Current Date

Search
Close this search box.
Search
Close this search box.

‘നാമറിയുന്ന ഇറാഖല്ല ഇത്’

നമുക്ക് ഒരു കഥ കൊണ്ട് തുടങ്ങാം…  
കഴിഞ്ഞ ഉഷ്ണകാലത്താണ്… ലണ്ടനിലെ ചൂടേറിയ ഒരു ദിവസം… ഞാന്‍ കാല്‍നടയായി എന്റെ ഓഫീസിലേക്ക് പോവുകയായിരുന്നു. പെട്ടെന്നാണ് എന്നെ പേര് വെച്ച് വിളിക്കുന്ന ഒരു ശബ്ദം കേട്ടത്. ഞാന്‍ തിരിഞ്ഞു നോക്കി. നീണ്ട് മെലിഞ്ഞ ഒരു ചെറുപ്പക്കാരനായിരുന്നു അത്. കട്ടിയുള്ള മീശയും താടിയുമുണ്ട് അവന്. അവന്‍ ഉറക്കെ പറഞ്ഞു. ‘ഉസ്താദ് അബ്ദുല്‍ ബാരി, താങ്കള്‍ അനുവദിക്കുമെങ്കില്‍ എനിക്ക് കുറച്ച് പറയാനുണ്ട്.’ ഞാന്‍ താല്‍പര്യമില്ലാതെ അവിടെ നിന്നു. പദപ്രയോഗത്തില്‍ നിന്ന് ഇറാഖിയാണെന്നും, ആഗമനോദ്ദ്യേശം തര്‍ക്കമോ, ആക്ഷേപമോ ആണെന്നും വ്യക്തമായിരുന്നു. കഴിഞ്ഞ ഇരുപത് വര്‍ഷത്തെ ഓരോ സംഭവങ്ങളും എന്റെ മനസ്സിലേക്ക് ഓടി വന്നു. സദ്ദാം ഹുസൈന്‍, കുവൈറ്റ് യുദ്ധം, അക്രമം തുടങ്ങിയ ഓരോ സംഭവങ്ങളും…
എന്നെ വിളിച്ചയാള്‍ എന്നോട് പ്രഭാതാഭിവാദ്യമൊന്നും പറയാതെ എനിക്ക് നന്നായി അറിയാമായിരുന്ന ഇറാഖി ശൈലിയില്‍ ആക്രമണം തുടങ്ങി. ‘താങ്കളെ ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ടിരുന്നുവെങ്കില്‍ അറുത്ത് കളഞ്ഞിരുന്നേനെ. ഞാന്‍ താങ്കളെ വെറുത്ത് കഴിഞ്ഞിരുന്നു. ടെലിവിഷന്‍ സ്‌ക്രീനില്‍ നിങ്ങളെ കാണുമ്പോള്‍ ഞാനത് തകര്‍ക്കുമോയെന്ന് സ്വയം ആശങ്കിച്ചു. പക്ഷെ ഇപ്പോള്‍ ഞാന്‍ നിങ്ങളോട് ക്ഷമാപണം നടത്താനാണ് ആഗ്രഹിക്കുന്നത്. ഞങ്ങളെ ബാധിച്ച, ബാധിക്കാനിരുന്ന ദുരന്തങ്ങളെക്കുറിച്ച് താങ്കള്‍ ഞങ്ങള്‍ക്ക് മുന്നറിയിപ്പ് തന്നു. അവയെ മനസ്സിലാക്കാന്‍ ഞങ്ങള്‍ക്ക് കഴിവുണ്ടായിരുന്നില്ല. അവര്‍ ഞങ്ങളെ വഞ്ചിച്ചു. വഴി തെറ്റിച്ചു. ഞങ്ങളുടെ രാഷ്ട്രത്തെ പിച്ചിച്ചീന്തുകയും തകര്‍ക്കുകയും ചെയ്തു. ഞങ്ങളുടെ മഹത്വം നഷ്ടപ്പെട്ടു. ജനങ്ങള്‍ക്കിടയില്‍ പരിഹാസപാത്രമായിത്തീര്‍ന്നു ഞങ്ങള്‍.’

കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ ഈ സംഭവത്തെക്കുറിച്ച് ആലോചിക്കുകയായിരുന്നു ഞാന്‍. നിഷ്ഠൂരമായ രക്തരൂക്ഷിത സ്‌ഫോടനങ്ങള്‍ ഇറാഖിനെ പിടിച്ച് കുലുക്കുകയാണിന്ന്. ഏറ്റവും അവസാനത്തേത് മിനിഞ്ഞാന്നായിരുന്നു. ലക്ഷക്കണക്കിന് പേര്‍ തെരുവിലിറങ്ങി രാഷ്ട്രത്തിലെ ദയനീയമായ സാമൂഹികാവസ്ഥക്കും, അടിച്ചമര്‍ത്തല്‍ രാഷ്ട്രീയത്തിനുമെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു.
ഭരണകൂടത്തെ താഴെ ഇറക്കണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തുകയെന്നത് ഇറാഖികളുടെ അവകാശമാണ്. ജോര്‍ജ് ബുഷും ടോണി ബ്ലയറും നമുക്ക് സന്തോഷവാര്‍ത്ത അറിയിച്ച ഇറാഖല്ല ഇത്. അവയൊക്കെയും കേവലം വ്യാജവാദവും കള്ളപ്രചരണവും മാത്രമായിരുന്നു. പരസ്പര സഹവര്‍ത്തിത്വത്തിനും, നീതിക്കും മാതൃകയായേക്കുമെന്ന് അവര്‍ പറഞ്ഞ ഇറാഖല്ല ഇത്. പ്രദേശത്താകമാനം ജനാധിപത്യ-സാംസ്‌കാരിക പ്രഭ പരത്തുന്നതിന് ഇറാഖ് വഴിയൊരുക്കുമെന്നായിരുന്നു അവരുടെ അവകാശവാദം.
കുടിവെള്ളത്തിനോട് മലിന ജലം കലര്‍ന്ന നാടാണ് പുതിയ ഇറാഖ്. ദിനേനെ ഇരുപത് മണിക്കൂറോളം അവിടെ വൈദ്യതി മുടങ്ങുന്നു. തൊഴിലില്ലായ്മ അതിന്റെ ഏറ്റവും ഉയര്‍ന്ന തോതിലെത്തുന്നു. തലസ്ഥാനനഗരിയിലെ എല്ലാ മുക്കുമൂലകളിലും യാചകര്‍ നിറഞ്ഞിരിക്കുന്നു. എന്റെ പത്രപ്രവര്‍ത്തക സഹപ്രവര്‍ത്തകന്‍ പെട്രിക് കോബോറോണ്‍ ബ്രിട്ടീഷ് ദിനപത്രമായ ഇന്‍ഡിപെന്റന്റില്‍ കുറിച്ചവയാണിവ.

ദിനേനെ മൂന്ന് മില്യണ്‍ ബാരല്‍ പെട്രോള്‍ ഉല്‍പാദിപ്പിക്കുന്ന രാഷ്ട്രമാണ് ഇറാഖെന്ന് നാമറിയണം. എന്നിട്ടും ഒരു നേരത്തെ വിശപ്പടക്കാന്‍ ഒരു റൊട്ടിക്കഷ്ണം പോലും ഇറാഖി കുട്ടികള്‍ക്കില്ല. അവര്‍ക്ക് സുരക്ഷിതത്വമില്ല. എപ്പോഴാണ് ബോംബ് പൊട്ടിത്തെറിക്കുകയെന്ന് അവര്‍ക്കറിയില്ല. ജീവന്‍ കയ്യില്‍പിടിച്ച്, പടച്ചവനില്‍ ഭരമേല്‍പിച്ചാണ് അവര്‍ തെരുവിലിറങ്ങുന്നത്.
ഈ ‘മഹത്തായ’ ഇറാഖ് ഒരു കാലത്ത് അയല്‍രാഷ്ട്രങ്ങളുടെ പേടിസ്വപ്‌നമായിരുന്നു. പ്രദേശത്തെ ശക്തിയുടെ എല്ലാ മാനദണ്ഡങ്ങളിലും അവര്‍ തന്നെയായിരുന്നു മുന്നില്‍. അതിപ്പോള്‍ ഏവരാലും അവഗണിക്കപ്പെടുന്നതായിരിക്കുന്നു. വലിയ പ്രശ്‌നങ്ങള്‍ക്ക് മുമ്പെ ചെറിയ കാര്യങ്ങളാല്‍ നശിച്ച് കൊണ്ടിരിക്കുന്നു. പരസ്പരം കഴുത്തറുത്ത് ജീവിക്കുന്ന വംശങ്ങള്‍ക്കും, വിഭാഗങ്ങള്‍ക്കും കീഴില്‍ ചിദ്രിക്കപ്പെട്ടിരിക്കുന്നു.

