Current Date

Search
Close this search box.
Search
Close this search box.

ന്യൂനപക്ഷ പ്രീണനം എന്ന കെട്ടുകഥ

Muslim.gif

ഇന്ത്യയിലെ മുസ്‌ലിംകളുടെ ഇടവുമായി ബന്ധപ്പെട്ട സമകാലിക ചര്‍ച്ചയില്‍, അവരുടെ സാമൂഹ്യ-സാമ്പത്തിക അവസ്ഥ എന്ന ഘടകം ഉള്‍പ്പെടുത്തപ്പെട്ടിരുന്നില്ല. സാമൂഹികവും സാമ്പത്തികവുമായി മുസ്‌ലിംകള്‍ അതിവേഗം ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. ദക്ഷിണേന്ത്യയിലേതിനേക്കാള്‍ വളരെയധികം പരിതാപകരമാണ് ഉത്തരേന്ത്യയിലേയും പശ്ചിമേന്ത്യയിലേയും അവരുടെ അവസ്ഥ. ഇന്ത്യന്‍ ഹ്യൂമന്‍ ഡവലപ്‌മെന്റ് സര്‍വ്വെ (ഐ.എച്ച്.ഡി.എസ്)യുടെ 2004-05, 2011-12 വര്‍ഷങ്ങളിലെ കണക്കുകള്‍ വെച്ച് വടക്ക്, കിഴക്ക്, പടിഞ്ഞാറ്, തെക്ക് എന്നീ നാല് മേഖലകളെയും പരിശോധിക്കുകയാണ് ഇവിടെ. ഓരോ മേഖലയെയും രണ്ട് സംസ്ഥാനങ്ങളാണ് പ്രതിനിധീകരിക്കുക.

വടക്കന്‍ മേഖലയില്‍, ഉത്തര്‍പ്രദേശും (2011-ലെ സെന്‍സസ് പ്രകാരം 19.3 ശതമാനമാണ് അവിടുത്തെ മുസ്‌ലിം ജനസംഖ്യ) ഹരിയാനയും (17 ശതമാനം); കിഴക്ക്, ബിഹാറും (16.9 ശതമാനം) പശ്ചിമബംഗാളും (27 ശതമാനം); പടിഞ്ഞാറ്, ഗുജറാത്തും (9.7 ശതമാനം) മഹാരാഷ്ട്രയും (11.5 ശതമാനം); തെക്ക്, കര്‍ണാടകയും (12.9 ശതമാനം) കേരളവും (26.6 ശതമാനം). 2011-ലെ കണക്കുപ്രകാരമുള്ള മൊത്തം 170 മില്ല്യണ്‍ മുസ്‌ലിംകളില്‍ 68.5 ശതമാനവും ഉള്ളത് മേല്‍സൂചിപ്പിച്ച സംസ്ഥാനങ്ങളിലാണ്. മുസ്‌ലിംകളെ ഒരൊറ്റ വിഭാഗമെന്ന നിലയിലാണ് ഞങ്ങള്‍ പരിശോധിക്കുന്നത്, കാരണം സാമൂഹ്യ-സാമ്പത്തിക പരിപ്രേക്ഷ്യത്തില്‍, ഹിന്ദു ഓ.ബി.സി-കള്‍ക്കും മറ്റു ഹിന്ദുക്കള്‍ക്കും ഇടയില്‍ നിലനില്‍ക്കുന്ന വിടവുമായി താരതമ്യം ചെയ്യുമ്പോള്‍ മുസ്‌ലിം ഓ.ബി.സി-കളും മറ്റു മുസ്‌ലിംകളും തമ്മിലുള്ള അന്തരം വളരെ പരിമിതമാണ്.

