Current Date

Search
Close this search box.
Search
Close this search box.

‘പത്ത് വര്‍ഷത്തിന് ശേഷം ഇസ്രായേലില്ല’

israel.jpg

അമേരിക്കന്‍ മുന്‍വിദേശകാര്യ മന്ത്രി ഹെന്റി കിസിന്‍ജറില്‍ നിന്ന് ഏറ്റവും പുതിയ ഒരു പ്രസ്താവന കൂടി പുറത്ത് വന്നിരിക്കുന്നു. ഏറ്റവുമൊടുവില്‍ ന്യൂയോര്‍ക്ക് പോസ്റ്റ് പുറത്ത് വിട്ട അദ്ദേഹത്തിന്റെ പത്ര സമ്മേളനത്തില്‍ ഇസ്രായേലിന്റെ അവസാനത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. അദ്ദേഹത്തിന്റെ മുന്‍പ്രസ്താവനകളുമായി തുലനം ചെയ്യുമ്പോള്‍ അത്ര ആശ്ചര്യമോ, അല്‍ഭുതമോ ഉളവാക്കുന്ന വര്‍ത്തമാനമല്ല ഇത്. ഏകദേശം മൂന്ന് ദശകങ്ങള്‍ക്ക് മുമ്പ്, അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന റിച്ചാര്‍ഡ് നിക്‌സണിന്റെ സാമൂഹിക സുരക്ഷാ വകുപ്പില്‍ മുഖ്യഉപദേഷ്ടാവായിരുന്ന കാലത്ത് കിസിന്‍ജര്‍ നടത്തിയ പ്രസ്താവന ഇപ്രകാരമായിരുന്നു. ‘ഒക്ടോബര്‍ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സൈനിക ശക്തിയായിരിക്കുകയാണ് ഇസ്രായേല്‍. പ്രദേശത്തെ മുഖ്യഅസ്തിത്വമായി മാറാനുള്ള സമയമായിരിക്കുന്നു.’

ഒരു വര്‍ഷം മുമ്പാണ് ‘ഡൈലി സ്‌കീപ്’ എന്ന പത്രത്തില്‍ അദ്ദേഹം മറ്റൊരു പ്രസ്താവന നടത്തിയത്. ‘തങ്ങളുടെ സര്‍വശക്തിയും ആയുധങ്ങളുമുപയോഗിച്ച് കഴിയുന്നത്ര അറബികളെ വധിക്കാനും, പശ്ചിമേഷ്യയുടെ പകുതിയെങ്കിലും അധിനിവേശം നടത്താനും ഇസ്രായേല്‍ ശ്രമിക്കേണ്ടതുണ്ട്’ എന്നായിരുന്നു അത്. അന്നവര്‍ പറഞ്ഞത് ‘ഡൈലി സ്‌കീപ്’ എന്നത് ഒരു ഹാസ്യപത്രമാണെന്നും, പ്രസ്താവന കേവലം സാങ്കല്‍പികം മാത്രമാണെന്നുമായിരുന്നു.

ഇപ്പോള്‍ കിസിന്‍ജറുടെ ഏറ്റവും പുതിയ പ്രസ്താവന രംഗത്തെത്തിയിരിക്കുന്നു. വര്‍ഷങ്ങളായി അമേരിക്കയുടെ വൈദേശിക രാഷ്ട്രീയത്തിന്റെ സുപ്രധാന ശില്‍പികളിലൊരാളും നിരീക്ഷകനുമായ ഒരാളുടെ പ്രസ്താവനയാണ് ഇതെന്ന് നാം മനസ്സിലാക്കണം. നിരുപാധികമായ ഇസ്രായേല്‍ പ്രീണനവും പിന്തുണയും കൊണ്ട് പ്രസിദ്ധനാണ് ഇയാള്‍. ഇസ്രായേലിന്റെ സുരക്ഷക്ക് വേണ്ട സാമ്പത്തികവും, രാഷ്ട്രീയവും, സൈനികവും, സാങ്കേതികവുമായ കാര്യങ്ങളെക്കുറിച്ച ഗവേഷണം നടക്കുന്നത് ഇയാളുടെ നേതൃത്വത്തിലാണ്. അദ്ദേഹം പറഞ്ഞ കാര്യമെന്താണെന്നറിയേണ്ടേ? ‘പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇസ്രായേല്‍ എന്ന ഒരു രാഷ്ട്രമുണ്ടായിരിക്കുകയില്ല’ എന്നതായിരുന്നു അത്. അതായത് 2022-ല്‍ ഇസ്രായേല്‍ ഉണ്ടായിരിക്കുകയില്ല എന്ന് ചുരുക്കം.

