Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കിയില്‍ എ.കെ പാര്‍ട്ടി ചെയ്തതും ചെയ്യേണ്ടതും

പ്രതിപക്ഷത്തെ ചിത്രത്തില്‍ നിന്നും മായ്ച്ചു കളഞ്ഞു കൊണ്ട് 2011-ലെ വിജയം തുര്‍ക്കിയിലെ ഭരണപാര്‍ട്ടിയായ ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടി (എ.കെ.പി) ആവര്‍ത്തിച്ചിരിക്കുകയാണ്. തുര്‍ക്കിയിലെ പൊതുജനങ്ങളില്‍ പകുതിയിലധികം പേരും പ്രധാനമന്ത്രി ദാവൂദ് ഓഗ്‌ലുവിന്റെ രാഷ്ട്രീയ ദര്‍ശനത്തെ പിന്തുണക്കുന്നുണ്ട് എന്നതിന്റെ സാക്ഷ്യപത്രമാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് ഫലം. കഴിഞ്ഞ ജൂണില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയം വരിച്ചിരുന്നുവെങ്കിലും, ഒറ്റക്ക് ഭരിക്കാന്‍ ആവശ്യമായ സീറ്റുകള്‍ കരസ്ഥമാക്കുന്നതില്‍ എ.കെ പാര്‍ട്ടി പരാജയപ്പെട്ടിരുന്നു. തുര്‍ക്കിയെ നല്ലരീതിയില്‍ ഭരിക്കുക എന്ന ഒറ്റലക്ഷ്യം മാത്രമേ എ.കെ. പാര്‍ട്ടിയുടെ മുന്നിലുള്ളു. പ്രാദേശിക സുരക്ഷാ പ്രശ്‌നങ്ങളെ കൂടുതല്‍ കാര്യക്ഷമമായി നേരിടാന്‍ പ്രാപ്തമാക്കുന്ന വ്യക്തമായ ജനവിധി ഇപ്പോള്‍ അവര്‍ക്ക് ലഭിച്ചു കഴിഞ്ഞു.

2002-ല്‍ എ.കെ. പാര്‍ട്ടി അധികാരത്തിലേറിയത് മുതല്‍ക്ക്, 1923-ല്‍ തുര്‍ക്കിഷ് റിപ്പബ്ലിക്ക് സ്ഥാപിച്ചതിന് ശേഷം കാണാത്ത മാറ്റങ്ങളാണ് തുര്‍ക്കിയില്‍ അരങ്ങേറിയത്. വളരെ കാലത്തോളം ‘യൂറോപ്പിന്റെ രോഗി’യായിരുന്ന തുര്‍ക്കിയുടെ സാമ്പത്തികരംഗം പുനരുജ്ജീവിപ്പിക്കപ്പെട്ടു. കാര്‍ഷിക വ്യവസായവും, വസ്ത്രവ്യപാരവുമുള്ള രാജ്യമായി മാത്രമല്ല, മറിച്ച് വിനോദസഞ്ചാരികളുടെ സ്വപ്‌നഭൂമിയായി തുര്‍ക്കി മാറി. തുര്‍ക്കിഷ് റിവിയേരയിലെ കടല്‍ത്തീര റിസോര്‍ട്ടുകളിലേക്കും, കപ്പഡോസിയയിലെ പുരാതന ഭൂഗര്‍ഭ പട്ടണം കാണാനും, ഉഥ്മാനിയ സാമ്രാജ്യത്തിന്റെ തലസ്ഥാനം ഇസ്താംബൂള്‍ സന്ദര്‍ശിക്കാനും ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും വിനോദസഞ്ചാരികള്‍ കൂട്ടംകൂട്ടമായി എത്താന്‍ തുടങ്ങി. തുര്‍ക്കിയില്‍ എ.കെ.പി കൈവരിച്ച അത്ഭുതകരമായ നേട്ടങ്ങള്‍ക്ക് പിന്നിലെ ചരിത്രം എല്ലാവര്‍ക്കും അറിയാവുന്നതാണ്. സിറിയയില്‍ ആഭ്യന്തരയുദ്ധം തുടങ്ങുകയും, 2013-ല്‍ രാജ്യത്ത് ആഭ്യന്തരകാലുഷ്യങ്ങള്‍ ആരംഭിക്കുകയും ചെയ്തത് മുതല്‍ക്ക് തുര്‍ക്കിക്ക് പലതും നഷ്ടമായി കൊണ്ടിരിക്കുകയാണ്.

