Current Date

Search
Close this search box.
Search
Close this search box.

ട്രംപ് യുനെസ്‌കോ വിടുന്നതിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍

unesco-trump.jpg

ഐക്യരാഷ്ട്രസഭക്ക് കീഴിലുള്ള യുനെസ്‌കോ അംഗത്വം ഉപേക്ഷിക്കാന്‍ ട്രംപ് ഭരണകൂടവും ഇസ്രയേലുമെടുത്ത തീരുമാനം ഒറ്റ നോട്ടത്തില്‍ വിചിത്രമായി തോന്നാം. ശുദ്ധജലത്തിനും സാക്ഷരതക്കും പൈതൃകങ്ങളുടെ സംരക്ഷണത്തിനും സ്ത്രീകളുടെ അവകാശങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്ന ഒരു കൂട്ടായ്മയില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്തിനാണ്?

യുനെസ്‌കോ (UNESCO) ഇസ്രയേലിനെതിരെ മുന്‍ധാരണ വെച്ചുപുലര്‍ത്തുന്നുവെന്നാണ് അമേരിക്ക ആരോപിക്കുന്നത്. എന്നാല്‍ എന്താണ് അമേരിക്കയുടെ കണ്ണില്‍ യുനെസ്‌കോ ചെയ്ത കുറ്റകൃത്യങ്ങള്‍ എന്ന് നമുക്കൊന്ന് പരിശോധിക്കാം.

യുനെസ്‌കോ ചെയ്ത ആദ്യത്തെ കുറ്റകൃത്യമിതാണ്: 2011ല്‍ യുനെസ്‌കോയാണ് ഫലസ്തീന് ആദ്യമായി അംഗത്വം നല്‍കുന്നത്. ഫല്‌സതീന് അംഗത്വം നല്‍കുന്ന ആദ്യത്തെ യു.എന്‍ ഏജന്‍സിയാണത്. അതിലൂടെ ഒരു വര്‍ഷത്തിന് ശേഷം ജനറല്‍ അസംബ്ലിയില്‍ തങ്ങളുടെ പദവി മെച്ചപ്പെടുത്താന്‍ ഫലസ്തീനികള്‍ക്ക് സാധിക്കുകയും ചെയ്തു.

1993ല്‍ ഇസ്രയേലും ഫലസ്തീനും ഓസ്‌ലോ കരാറില്‍ ഒപ്പ് വെക്കുമ്പോള്‍ ലോകം കരുതിയത് ഫലസ്തീനികള്‍ക്ക് ഒരു സ്വതന്ത്രരാഷ്ട്രം നിര്‍മ്മിക്കുക എന്നതാണ് കരാറിന്റെ ലക്ഷ്യം എന്നായിരുന്നു. എന്നാല്‍ മിക്ക യു.എസ് രാഷ്ട്രീയ നേതാക്കളും ആ സമാധാനപ്രക്രിയയെ പിന്തുണച്ചിരുന്നില്ല. മാത്രമല്ല, ഇസ്രയേലിന്റെ സമ്മര്‍ദ്ദം മൂലം യു.എസ് കോണ്‍ഗ്രസ്സ് വളരെ പെട്ടെന്ന് തന്നെ സമാധാനപ്രക്രിയയെ തടയുന്നതിനായി ഒരു നിയമം നിര്‍മ്മിക്കുകയുണ്ടായി. ഫലസ്തീനികളെ അംഗീകരിക്കുന്ന ഏതൊരു യു.എന്‍ വേദിക്കുമുള്ള സാമ്പത്തിക സഹായം നിര്‍ത്തലാക്കാന്‍ ആ നിയമത്തിലൂടെ അമേരിക്കക്ക് സാധിക്കുന്നുണ്ട്.

ആറ് വര്‍ഷം കഴിയുമ്പോള്‍ അമേരിക്കക്ക് 550 മില്യണ്‍ കുടിശ്ശികയുണ്ട്. മാത്രമല്ല, യുനെസ്‌കോയില്‍ അമേരിക്കക്കിപ്പോള്‍ വോട്ടവകാശങ്ങളുമില്ല. അതിനാല്‍ തന്നെ യുനെസ്‌കോയില്‍ നിന്നുള്ള അമേരിക്കയുടെ ഇറങ്ങിപ്പോക്ക് ഒരു ഔപചാരികതക്കപ്പുറം ഒന്നുമല്ല.

