Current Date

Search
Close this search box.
Search
Close this search box.

നിര്‍ണായക കൊടുങ്കാറ്റ് ഇസ്രയേല്‍ കണ്ണുകളിലൂടെ

അമേരിക്കന്‍ ഇന്റലിജന്‍സും ജമാഅത്തു അന്‍സാറുല്ല പ്രതിനിധീകരിക്കുന്ന ഹൂഥികളും തമ്മില്‍ ശ്രദ്ധേയമായ തരത്തിലുള്ള സഹകരണമുണ്ടെന്നാണ് ഇസ്രയേല്‍ ഗവേഷക വൃന്ദം അഭിപ്രായപ്പെടുന്നത്. യമനില്‍ നടക്കുന്ന കാര്യങ്ങളെ സൂക്ഷ്മമായി പിന്തുടരുന്നതിന് പിന്നില്‍ പ്രത്യേകമായ താല്‍പര്യം വാഷിങ്ടണിനുണ്ടായിരുന്നുവെന്നും അവര്‍ അഭിപ്രായപ്പെടുന്നു. യമനിന്റെ തെക്കന്‍ ഭാഗങ്ങളില്‍ കേന്ദ്രീകരിച്ചിരുന്ന അല്‍-ഖാഇദയെ പരാജയപ്പെടുത്തലാണ് അമേരിക്കയെ സംബന്ധിച്ചിടത്തോളം അതില്‍ ഏറ്റവും പ്രധാനം. അമേരിക്കയുടെ കണ്ണില്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് നിരന്തരം വിലങ്ങായി നിലകൊള്ളുന്നത് അവരാണ്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ രാഷ്ട്രീയ ഉപദേശകരില്‍ പ്രമുഖനായ ദൂറി ഗോള്‍ഡിന് കീഴിലുള്ള റിസര്‍ച്ച് സെന്ററായ ജറൂസലേം സെന്റര്‍ ഫോര്‍ പബ്ലിക് അഫേഴ്‌സിന്റെ കണ്ടെത്തലാണിത്. ശറമുശ്ശൈഖ് ഉച്ചകോടിയിലെ ഹൂഥികള്‍ക്കെതിരെയുള്ള അറബികളുടെ സംയുക്ത നീക്കത്തിന് ശേഷം അമേരിക്കയുടെ സഖ്യത്തിലുണ്ടായിരിക്കുന്ന ശ്രദ്ധേയമായ മാറ്റങ്ങളെ കുറിക്കുന്ന നിരവധി തെളിവുകളുണ്ടെന്നാണ് സെന്ററിന്റെ (മാര്‍ച്ച് 17) വിലയിരുത്തല്‍. ഇറാനും അവര്‍ക്കൊപ്പമുള്ളവരോടും അമേരിക്ക സഹകരണം ശക്തിപ്പെടുത്തുകയും തങ്ങളുടെ താല്‍പര്യ സംരക്ഷണാര്‍ത്ഥം അവരോട് ചായ്‌വ് പുലര്‍ത്തുകയും ചെയ്യുന്നത് പ്രകടമായിരിക്കുകയാണ്.

ഇസ്രയേലുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രത്യേക താല്‍പര്യത്തോടെ പഠനം നടത്തുന്ന, അധിനിവിഷ്ട മണ്ണില്‍ കഴിയുന്ന ഫലസ്തീന്‍ ഗവേഷകന്‍ ഡോ. സാലിഹ് അന്നആമി പറഞ്ഞതിന്റെ സംഗ്രഹമാണിത്. ‘നിര്‍ണായക കൊടുങ്കാറ്റി’നെ ഇസ്രയേല്‍ എങ്ങനെ വിലയിരുത്തുന്നു എന്നതാണിത് വ്യക്തമാക്കുന്നത്. ഇറാഖില്‍ അമേരിക്കയും ഇറാനും തമ്മിലുള്ള സഹകരണത്തെ ഇസ്രയേല്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നതിലേക്കും ‘ജറൂസലേം’ സെന്ററിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം സൂചിപ്പിക്കുന്നു. ബശ്ശാറുല്‍ അസദിന്റെ നേതൃത്വത്തിലുള്ള സിറിയന്‍ ഭരണകൂടത്തോടുള്ള ബന്ധത്തില്‍ പുനരാലോചന നടത്തേണ്ടത് ആവശ്യമാണെന്ന അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുടെ വാക്കുകളുടെ പശ്ചാത്തലത്തില്‍ സിറിയന്‍ വിഷയത്തില്‍ അവര്‍ പരസ്പരം അടുക്കുന്നതും നിരീക്ഷിക്കപ്പെടുന്നു.