ദക്ഷിണേന്ത്യയില്‍ മുസ്‌ലിംകള്‍ വളരെ നല്ല നിലയിലാണുള്ളത്. 2011-12-ല്‍, കേരളത്തിലെ മുസ്‌ലിംകളുടെ പ്രതിശീര്‍ഷ വാര്‍ഷിക വരുമാനം ഗുജറാത്ത് മുസ്‌ലിംകളെക്കാള്‍ രണ്ടു മടങ്ങും ഉത്തര്‍പ്രദേശ് മുസ്‌ലിംകളെക്കാള്‍ രണ്ടു മടങ്ങിലധികവുമായിരുന്നു. മുസ്‌ലിംകളെക്കാള്‍ ഹിന്ദുക്കളാണ് സാമ്പത്തികമായി കൂടുതല്‍ മുന്നിട്ടു നില്‍ക്കുന്നത്, പക്ഷെ ദരിദ്ര സംസ്ഥാനങ്ങളിലും (ഉത്തര്‍പ്രദേശില്‍ ഹിന്ദുക്കള്‍ സമ്പാദിക്കുന്നതിന്റെ 91 ശതമാനവും, ബിഹാറില്‍ ഹിന്ദുക്കള്‍ സമ്പാദിക്കുന്നതിന്റെ 82 ശതമാനവുമാണ് മുസ്‌ലിംകളുടെ സമ്പാദ്യം) ദക്ഷിണേന്ത്യയിലും (കേരളത്തില്‍ 73 ശതമാനം, മഹാരാഷ്ട്രയില്‍ 74 ശതമാനം, കര്‍ണാടകയില്‍ 75 ശതമാനം) അന്തരം വളരെ ചെറുതാണ്. പശ്ചിമ ബംഗാളിലും ഗുജറാത്തിലും (രണ്ടു സംസ്ഥാനങ്ങളിലും ഹിന്ദുക്കള്‍ സമ്പാദിക്കുന്നതിന്റെ 63 ശതമാനം മാത്രമാണ് മുസ്‌ലിംകളുടെ സമ്പാദ്യം) ഹരിയാനയിലും (ഇവിടെ ഹിന്ദുക്കള്‍ സമ്പാദിക്കുന്നതിന്റെ 33 ശതമാനം മാത്രമാണ് മുസ്‌ലിംകളുടെ സമ്പാദ്യം, മേവാത്ത് പോലെയുള്ള മുസ്‌ലിം ഭൂരിപക്ഷ ജില്ലകളുടെ മോശം അവസ്ഥയാണ് ഭാഗികമായി ഇതിന് കാരണം) അന്തരം വളരെ വലുതാണ്.

ഹിന്ദു ഓ.ബി.സി-കളേക്കാള്‍ മുസ്‌ലിംകളുടെ അവസ്ഥ മെച്ചപ്പെട്ട ഒരു സംസ്ഥാനവുമില്ല. ഭൂരിഭാഗം സംസ്ഥാനങ്ങളിലും, ഹിന്ദു ദലിതുകളെക്കാള്‍ കുറവാണ് മുസ്‌ലിംകളുടെ സമ്പാദ്യം: ഹരിയാനയില്‍ ദലിതുകള്‍ സമ്പാദിക്കുന്നതിന്റെ 68 ശതമാനവും ഗുജറാത്തില്‍ 69 ശതമാനവും പശ്ചിമ ബംഗാളില്‍ 79 ശതമാനവും കേരളത്തില്‍ 82 ശതമാനവും മഹാരാഷ്ട്രയില്‍ 87 ശതമാനവുമാണ് മുസ്‌ലിംകളുടെ പ്രതിശീര്‍ഷ വാര്‍ഷിക വരുമാനം. കര്‍ണാടകയിലും (ദലിതുകള്‍ സമ്പാദിക്കുന്നതിന്റെ 101 ശതമാനം) ബിഹാറിലും (115 ശതമാനം) ഉത്തര്‍പ്രദേശിലും (131 ശതമാനം) മാത്രമാണ് മുസ്‌ലിംകള്‍ ഹിന്ദു ദലിതുകളേക്കാള്‍ സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലുള്ളത്.