യുനെസ്‌കോ ചെയ്ത രണ്ടാമത്തെ കുറ്റം ലോക പൈതൃക കേന്ദ്രങ്ങള്‍ തെരെഞ്ഞെടുക്കുന്നതിലുള്ള അതിന്റെ പങ്കാണ്. അത് ഇസ്രയേലിനെയും അമേരിക്കയെയും ഏറെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇസ്രയേല്‍ കയ്യേറിയ ഫലസ്തീന്‍ പ്രദേശങ്ങളെല്ലാം അത്തരം പൈതൃക കേന്ദ്രങ്ങള്‍ നിലനില്‍ക്കുന്ന സ്ഥലങ്ങളാണ്. റോമന്‍, ജൂത, ക്രൈസ്തവ, മുസ്‌ലിം ചരിത്രാവശിഷ്ഠങ്ങള്‍ ടൂറിസത്തിന്റെ സാധ്യതകള്‍ മാത്രമല്ല തുറന്ന് തരുന്നത്. മറിച്ച്, ചരിത്രാഖ്യാനങ്ങളെ നിയന്ത്രിക്കാനുള്ള അവസരവും അത് നല്‍കുന്നുണ്ട്.

ഇസ്രയേല്‍ പുരാവസ്ത്രു ശാസ്ത്രജ്ഞര്‍ പരിശുദ്ധ ഭൂമിയുടെ ഭൂതകാലത്തെ ഒരു ജൂതചരിത്രമാക്കി മാറ്റാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിലൂടെ ഫലസ്തീനികളെ അവരുടെ നാട്ടില്‍ നിന്ന് തുരത്തിയോടിക്കാനും ജൂത അധിവാസകേന്ദ്രങ്ങള്‍ സ്ഥാപിക്കാനുമുള്ള ന്യായീകരണങ്ങള്‍ മുന്നോട്ട് വെക്കാനും ഇസ്രയേലിന് സാധിച്ചിട്ടുണ്ട്.

അതേസമയം യുനെസ്‌കോ വിശുദ്ധഭൂമിയുടെ പാരമ്പര്യത്തെ ആദരിക്കുകയും ഫലസ്തീനികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. കഴിഞ്ഞുപോയ സംസ്‌കാരങ്ങളുടെ അവശിഷ്ടങ്ങളെ മാത്രമല്ല അവര്‍ സംരക്ഷിക്കുന്നത്.

ഇസ്രയേല്‍ അധീനപ്പെടുത്തിയ ഹെബ്രോനില്‍ (Hebron) നടന്ന് കൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍ തന്നെ യുനെസ്‌കോയും യു.എസ്-ഇസ്രയേല്‍ സഖ്യവും തമ്മിലുള്ള വ്യത്യാസത്തെ മനസ്സിലാക്കാന്‍ സഹായകമാണ്. അവിടെ പതിനായിരക്കണക്കിന് ഫലസ്തീനികളാണ് ജൂതകുടിയേറ്റക്കാര്‍ക്കും ഇസ്രയേലി പോലീസുകാര്‍ക്കുമിടയില്‍ ഞെരിഞ്ഞമരുന്നത്. കഴിഞ്ഞ ജൂലൈയിലാണ് ഹെബ്രോനിനെ അപകട ഭീഷണി നേരിടുന്ന പൈതൃക കേന്ദ്രങ്ങളിലൊന്നായി യുനെസ്‌കോ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. അത് അമേരിക്കയെയും ഇസ്രയേലിനെയും ഏറെ പ്രകോപിപ്പിക്കുകയുണ്ടായി. വ്യാജ ചരിത്രം എന്നാണ് ഇസ്രയേല്‍ അതിനെ വിശേഷിപ്പിച്ചത്.

ഇസ്രയേലിന്റെ അധിനിവേശത്തിന് കീഴിലുള്ള പൈതൃക കേന്ദ്രങ്ങളുടെ ഫലസ്തീനി നാമങ്ങള്‍ക്ക് യുനെസ്‌കോ നല്‍കുന്ന മുന്‍ഗണനയാണ് അവര്‍ ചെയ്ത മൂന്നാമത്തെ കുറ്റം. പൈതൃക കേന്ദ്രങ്ങളും അവക്ക് നല്‍കപ്പടുന്ന നാമങ്ങളും വളരെ പ്രധാനമാണ്. കൂട്ടമായ ഓര്‍മ്മകളെ നാമങ്ങള്‍ സ്വാധീനിക്കുന്നുണ്ട്. മാത്രമല്ല, സ്ഥലങ്ങള്‍ക്ക് അര്‍ത്ഥവും പ്രാധാന്യവും നല്‍കുന്നത് നാമങ്ങളാണ്.

