Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ : സാമ്രാജ്യത്വ ഗൂഢാലോചനയുടെ രക്തസാക്ഷി

മധ്യേഷ്യയിലെ ചോരച്ചാലുകളൊഴുകുന്ന പ്രദേശമായി ഫലസ്തീന്‍ ചരിത്രത്തില്‍ ഇടം നേടി. സാര്‍വദേശീയ രംഗത്ത് നടന്ന നിന്ദ്യമായ ഗൂഢാലോചനയില്‍ പിറന്നതാണ് ഇസ്രയേല്‍ രാഷ്ട്രം. ഗാസയില്‍ നിന്ന് ഉയരുന്നത് താല്‍ക്കാലിക രോധനമല്ല,. അര നൂറ്റാണ്ടായി തുടരുന്ന കൊടും വഞ്ചനയുടെ കഥനങ്ങളാണ്; ഒപ്പം അടുത്തൊന്നും അവസാനിക്കാനിടയില്ലാത്ത അപമാനങ്ങളും.

നൈലിന്റെ നാട്ടിലൊരു ജൂതരാജ്യം എന്നതിനെക്കാളധികം, മുസ്‌ലിംകള്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള മധ്യേഷ്യയില്‍ ഒരു ഇടനിലക്കാരനെന്ന കച്ചവടക്കണ്ണാണ് വന്‍ രാഷ്ട്രങ്ങളെ മഥിച്ച നയതന്ത്ര വിചാരമെന്ന് വേണം മനസ്സിലാക്കാന്‍. 1948 മെയ് 14 (യഹൂദ വര്‍ഷമായ അബ്രാനി: 5708 അയാര്‍ 5 ശനി) ഇസ്രയേല്‍ ഔദ്യോഗികമായി നിലവില്‍ വന്നു. ടെല്‍അവീവില്‍ ഈ പ്രഖ്യാപനം നടത്തുമ്പോള്‍ നിഷേധിക്കപ്പെട്ടത് പരശ്ശതം ലക്ഷം ഫലസ്തീനികളുടെ ജന്മാവകാശമായിരുന്നു.

1882 മുതല്‍ തുടങ്ങിയ ഗൂഢാലോചനയുടെ വിജയം കൂടിയായിരുന്നു ഈ ജൂത രാഷ്ട്രം. ഉസ്മാനികളില്‍നിന്ന് ബ്രിട്ടന്‍ ഈജിപ്ത് അധിനിവേശം നടത്തിയ ഈ വര്‍ഷം തന്നെയാണ് ഒന്നാമത്തെ ജൂത കുടിയേറ്റവും നടന്നത്. 1870-കളില്‍ ഫലസ്തീനില്‍ 5000 യഹൂദികള്‍ മാത്രമാണ് താമസിച്ചിരുന്നത്. രണ്ടാം കുടിയേറ്റം നടന്ന 1885-ല്‍ 12,000 ആയി ഉയര്‍ന്നു അവരുടെ ജനസംഖ്യ. 1914 ആയപ്പോഴേക്കും 85,000 ആയി ഉയരുകയായിരുന്നു.

1923-കളിലാണ് മൂന്നാമത്തെ കുടിയേറ്റം നടന്നത്. 1924-1931 ലും വ്യാപകമായ യഹൂദ വരവുകളുണ്ടായി. 1932-39 കളിലും ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് യഹൂദ കുടുംബങ്ങള്‍ ഫലസ്തീനിലേക്ക് പ്രവഹിച്ചു. ഏകദേശം, രണ്ടു ലക്ഷത്തിലധികം ഫലസ്തീനികളെ ജന്മസ്ഥാനില്‍നിന്ന് മൃഗീയമായി പുറത്താക്കുകയും വധിക്കുകയും ചെയ്തുകൊണ്ടായിരുന്നു ഈ ‘സയണിസ്റ്റ് സംഗമം’ സാധിച്ചത്. 1917 നവംബറില്‍ ബ്രിട്ടീഷ് രാജാവ് യഹൂദ രാഷ്ട്രത്തിനു തന്റെ പങ്ക് വാഗ്ദത്തം ചെയ്തിരുന്നു.
ഒരു യഹൂദരാജ്യമെന്ന കടുത്ത പ്രയോഗവും പ്രതീക്ഷയും നല്‍കിവരുന്നതില്‍ അമേരിക്കയും ബ്രിട്ടനും അവരുടേതായ പങ്കുവഹിച്ചു. 1920-22കളില്‍ നടന്ന ചില രാജ്യാന്തര സമ്മേളനങ്ങളില്‍ യഹൂദികള്‍ തങ്ങളുടെ വാഗ്ദത്ത രാജ്യത്തെക്കുറിച്ചുള്ള തീരുമാനങ്ങള്‍ കൈക്കൊണ്ടിരുന്നു. 1922 സെപ്തംബര്‍ 21ന് അമേരിക്കന്‍ സെനറ്റര്‍മാരും കോണ്‍ഗ്രസ് അംഗങ്ങളും യഹൂദികള്‍ക്കൊരു രാജ്യമെന്ന തത്വം ഫലസ്തീനില്‍ സ്ഥാപിക്കുന്നതിന് പച്ചക്കൊടി കാണിച്ചു.

1947 നവംബര്‍ 29ന് ഐക്യരാഷ്ട്ര സഭ ജൂതരാജ്യം പ്രഖ്യാപിച്ചു. അതിന്റെ ജന്മലക്ഷ്യം തന്നെ ലംഘിക്കപ്പെട്ടു. 181-ാം നമ്പര്‍ പ്രമേയത്തിന് അനുകൂലമായി 33 രാജ്യങ്ങള്‍ വോട്ട് ചെയ്തു. 10 രാജ്യങ്ങളാണ് എതിര്‍ത്തു വോട്ട് ചെയ്തത്. 13 രാഷ്ട്രങ്ങള്‍ നിഷ്പക്ഷത പാലിച്ചു. അര നൂറ്റാണ്ടിലധികം നിലനിന്ന വന്‍ശക്തികളുടെ ഗൂഢാലോചന യാഥാര്‍ത്ഥ്യമായി. ഫലസ്തീന്‍ രാജ്യത്തിന്റെ 56.47% ഫലസ്തീനികള്‍ക്കും 42.9% കുടിയിരുത്തപ്പെട്ട യഹൂദികള്‍ക്കുമായി ഐക്യരാഷ്ട്ര സഭ പങ്കുവച്ചു കൊടുത്തു. നീതിനിഷേധത്തിന്റെ അന്താരാഷ്ട്ര ഉദാഹരണം.

ഖുദ്‌സ്, ഐക്യരാഷ്ട്രസഭയുടെ നിയന്ത്രണത്തിന്‍ കീഴിലാണെന്നും പ്രഖ്യാപിക്കപ്പെട്ടു. ലോകത്തിന്റെ പല ഭാഗങ്ങളില്‍ ചിതറിക്കിടന്നിരുന്ന യഹൂദന്മാരെ അറബികള്‍ പാര്‍ക്കുന്ന ജന്മസ്ഥലമായ ഫലസ്തീനിലേക്ക് കൊണ്ടുവന്നു. പേശിബലവും സംഘടനാ ബലവും ഉപയോഗിച്ചു രാജ്യം പകുത്തു കൊടുക്കുന്ന കടുത്ത അധര്‍മത്തിനാണ് ചരിത്രത്തിന് സാക്ഷിയാവേണ്ടി വന്നു. 1948 ഏപ്രില്‍ 19ന് അധിനിവേശ നഗരമായ ദീറിലെ ഏകദേശം മുഴുവന്‍ ഫലസ്തീനികളെയും യഹൂദികള്‍ അറുകൊല നടത്തി. പരശ്ശതം ലക്ഷങ്ങള്‍ക്ക് ജന്മസ്ഥാനം നഷ്ടപ്പെട്ടു അഭയാര്‍ത്ഥികളായി. ഫലസ്തീനികള്‍ ലോകസമൂഹത്തിനു ഭാരമായിത്തീരുകയായിരുന്നു. താമസിയാതെ 1949 മെയ് 11ന് ഇസ്രയേല്‍ ഐക്യരാഷ്ട്രസ ഭയിലെ അംഗരാഷ്ട്രമായി. 1943 ഫെബ്രുവരിയിലും ഏപ്രിലിലും ജോര്‍ദാനിലെയും, ഈജിപ്തിലെയും പ്രദേശങ്ങള്‍ ബലമായി കൈയ്യടക്കി അവിടങ്ങളില്‍ പാര്‍ക്കുന്നവരെ കൊന്നൊടുക്കിയും കൊള്ളയടിച്ചും മൃഗീയത പ്രകടമാക്കിയെങ്കിലും വന്‍ശക്തികള്‍ക്കത് വലിയ കാര്യമായിത്തോന്നിയില്ല.

ഫലസ്തീന്‍ സെക്യൂരിറ്റി കേന്ദ്രങ്ങള്‍ വളഞ്ഞുവച്ചും മിസൈല്‍ ഉതിര്‍ത്തു തകര്‍ത്തും പരിഷ്‌കൃത സമൂഹത്തെയും, ലോക മര്യാദകളെയും ടെല്‍അവീവ് പലതവണ പരിഹസിച്ചപ്പോള്‍ യു.എന്‍. സെക്രട്ടറി ജനറല്‍മാര്‍ നിശ്ശബ്ദത പാലിച്ചു. 1956 ല്‍ അല്‍ ഊജ ഏരിയ ഉള്‍പ്പെടെ 20,700 ച.കി.മീ. കൈയ്യടക്കി ഫലസ്തീനികളെ വീണ്ടും ഇസ്രയേല്‍ ആട്ടിയോടിച്ചു. ഐക്യരാഷ്ട്ര സഭയും ലോകരാജ്യങ്ങളും അപ്പോഴും മൗനം സ്വീകരിച്ചു. (‘മൗനം മാത്രമല്ല, ഒന്നും തീരുമാനിക്കാതിരിക്കലും ഒരു തീരുമാനമാണെന്നാണ്’ ഇന്ത്യന്‍ പ്രധാനമന്ത്രി നരസിംഹറാവു ഒരിക്കല്‍ പറഞ്ഞത്.) 1967-ല്‍ ഇസ്രയേല്‍ സീനാ പ്രദേശം യുദ്ധം ചെയ്തു കീഴടക്കി. ഈജിപ്തുമായി നടന്ന യുദ്ധത്തിന് മോശെ ദയാനായിരുന്നു സൈനിക നേതൃത്വം. ദയയില്ലാത്ത പ്രതിരോധ മന്ത്രി ഫലസ്തീനികളെ കൂട്ടക്കൊല ചെയ്തു.

ഗോള്‍ഡാമെയര്‍, ഇസ്ഹാഖ് റാബിന്‍, മെനഹാം ബെഗിന്‍ ഷാരോണ്‍ തുടങ്ങിയ ഇസ്രയേല്‍ ഭരണാധികാരികളൊക്കെ അറബ് മുസ്‌ലിം രക്തത്തിന് ദാഹിച്ചിരുന്നവരും യുദ്ധപ്രഭുക്കളുമായിരുന്നു. 1967ല്‍ സിറിയയുടെ ജൂലാന്‍ കുന്നുകളും ഇസ്രയേല്‍ കൈവശപ്പെടുത്തി. 1979-ല്‍ ഈജിപ്തുമായി ഉണ്ടാക്കിയ കരാറിനെത്തുടര്‍ന്ന് ”സീനാ” പ്രദേശം ഈജിപ്തിനു കൈമാറിയെങ്കിലും ജൂലാന്‍ കുന്നുള്‍പ്പെടെ ഇസ്രയേല്‍ വെട്ടിപ്പിടിച്ച അറബ് പ്രദേശങ്ങളൊന്നും ഇസ്രയേല്‍ വിട്ടുകൊടുത്തില്ല. 32,559 ച.കി.മീ. അറബ് ഭൂമിയാണ് ഇസ്രയേല്‍ കയ്യടക്കി വച്ചിട്ടുള്ളത്.

1947ന് ശേഷം നിരവധി സംഘട്ടനങ്ങള്‍ ഫലസ്തീനികള്‍ക്കിടയില്‍ നടന്നു. ജന്മഭൂമിക്കു വേണ്ടിയുള്ള പോരാട്ടം. അമേരിക്കന്‍ സഹായത്തോടെ ഇസ്രയേല്‍ ചോരയില്‍ മുക്കിക്കൊല്ലുകയായിരുന്നു. ബ്ലാക്ക് സെപ്തംബറും ഹമാസും ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനുമൊക്കെ പതിറ്റാണ്ടുകളായി പോരാട്ടത്തിലാണ്.
ലൈലാ ഖാലിദും യാസര്‍ അറഫാത്തും അതുപോലുള്ളവരും നടത്തിയ സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ കിഴക്കിന്റെ മീഡിയകള്‍ കണ്ടതേയില്ല. കരിങ്കല്‍ ചീളുകളാണ് ഫലസ്തീന്‍ യുവാക്കളുടെ ആയുധം. ജൂത പട്ടാളത്തിന്റേത് യു.എസ്. നിര്‍മിത ബോംബും മിസൈലുകളും. ചരിത്രത്തില്‍ തുല്ല്യതയില്ലാത്ത പീഡനങ്ങളാണ് ഫലസ്തീനികള്‍ ഏറ്റുവാങ്ങുന്നത്. ഇസ്രയേല്‍ ജയിലുകളില്‍ മനുഷ്യാവകാശമെന്ന ഒരു സങ്കല്‍പം പോലുമില്ല. കുഞ്ഞുങ്ങളെയും സ്ത്രീകളെയും നിരപരാധികളെയും മൃഗീയമായി കൊല നടത്തുന്നു.

ലബനാനിലെ ബൈറൂത്തില്‍ സമരത്തിന്റെ കൊടുങ്കാറ്റഴിച്ചുവിട്ട വലീദ് ജംബുലാത്തോ അള്‍ജീരിയായിലെ ഹസന്‍ അബ്ബാസോ ബോസ്‌നിയയിലെ അലിജാ അലി ഇസ്സത്ത് ബെഗോവിച്ചോ സുഡാനിലെ ഉമര്‍ ബശീറോ പാശ്ചാത്ത്യരുടെ പേനക്കും ക്യാമറക്കും പാകമായ ഉല്‍പന്നങ്ങളായിരുന്നില്ല. അവര്‍ ഉയര്‍ത്തിയ നീതിയുടെ ശബ്ദം പുറംലോകമറിയാതിരിക്കാന്‍ മീഡിയ രാജാക്കള്‍ക്ക് നല്ല കൗശലം ഉണ്ട്. ലോകമറിയാന്‍ ഇഷ്ടപ്പെടുന്നതൊന്നും ലോകരെ അറിയിക്കാതിരിക്കുന്നതാണല്ലോ പരിഷ്‌കൃത മാധ്യമധര്‍മം!

ഉഗാണ്ടയിലെ കംബാല എയര്‍പോര്‍ട്ടില്‍ തടഞ്ഞുവച്ച വിമാനത്തില്‍ കമാന്റോ ഓപ്പറേഷന്‍ നടത്തി ഇസ്രയേല്‍ സിവിലിയന്മാരെ മോചിപ്പിച്ചവര്‍ക്കു നല്‍കിയ അംഗീകാരവും, വാര്‍ത്താ പ്രാധാന്യവും തങ്ങളുടെ നാടിന്റെ മോചനത്തിനായി മരണം മുന്നില്‍ കണ്ടു നടത്തിയ പോരാളികളായ ബ്ലാക്ക് സെപ്തംബറിലെ സാഹസികരായ ഫലസ്തീനികള്‍ക്കു നല്‍കാന്‍ ലോകത്തിനായില്ല.

ഇപ്പോഴും ഫലസ്തീന്‍ കത്തിയെരിയുന്നു. പട്ടാപകല്‍ നടുറോട്ടില്‍ പേപ്പട്ടിയെപ്പോലെ ജൂതന്മാര്‍ അറബികളെ തല്ലിക്കൊല്ലുന്നു. അങ്ങാടികളില്‍ ബുള്‍ഡോസറും, ടാങ്കുകളും കയറ്റി കെട്ടിടങ്ങള്‍ ഇടിച്ചു തകര്‍ക്കുന്നു. സൈനിക കേന്ദ്രങ്ങളും മര്‍മപ്രധാന സ്ഥാപനങ്ങളും മിസൈലയച്ചു തകര്‍ക്കുന്നു. ഭക്ഷണവും മരുന്നുമായി പോകുന്ന കപ്പലുകള്‍ പോലും ആക്രമിക്കപ്പെടുന്നു. ഫലസ്തീന്‍ ടി.വി നിലയം ബോംബിട്ടു തകര്‍ത്തപ്പോള്‍ പോലും ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് ഗ്രന്ഥരചന നടത്താറുള്ള സാംസ്‌കാരിക ലോകം ഉറക്കം നടിച്ചു.

വിശുദ്ധ ഖുദ്‌സിലെ മസ്ജിദുല്‍ അഖ്‌സാ ഇന്നും യഹൂദികളുടെ കരാള ഹസ്തത്തിലാണ്. ഇസ്രയേലിലെ യു.എസ് എംബസി ടെല്‍അവീവില്‍ നിന്ന് ഖുദ്‌സിലേക്ക് മാറ്റിസ്ഥാപിക്കാന്‍ മുന്‍ യു.എസ്. സെക്രട്ടറി ജെയിംസ് ബേക്കര്‍ നടത്തിയ ശ്രമം മറന്നുകൂടാ. ജൂതനായിരുന്ന യു.എസ് സെക്രട്ടറി ഹെന്റി കിസിഞ്ചറും ഇസ്രയേലിന് താങ്ങായി നിലകൊണ്ടു. ഖുദ്‌സ് മുസ്‌ലിം ലോകത്തിന്റെ പൊതു സ്വത്താണ്. അവിടത്തെ പള്ളിയും പരിസരവും സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നതായി ഖുര്‍ആന്‍ സൂചിപ്പിക്കുന്നു. ”ചുറ്റുഭാഗവും നാം അനുഗ്രഹം ചെയ്ത മസ്ജിദുല്‍ അഖ്‌സായിലേക്ക് പരിശുദ്ധ പള്ളിയില്‍നിന്ന് തന്റെ അടിമയെ നമ്മുടെ ദൃഷ്ടാന്തങ്ങളില്‍നിന്ന് ചിലത് കാണിച്ചുകൊടുക്കാന്‍ രാത്രിയുടെ ചുരുക്കം സമയത്ത് സഞ്ചരിപ്പിച്ചവന്‍ എത്ര പരിശുദ്ധന്‍. തീര്‍ച്ചയായും അവന്‍ തന്നെയാണ് എല്ലാം കേള്‍ക്കുന്നവനും കാണുന്നവനും.” (വി.ഖു.17:1)

പൂര്‍വകാലങ്ങളില്‍ ഇസ്‌ലാമിക പ്രബോധനം നടത്തിയ ധാരാളം പ്രവാചകന്മാരുടെ പ്രവര്‍ത്തനകേന്ദ്രവും, അന്ത്യവിശ്രമ സ്ഥലവുമാണ് ഖുദ്‌സ്. അതുകൊണ്ട് തന്നെ ഖുദ്‌സ് തേടിയെത്താത്ത മഹാന്മാര്‍ കുറയും. ഖലീഫാ ഉമര്‍(റ) ഖുദ്‌സ് സന്ദര്‍ശിച്ചു ലോകത്തിനു നല്‍കിയ സന്ദേശം ചരിത്ര പ്രസിദ്ധമാണ്. കുരിശു പടയോട്ടക്കാരില്‍നിന്ന് ഖുദ്‌സിനെ മോചിപ്പിച്ച സ്വലാഹുദ്ദീന്‍ അയ്യൂബി(റ) നല്‍കിയ സന്ദേശവും ചരിത്രത്തിന്റെ ഭാഗമാണ്.

ലോകമര്യാദകളും ചട്ടങ്ങളും ലംഘിച്ചു കവലച്ചട്ടമ്പികളെപ്പോലെ പെരുമാറുന്ന ഇസ്രയേല്‍ ഭരണാധികാരികളെ തിരുത്താന്‍ ഇനിയും കാത്തിരിക്കേണ്ടതുണ്ടോ? നയതന്ത്ര മര്യാദയുടെ പേരില്‍ ഗായില്‍ ഇസ്രാഈല്‍ നടത്തുന്ന മനുഷ്യകുരുതിയെകുറിച്ച് പാര്‍ലിമെന്റില്‍ ചര്‍ച്ചപോലും അനുവദിക്കില്ലെന്ന് പറയുന്ന ഭരണകൂടമാണ് ഇന്ത്യഭരിക്കുന്നത്. രാജീവ് ഗാന്ധി വധിക്കപ്പെട്ടപ്പോള്‍ ഫലസ്തീന്റെ വലംകൈ നഷ്ടപ്പെട്ടു എന്നായിരുന്നു യാസര്‍ അറഫാത്ത് പ്രതികരിച്ചത്. ഭാരതം ഒരു ഘട്ടത്തിലും വേട്ടക്കാര്‍ക്കൊപ്പം നിന്നിരുന്നില്ല. ഇരകളെയാണ് ഇന്ത്യ സഹായിച്ചത്. ഇപ്പോള്‍ ഇന്ത്യാഗവണ്‍മെന്റ് വേട്ടക്കാര്‍ക്കൊപ്പം അണിചേര്‍ന്നിരിക്കുന്നു. ഭാരതത്തിന്റെ സഹിഷ്ണുതയും നീതിബോധവും ബി.ജെ.പി. കളങ്കപ്പെടുത്തുകയാണ്. ഗാസയില്‍ നിന്നുയരുന്ന കൂട്ടക്കരച്ചില്‍ കേള്‍ക്കാനുള്ള ലോക സമൂഹത്തിന്റെ ധാര്‍മിക കാതുകള്‍ അടയുന്നതാണ് സമാധാന കാംക്ഷികളെ കൂടുതല്‍ ആശങ്കയിലാക്കുന്നത്.

Related Articles