ഒരു രാഷ്ട്രമെന്ന നിലയില്‍ ഇസ്രായേല്‍ പത്ത് വര്‍ഷങ്ങള്‍ക്കകം പൂര്‍ണമായും തിരോഭവിക്കുമെന്ന് അദ്ദേഹം നിര്‍ണയിച്ച് പറഞ്ഞതിലാണ് നമുക്ക് ആശ്ചര്യമുള്ളത്. ഇസ്രായേലിനെ പിന്തുണക്കണമെന്നും, സംരക്ഷിക്കണമെന്നും നിര്‍ദ്ദേശിക്കുകയോ, ഇക്കാര്യത്തില്‍ ജാഗ്രതപുലര്‍ത്തണമെന്ന് ആവശ്യപ്പെടുകയോ അല്ല അദ്ദേഹം ചെയ്യുന്നത്. മറിച്ച് ഇക്കാര്യം അനിവാര്യമായ വിധിയെന്ന നിലയിലാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ഇസ്രായേലിനോടുള്ള കോപം കാരണം വിളിച്ച് പറയുന്നതുമല്ല ഇത്. മറിച്ച് ഇക്കാര്യം സ്ഥിരീകരിക്കുന്ന തൃപ്തികരമായ തെളിവുകള്‍ അദ്ദേഹത്തിന്റെ പക്കലുണ്ടെന്ന് വ്യക്തം. ഇസ്രായേലിന്റെ നിലനില്‍പിനാവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നതിന് പകരം ‘ഇസ്രായേലിന് ശേഷമുള്ള പശ്ചിമേഷ്യയെ നേരിടാനുള്ള തയ്യാറെടുപ്പ്’ എന്ന പേരില്‍ അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സി തയ്യാറാക്കിയ റിപ്പോര്‍ട്ടിനോട് യോജിക്കുന്ന തരത്തില്‍ പ്രസ്തവാനകള്‍ നടത്തുകയാണ് അദ്ദേഹം ചെയ്യുന്നത്. പശ്ചിമേഷ്യയിലെ ഇസ്രായേല്‍ എന്ന രാഷ്ട്രം അനിവാര്യമായ അന്ത്യത്തോട് അടുത്തിരിക്കുകയാണ് എന്നതാണ് പ്രസ്തുത റിപ്പോര്‍ട്ട് ഊന്നുന്ന കാര്യം.

ഇസ്രായേലിന്റെ തിരോധാനത്തിന് കാരണമായേക്കാവുന്ന കാരണങ്ങളും പ്രസ്തുത റിപ്പോര്‍ട്ടില്‍ എണ്ണിപ്പറയുന്നുണ്ട്. അറബ് ലോകത്തൊന്നടങ്കം അടിച്ച് വീശുന്ന ജനകീയ വിപ്ലവവേലിയേറ്റവും, അതിനെ തുടര്‍ന്ന് അതുവരെയുണ്ടായിരുന്ന രാഷ്ട്രീയ-സാമൂഹിക വ്യവസ്ഥകള്‍ക്കുണ്ടായ നാശവും, ഈജിപ്ത് പോലുള്ള സുപ്രധാന രാഷ്ട്രങ്ങളില്‍ പുതിയ പ്രസ്ഥാനങ്ങള്‍ അധികാരമേറ്റതുമാണ് അവയില്‍ മുന്‍നിരയിലുള്ളത്. അറബ് വസന്തത്തിന്റെ ഫലമെന്നോണം ഇസ്രായേല്‍ ബന്ധമുള്ള അറബ് നേതൃത്വങ്ങളാണ് കടപുഴകി വീണത്. പ്രസ്തുത വ്യവസ്ഥകളൊക്കെ ഇസ്രയേലിന്റെ നിലനില്‍പിനാവശ്യമായ നിര്‍ണായക സേവനങ്ങള്‍ സമര്‍പ്പിക്കുന്നവയായിരുന്നു.

പുതുതായി നിലവില്‍ വന്ന ഭരണകൂടങ്ങള്‍ പ്രദേശത്ത് കൂടുതല്‍ ജനാധിപത്യപരവും, അതോടൊപ്പം ഇസ്രായേലിനോട് കൂടുതല്‍ ശത്രുതാപരവുമായ നിലപാടുകളാണ് സ്വീകരിക്കുകയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇനിയും ഇസ്രായേലിനെ പിന്തുണക്കാന്‍, സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അമേരിക്ക ശ്രമിക്കരുതെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നുണ്ട്.