1948ല്‍ ഫലസ്തീനികളുടെ ഭൂമിയുടെ അഞ്ചില്‍ നാല് ഭാഗവും ഇസ്രയേല്‍ അധീനപ്പെടുത്തുകയുണ്ടായി. ഫലസ്തീനികള്‍ അതിനെ ‘നഖബ’ എന്നാണ് വിളിക്കുന്നത്. ഇസ്രയേലി ചരിത്രകാരനായ ഇലാന്‍ പപ്പെ (Ilan Pappe) ഓര്‍മ്മകളുടെ ഹത്യ (memoricide) എന്നാണ് ഇസ്രയേലി അധിനിവേശത്തെ വിശേഷിപ്പിക്കുന്നത്. കാരണം ഫലസ്തീനികളുടെ ചരിത്രത്തെ തന്നെ മായ്ച്ചു കളയുകയാണ് ഇസ്രയേല്‍ ചെയ്യുന്നത്.

അഞ്ഞൂറോളം ഫലസ്തീനിയന്‍ നഗരങ്ങളെയും ഗ്രാമങ്ങളെയും നാമവേശഷമാക്കുക മാത്രമല്ല ഇസ്രയേല്‍ ചെയ്തത്. അവിടെയെല്ലാം ജൂത സമുദായങ്ങളെ പാര്‍പ്പിക്കുകയും ചെയ്തു. മാത്രമല്ല അവര്‍ക്ക് പുതിയ ഹീബ്രു നാമങ്ങള്‍ നല്‍കുകയും ചെയ്തു. അവരുടെ പഴയ അറബി നാമങ്ങളെ മായ്ച്ചുകളയുന്നതിന് വേണ്ടിയായിരുന്നു അത്. അങ്ങനെയാണ് സഫ്ഫുരിയ (saffuriya) സിപോരി (Tzipori)യായും ഹിത്തിന്‍ (hittin) ഹിത്തീമായും (hittim) മുയ്ജാദില്‍ (muyjadil) മിഗ്ദാലുമായും (migdal) മാറുന്നത്.

ജൂതവല്‍ക്കരണം (judaisation) എന്ന് ഇസ്രയേല്‍ വിളിക്കുന്ന പ്രക്രിയ ഇപ്പോള്‍ അധിനിവിഷ്ട മേഖലകളില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ബെയ്താര്‍ ഇലിറ്റിലെ (Beitar Ilit) ജൂത കുടിയേറ്റക്കാര്‍ ബാത്തിറിലെ (Battir) ഫലസ്തീനികളെ ഭീഷണിപ്പെടുത്തുന്നുണ്ട്. സസ്സിയയിലെ (sussiya) ഫലസ്തീനികളെ ആട്ടിപ്പായിച്ചു കൊണ്ട് ഇപ്പോള്‍ അവിടെ അതേപേരുള്ള ജൂതകുടിയേറ്റക്കാര്‍ അധിവാസമുറപ്പിച്ചിരിക്കുകയാണ്.

ജെറൂസലേമിലെ അവസ്ഥ കുറച്ച്കൂടി രൂക്ഷമാണ്. 1967ല്‍ ആയിരത്തില്‍ കൂടുതല്‍ ഫലസ്തീനികളെ ആട്ടിപ്പായിച്ചതിന് ശേഷമാണ് വലിയ പശ്ചിമ മതില്‍ അല്‍അഖ്‌സ മസ്ജിദിന് സമീപത്തായി നിര്‍മ്മിക്കപ്പെട്ടത്. മില്യണ്‍ കണക്കിന് സന്ദര്‍ശകരാണ് ആ വംശീയ ഉന്‍മൂലനത്തെ മറന്ന് കൊണ്ട് അവിടേക്ക് വരാറുള്ളത്. ഇസ്രയേലി ഭരണകൂടത്തിന്റെ സഹായത്തോടെ കുടിയേറ്റക്കാര്‍ ഇപ്പോഴും മുസ്‌ലിം-ക്രൈസ്തവ കേന്ദ്രങ്ങളില്‍ താമസമാക്കാറുണ്ട്. പതിയെ അവ കൈക്കലാക്കാം എന്ന പ്രതീക്ഷയിലാണ് അവരത് ചെയ്യാറുള്ളത്.