ജറൂസലേം സെന്ററിന്റെ അഭിപ്രായത്തെ ശക്തിപ്പെടുത്തുന്ന ഒന്നായിരുന്നു യെദിയോത് അഹറനോത്ത് പത്രത്തിന്റെ സൈനികകാര്യ നിരീക്ഷകന്‍ റോന്‍ ബെന്‍ യിഷായിയുടെ ലേഖനം. യമനില്‍ സൈനിക ഇടപെടല്‍ നടത്താനുള്ള സൗദിയുടെ നിശ്ചയദാര്‍ഢ്യത്തെയും നിരന്തര ആവശ്യത്തെയും തുടര്‍ന്നുണ്ടായ ഒന്നാണ് അമേരിക്കന്‍ – സൗദി സഹകരണമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. ഹൂഥികളുടെ പദ്ധതിയെ കുറിച്ച് സി.ഐ.എക്ക് വ്യക്തമായ ധാരണയുള്ള സമയത്താണിത്. ബാബുല്‍ മന്‍ദബില്‍ എത്താനുള്ള ഹൂഥികളുടെ സൈനിക തന്ത്രത്തെ കുറിച്ചും വാഷിങ്ടണിന് അറിയുമായിരുന്നു. എന്നിട്ടും അത് നടപ്പാക്കാന്‍ അവരെ അനുവദിക്കുകയായിരുന്നു. കാരണം അവരെ സംബന്ധിച്ചിടത്തോളം പ്രധാനം അല്‍-ഖാഇദക്കെതിരെയുള്ള യുദ്ധമാണ്. യമനിലെ ഹൂഥികളുടെ മുന്നേറ്റം അമേരിക്കന്‍ പ്രസിഡന്റിനെയും അമേരിക്കന്‍ ദേശീയ സുരക്ഷാ സമിതിയെയും സംബന്ധിച്ച് ഒരു വിഷയമല്ലാതായി മാറിയത് അക്കാരണത്താലാണ്. ‘നയതന്ത്ര അന്ധത’യുടെ കൂട്ടത്തില്‍ പെട്ട ഒന്നായിട്ടാണ് അമേരിക്കയുടെ ഈ നിലപാടിനെ ബിന്‍ യിഷായ് കാണുന്നത്. അതുകൊണ്ട് തന്നെ ഹൂഥികളെ നേരിടാന്‍ ഒന്നും അവര്‍ ചെയ്തില്ല. ഇറാന്‍ ആണവപദ്ധതിയെ കുറിച്ചുള്ള ചര്‍ച്ചയുടെ സുഗമമായ പോക്കിന് ഇറാനെ പ്രകോപിപ്പിക്കാതിരിക്കാനാണ് വൈറ്റ്ഹൗസ് അതിയായ താല്‍പര്യം കാണിച്ചത്.

അക്കാരണത്താല്‍ തന്നെ നിര്‍ണായകമായ സൗദിയുടെ സൈനിക നീക്കത്തില്‍ വളരെ ചുരുങ്ങിയ പങ്ക് മാത്രമാണ് അമേരിക്കക്കുള്ളത്. സൗദിയുട നേതൃത്വത്തിലുള്ള സഖ്യത്തെ സഹായിക്കുന്നതില്‍ വലിയ പങ്കുവഹിക്കാന്‍ കഴിയുമായിരുന്നിട്ടും വിവര കൈമാറ്റം എന്നതില്‍ മാത്രമായി അവരത് പരിമിതപ്പെടുത്തിയിരിക്കുകയാണെന്നും ബിന്‍ യിഷായ് കൂട്ടിചേര്‍ക്കുന്നു.

ആണവ വിഷയത്തില്‍ അന്തിമ കരാര്‍ ഒപ്പിട്ട ശേഷമുണ്ടാകുന്ന അവസ്ഥയുടെ ചെറിയ രൂപത്തിലുള്ള ഒരു ചിത്രമാണ് യമനിലെ ഇറാന്റെ സ്വാധീനം എടുത്തു കാണിക്കുന്നതെന്ന് ‘മആരീവ്’ പത്രത്തിന്റെ നയതന്ത്ര വിദഗ്ദന്‍ യുസി മെല്‍മാന്‍ സൂചിപ്പിക്കുന്നു. അറബ് ലോകത്ത് തങ്ങളുടെ ആധിപത്യം ഉറപ്പിക്കാന്‍ പാശ്ചാത്യ രാഷ്ട്രങ്ങളുമായി ഏത് ഉടമ്പടിക്കും ഇറാഖിലും സിറിയയിലും ലബനാനിലും യമനിലും സാധ്വീനം ഉറപ്പാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരിക്കുന്ന ഇറാന്‍ തയ്യാറാകുമെന്നും അദ്ദേഹം പറയുന്നു. ഇറാന്റെ പ്രാദേശികമായ മേധാവിത്വം അമേരിക്കയും യൂറോപും അംഗീകരിച്ചിരിക്കുകയാണെന്നും അവരുമായി ഉണ്ടാക്കുന്ന ഉടമ്പടി അവക്ക് കൂടുതല്‍ ആധികാരികത നല്‍കുമെന്നും അദ്ദേഹം ആരോപിച്ചു.

അതേ സമയം മാറിയ പശ്ചാത്തലത്തില്‍ അമേരിക്കക്ക് അകത്തുണ്ടാകുന്ന സമ്മര്‍ദ്ധം ഇറാനുമായുള്ള ‘നീച ഉടമ്പടി’യില്‍ നിന്ന് പ്രസിഡന്റ് ഒബാമയെ പിന്തിപ്പിക്കുമെന്ന പ്രതീക്ഷയാണ് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പ്രകടിപ്പിച്ചിട്ടുള്ളത്. ഇസ്രയേല്‍ ടെലിവിഷന്‍ ചാനലായ ചാനല്‍-2 ആണ് ഇക്കാര്യം പുറത്തുവിട്ടത്.

മറുവശത്ത് സൗദിയും തുര്‍ക്കിയും പരസ്പരം അടുത്താലുണ്ടാകുന്ന ദുരന്തത്തെ കുറിച്ച് സയണിസ്റ്റ് റിസര്‍ച്ച് സെന്ററുകള്‍ ശക്തമായ മുന്നറിയിപ്പാണ് നല്‍കുന്നത്. തുര്‍ക്കിയും സൗദിയും അടുക്കുന്നത് ഇസ്രയേലിനെ സംബന്ധിച്ച് ഒരു സന്തോഷവാര്‍ത്തയല്ലെന്നും ഇസ്രയേലിന്റെ പ്രാദേശികമായ ചുറ്റുപാടിനെയത് പ്രതികൂലമായി ബാധിക്കുമെന്നുമാണ് ഇസ്രയേലിലെ ഇന്‍സ്റ്റിട്യൂട്ട് ഓഫ് നാഷണല്‍ സെക്യൂരിറ്റി സ്റ്റഡീസിന്റെ നിഗമനം. ഇസ്രയേല്‍ രാഷ്ട്രവുമായി ബന്ധപ്പെട്ട സംഘര്‍ഷ സാധ്യത വര്‍ധിക്കുമെന്നതാണ് അവര്‍ ഉദ്ദേശിക്കുന്നത്. സുന്നി അച്ചുതണ്ടിലേക്ക് തുര്‍ക്കി കൂടി ചേരുന്നത് കഴിഞ്ഞ കാലത്ത് ചില സുന്നി രാഷ്ട്രങ്ങളുമായി ഇസ്രയേലുണ്ടാക്കിയിരിക്കുന്ന ബന്ധങ്ങള്‍ക്ക് ഭീഷണിയാവുമെന്ന് പഠനം നടത്തിയ ഗവേഷകരായ ലയണല്‍ ജോസന്‍സ്‌കിയും ഗില്‍യ ലിന്ദ് സ്‌റ്റ്രോസും വ്യക്തമാക്കുന്നു. റിയാദിനും അങ്കാറക്കുമിടയിലെ രാഷ്ട്രീയ, സാമ്പത്തിക ബന്ധം മെച്ചപ്പെടുന്നത് തങ്ങളെ സംബന്ധിച്ച് ആശ്വാസ്യകരമായ ഒന്നല്ലെന്നും അവ രണ്ടിനുമിടയിലുള്ള വാണിജ്യം വര്‍ധിക്കുന്നതിനും തുര്‍ക്കിയില്‍ വിനോദസഞ്ചാരത്തിനായി പോകുന്ന സൗദികളുടെ എണ്ണം അധികരിക്കുന്നതിനും അത് കാരണമാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇറാനെതിരെ സുന്നി അച്ചുതണ്ടിനെ ശക്തിപ്പെടുത്തുന്ന ശ്രമങ്ങളുടെ ഭാഗമായി ഹമാസുമായുള്ള ബന്ധത്തില്‍ സല്‍മാന്‍ രാജാവ് നടത്തിയിരിക്കുന്ന പുനര്‍വിചിന്തനത്തിലും അവര്‍ രണ്ടു പേരും തങ്ങളുടെ ഉത്കണ്ഠ പ്രകടിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ സുന്നി അച്ചുതണ്ട് രൂപീകരിക്കാനുള്ള സൗദിയുടെ നീക്കം പാളിപോകുമെന്നാണ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് നാഷണല്‍ സെക്യൂരിറ്റി സ്റ്റഡീസിന്റെ വിലയിരുത്തല്‍. അങ്കാറക്കും കെയ്‌റോക്കും ഇടക്കുള്ള സംഘര്‍ഷഭരിതമായ ബന്ധം അതില്‍ ലയിക്കുന്നതിന് തുര്‍ക്കിക്ക് തടസ്സമാകുമെന്നാണ് അവരുടെ അഭിപ്രായം. അവരുടെ വീക്ഷണത്തില്‍ സീസി ഭരണകൂടവുമായുള്ള ബന്ധം വേര്‍പെടുത്തിയിട്ടല്ലാതെ സൗദിക്ക് തുര്‍ക്കിയുമായുള്ള ബന്ധം മെച്ചപ്പെടുത്താനാവില്ല. ഈ പ്രതിബന്ധം സൗദിയുടെ ശ്രമങ്ങള്‍ക്ക് വെല്ലുവിളിയായി മാറും.

ഇസ്രയേലി കാഴ്ച്ചപാടാണിത്. അത് സദുദ്ദേശ്യപരമല്ലെന്നതില്‍ എനിക്ക് ഒട്ടും സംശയമില്ല. എന്നാല്‍ അതില്‍ എത്രത്തോളം യാഥാര്‍ത്ഥ്യമുണ്ടെന്നാണ് എന്റെ ചോദ്യം.

മൊഴിമാറ്റം : നസീഫ്‌

Related Articles