Current Date

Search
Close this search box.
Search
Close this search box.

പേടിച്ചരണ്ട് തെല്‍അവീവ്… ഗസ്സ ആഹ്ലാദത്തിമിര്‍പ്പില്‍

gaza.jpg

ഇസ്രായേല്‍ -ഫലസ്തീന്‍ പോരാട്ട ചരിത്രത്തിലെ നിര്‍ണായക ദിവസങ്ങളിലൊന്നായിരുന്നു ഇന്നലെ (വ്യാഴാഴ്ച). തങ്ങളുടെ നായകന്‍ അഹ്മദ് ജഅ്ബരിയെ ബുധനാഴ്ച സയണിസ്റ്റ് സേന വധിച്ചതിന്റെ രക്തക്കറയുണങ്ങുന്നതിന് മുമ്പ് പ്രതികാരവുമായി പോരാടിയ അല്‍ഖസ്സാം ബ്രിഗേഡിയറിന്റെ ‘ഹിജാറത്തുസ്സിജ്ജീല്‍’ എന്ന പ്രത്യാക്രമണ പദ്ധതി മര്‍മത്തില്‍ പതിച്ചത് ഇന്നലെയായിരുന്നു. ഇസ്രായേലിന്റെ തലസ്ഥാന നഗരിയായ തെല്‍അവീവിന്റെ തിരുമുറ്റത്ത് പോരാളികളുടെ റോക്കറ്റ് പതിക്കുന്നത് ഇസ്രായേല്‍ ജനതയോ ഭരണകൂടമോ സ്വപ്‌നം കാണാത്ത കാര്യമായിരുന്നു. ഈ ലേഖനം എഴുതുന്നത് വരെയുള്ള കണക്കനുസരിച്ച് മുന്നൂറിലധികം റോക്കറ്റുകള്‍ അല്‍ഖസ്സാം ഇസ്രായേലിന് മേല്‍ വര്‍ഷിച്ചു കഴിഞ്ഞു. നാല് പേര്‍ കൊല്ലപ്പെടുകയും, പത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും, ഒരു ചാരവിമാനം തകര്‍ക്കപ്പെട്ടതായുമാണ് റിപ്പോര്‍ട്ട്.

തങ്ങള്‍ സുരക്ഷിതരാണെന്നായിരുന്നു ഇസ്രായേല്‍ ജനതയുടെ ഇതുവരെയുള്ള ധാരണ. അമേരിക്കന്‍-യൂറോപ്യന്‍ ഭരണകൂടങ്ങളുടെ പിന്തുണയുള്ള തങ്ങള്‍ ദരിദ്രവാസികളായ ഫലസ്തീനികളുടെ ചെറുത്ത് നില്‍പിനെ എന്തിന് ഭയപ്പെടണം? അറുപത്തിനാല് വര്‍ഷമാണ് അതിരുകളില്ലാ രാഷ്ട്രത്തിന്റെ പ്രായം. അതിനിടയില്‍ തന്നെ നാല്‍പത് വര്‍ഷത്തോളമായി തെല്‍അവീവിലേക്ക് ഒരു റോക്കറ്റ് പോലും എത്തിയിട്ടുമില്ല. മാത്രമല്ല, തങ്ങളുടെ കുട്ടികള്‍ കറിവെച്ച് കളിക്കുന്നത് പോലും ഫലസ്തീനികളുടെ രക്തമുപയോഗിച്ചാണ്.