ഇസ്രായേലിനുള്ള അന്ധമായ പിന്തുണ കാരണമാണ് അമേരിക്കന്‍ ഭരണഘടന വകവെച്ച് നല്‍കുന്ന മനുഷ്യാവകാശങ്ങള്‍ക്കും, യുനൈറ്റഡ് നാഷന്‍സ് അംഗീകരിച്ച മാനുഷിക അടിസ്ഥാനങ്ങള്‍ക്കും വിരുദ്ധമായ സമീപനങ്ങള്‍ സ്വീകരിക്കാന്‍ അമേരിക്ക നിര്‍ബന്ധിതമായതെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. ലോകത്തുള്ള സകല ജനവിഭാങ്ങള്‍ക്കും അമേരിക്കയോടുള്ള ആദരവും, ബഹുമാനവും നഷ്ടപ്പെടുത്താനാണ് പ്രസ്തുത ഇരട്ടത്താപ്പ് നയം കാരണമായതെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

അതിനിടെ, കിസിന്‍ജറുടെ പ്രസ്താവനകള്‍ നിഷേധിച്ച് ഏതാനും പേര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ താന്‍ ന്യൂയോര്‍ക്ക് പോസ്റ്റില്‍ ഉദ്ധരിച്ച വാര്‍ത്ത തീര്‍ത്തും സൂക്ഷ്മവും ശരിയുമാണെന്ന് പത്രാധിപര്‍ വെളിപ്പെടുത്തുന്നു. കിസിന്‍ജര്‍ പറഞ്ഞത് അക്ഷരംപ്രതി ഉദ്ധരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഇസ്രായേല്‍ വൃത്തങ്ങളില്‍ കാര്യമായ അസ്ഥിരത രൂപപ്പെടാന്‍ പ്രസ്തുത പ്രസ്താവന കാരണമായെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ജീവിതകാലം മുഴുവന്‍ ഇസ്രായേലിന്റെ സംരക്ഷണത്തിന് വേണ്ടി ഉഴിഞ്ഞ് വെച്ച ഒരു രാഷ്ട്രീയ നിരീക്ഷകന്റെ അഭിപ്രായം പൂര്‍ണാര്‍ത്ഥത്തില്‍ അവഗണിക്കാനാവില്ലല്ലോ. ആഗോള രാഷ്ട്രീയ സംഭവ വികാസങ്ങള്‍ നിരീക്ഷിക്കുന്ന പ്രഗല്‍ഭ ചിന്തകരും, നയതന്ത്ര സംബന്ധിയായ പഠനങ്ങളും വ്യക്തമാക്കുന്നത് ഇക്കാര്യം തന്നെയാണ്.

ഇതിന്റെ അനുരണനങ്ങള്‍ അമേരിക്കയും, ഇസ്രായേലും തമ്മിലുള്ള ബന്ധങ്ങളിലും പ്രകടമായിത്തുടങ്ങിയിട്ടുണ്ട്. തന്നെ സന്ദര്‍ശിക്കാനെത്തിയ ഇസ്രായേല്‍ പ്രസിഡന്റ് ബെന്‍യാമീന്‍ നെതന്യാഹുവിന് തന്റെ എല്ലാവിധ തിരക്കുകള്‍ക്കും ശേഷമാണ് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ അവസരം നല്‍കിയത്. അതേസമയം തന്നെ പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്ക് ഒബാമ പ്രത്യേക സന്ദര്‍ശനം അനുവദിച്ച് നല്‍കുകയും ചെയ്തു.

മൊസാദിന്റെ മുന്‍നേതാവായിരുന്ന മാനിര്‍ ദാഗാന്റെ മറ്റൊരു പ്രസ്താവന ഇസ്രായേലിന്റെ നിലവിലുള്ള പ്രതിസന്ധി വ്യക്തമാക്കുന്നതാണ്. ‘ഭരണകൂടത്തിന് രാഷ്ട്രത്തെ ഭരിക്കാന്‍ കഴിയാത്ത വിധത്തില്‍ കാര്യങ്ങളെത്തിച്ചേര്‍ന്നിരിക്കുന്നു’.  ഇതേ അഭിമുഖത്തില്‍ തന്നെ അദ്ദേഹം തുടരുന്നു ‘നാം അഗാധ ഗര്‍ത്തത്തിന്റെ അരികിലാണ്. ഞാന്‍ അതിശയോക്തി കലര്‍ത്തി പറയുകയല്ല. വലിയ ദുരന്തമാണ് മുന്നിലുള്ളത്. ഭാവിയില്‍ സംഭവിക്കാനിരിക്കുന്നതിനെക്കുറിച്ച മോശപ്പെട്ട ലക്ഷണങ്ങളാണ് നാം അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്നത്.’

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles