Current Date

Search
Close this search box.
Search
Close this search box.

നെതന്യാഹുവിന് ‘നന്ദി’

nethdfh.jpg

ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്‍യാമീന്‍ നെതന്യാഹുവിന് നന്ദി. നന്ദിയര്‍ഹിക്കുന്ന പ്രവര്‍ത്തനമൊന്നും അദ്ദേഹം ചെയ്തിട്ടില്ല എന്നത് ശരിയാണ്. ഗസ്സക്ക് മേലുള്ള ആക്രമണത്തിലൂടെയും, കൊള്ളയിലൂടെയും കൊലയിലൂടെയും തന്റെ വൃത്തികെട്ട ലക്ഷ്യങ്ങള്‍ നേടിയെടുക്കുകയാണ് അയാള്‍. നന്ദി ചെയ്യപ്പെടാന്‍ യോഗ്യതയില്ലാത്ത യുദ്ധിക്കൊതിയനായ കുറ്റവാളിയാണ് നെതന്യാഹു എന്ന് അഭിപ്രായമുള്ളവരോട് ഞാന്‍ നൂറ് ശതമാനം യോജിക്കുന്നു. നന്ദിയല്ല, നിന്ദയും ശകാരവുമാണ് അയാള്‍ അര്‍ഹിക്കുന്നത്. നെതന്യാഹുവെന്ന വ്യക്തിത്വത്തിനെക്കുറിച്ച ശരിയായ വിലയിരുത്തല്‍ അതാണ്.

നെതന്യാഹുവിന് നന്ദി പറയുന്നതിന്റെ അര്‍ത്ഥം അദ്ദേഹം ചെയ്തതില്‍ ഞാന്‍ സന്തുഷ്ടനാണ് എന്നല്ല. മറിച്ച് ഫലസ്തീനികളുടെ മേല്‍ നടന്ന കുറ്റകൃത്യം സുപ്രധാനമായ പല അനുകൂല ഘടകങ്ങളും സൃഷ്ടിച്ചിട്ടുണ്ട് എന്നതാണ്. കഴിഞ്ഞ വര്‍ഷം തുടക്കം കുറിച്ച വിപ്ലവ വസന്തമായിരുന്നു അറബ് ലോകത്ത് ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രമെന്നതില്‍ ആര്‍ക്കും സന്ദേഹമേതുമില്ല. ഫലസ്തീന്‍ പ്രശ്‌നത്തെ പാര്‍ശ്വവല്‍ക്കരിച്ച് എല്ലാവരും അറബ് വിപ്ലവങ്ങളെക്കുറിച്ച് സംസാരിച്ചു. അതോടെ ഫലസ്തീന്‍ പ്രശ്‌നം വാര്‍ത്താമാധ്യമങ്ങളില്‍ രണ്ടാം സ്ഥാനത്തേക്കോ മൂന്നാം സ്ഥാനത്തേക്കോ പിന്തള്ളപ്പെട്ടു. അതോടൊപ്പം ഇസ്രായേലിന്റെ തന്ത്രപ്രധാനമായ ഇടപെടല്‍ മുഖേനെ ലോകത്തിന്റെ നേത്രങ്ങള്‍ ഇറാന് മേല്‍ പതിയുകയും ചെയ്തു.

ഇങ്ങനെ ചിന്നഭിന്നമായ, അല്ലെങ്കില്‍ വിവിധാഭിപ്രായങ്ങളിലായിരുന്നു ആഗോള ജനവിഭാഗത്തെ വീണ്ടും മര്‍മത്തിലേക്ക് മടക്കാന്‍ ഇസ്രായേലിന്റെ അക്രമം കാരണമായിരിക്കുന്നു. ഫലസ്തീന്‍ പ്രശ്‌നത്തെ മുഖ്യധാരയിലേക്ക് കൊണ്ട് വരാനും, മാധ്യമ ലോകത്ത് അര്‍ഹമായ സ്ഥാനം അതിന് ലഭിക്കാനും അത് വഴിവെച്ചിരിക്കുന്നു. മാത്രമല്ല, യഥാര്‍ത്ഥ ശത്രു ഇറാനോ, സിറിയയോ അല്ല, ഇസ്രായേലാണ് എന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ ഈ സാഹചര്യം ധാരാളമാണ്. തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി കഴിഞ്ഞ ഏതാനും മാസങ്ങള്‍ തെരുവിലിറങ്ങിയിരുന്ന അറേബ്യന്‍ ജനത ഇപ്പോള്‍ ഇസ്രായേലിന്റെ രാഷ്ട്രീയനയങ്ങള്‍ക്കെതിരെ അമര്‍ഷം രേഖപ്പെടുത്തി, ഫലസ്തീന്‍ സഹോദരന്‍മാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പുറത്തിറങ്ങിയിരിക്കുന്നു. ഫലസ്തീനെ തുടച്ച് നീക്കാനായി ഇസ്രായേല്‍ സൈന്യം ഇരച്ച് വന്നില്ലായിരുന്നുവെങ്കില്‍ മേല്‍പറഞ്ഞതൊന്നും സംഭവിക്കുകയില്ലായിരുന്നു.

മുര്‍സി അധികാരത്തില്‍ വന്നതിന് ശേഷം ഇസ്രായേലിനോട് വളരെ ജാഗ്രതയോടെയുള്ള സമീപനമാണ് ഈജിപ്ത് സ്വീകരിക്കുന്നത്. അവരുമായുള്ള രാഷ്ട്രീയ സഖ്യങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കാനാണ് ശ്രമിച്ചത്. എന്നാല്‍ ഇസ്രായേലിന്റെ ശത്രുത കൂടുതല്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കാന്‍ ഈജിപ്ഷ്യന്‍ ഗവണ്‍മെന്റിനെ നിര്‍ബന്ധിപ്പിച്ച് കൊണ്ടേയിരിക്കുകയാണ്. പ്രധാനമന്ത്ര ഹിശാം ഖിന്ദീല്‍ ഗസ്സ സന്ദര്‍ശിച്ചതും, ഇസ്രായേലിനെതിരെ ഗസ്സ ഒറ്റക്കായിരിക്കുകയില്ല പോരാടുകയെന്ന് എന്ന് തുറന്ന് പ്രഖ്യാപിച്ചതും ഇതിന്റെ വ്യക്തമായ സൂചനയാണ്. മാത്രമല്ല പരിക്കേറ്റവര്‍ക്ക് വേണ്ടി റഫാ അതിര്‍ത്തി തുറന്ന് കൊടുക്കുകയും ചെയ്തു ഈജിപ്ത്. കാര്യങ്ങള്‍ ഇപ്രകാരമാണെങ്കില്‍ ഇസ്രായേല്‍ ഈജിപ്തിനെ പരീക്ഷിക്കുകയാണെന്ന് വേണം വിലയിരുത്താന്‍. എന്നാല്‍ ഈജിപ്താവട്ടെ പ്രസ്തുത സമ്മര്‍ദ്ധതന്ത്രത്തിന് കീഴ്‌പെടുകയല്ല ചെയ്തത്.

ഗസ്സക്ക് മേലുള്ള ഉപരോധം പൊളിക്കാന്‍ ഈജിപ്ഷ്യന്‍ ഗവണ്‍മെന്റിനെ പ്രേരിപ്പിക്കുന്ന ഘടകമാണ് ഇസ്രായേലിന്റെ ആക്രമണം. അറബ്-ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥര്‍ക്ക് ഫലസ്തീന്‍ സന്ദര്‍ശിക്കുന്നതിനായി അതിര്‍ത്തികള്‍ തുറന്ന് കഴിഞ്ഞു ഈജിപ്ത്.

ചെറുത്ത് നില്‍പ് പോരാളികളുടെ സൈനികവിഭവശേഷി നിസ്സാരമല്ലെന്ന് ബോധ്യപ്പെടുത്താനും ഈ ആക്രമണം വഴിവെച്ചിരിക്കുന്നു. അധിനിവേശ ചരിത്രത്തിലെ വഴിത്തിരിവായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഇസ്രായേലിന്റെ പൈലറ്റില്ലാ വിമാനവും, എഫ് 16 യുദ്ധവിമാനവും ചാരമായി ഭൂമിയില്‍ പതിച്ചതും, തെല്‍അവീവിന്റെ പൂമുഖത്ത് റോക്കറ്റുകള്‍ ചെന്ന് വീണതും ഇതിന്റെ തുടര്‍ച്ചയാണ്. അതിന്റെ പ്രതിധ്വനികള്‍ ഇസ്രായേല്‍ ആസ്ഥാനത്ത് മുഴങ്ങുന്നുമുണ്ട്. ലക്ഷക്കണക്കിന് ഇസ്രായേലികള്‍ സുരക്ഷിത സ്ഥാനത്തേക്ക് അഭയം തേടി യാത്രയായിക്കഴിഞ്ഞു. സന്ദേശം അതിന്റെ ആളുകള്‍ക്ക് എത്തി എന്നതിന്റെ സൂചനയാണിത്. അധിനിവേശം തുടരുന്ന കാലത്തോളം ഇസ്രായേലികള്‍ക്ക് സുരക്ഷിതത്വം ഇല്ല എന്ന് ബോധ്യപ്പെട്ടിരിക്കുന്നു.

1982-ല്‍ ഇസ്രായേല്‍ ലബനാനിലേക്ക് ഇരച്ച് കയറിയപ്പോഴാണ് ഹിസ്ബുല്ല രൂപപ്പെട്ടത്. അവരാണ് പിന്നീട് ഇസ്രായേലിനെ തോല്‍പിക്കുകയും നാണം കെടുത്തുകയും ചെയ്തത്. 1955-ല്‍ ഏരിയല്‍ ഷാരോണിന്റെ നേതൃത്വത്തില്‍ സുഡാന്‍, ഈജിപ്ത്, ഫലസ്തീന്‍ തുടങ്ങിയ രാഷ്ട്രങ്ങളിലെ പൗരന്മാരെ കൂട്ടക്കൊല നടത്തിയതിയപ്പോള്‍ പ്രസിഡന്റ് അബ്ദുന്നാസിര്‍ തിരിച്ചടിച്ചു. അദ്ദേഹം തയ്യാറാക്കിയ ചാവേര്‍ പോരാളികള്‍ 1400-ാളം ഇസ്രായേലികളുടെ കഥകഴിച്ചു. തങ്ങളയക്കുന്ന ഓരോ അമ്പും തങ്ങളുടെ നെഞ്ചകം പിളര്‍ത്തുമെന്ന് തന്നെയാണ് ഇസ്രായേലിന്റെ ചരിത്രം പഠിപ്പിക്കുന്നത്. ഇത്തവണ എന്ത് സംഭവിക്കുമെന്ന ചോദ്യമാണ് ഇനി അവശേഷിക്കുന്നത്. ഉത്തരം നമുക്ക് കാത്തിരുന്ന് കാണാം.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി
 

Related Articles