എന്നാല്‍ ഇപ്പോള്‍ കാര്യം കുഴഞ്ഞ് മറിഞ്ഞിരിക്കുന്നു. അല്‍ഖസ്സാമിന്റെ റോക്കറ്റുകള്‍ തെല്‍അവീവിന്റെ നെഞ്ചകം പിളര്‍ത്തിയിരിക്കുന്നു. കഴിഞ്ഞ ഏതാനും ദശകങ്ങള്‍ക്കിടയില്‍ ആദ്യമായാണ് തെല്‍അവീവ് പട്ടണത്തില്‍ അപായമണി മുഴങ്ങിയത്. ഫലസ്തീന്‍ ചെറുത്ത് നില്‍പ് പോരാളികളുടെ റോക്കറ്റുകള്‍ തങ്ങളുടെ തിരുമുറ്റത്ത് വന്ന് പതിച്ചതിന്റെ നിലവിളിയുടെ ഔദ്യോഗിക രൂപമായിരുന്നു അത്. ആക്രമണം നടക്കുന്ന സമയത്ത് സയണിസ്റ്റ് സൈന്യത്തിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സിന് അകത്തായിരുന്നു ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്‍യാമീന്‍ നെതന്യാഹു. തന്റെ രണ്ട് സഹായികളുടെ കൂടെ സുരക്ഷിത അഭയകേന്ദ്രത്തിലേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു പ്രധാനമന്ത്രിയെന്ന് സയണിസ്റ്റ് വെബ്‌സൈറ്റായ ‘യെദിഹോത് അഹറനോത്’ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇസ്രായേല്‍-ഫലസ്തീന്‍ പോരാട്ടത്തിന്റെ ചരിത്രത്തിലാദ്യമായി തെല്‍അവീവില്‍ റോക്കറ്റെത്തിയത് ഭയവിഹ്വലതയോടെയാണ് സയണിസ്റ്റ് സമൂഹം അഭിമുഖീകരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തെല്‍അവീവില്‍ നിന്ന് അപകടമണി മുഴങ്ങിയതോടെ നിലവിളിച്ച് കൊണ്ടും പൊട്ടിക്കരഞ്ഞുകൊണ്ടും ജനങ്ങള്‍ എങ്ങോട്ടെന്നില്ലാതെ ഓടുകയായിരുന്നുവെന്ന് ഖുദ്‌സ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തെല്‍അവീവിലെ അധ്യാപകനായ ഉസാമ ബര്‍ഹം പറയുന്നത് ഇപ്രകാരമാണ്. ‘ഞാന്‍ സാധാരണ കാണാറുള്ള പരുഷവും ധൈര്യവുമുള്ള മുഖങ്ങളല്ല ഇസ്രായേല്‍ സൈനികരില്‍ കണ്ടത്. ആകെ കരച്ചിലും, രോദനവും മാത്രമായിരുന്നു അവയില്‍ പ്രകടമായിരുന്നത്.’

മാത്രമല്ല, ഗസ്സയില്‍ നിന്ന് തങ്ങള്‍ക്ക് മേല്‍ പതിക്കുന്ന റോക്കറ്റുകളില്‍ നിന്നും സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് തെല്‍അവീവില്‍ ഇസ്രായേലി പൗരന്മാര്‍ ഭരണകൂടത്തിനെതിരെ പ്രകടനം നടത്തുകയും ചെയ്തു. അപകടത്തെക്കുറിക്കുന്ന ചുവന്ന വസ്ത്രം ധരിച്ച് നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു.

സ്വന്തം സുരക്ഷക്ക് പോലും ശേഷിയില്ലാത്ത ഇസ്രായേല്‍ രാഷ്ട്രത്തിന്റെ പൊള്ളത്തരം വെളിവാക്കുന്നതാണ് തെല്‍അവീവില്‍ റോക്കറ്റുകള്‍ പതിച്ചത് വ്യക്തമാക്കുന്നതെന്ന് ഈജിപ്ഷ്യന്‍ മുന്‍ സൈനിക ഓഫീസറും, നിലവിലെ സൈനിക വിദഗ്ദനുമായ സ്വഫ്‌വത് സയ്യാത്ത് വ്യക്തമാക്കുന്നു. ഇസ്രായേല്‍ സൈന്യത്തിന് ഗസ്സക്ക് മേല്‍ അധിനിവേശം നടത്താന്‍ കഴിയുകയില്ലെന്നാണ് സ്വഫ്‌വത് സയ്യാത്ത് അഭിപ്രായപ്പെടുന്നത്. ഇസ്രായേല്‍ നേതൃത്വത്തെ വീണ്ടും പരാജയപ്പെട്ട വിഢ്ഢികള്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