സിറിയന്‍ അഭയാര്‍ത്ഥി പ്രതിസന്ധി, കാല്‍ ഇടറുന്ന സാമ്പത്തിക രംഗം, മുതിര്‍ന്ന എ.കെ.പി അംഗങ്ങള്‍ക്കെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ എന്നിവയില്‍ ചടച്ചുപോയ തുര്‍ക്കി പൗരന്‍മാര്‍ 2015 ജൂണില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എ.കെ.പിയുടെ വിജയ പ്രതീക്ഷക്ക് വിരുദ്ധമായാണ് വോട്ട് ചെയ്തത്. പകരം, ഭീകരവാദികളായ കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി (പി.കെ.കെ)-യുമായി ബന്ധമുള്ള കുര്‍ദിഷ് പിപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (എച്ച്.ഡി.പി) പോലെയുള്ള തീവ്രവാദ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ കയറിപ്പറ്റുകയും ചെയ്തു. 2013-ല്‍ എ.കെ.പിയുടെ നേതൃത്വത്തില്‍ സമാധാന നടപടികള്‍ തുടങ്ങിയിട്ടില്ലായിരുന്നെങ്കില്‍ എച്ച്.ഡി.പി-ക്ക് തുര്‍ക്കി പാര്‍ലമെന്റിലേക്കുള്ള പ്രവേശനം സാധ്യമാകുമായിരുന്നില്ല. എന്നാല്‍, സുറൂകില്‍ കുര്‍ദുകള്‍ നടത്തിയ പ്രകടനത്തിന് നേര്‍ക്ക് ഇസ്‌ലാമിക് സ്റ്റേറ്റ് സംഘം ബോംബാക്രമണം നടത്തിയതോടെ, തുര്‍ക്കിഷ് സ്‌റ്റേറ്റിനെതിരെയുള്ള ആക്രമണത്തിന് പി.കെ.കെ വീണ്ടും തുടക്കമിട്ടു. ഇസ്‌ലാമിക് സ്റ്റേറ്റിനോട് പ്രതികാരം ചെയ്യുന്നതിന് പകരം, രണ്ട് തുര്‍ക്കിഷ് പോലിസ് ഓഫീസര്‍മാരെ കൊല്ലുകയാണ് പി.കെ.കെ ചെയ്തത്.

ജൂണിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് അഞ്ചു മാസം പിന്നിട്ടു. ആക്രമണങ്ങളും, പ്രശ്‌നകാലുഷ്യങ്ങളും, അസ്ഥിരതയും വര്‍ദ്ധിച്ചിരിക്കുന്ന ഇപ്പോഴത്തെ ഈ അവസ്ഥയിലാണ്, എ.കെ.പി-യുടെ നേതൃത്വത്തിലുള്ള ഏകകക്ഷി സര്‍ക്കാറിന് മാത്രമേ തുര്‍ക്കിയെ ഋജുവായ മാര്‍ഗത്തില്‍ നയിക്കാന്‍ കഴിയുകയുള്ളു എന്ന് തുര്‍ക്കിയിലെ പൊതുജനങ്ങള്‍ തീരുമാനിച്ചത്. ഒരു കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള എല്ലാ ശ്രമങ്ങളും ദാവൂദ് ഓഗ്‌ലു നടത്തിയിരുന്നു, പക്ഷെ പ്രതിപക്ഷ പാര്‍ട്ടികള്‍ അദ്ദേഹത്തെ അവഗണിക്കുകയാണ് ചെയ്തത്. അതില്‍ അവര്‍ക്കിപ്പോള്‍ തീര്‍ച്ചയായും കുറ്റബോധം തോന്നുണ്ടാവും. തീവ്രവലതുപക്ഷ പാര്‍ട്ടിയായ തുര്‍ക്കിഷ് നാഷണലിസ്റ്റ് മൂവ്‌മെന്റ് പാര്‍ട്ടിയുടെ (എം.എച്ച്.പി) നേതാവ് ദെവ്‌ലത്ത് ബാഹ്‌സെലിക്ക് പ്രത്യേകിച്ചും. മുകളില്‍ പരാമര്‍ശിച്ച സമാധാന പ്രക്രിയയുടെ ഭാഗമായി എ.കെ.പി-യുമായി അര്‍ത്ഥപൂര്‍ണ്ണമായ സംസാരങ്ങളില്‍ ഏര്‍പ്പെടാന്‍ ദെവ്‌ലത്ത് ബാഹ്‌സെലി വിസ്സമതിച്ചിരുന്നു. സമാധാനപ്രക്രിയക്ക് അദ്ദേഹത്തിന്റെ നാഷണിസ്റ്റ് പാര്‍ട്ടി എതിരാണ്. എ.കെ.പി-യുമായി സംഖ്യമുണ്ടാക്കി, ചില മന്ത്രിസ്ഥാനങ്ങളില്‍ കയറിപറ്റേണ്ടതിന് പകരം, എം.എച്ച്.പി കൂടുതല്‍ നഷ്ടങ്ങള്‍ വരുത്തിവെച്ചു. അവര്‍ക്ക് സീറ്റുകള്‍ നഷ്ടപ്പെട്ടു, പാര്‍ലമെന്റിലേക്ക് പ്രവേശിക്കുന്നതിന് ആവശ്യമായ പത്ത് ശതമാനം സീറ്റുകള്‍ പോലും അവര്‍ക്ക് ലഭിച്ചില്ല.

എ.കെ പാര്‍ട്ടി 316 സീറ്റുകള്‍ നേടി. തുര്‍ക്കിയുടെ ഭരണഘടനയിലും രാഷ്ട്രീയ വ്യവസ്ഥയിലും മാറ്റം വരുത്തുന്നതിന് ഹിതപരിശോധന നടത്താന്‍ 330 സീറ്റുകള്‍ നേടേണ്ടതുണ്ട്. അതുകൊണ്ടു തന്നെ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ ഓഫീസ് ഇപ്പോഴും വലിയ അളവില്‍ പ്രതീകാത്മകം തന്നെയാണ്. എന്നിരുന്നാലും തന്റെ എ.കെ പാര്‍ട്ടി സഖാക്കള്‍ ഒത്തുച്ചേര്‍ന്ന് കെട്ടിപടുത്ത രാഷ്ട്രീയഭൂമിക്ക് മേല്‍ ഉര്‍ദുഗാന് ഗണ്യമായ സ്വാധീനവും നിയന്ത്രണവുമുണ്ട്. മറ്റു പാര്‍ട്ടികളില്‍ നിന്നും രാജിവെച്ചൊഴിഞ്ഞ് വരുന്നവരെ ഉര്‍ദുഗാനും ദാവൂദ് ഓഗ്‌ലുവും ചിലപ്പോള്‍ തങ്ങളിലേക്ക് ആകര്‍ഷിച്ചേക്കാം. രാഷ്ട്രീയ രംഗം ‘ഉര്‍ദുഗാന്‍ അനുകൂലം’ ‘ഉര്‍ദുഗാന്‍ വിരുദ്ധം’ എന്നിങ്ങനെ രണ്ട് ക്യാമ്പുകളായി ധ്രുവീകരിക്കപ്പെട്ടിട്ടുണ്ട്. ഉര്‍ദുഗാനോടുള്ള വെറുപ്പാണ് ഇന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളെ ഒന്നിപ്പിക്കുന്ന ഒരും പൊതുവായ ഘടകം.