സൈന്യമില്ലാത്ത, വിമാനങ്ങളില്ലാത്ത, സുരക്ഷയില്ലാത്ത പുതിയ ഇറാഖ്. ജയിലുകള്‍ നിര്‍മിക്കുന്നതിലും, അവ നിറക്കുന്നതിലുമാണ് മല്‍സരം. പുതിയ പീഡനമുറകള്‍ ആവിഷ്‌കരിക്കുന്നതിലാണ് അവരുടെ ആസ്വാദനം. ഇക്കാര്യത്തില്‍ ഇറാഖിന്റെ മുന്നില്‍ മറ്റുള്ളവര്‍ നാണിച്ച് തലകുനിച്ചേക്കും.
‘അക്രമിയെ’ തുടച്ച് നീക്കി, അമേരിക്കന്‍ നിര്‍മിത ടാങ്കുകളും തോക്കുകളുമുപയോഗിച്ച് ‘പാശ്ചാത്യന്‍ ജനാധിപത്യവും, സ്വാതന്ത്ര്യവും, മനുഷ്യാവകാശവും’ പുലര്‍ന്ന് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇറാഖിലുണ്ടാവേണ്ടിയിരുന്നത് സുഭിക്ഷതയും, സാമ്പത്തികവും സാംസ്‌കാരികവും, ധൈഷണികവുമായ കുതിച്ച് ചാട്ടവുമായിരുന്നു. പുതിയ കല, പുതിയ നാടകം… സ്വതന്ത്രമായ സാഹിതീയ നവോത്ഥാനം… ഉന്നതമായ സര്‍വകലാശാലകള്‍… പക്ഷെ ചിത്രം തീര്‍ത്തും ഭിന്നമാണ്… കൊള്ളയും കൊലയും വംശീയതയും നാശവും കൊണ്ട് മുഖരിതമാണ് ഇന്നത്തെ ഇറാഖ്…
പുതിയ ഇറാഖിന്റെ പ്രകടമായ തലവാചകം ‘ഫസാദ്’ എന്നതാണ്. കേവലം മാസങ്ങള്‍ മാത്രം അധികാരത്തിലിരുന്ന മന്ത്രിമാര്‍ സ്വന്തം വിമാനത്തില്‍ യാത്ര ചെയ്യാന്‍ തുടങ്ങി. ജനങ്ങളുടെ നേതാക്കള്‍ യൂറോപ്പില്‍ ആഡംബര വസതികള്‍ വിലക്ക് വാങ്ങി. അവസരവാദികളിലൊരാള്‍ തന്റെ മകള്‍ക്ക് ലണ്ടനില്‍ സൗകര്യമൊരുക്കിക്കൊടുത്തത് നാട്ടില്‍ പാട്ടായി.
നമുട്ടെ അനുചോനം അതിലൊന്നുമല്ല. മറിച്ച് അമേരിക്കന്‍ പദ്ധതിയെ പരാജയപ്പെടുത്തിയ, അധിനിവേശം അവസാനിപ്പിച്ച, അധിനിവേശ ശക്തികളെ ആട്ടിയോടിച്ച ചെറുത്ത് നില്‍പ് പാഴായതിലാണ് നമ്മുടെ ദുഖം.
തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയുടെ നേതൃത്വത്തിലെ പുതിയ സ്വേഛാധിപതിയെക്കുറിച്ചാണ് അവരുടെ ചര്‍ച്ച. മുന്‍ഭരണാധികാരിയേക്കാള്‍ ക്രൂരനും, മര്‍ദ്ദകനുമാണ് അയാളെന്നാണ് അവര്‍ പറയുന്നത്. ഒരു വെടിപോലുമുതിര്‍ക്കാതെ ഇറാന്‍ ഇറാഖ് അധിനിവേശം ചെയ്യുന്നവെന്നും അവര്‍ ആരോപിക്കുന്നു. ഇറാഖ് ഒരു ഫാബ്രിക്കാറ്റഡ് രാഷ്ട്രമാണെന്ന് പ്രമുഖ ജൂത ബ്രിട്ടീഷ് ചിന്തകനായ ബര്‍നാര്‍ഡ് ലൂയിസ് പറഞ്ഞപ്പോള്‍ പുതിയ ഇറാഖിലെ ഭരണാധികാരികള്‍ അദ്ദേഹത്തിന് കയ്യടിക്കുകയാണ് ചെയ്തത്. പക്ഷെ, അവരുടെ കയ്യാല്‍ തന്നെ അദ്ദേഹത്തിന്റെ പ്രവചനം സാക്ഷാല്‍കൃതമാവുകയാണ്. ഒടുവില്‍ ഇസ്രായേലിന്റെ താല്‍പര്യങ്ങള്‍ക്കും നിലനില്‍പിനും ആധിപത്യത്തിനും സഹായകമാവുന്ന തരത്തിലാണ് കാര്യങ്ങള്‍ മുന്നോട്ട പോയിക്കൊണ്ടിരിക്കുന്നു.

കഴിഞ്ഞ ഇരുപത് വര്‍ഷമായി ഞങ്ങള്‍ കല്ലേറിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഉച്ചരിക്കാന്‍ അറപ്പുളവാക്കുന്ന ആക്ഷേപങ്ങള്‍ ഞങ്ങള്‍ക്ക് നേരെ ചൊരിയപ്പെട്ടു. പക്ഷെ, ഇങ്ങനെയൊക്കെയാണെങ്കിലും ഞങ്ങള്‍ അടങ്ങുകയില്ല. കാരണം ഞങ്ങള്‍ ഇറാഖിനെ ഇഷ്ടപ്പെടുകയും അത് തുടരുകയും ചെയ്ത് കൊണ്ടിരിക്കുന്നു. എല്ലാ അറബ്-മുസലിം രാഷ്ട്രങ്ങളെയും ഞങ്ങള്‍ ഇഷ്ടപ്പെടുന്നു. ഈ മഹത്തായ രാഷ്ട്രത്തിന്റെ കിടങ്ങില്‍ വേദനയോടെ, ദുഖത്തോടെ എല്ലാ ദുരന്തങ്ങള്‍ക്കും സാക്ഷികളായി, വിധേയരായി നില്‍ക്കുക തന്നെ ചെയ്യും.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി  

Related Articles