ഗസ്സയില്‍ സ്ഥിതി വ്യത്യസ്തമാണ്. രക്തസാക്ഷികള്‍ അവര്‍ക്ക് പുത്തരിയല്ല. അല്‍ഖസ്സാമിന്റെ പുതിയ മുന്നേറ്റം അവര്‍ക്ക് നവചൈതന്യവും ആത്മവിശ്വാസവും നല്‍കിയിരിക്കുന്നു. തങ്ങളുടെ മേല്‍ മൂളിപ്പറക്കുന്ന യുദ്ധവിമാനങ്ങള്‍ക്ക് അവര്‍ പുല്ലുവിലപോലും കല്‍പിക്കുന്നില്ല. പതിനേഴ് രക്തസാക്ഷികളെ ഇതിനകം സമര്‍പ്പിച്ചു കഴിഞ്ഞുവെങ്കിലും ഗസ്സയിലെങ്ങും സന്തോഷവും ആഹ്ലാദവുമാണ്. ചരിത്രത്തിലാദ്യമായി സയണിസ്റ്റ് രാഷ്ട്രത്തിന്റെ തലസ്ഥാന നഗരിയിലേക്ക് കടന്ന് ചെന്നതിന്റെ സന്തോഷത്തിലാണവര്‍. ഇസ്രായേലിന്റെ ആധുനിക ലോഹ സുരക്ഷാകവചത്തെ ഭേദിച്ച്, നാണം കെടുത്തിക്കളഞ്ഞു അല്‍ഖസ്സാമിന്റെ റോക്കറ്റുകള്‍. ലോകആയുധ മാര്‍ക്കറ്റിന്റെ നേതൃത്വം അവകാശപ്പെടാന്‍ തക്ക കണ്ടെത്തലെന്നായിരുന്നു ലോഹകവചത്തെ അവര്‍ വിശേഷിപ്പിച്ചിരുന്നത്. അല്‍ഖസ്സാമിന്റെ ‘ഫജ്ര്‍’ റോക്കറ്റുകള്‍ക്ക് മുന്നില്‍ എല്ലാവിധ അവകാശവാദങ്ങളും പൊട്ടിപ്പൊളിഞ്ഞ് പോയിരിക്കുന്നു.

ചെറുത്ത് നില്‍പ് ചരിത്രത്തിന്റെ മറ്റൊരു ഘട്ടത്തിലേക്കാണ് തങ്ങള്‍ പ്രവേശിച്ചിരിക്കുന്നതെന്നാണ് ഗസ്സാനിവാസികള്‍ വ്യക്തമാക്കുന്നത്. വേദനയില്‍ മുങ്ങിയിരിക്കെത്തന്നെ തങ്ങള്‍ക്ക് കുളിര് പകരുന്ന കാഴ്ചയാണ് തെല്‍അവീവിന്റെ നെഞ്ചകം പിളരുകയെന്നത്. ‘ഞങ്ങള്‍ക്ക് വേദനയുണ്ട്, പക്ഷെ ഞങ്ങള്‍ ഉറച്ച് നില്‍ക്കുക തന്നെ ചെയ്യും. ഫലസ്തീന്റെ മോചനത്തിന് വേണ്ടി ഹൃദയം പറിച്ച് നല്‍കും. ഞങ്ങള്‍ക്ക് കരയാനായി ഒന്നും തന്നെയില്ല.’ ഫലസ്തീന്‍ പൗരനായ അഹ്മദ് പരിക്ക് പറ്റി ആശുപത്രിക്കിടക്കിയില്‍ വെച്ച് പറഞ്ഞ വാക്കുകളാണിവ.

അതെ, ഫലസ്തീനികള്‍ ചെറുത്ത് നില്‍ക്കുക തന്നെ ചെയ്യും. പഴയകാല അറബ് ഭരണകൂടങ്ങളില്‍ നിന്ന് വ്യത്യസ്തമായി ചങ്കൂറ്റമുള്ള ചില രാഷ്ട്രങ്ങള്‍ അവര്‍ക്കൊപ്പം നില്‍ക്കാന്‍ ഇപ്പോള്‍ തയ്യാറാണ് എന്നത് ശുഭസൂചനയാണ്. ഈജിപ്ത് ഫലസ്തീനികളുടെ കൂടെത്തന്നെയാണ്. അധികാരമേറ്റയുടനെ ഈജിപ്ഷ്യന്‍ ഭരണകൂടം അടിയന്തിരമായി അയച്ചത് രണ്ട് സന്ദേശങ്ങളായിരുന്നു. ആദ്യത്തേത് ഫലസ്തീനിലേക്ക്. ഉപരോധിക്കപ്പെട്ട ജനങ്ങള്‍ക്ക് ഈജിപ്തിന്റെ സര്‍വവിധ പിന്തുണയുമുണ്ടെന്ന പ്രഖ്യാപനമായിരുന്നു അതില്‍. രണ്ടാമത്തേത് ഇസ്രായേലിലേക്കായിരുന്നു. ഫലസ്തീനെ ആക്രമിക്കുന്ന പക്ഷം ഈജിപ്ത് കയ്യും കെട്ടി നോക്കിനില്‍ക്കുമെന്ന് വ്യാമോഹിക്കേണ്ടതില്ലെന്ന താക്കീതായിരുന്നു അതില്‍. ഗസ്സയിലേക്ക് സഹായം എത്തിക്കുന്നതിനായി, അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനായി തങ്ങളുടെ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഒരു സംഘത്തെ ഗസ്സയിലേക്ക് അയച്ചു കഴിഞ്ഞു ഈജിപ്ത്.

 

Related Articles