ഐ.എച്ച്.ഡി.എസ്-ന്റെ ആദ്യഘട്ട സര്‍വ്വെ ഫലങ്ങള്‍ പുറത്തുവിട്ട 2004-05 കാലയളവില്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ സാമൂഹ്യ-സാമ്പത്തിക അവസ്ഥ അത്ര ഗുരുതരമായിരുന്നില്ല. ഉദാഹരണമായി, കേരളത്തിലെ ഹിന്ദു ദലിതുകളെക്കാള്‍ ഉയര്‍ന്നതായിരുന്നു മുസ്‌ലിംകളുടെ സമ്പാദ്യം (അതു പിന്നീട് 136 ശതമാനത്തില്‍ നിന്നും 82 ശതമാനത്തിലേക്ക് കൂപ്പുക്കുത്തി). ഉത്തര്‍പ്രദേശിലൊഴികെ (അവിടെ 124-ല്‍ നിന്നും 132-ലേക്ക് ഉയര്‍ന്നു) ബാക്കിയെല്ലായിടത്തും ഹിന്ദു ദലിതുകളെ അപേക്ഷിച്ച് മുസ്‌ലിംകളുടെ സാമൂഹ്യ-സാമ്പത്തിക പദവി ഇടിഞ്ഞു. ഹരിയാനയില്‍ 85 ശതമാനത്തില്‍ നിന്നും 68 ശതമാനമായും, ഗുജറാത്തില്‍ 76 ശതമാനത്തില്‍ നിന്നും 69 ശതമാനമായും, മഹാരാഷ്ട്രയില്‍ 90 ശതമാനത്തില്‍ നിന്നും 87 ശതമാനമായും, ബിഹാറില്‍ 134 ശതമാനത്തില്‍ നിന്നും 115 ശതമാനമായും, പശ്ചിമ ബംഗാളില്‍ 81 ശതമാനത്തില്‍ നിന്നും 79 ശതമാനമായും, കര്‍ണാടകയില്‍ 107 ശതമാനത്തില്‍ നിന്നും 101 ശതമാനമായും മുസ്‌ലിംകളുടെ പ്രതിശീര്‍ഷ വര്‍ഷിക വരുമാന നിരക്ക് ഇടിഞ്ഞു. ദലിതുകളുടെ ഭൗതിക പുരോഗതിയല്ല ഇതിന് കാരണം: ഈ പ്രവണത ഹിന്ദു ഓ.ബി.സി-കളുമായുള്ള താരതമ്യത്തില്‍ കൂടുതല്‍ പ്രകടമാണ്. 2004-05 കാലയളവില്‍, യു.പിയിലും ബിഹാറിലും ഹിന്ദു ഓ.ബി.സി-കളെ അപേക്ഷിച്ച് ഉയര്‍ന്നതായിരുന്നു മുസ്‌ലിംകളുടെ പ്രതിശീര്‍ഷ വാര്‍ഷിക വരുമാനം – 2011-12 കാലയളവില്‍ അതില്ലാതായി. ചില സംസ്ഥാനങ്ങളില്‍, മുസ്‌ലിംകളുടെ തകര്‍ച്ച വിചിത്രമാണ്: 2004-05 കാലയളവില്‍ ഗുജറാത്തിലെ ഹിന്ദു ഓ.ബി.സി-കളുമായി ഒപ്പത്തിനൊപ്പമായിരുന്നു മുസ്‌ലിംകള്‍ (അന്ന് ഹിന്ദു ഓ.ബി.സികളുടെ പ്രതിശീര്‍ഷ വാര്‍ഷിക വരുമാനത്തിന്റെ 97 ശതമാനമായിരുന്നു മുസ്‌ലിംകളുടെ പ്രതിശീര്‍ഷ വാര്‍ഷിക വരുമാനം), പക്ഷെ ഏഴു വര്‍ഷത്തിന് ശേഷം, അത് 72 ശതമാനമായി പിന്നോട്ടടിച്ചു.

വരുമാനത്തിന്റെ കാര്യത്തിലെന്ന പോലെ, മുസ്‌ലിംകളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കേരളമാണ് മുന്നില്‍. 4.3 ശതമാനമാണ് കേരളത്തിലെ മുസ്‌ലിം ബിരുദധാരികളുടെ എണ്ണം. മഹാരാഷ്ട്ര (3.6 ശതമാനം), ഉത്തര്‍പ്രദേശ് (3.5 ശതമാനം) എന്നിവ പിന്നിലുണ്ട്. ഹരിയാന (0.6 ശതമാനം), ഗുജറാത്ത് (1.6 ശതമാനം), പശ്ചിമ ബംഗാള്‍ (2 ശതമാനം) എന്നിവയാണ് വളരെ മോശം പ്രകടനം കാഴ്ച്ച വെക്കുന്ന സംസ്ഥാനങ്ങള്‍. 200405 കാലയളിലേതിനേക്കാള്‍ മികച്ചതാണ് ഈ ഫലങ്ങളെങ്കിലും, ഹിന്ദു-പട്ടിക ജാതികള്‍, ഹിന്ദു-ഓ.ബി.സികള്‍ എന്നിവരുമായി താരതമ്യം ചെയ്യുമ്പോള്‍ മുസ്‌ലിംകളുടെ വിദ്യാഭ്യാസ പുരോഗതിയെ പ്രതിഫലിപ്പിക്കാത്തതാണ് പ്രസ്തുത സര്‍വ്വെ ഫലങ്ങള്‍. ഉത്തര്‍പ്രദേശ് (മുസ്‌ലിംകളില്‍ നിന്നും 3.5 ശതമാനം, ദലിതുകളില്‍ നിന്നും 2.3 ശതമാനം), ബിഹാര്‍ (മുസ്‌ലിംകളില്‍ നിന്നും 3.1 ശതമാനം, ദലിതുകളില്‍ നിന്നും 0.9 ശതമാനം) എന്നിവയൊഴികെയുള്ള സംസ്ഥാനങ്ങളില്‍ ബിരുദധാരികളുടെ കാര്യത്തില്‍ ഹിന്ദു പട്ടികജാതിക്കാര്‍, ഹിന്ദു ഓ.ബി.സികള്‍ എന്നിവരേക്കാള്‍ പിറകിലാണ് മുസ്‌ലിംകള്‍.

സംഘടിത തൊഴില്‍ മേഖലയിലെ പ്രാതിനിധ്യവുമായി നേരിട്ടു ബന്ധപ്പെട്ടു കിടക്കുന്നതാണ് മുസ്‌ലിംകളുടെ സാമൂഹ്യ-സാമ്പത്തിക അവസ്ഥ. മുസ്‌ലിംകള്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മൂന്ന് സംസ്ഥാനങ്ങളില്‍ (ഹരിയാന, ബിഹാര്‍, പശ്ചിമ ബംഗാള്‍) ശമ്പളമുള്ള ജോലികള്‍ ചെയ്യുന്ന മുസ്‌ലിംകള്‍ വെറും 10 ശതമാനത്തില്‍ താഴെ മാത്രമാണ്. അതേസമയം മുസ് ലിംകള്‍ സാമ്പത്തികമായി മുന്നിട്ടുള്ള നില്‍ക്കുന്ന രണ്ട് സംസ്ഥാനങ്ങളില്‍ (കേരളം, മഹാരാഷ്ട്ര) 20 ശതമാനത്തിലധികമാണ് ശമ്പളമുള്ള ജോലി ചെയ്യുന്ന മുസ്‌ലിംകളുടെ എണ്ണം. സംവരണനയങ്ങളാണ് ഈ നേട്ടത്തിന്റെ ഒരു കാരണം : ഒരുപാട് ദക്ഷിണേന്ത്യന്‍ മുസ്‌ലിംകള്‍ വിവേചനത്തിന്റെ ചില പോസിറ്റീവായ രൂപങ്ങള്‍ അനുഭവിക്കുന്നുണ്ട്. കര്‍ണാടകയില്‍, ഓ.ബി.സി വിഭാഗത്തില്‍ തന്നെ ‘കൂടുതല്‍ പിന്നോക്കക്കാര്‍’ എന്ന നിലക്ക് മുസ്‌ലിംകള്‍ക്ക് നാലു ശതമാനം സംവരണ സീറ്റുകള്‍ മാറ്റിവെക്കപ്പെട്ടിട്ടുണ്ട്. കേരളത്തില്‍, സര്‍ക്കാര്‍ ജോലികളില്‍ ഓ.ബി.സി-കള്‍ക്കു വേണ്ടിയുള്ള 40 ശതമാനം സംവരണത്തില്‍ 12 ശതമാനം സബ്-ക്വോട്ടകള്‍ മുസ്‌ലിംകള്‍ക്കുള്ളതാണ്. ഹിന്ദു ദലിതുകള്‍ക്ക് മുസ്‌ലിംകളെക്കാള്‍ ഉയര്‍ന്ന ശതമാനം ശമ്പള ജോലി ഇല്ലാത്ത (ഹിന്ദു ദലിതുകള്‍ 17.6 ശതമാനം, മുസ്‌ലിംകള്‍ 21.6 ശതമാനം) രണ്ടു സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം (ഉത്തര്‍പ്രദേശാണ് മറ്റൊന്ന്). കര്‍ണാടകയില്‍, മുസ്‌ലിം ശരാശരിയെക്കാള്‍ (17.6 ശതമാനം) ഉയര്‍ന്നതാണ് മുസ്‌ലിം ഓ.ബി.സി-കളിലെ ബിരുദധാരികളുടെ ശതമാന കണക്ക് (21.6 ശതമാനം). സംവരണനയങ്ങള്‍ സഹായകരമായി വര്‍ത്തിക്കുന്നുണ്ടെന്നാണ് ഇത് കാണിക്കുന്നത്.

2005 ജൂണില്‍, അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് മുസ്‌ലിംകളുടെ അവസ്ഥകള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു ഉന്നതതല സമിതിയെ നിയോഗിക്കുകയും, അവരുടെ പരിതാപകരമായ അവസ്ഥക്കുള്ള പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ ഹിന്ദു ദേശീയവാദികള്‍ കടന്നാക്രമിക്കുകയും, മുസ്‌ലിംകളെ ‘പ്രീണിപ്പിക്കുന്ന’ കോണ്‍ഗ്രസ്സുകാരുടെ കപട-മതേതരത്വത്തെ അപലപിക്കുകയും ചെയ്തു.

‘അഭിലഷണീയ ജില്ലകളു’മായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍, വളരെയധികം പിന്നാക്കം നില്‍ക്കുന്ന 20 ജില്ലകളില്‍ 11-ഉം മുസ്‌ലിം ഭൂരിപക്ഷ ജില്ലകളാണെന്ന് ‘നിധി ആയോഗ്’ (നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ട്രാന്‍സ്‌ഫോര്‍മിങ് ഇന്ത്യ) ചൂണ്ടികാണിച്ചിരുന്നു. സമുദായങ്ങളാണ് വിശകലനത്തിന് അനുയോജ്യമായ ഏകകങ്ങളെന്നിരിക്കെ, ജില്ലകളിലാണ് ഈ ബോഡി ശ്രദ്ധകേന്ദ്രീകരിക്കുന്നത്. മന്‍മോഹന്‍ സിംഗ് നിയോഗിച്ച രംഗനാഥ് മിശ്ര കമ്മീഷന്‍ ചൂണ്ടികാണിച്ച പോലെ, ക്ഷയിച്ചു കൊണ്ടിരിക്കുന്ന ന്യൂനപക്ഷങ്ങള്‍ക്ക് പോസിറ്റീവ് ഡിസ്‌ക്രിമിനേഷന്‍ പോളിസികള്‍ ‘നിധി ആയോഗും’ നിര്‍ദ്ദേശിച്ചിരുന്നു. പക്ഷെ നിധി ആയോഗിന്റെ റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ മേശപ്പുറത്തു പോലും വെക്കപ്പെട്ടില്ല. ഭൂരിപക്ഷവാദത്തിന്റെ കാലത്ത് ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിന് വേണ്ടിയുള്ള ഏതൊരു നീക്കവും നിയമവിരുദ്ധമായാണ് കണക്കാക്കുക.

ജഫ്രിലോട്ട് പാരിസിലെ CERI-Sciences-ല്‍ മുതിര്‍ന്ന ഗവേഷകനും, ലണ്ടനിലെ കിംഗ്‌സ് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഇന്ത്യന്‍ പൊളിറ്റിക്‌സ് ആന്‍ഡ് സോഷ്യോളജി വിഭാഗം പ്രൊഫസ്സറുമാണ്. ചെന്നൈയിലെ മദ്രസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡവലപ്‌മെന്റ് സ്റ്റ്ഡീസിലെ ഫാക്കല്‍റ്റിയാണ് കലൈയരസന്‍.

മൊഴിമാറ്റം :  ഇര്‍ഷാദ് കാളാച്ചാല്‍
അവലംബം :  theindianexpress

 

Related Articles