Current Date

Search
Close this search box.
Search
Close this search box.

പ്രവാചകനിന്ദയും ഷാര്‍ലി എബ്ദോ ആക്രമണവും

ഞങ്ങള്‍ അവരെ ആക്രമിക്കും, തകര്‍ക്കും. അവരോട് യുദ്ധം ചെയ്യാന്‍ കിലോമീറ്ററുകള്‍ ഞങ്ങള്‍ പോകും ആരാണ് തിരിച്ചടിക്കുന്നതും പ്രതിരോധിക്കുന്നതും എന്ന് കാണട്ടെ എന്ന് കുറിക്കുന്ന വരികളോടെയാണ് 2001 സെപ്റ്റംബര്‍ 11 ആക്രമണത്തിന് ശേഷം ‘ദ എകണോമിസ്റ്റ്’ പത്രം അതിന്റെ എഡിറ്റോറിയല്‍ അവസാനിപ്പിച്ചത്. പാരീസിലെ ഷാര്‍ലി എബ്ദോ മാസിക ഓഫീസിന് നേരെയുണ്ടായ ആക്രമണമുണ്ടാക്കിയ ഉത്കണ്ഠയുടെ പശ്ചാത്തലത്തിലാണ് പ്രസ്തുത എഡിറ്റോറിയല്‍ ഞാന്‍ ഓര്‍ത്തത്.

ഒരു അഭിപ്രായത്തിന്റെ പേരില്‍ ഒരാളെ വധിക്കുന്നത് നിയമത്തിനും വ്യവസ്ഥക്കും നിരക്കാത്ത അപലപനീയ കാര്യമാണെന്ന് ആദ്യമായി ഉണര്‍ത്തേണ്ടതുണ്ട്. എന്നാല്‍ അതൊരിക്കലും മതവിശ്വാസികളെ നിന്ദിക്കുന്നതിനെ ന്യായീകരിക്കുകയല്ല. നിന്ദിക്കപ്പെടുന്നത് ഏത് മതത്തിന്റെ പ്രവാചകരും മഹാത്മാക്കളുമാണെങ്കിലും ശരി. മതമെന്നാല്‍ പരിഹസിക്കപ്പെടേണ്ട ഒന്നാണെന്ന ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ അഭിപ്രായം എനിക്കില്ല. മാസികയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അതിനോടൊപ്പം നിലകൊള്ളാനാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. അതിക്രമങ്ങള്‍ക്കെതിരെ നിലകൊള്ളുന്ന മതേതര ജനാധിപത്യ ശക്തിയാണ് അതെന്ന ന്യായമാണ് അദ്ദേഹം അതിന് പറയുന്നത്. എന്നാല്‍ അര്‍ഹിക്കുന്ന ആദരവും വിശുദ്ധിയും വകവെച്ചു നല്‍കേണ്ട ഒന്നായിട്ടാണ് ഞാന്‍ മതങ്ങളെ കാണുന്നത്.

‘ഷാര്‍ലി എബ്ദോ’ മാസികയുടെ ഇസ്‌ലാമിനെതിരെയുള്ള ആക്രമണം എല്ലാ അതിര്‍വരമ്പുകളെയും ലംഘിച്ച് പിന്നെയും കുറേ മുന്നോട്ടു പോയിട്ടുണ്ട്. കടുത്ത ആക്രമണമാണ് പ്രവാചകന്‍ മുഹമ്മദ്(സ) നേരെ അത് നടത്തിയിട്ടുള്ളത്. 2006-ല്‍ നൊര്‍വീജിയന്‍ ചിത്രകാരന്റെ പ്രവാചകനെ അധിക്ഷേപിക്കുന്ന കാര്‍ട്ടൂണ്‍ പുനപ്രസിദ്ധീകരിക്കുക മാത്രമല്ല അത് ചെയ്തത്. അത് തന്നെ 150 കോടിയിയേറെ മുസ്‌ലിംകളില്‍ രോഷം ജനിപ്പിച്ച ഒന്നായിരുന്നു. അതിനെതിരെ ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ പലയിടത്തും നടന്നു. ഇരുന്നൂറോളം പേര്‍ അതിനെ തുടര്‍ന്ന് പലയിടത്തായി കൊല്ലപ്പെട്ടു. 2011-ല്‍ പ്രവാചകനെ വളരെ മോശമായി ചിത്രീകരിക്കുന്ന ചിത്രങ്ങള്‍ അതില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. പ്രവാചകനെ നഗ്നനായി ചിത്രീകരിച്ചത് വരെ അക്കൂട്ടത്തിലുണ്ടായിരുന്നു.

മാസികക്ക് നേരെയുണ്ടായ ആക്രമണത്തെ ന്യായീകരിക്കുന്നില്ലെന്ന് ഒരിക്കല്‍ കൂടി ഞാന്‍ വ്യക്തമാക്കുകയാണ്. ഞാന്‍ അതിനെ പിന്തുണക്കുകയോ അത് നടപ്പാക്കിയവരെ അനുകൂലിക്കുകയോ ചെയ്യുന്നില്ല. അഭിപ്രായ സ്വാതന്ത്ര്യത്തോടൊപ്പമാണ് ഞാന്‍ നിലകൊള്ളുന്നത്. എന്നാല്‍ കരുതിക്കൂട്ടി മതങ്ങളെ നിന്ദിക്കുന്നത് വലിയ ധീരതയായി കൊണ്ടുനടക്കുന്ന നിലപാടിനെ അംഗീകരിക്കുന്നുമില്ല. മതങ്ങളും മതവിശ്വാസികളും പരസ്പര സ്‌നേഹത്തോടെ സ്‌നേഹത്തിലും സൗഹാര്‍ദത്തിലും കഴിയുകയാണ് വേണ്ടത്.

മാസികയുടെ പ്രസാദകരും എഡിറ്ററും തങ്ങളുടെ മുന്നിലുള്ള അപകടത്തെയും മുന്നറിയിപ്പുകളെയും നിസ്സാരമാക്കി തള്ളികളയുകയാണ് ചെയ്തത്. പ്രകോപന ശൈലിയില്‍ തന്നെ അവര്‍ പ്രവര്‍ത്തനം തുടരുകയും ചെയ്തു. തങ്ങള്‍ക്ക് നേരെയുള്ള ഏത് ആക്രമണവും തടയാന്‍ ഫ്രഞ്ച് പോലീസിന് ശേഷിയുണ്ടെന്ന വിശ്വാസമായിരുന്നു അവരില്‍. എത്രപേര്‍ക്ക് അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിയിരിക്കുന്നു? തീവ്രവാദികള്‍ക്ക് തങ്ങളുദ്ദേശിക്കുന്ന ലക്ഷ്യത്തിലെത്താനുള്ള ശേഷിയുണ്ടെന്നാണിത് ശക്തിപ്പെടുത്തുന്നത്. മുസ്‌ലിം അമുസ്‌ലിം ഭേദമില്ലാതെ അവരുമായി വിയോജിക്കുന്നവരെയും അവമതിക്കുന്നവരെയും അപായപ്പെടുത്താന്‍ അവര്‍ക്ക് കഴിയുന്നു എന്നതാണ് യഥാര്‍ത്ഥ അപകടം.

അക്രമികള്‍ തികച്ചും ശാന്തരായി മികച്ച പ്രഫഷണല്‍ സ്വഭാവത്തോടെ ആക്രമണം നടത്തുന്നത് അതിന്റെ വീഡിയോ കണ്ടവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും. അവര്‍ക്ക് മികച്ച പരിശീലനം ലഭിച്ചിട്ടുണ്ടെന്നും യഥാര്‍ത്ഥ യുദ്ധമുഖത്ത് ഏറ്റുമുട്ടി പരിചയമുണ്ടെന്നതിലേക്കുമാണത് സൂചന നല്‍കുന്നത്.

ഞാനിത് കുറിക്കുന്ന ഈ സമയം വരെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഒരു വിഭാഗവും ഏറ്റെടുത്തിട്ടില്ല. ‘വിദഗ്ദര്‍’ പല അഭിപ്രായ പ്രകടനങ്ങളും നടത്തുന്നുണ്ട്. ചിലര്‍ അതിന് പിന്നില്‍ ‘അല്‍ഖാഇദ’യുടെ സാന്നിദ്ധ്യമാണ് ദര്‍ശിക്കുന്നത്. മറ്റു ചിലര്‍ ‘ഇസ്‌ലാമിക് സ്റ്റേറ്റി’ലേക്ക് വിരല്‍ ചൂണ്ടുന്നു. ആക്രമണത്തിന് പിന്നില്‍ ഇസ്‌ലാമിക് സ്റ്റേറ്റിന് വേണ്ടി ഇറാഖിലും സിറിയയിലും പോരാടാന്‍ പോയ ഫ്രഞ്ച് ‘ജിഹാദി’കളാകാനുള്ള സാധ്യതയും ചിലര്‍ തള്ളിക്കളയുന്നില്ല. അമേരിക്കന്‍ സഖ്യത്തോടൊപ്പം ചേര്‍ന്ന് തങ്ങള്‍ക്കെതിരെയുള്ള യുദ്ധത്തില്‍ പങ്കെടുത്ത ഫ്രഞ്ച് സര്‍ക്കാറിനോടുള്ള പ്രതികാരം ചെയ്യാന്‍ മടങ്ങിയെത്തിയിരിക്കുകയാണവര്‍ എന്നും വ്യാഖ്യാനിക്കപ്പെടുന്നു.

ആക്രമണം നടത്തിയത് ഒരു ‘സംഘടന’യാവാം, അല്ലെങ്കില്‍ അത്തരം സംഘടനകളുമായി ബന്ധമില്ലാത്ത ഏതെങ്കിലും ഗ്രൂപ്പായിരിക്കാം. 2012-ല്‍ ദക്ഷിണ ഫ്രാന്‍സില്‍ ജൂത സ്‌കൂളിന് നേരെ ആക്രമണം നടത്തിയ അള്‍ജീരിയന്‍ വംശജനായ ഫ്രഞ്ച് യുവാവിന് അത്തരം അറിയപ്പെടുന്ന സംഘടനകളുമായിട്ടൊന്നും ബന്ധമുണ്ടായിരുന്നില്ല. മറ്റേത് യൂറോപ്യന്‍ രാജ്യത്തെയും പോലെ ഫ്രാന്‍സും ലക്ഷ്യമാക്കപ്പെടുന്നു എന്നതാണ് കാര്യം. മാലിയില്‍ ‘ജിഹാദികള്‍’ക്കെതിരെയുള്ള ശക്തമായ യുദ്ധവും ‘ഇസ്‌ലാമിക് സ്റ്റേറ്റിനെ’ ഇല്ലാതാക്കാന്‍ ജോര്‍ദാനിലേക്ക് യുദ്ധവിമാനങ്ങള്‍ അയച്ചതുമെല്ലാം അതിന്റെ കാരണങ്ങളായിരിക്കാം.

ആ ആക്രമണം തീവ്രവലതു പക്ഷ ചിന്താഗതിക്കാര്‍ക്ക് വളംവെച്ചു നല്‍കുമെന്ന് പ്രതീക്ഷിക്കാം. കുടിയേറ്റക്കാരോടുള്ള – പ്രത്യേകിച്ചും മുസ്‌ലിംകളോട് – ശത്രുത കൂടുതല്‍ ശക്തമാവും. യൂറോപ്യന്‍ രാജ്യങ്ങളില്‍ അവിടത്ത പൗരത്വം സ്വീകരിച്ച് കഴിയുന്ന ലക്ഷകണക്കിന് മുസ്‌ലിംകളെയും ഇത് ബാധിക്കും. എന്നാല്‍ ഈ മുസ്‌ലിംകളില്‍ ഭൂരിപക്ഷവും എല്ലാതരത്തിലുമുള്ള അക്രമങ്ങളെയും ഭീകരപ്രവര്‍ത്തനങ്ങളെയും നിരാകരിക്കുന്ന സമാധാന കാംക്ഷികളാണെന്ന വസ്തുത യൂറോപ്യന്‍ സര്‍ക്കാറുകള്‍ മനസ്സിലാക്കണം. തങ്ങളുടെ കൂട്ടത്തിലുള്ള ന്യൂനാല്‍ന്യൂനപക്ഷമായ ഒരു വിഭാഗത്തിന്റെ കുറ്റത്തിന്റെ പേരില്‍ അവര്‍ ശിക്ഷിക്കപ്പെടരുത്. പൗരന്‍മാരെന്ന നിലയില്‍ അവരുടെ സംരക്ഷണത്തിനും പ്രത്യേക മുന്‍ഗണന നല്‍കണം.

മധ്യപൗരസ്ഥ്യ നാടുകളില്‍ നടത്തുന്ന സൈനിക ഇടപെടല്‍ ഫ്രാന്‍സ് അടക്കമുള്ള യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ അവസാനിപ്പിക്കണം. ഇത്തരം ഇടപെടലുകള്‍ ഭീകരതക്ക് കൂടുതല്‍ വളം വെക്കുകയാണ് ചെയ്യുകയെന്ന് അവക്ക് തന്നെ അറിവുള്ളതാണ്. ഭീകരതയെ അത് ശക്തിപ്പെടുത്തുകയും ആയിരക്കണക്കിന് നിരാശരായ മുസ്‌ലിം യുവാക്കളെ പോരാളികളാക്കുക എന്ന ജോലി എളുപ്പമാക്കുകയും ചെയ്യുന്നു. അതിനെല്ലാം പുറമെ ഏതൊരു ലക്ഷ്യത്തിനായിരുന്നോ ഇടപെടല്‍ അതില്‍ വിജയിക്കാനും അവര്‍ക്ക് സാധിച്ചിട്ടില്ല. മാത്രമല്ല, അതിലേറെ അപകടകരമായ പലതിനും അത് വഴിതുറക്കുകയും ചെയ്തു.

ഈ സന്ദര്‍ഭത്തില്‍ നാറ്റോ സഖ്യത്തിന്റെ ഇടപെടലിനെ കുറിച്ച് ഓര്‍ക്കുന്നത് നന്നായിരിക്കും. ലിബിയയെ ഇന്നെത്തി നില്‍ക്കുന്ന പരിതാപകരമായ അവസ്ഥയില്‍ എത്തിച്ചത് നാറ്റോയുടെ വിമാനങ്ങളാണ്. അതിന് മുമ്പ് ഇറാഖ്, അഫ്ഗാനിസ്താന്‍, അവസാനമായി സിറിയ, യമന്‍ എന്നിവിടങ്ങളും ദശലക്ഷക്കണക്കിന് മനുഷ്യര്‍ ഇരയാക്കപ്പെട്ടു. അറബ് മുസ്‌ലിം നാടുകളിലെ പാശ്ചാത്യ നയം അവയെ അപ്പാടെ തകര്‍ക്കുകയാണ് ചെയ്തിട്ടുള്ളത്. വംശീയ വിഭാഗീയ യുദ്ധങ്ങള്‍ അത് സൃഷ്ടിച്ചു. ത്രീവ പോരാട്ട ചിന്തകള്‍ വെച്ചു പുലര്‍ത്തുന്ന സംഘങ്ങള്‍ക്ക് അത് ഇടം ഒരുക്കി. ആക്രമണങ്ങളിലൂടെ അവ തിരിച്ചടി നല്‍കാനും തുടങ്ങിയിരിക്കുന്നു. നിരവധി യുവാക്കളാണ് അതിനായി കടല്‍ കടക്കുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ജനാധിപത്യത്തിന്റെയും സുസ്ഥിരതയുടെയും പുരോഗതിയുടെയും മനുഷ്യാവകാശങ്ങളുടെയും ഭൂമികയാക്കുമെന്ന് വാഗ്ദാനം ചെയ്ത ലിബിയയില്‍ നിന്ന് മാത്രം പതിനായിരങ്ങളാണ് ഓരോ മാസവും പുറത്തേക്ക് കടക്കുന്നത്.

പാരിസിലുണ്ടായ ആക്രമണം ചില വ്യക്തികളില്‍ നിന്നുണ്ടായ ഒന്നായിരിക്കട്ടെ എന്ന് ഞാന്‍ ആഗ്രഹിച്ചു പോവുകയാണ്. നിരപരാധികള്‍ക്ക് നേരെയുള്ള ആക്രമണ പരമ്പരകളുടെ ഒരു തുടക്കം അല്ലാതിരിക്കട്ടെ അത്. പാശ്ചാത്യ രാഷ്ട്രങ്ങളും ഭരണകൂടങ്ങളും മാധ്യമങ്ങളും നീതിയിലും സമത്വത്തിലും സഹവര്‍ത്തിത്വത്തിലും ഊന്നുന്ന നയം സ്വീകരിച്ചിരുന്നെങ്കില്‍ എന്നും ഇതോടൊപ്പം ആഗ്രഹിക്കുകയാണ്. ഇസ്‌ലാമിനെതിരെയുള്ള പ്രവര്‍ത്തനങ്ങളും സൈനിക ഇടപെടലുകളും അവസാനിപ്പിച്ച് അവര്‍ ന്യായമായ വിഷയങ്ങളെ പിന്തുണക്കുകയും ചെയ്യട്ടെ. അതില്‍ മുഖ്യ ഊന്നല്‍ നല്‍കേണ്ടത് എഴുപത് വര്‍ഷത്തോളമായി പ്രയാസത്തില്‍ കഴിയുന്ന ഫലസ്തീന്‍ ജനതയുടെ പ്രശ്‌നം തന്നെയാവട്ടെ.

മൊഴിമാറ്റം: നസീഫ്‌

Related Articles