ജെറൂസലേമിലെ പഴയ നഗരം നേരിടുന്ന ഭീഷണികളെക്കുറിച്ച യുനെസ്‌കോ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലം ഇതാണ്. അല്‍അഖ്‌സ മസ്ജിദിലേക്ക് ഫലസ്തീനികളെ പ്രവേശിപ്പിക്കാന്‍ ഇസ്രയേല്‍ അനുമതി നല്‍കാതിരിക്കുന്നതിനെക്കുറിച്ചും യുനെസ്‌കോ സൂചിപ്പിക്കുന്നുണ്ട്. അപകട ഭീഷണി നേരിടുന്ന പൈതൃക കേന്ദ്രങ്ങളുടെ ലിസ്റ്റില്‍ നിന്നും ജെറൂസലേമിനെ ഒഴിവാക്കാന്‍ ഇസ്രയേല്‍ സമ്മര്‍ദ്ദം ചെലുത്തുകയുണ്ടായി. അമേരിക്കയെപ്പോലെത്തന്നെ ഇസ്രയേലും യുനെസ്‌കോക്കെതിരെ കടുത്ത നിലപാടാണ് സ്വീകരിക്കുന്നത്. ഇസ്രയേല്‍ ഉപയോഗിക്കുന്ന ഹിബ്രൂ നാമങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കാത്തതിന്റെ പേരില്‍ യുനെസ്‌കോ കടുത്ത വിമര്‍ശനമാണ് നേരിട്ടത്.

അധിനിവേശത്തെ സംരക്ഷിക്കുകയോ ഇസ്രയേലിന്റെ ജൂതവല്‍ക്കരണ ശ്രമങ്ങളെ പിന്തുണക്കുകയോ അല്ല യുനെസ്‌കോയുടെ ഉത്തരവാദിത്വം. മറിച്ച്, അന്താരാഷ്ട്ര നിയമത്തെ മുറുകെപ്പിടിച്ച് കൊണ്ട് ഫലസ്തീനികളെ ഇസ്രയേല്‍ അധിനിവേശത്തില്‍ നിന്നും രക്ഷപ്പെടുത്തുക എന്നതാണ് അതിന്റെ കര്‍ത്തവ്യം.

യുനെസ്‌കോ വിടാനുള്ള ട്രംപിന്റെ തീരുമാനം അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യത്തേതൊന്നുമല്ല. 1970 മുതല്‍ തന്നെ അദ്ദേഹത്തിന്റെ മുന്‍ഗാമികള്‍ യുനെസ്‌കോയുമായി കലഹത്തിലായിരുന്നു. ഇസ്രയേലി സമ്മര്‍ദ്ദത്തിന് കീഴടങ്ങിയില്ല എന്നതായിരുന്നു യുനെസ്‌കോ ചെയ്ത കുറ്റം. ഇപ്പോള്‍ ഫലസ്തീന് അംഗത്വം നല്‍കാന്‍ സമ്മതിച്ചതിന്റെ പേരില്‍ യുനെസ്‌കോയെ ശാസിക്കാന്‍ അമേരിക്കക്ക് ഒരവസരം കൂടി ലഭിച്ചിരിക്കുകയാണ്. ഭാവിയില്‍ മറ്റ് ഏജന്‍സികളെ ഫലസ്തീന് അനുകൂലമായ നീക്കങ്ങളില്‍ നിന്ന് തടയാന്‍ വേണ്ടി യുനെസ്‌കോയുടെ അനുഭവം ഒരു മാതൃകയാക്കുക എന്നതാണ് അമേരിക്കയുടെ ആവശ്യം.

യുനെസ്‌കോയോടുള്ള ട്രംപിന്റെ അമര്‍ഷം കാണിക്കുന്നത് മിഡിലീസ്റ്റില്‍ സമാധാനം പുനസ്ഥാപിക്കുന്നതില്‍ അമേരിക്കക്ക് യാതൊരു താല്‍പര്യവുമില്ല എന്നാണ്. മിഡിലീസ്റ്റിലെ സമാധാനപ്രക്രിയകളിലെ നിക്ഷപക്ഷനായ മധ്യസ്ഥന്‍ (honest broker) എന്ന് അമേരിക്കയെ ഒരിക്കലും വിശേഷിപ്പിക്കാന്‍ കഴിയില്ല. സമാധാന പ്രക്രിയകള്‍ക്ക് തടസ്സം നില്‍ക്കുകയാണ് അമേരിക്ക യഥാര്‍ത്ഥത്തില്‍ ചെയ്ത് കൊണ്ടിരിക്കുന്നത്.

വിവ: സഅദ് സല്‍മി

Related Articles