പ്രസിഡന്റ് ഓഫീസിന്റെ അധികാരപരിധി വര്‍ധിപ്പിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് പകരം, 13 വര്‍ഷം തുടര്‍ച്ചയായി തങ്ങളെ എന്തിനാണ് തെരഞ്ഞെടുത്തത് എന്ന് തുര്‍ക്കി ജനതയെ ഉണര്‍ത്തുന്ന പ്രവര്‍ത്തനങ്ങളിലായിരിക്കും എ.കെ പാര്‍ട്ടി ഏര്‍പ്പെടുക. ഭരണഅട്ടിമറി നടത്താന്‍ ശ്രമിക്കുന്ന, തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന പ്രസ്ഥാനങ്ങളെയും സംഘങ്ങളെയും തുടച്ച് നീക്കുന്ന പ്രവര്‍ത്തനങ്ങളായിരിക്കും ഇതില്‍ ആദ്യത്തേത്. പി.കെ.കെ, ഐ.എസ്, അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആത്മീയനേതാവ് ഫത്ഹുല്ല ഗുലന്‍ നടത്തുന്ന ഭരണ അട്ടിമറി ശ്രമങ്ങള്‍ തുടങ്ങിയവ ഉന്മൂലനം ചെയ്യപ്പെടേണ്ടവയില്‍ ഉള്‍പ്പെടും. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഗുലനോട് കൂറുപുലര്‍ത്തുന്ന കൊസ-ഇപെക് എന്ന മാധ്യമ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കോടതി നിര്‍ത്തിവെപ്പിച്ചത്. ഗുലന് തുര്‍ക്കിയിലെ പൊതുസമൂഹവുമായി ഇടപെടാന്‍ കഴിയുന്ന എല്ലാ സാധ്യതകളും ഇല്ലാതാക്കുന്നതിന് വേണ്ടി, കോടതിയുടെ പിന്തുണയോടെയുള്ള നടപടികള്‍ കൂടുതല്‍ ശക്തിപ്പെടുത്തും. അങ്ങനെ പതുക്കെയാണെങ്കിലും, രാഷ്ട്രീയം, ബിസിനസ്സ്, മാധ്യമം തുടങ്ങിയ മേഖലകളില്‍ നിന്നും ഗുലന്‍ പറിച്ചെറിയപ്പെടും.

ഇനി അടുത്ത നാല് കൊല്ലത്തേത്ത് എ.കെ പാര്‍ട്ടി സുരക്ഷിതരാണ്. സിറിയയിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാന്‍ കൂടുതല്‍ ശക്തിയായി സമ്മര്‍ദ്ദം ചെലുത്താനുള്ള ഒരു അവസരമാണ് എ.കെ പാര്‍ട്ടിക്ക് ലഭിച്ചിരിക്കുന്നത്. ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം തീര്‍ച്ചയായും സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെയും അദ്ദേഹത്തിന്റെ ഇറാനിയന്‍ സുഹൃത്തുകളേയും നിരാശപ്പെടുത്തുന്നത് തന്നെയാണ്. കമാല്‍ കിലിക്ദാര്‍ ഓഗ്‌ലു നയിക്കുന്ന റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി (സി.എച്ച്.പി) പോലെ അസദിനോട് സഹാനുഭൂതി വെച്ചുപുലര്‍ത്തുന്ന പാര്‍ട്ടികള്‍ക്ക് തുര്‍ക്കിയുടെ ഗവണ്‍മെന്റ് നയത്തെ സ്വാധീനിക്കാനുള്ള ശേഷിയില്ല. ഇനിവരാന്‍ പോകുന്ന നാല് വര്‍ഷം കൊണ്ട്, സമ്പന്ന അറബ് ഗള്‍ഫ് രാഷ്ട്രങ്ങളായ ഖത്തര്‍, സഊദി അറേബ്യ തുടങ്ങിയവരുമായുള്ള ബന്ധം കൂടുതള്‍ ദൃഢമാക്കാന്‍ എ.കെ പാര്‍ട്ടിക്ക് സാധിക്കും. കാരണം, ബശ്ശാറുല്‍ അസദിന്റെ ബഅഥ് ഭരണകൂടത്തെ തകര്‍ക്കുക എന്നത് ഇവരുടെയെല്ലാം പൊതുതാല്‍പ്പര്യമാണ്. ഖത്തറും തുര്‍ക്കിയും തമ്മില്‍ ഇപ്പോള്‍ തന്നെ വളരെ ശക്തമായ സൈനികസഹകരണ ബന്ധം നിലനില്‍ക്കുന്നുണ്ട്.

അയല്‍രാജ്യങ്ങള്‍ പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയും, വംശീയ ദേശീയവാദ പ്രത്യയശാസ്ത്രങ്ങളിലേക്ക് ആളുകള്‍ ആകര്‍ഷിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയില്‍ തുര്‍ക്കിയുടെ സാമ്പത്തികരംഗത്തിന് കുതിച്ചുയരാന്‍ കഴിയില്ലെന്ന കാര്യം തുര്‍ക്കിയിലെ പൊതുജനങ്ങള്‍ക്ക് മനസ്സിലാക്കി കൊടുക്കുകയാണ് എ.കെ പാര്‍ട്ടി ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഒന്ന്. അവര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ശരി, അസ്ഥിരത കൊടികുത്തി വാഴുന്ന മേഖലയില്‍, സ്ഥിരതയോടെ നിലനില്‍ക്കുന്ന ഒരു രാഷ്ട്രമാണ് തുര്‍ക്കി. ഈജിപ്തിലും, സിറിയയിലും, ഇറാഖിലും അതിനപ്പുറത്തും നടക്കുന്ന രാഷ്ട്രീയ സംഭവവികാസങ്ങളെ അവഗണിച്ചു തള്ളാന്‍ തുര്‍ക്കിക്ക് കഴിയില്ല. ചരിത്രപരവും, സാംസ്‌കാരികവും, മതപരവുമായ ഒട്ടനവധി കാരണങ്ങളാല്‍, തുര്‍ക്കിയുടെ ഭാഗധേയം അയല്‍രാജ്യങ്ങളുടേതുമായി വളരെ അടുപ്പത്തില്‍ കെട്ടുപിണഞ്ഞു കിടക്കുന്നതാണ്. മിഡിലീസ്റ്റിലെ പ്രശ്‌നങ്ങള്‍ എന്തായാലും തുര്‍ക്കിയുടെ മണ്ണിലേക്ക് വ്യാപിക്കും എന്ന് പറഞ്ഞ് കൊണ്ട് കൈയ്യും കെട്ടി നോക്കി നില്‍ക്കാന്‍ അതിനാവില്ല.

തുര്‍ക്കിയെ ശരിയായ പാതയിലേക്ക് എത്തിക്കുക എന്നതാണ് എ.കെ പാര്‍ട്ടിയുടെ ദൗത്യം. എന്നുവെച്ചാല്‍ ആഭ്യന്തരവും, മേഖലാസംബന്ധിയുമായ അനിവാര്യതകളുമായി ഉറച്ചതീരുമാനത്തോടെ ഇടപെടേണ്ടി വരും. അബദ്ധധാരണകളിലും, വ്യാമോഹങ്ങളിലും അകപ്പെടാതിരിക്കാന്‍ തുര്‍ക്കി ജനത ശ്രദ്ധിക്കേണ്ടതുണ്ട്. തുര്‍ക്കിയുടെ അയല്‍രാജ്യങ്ങളില്‍ സമാധാനം പുലര്‍ന്നാല്‍ മാത്രമേ അവരുടെ ഐശ്വര്യ ജീവിതത്തിന് തുടര്‍ച്ചയുണ്ടാവുകയുള്ളു. ഇതുതന്നെയാണ് എ.കെ പാര്‍ട്ടിയുടെ ഏറ്റവും വലിയ ദൗത്യവും.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles