് കൊണ്ടു വന്നപ്പോള്‍ അവര്‍ നഖശിഖാന്തം അതിനെ എതിര്‍ത്തു. പക്ഷെ ഇപ്പോള്‍ ബി ജെ പിയും അതേ രീതി തുടരാന്‍ തീരുമാനിച്ചിരിക്കുന്നു. കാരണം വ്യക്തമാണ്. പൊതു തെരഞ്ഞെടുപ്പിന് ഇനി ഒരു വര്‍ഷം പോലുമില്ല. 40% മുസ്‌ലിം  വോട്ടില്‍ നാലോ അഞ്ചോ ശതമാനം ലഭിച്ചാല്‍ ബി ജെ പിക്ക് കോണ്‍ഗ്രസിനെ പുറന്തള്ളാന്‍ സാധ്യമല്ല. കോണ്‍ഗ്രസിന്റെ ഈ വലിയ സാധ്യതയെ ഇല്ലാതാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് അവര്‍.

എന്നാല്‍ ഇത്തരം കൗശല പ്രവര്‍ത്തനങ്ങളില്‍ നിരന്തരം പരാജയപ്പെടുന്നതാണ് ആ പാര്‍ട്ടിയുടെ ചരിത്രം. കുറച്ചു നേരത്തേക്ക് സവര്‍ക്കറും ഗോള്‍വാള്‍ക്കറും നടത്തിയിട്ടുള്ള അധിക്ഷേപങ്ങളൊക്കെ മറന്നു കളഞ്ഞാല്‍ പോലും 1990ലെ രാമജന്മ ഭൂമി പ്രശ്‌നത്തിലെ മുസ്‌ലിം വിരുദ്ധ പ്രവര്‍ത്തനത്തെ ന്യായീകരിക്കാന്‍ അവര്‍ വിയര്‍ക്കേണ്ടി വരും. ബാബരി മസ്ജിദ് പോലെ ഒരു പള്ളി പൊളിച്ചു എന്നതിലുപരി കാവി ആയുധ ധാരികള്‍ നിറഞ്ഞു തുള്ളുകയും മുസ്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്ത സംഭവമാണല്ലോ 1992 ഡിസംബര്‍ ആറ്.

മുസ്‌ലിംകള്‍ മാത്രമായിരുന്നില്ല തകര്‍ക്കപ്പെട്ടത്. ക്രിസ്ത്യാനികളും ദേശവിരുദ്ധരായി ചിത്രീകരിക്കപ്പെടുകയും 1990 കളില്‍ ഗുജറാത്തിലെ ഗന്‍ഗ പ്രദേശത്ത് ക്രൈസ്തവ വിരുദ്ധ കലാപം നടന്നതും 2008 ല്‍ ഒഡിഷയില്‍ ചര്‍ച്ചുകള്‍ കത്തിച്ചതും നമുക്ക് മുന്നിലുണ്ട്. ക്രൈസ്തവര്‍ അവരുടെ മിഷണറി പ്രവര്‍ത്തനം മുഖേനയും മുസ്‌ലിംകള്‍ അവരുടെ നാലു ഭാര്യമാരില്‍ നിന്നുമായി നരേന്ദ്ര മോഡിയുടെ പ്രയോഗം കടമെടുത്താല്‍ നാം അഞ്ച് നമുക്ക് അമ്പത് എന്ന രീതിയില്‍ കുടുംബാസൂത്രണങ്ങളെ അപ്രസക്തമാക്കിക്കൊണ്ട് മക്കളെ ഉണ്ടാക്കിയും ഹിന്ദുക്കളെ ലോകത്തു തന്നെ അവരുടെതു മാത്രമായുള്ള ഒരേയൊരു രാജ്യത്ത് അവരെ ന്യൂന പക്ഷമാക്കാന്‍ ശ്രമിക്കുകയാണെന്ന് ബി ജെ പി ആരോപിക്കുന്നു. ഈ വിഡ്ഡിത്തങ്ങളുടെ തിരശ്ശീലക്കു പുറകില്‍ രാഷ്ട്രീയമായി വിഭജനങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് ബി ജെ പി 1984ല്‍ ലോക് സഭിയില്‍ രണ്ട് സീറ്റ് എന്ന അവരുടെ നിലവാരത്തില്‍ നിന്നും 1998 ആയപ്പോഴേക്കും 182 എന്ന നിലയിലെത്തി. മുസ്‌ലിംകളെ അനുനയിപ്പിക്കുകയെന്നത് പാര്‍ട്ടിക്ക് ഒരു ഭഗീരഥ യത്‌നമായിരുന്നു. രാജ്യത്ത് 14 ശതമാനം ജനസംഖ്യ വരുന്ന ഒരു വിഭാഗത്തെ അവഗണിച്ചു മുന്നോട്ട് പോകാന്‍ സാധ്യമല്ലെന്ന തിരിച്ചറിവില്‍ ബി ജെ പി കാഴ്ചപ്പാടുകള്‍ വിശാലമാക്കിക്കൊണ്ട് പുരോഗമനപരമായ സമീപനത്തിലേക്ക് വന്നാല്‍ പോലും ആര്‍ എസ്സ് എസ്സ്, ബജ്‌റംഗ് ദള്‍, വി എച്ച് പി തുടങ്ങിയ സംഘടനകള്‍ എന്നും തങ്ങളുടെ കുടുസ്സായ നിലപാടില്‍ തന്നെ നില്‍ക്കും.ന്യൂനപക്ഷങ്ങള്‍ രണ്ടാം പൗരന്‍മാരായി പരിഗണിക്കപ്പെടുന്ന ഒരു ഹിന്ദു രാഷ്ട്രം സ്ഥാപിക്കുകയാണ് അവരുടെ ലക്ഷ്യം. എല്ലാ മതവിഭാഗങ്ങള്‍ക്കും ഏക സിവില്‍കോഡ് നടപ്പിലാക്കുക, കാശ്മീറിന് പ്രത്യേക പദവി നല്‍കുക തുടങ്ങി വിഷയങ്ങള്‍ പരാമര്‍ശിക്കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 വീണ്ടും ചുരണ്ടിയെടുക്കാനുള്ള ബി ജെ പിയുടെ തീരുമാനം ഇത്തരം സംഘങ്ങളെ സംതൃപ്തിപ്പെടുത്താനുള്ളതാകാം. രാമക്ഷേത്ര നിര്‍മ്മാണമുള്‍പ്പെടെയുള്ള ഇത്തരം വിഷയങ്ങള്‍ അടല്‍ ബിഹാരി വാജ്‌പേയിയുടെ 13 ദിവസത്തെ ഭരണ കാലത്ത് 1996ല്‍ തങ്ങള്‍ക്ക് മറ്റു പാര്‍ട്ടികളുടെ പിന്തുണ ലഭിക്കില്ല എന്ന തിരിച്ചറിവില്‍ അവര്‍ ചവറ്റുകൊട്ടയില്‍ തള്ളുകയുണ്ടായി എന്ന കാര്യം നാം ഓര്‍ക്കണം. ഈ തീവ്ര ഹൈന്ദവ നിലപാട് മാറ്റി വച്ചതുകൊണ്ട് വാജ്‌പേയിക്ക് 1998-ല്‍ രൂപം കൊടുക്കാന്‍ സാധിച്ച 24 പാര്‍ട്ടികളുടെ സഖ്യം പക്ഷെ 2002 ലെ ഗുജറാത്ത് കലാപത്തെത്തുടര്‍ന്ന് ചുരുങ്ങി ചുരുങ്ങി ഇപ്പോള്‍ മൂന്ന് പാര്‍ട്ടിയിലൊതുങ്ങിയിരിക്കുന്നു. ബി ജെ പി ഹിന്ദുത്വ കാര്‍ഡ് വീണ്ടും കളിക്കാനുള്ള ഒരുക്കത്തിലാണ്. രണ്ടു കുതിരകളെയും( ഹിന്ദുത്വ തീവ്രവാദവും മുസ്‌ലിം പ്രീണനവും) ഒരേസമയം ഓടിക്കണമെങ്കില്‍ ഒരു സര്‍ക്കസ് ആര്‍ട്ടിസ്റ്റിന്റെ കരവിരുത് വേണം. മോഡി, രാജ്‌നാഥ്, തുടങ്ങിയ ടീമിന് ദേശീയ രാഷ്ട്രീയത്തില്‍ മല്‍സരിച്ച് പിരചയമില്ലാതിരിക്കെ പ്രീണന സന്തുലിതാവസ്ഥയുടെ മാറ്റുരച്ചുകൊണ്ടെ നമുക്ക് വിജയം വിലയിരുത്താനാകൂ..

വിവ : അത്തീഖുറഹ്മാന്‍

Related Articles