Current Date

Search
Close this search box.
Search
Close this search box.

ഏകാധിപതിയെ വളര്‍ത്തുന്ന ഈജിപ്ഷ്യന്‍ മീഡിയ

സഊദി അറേബ്യക്കും ഇറാനും ഇടയിലുള്ള അധികാര വടംവലിക്കിടയില്‍ ഈജിപ്തിന് അതിന്റെ രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെട്ടിരിക്കുകയാണ്. എത്രത്തോളമെന്നാല്‍ മിഡിലീസ്റ്റില്‍ ഒരിക്കലത് ഉണ്ടാക്കിയെടുക്കുകയും പരിപാലിച്ച് പോരുകയും ചെയ്തിരുന്ന എല്ലാം അതിന് നഷ്ടപ്പെട്ടു. ഇന്ന്, ഒരു രാജ്യത്ത് സ്വാതന്ത്ര്യവും നീതിയും ഉറപ്പുവരുത്തുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്ന സ്ഥാപനങ്ങളില്‍പെട്ട കോടതികളും മാധ്യമങ്ങളും ഈജിപ്തില്‍ ഭരണകൂട തീട്ടുരങ്ങള്‍ക്ക് വഴങ്ങി കനത്ത നിശബ്ദത പാലിച്ചിരിക്കുകയാണ്.

ഈജിപ്തിന്റെ ചരിത്രത്തില്‍ ആദ്യമായി ജനാധിപത്യ സംവിധാനത്തിലൂടെ അധികാരത്തിലേറിയ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ 2013-ലെ പട്ടാള അട്ടിമറിയിലൂടെ ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍സീസി പുറത്താക്കിയപ്പോള്‍, ഈജിപ്ഷ്യന്‍ മാധ്യമങ്ങളെല്ലാം സന്തോഷാതിരേകത്താല്‍ ആനന്ദിക്കുകയായിരുന്നു. മുര്‍സി ചെയ്ത കാര്യങ്ങളെയെല്ലാം വിലകുറച്ച് കണ്ട മാധ്യമപ്രവര്‍ത്തകര്‍, അവിശ്വസനീയമായ അജ്ഞത പ്രകടിപ്പിച്ചു കൊണ്ട്, സൈനിക ഏകാധിപതികളില്‍ നിന്നുള്ള ഭൂതകാല അനുഭവങ്ങളെ മറന്ന് കളഞ്ഞു. തുടര്‍ന്ന്, ഒരു ‘ദേശീയ രക്ഷകന്‍’ ആയി സീസി വാഴ്ത്തപ്പെട്ടു. അത് അദ്ദേഹത്തെ ഒരാമാനുഷനാക്കി മാറ്റി. തികച്ചും മുന്‍വിധിയോടെയുള്ള മാധ്യമ പ്രചാരണം, സൈനിക ഏകാധിപതി നടത്തിയ അധികാര അട്ടിമറിയെ സാധൂകരിച്ചു; ഈജിപ്തിന്റെ വിപ്ലവം ചരിത്രമാണ്.

ക്രൂരമായ ഏകാധിപത്യ ഭരണകൂടങ്ങള്‍ക്ക് കീഴിലുള്ള നരകജീവിതം ഈജിപ്തുകാരുടെ ഒരു പാരമ്പര്യമാണ്. അട്ടിമറിയാനന്തര മുസ്‌ലിം ബ്രദര്‍ഹുഡ്-വിരുദ്ധ ആഘോഷതിമര്‍പ്പില്‍, ആ പ്രസ്ഥാനത്തിന്റെ കീഴിലുണ്ടായിരുന്ന ഗവണ്‍മെന്റിന്റെ ഭരണകാലഘട്ടത്തില്‍ അനുഭവിച്ച സ്വാതന്ത്ര്യം ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ മറന്ന് പോയി. സീസിയെ സംബന്ധിച്ചിടത്തോളം, അതൊരു അനുഗ്രഹമായിരുന്നു. ‘സാമൂഹത്തിന്റെ ഉന്നമനത്തില്‍’ മാധ്യമങ്ങളുടെ പങ്കിനെ അദ്ദേഹം പ്രത്യേകം എടുത്ത് പറഞ്ഞു. തീര്‍ച്ചയായും അവിടെ ഉന്നമനമുണ്ടായിരുന്നു; സമൂഹത്തിനല്ല, മറിച്ച് അബ്ദുല്‍ ഫത്താഹ് അല്‍സീസിക്ക്.

സീസിയുടെയും മാധ്യമങ്ങളുടെയും ഈ അവസ്ഥ അധികകാലം നീണ്ടുനിന്നില്ല. വളരെ സൂക്ഷ്മതയോടെ നിര്‍മിച്ചെടുത്ത അദ്ദേഹത്തിന്റെ ചിത്രത്തിന് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ സമയത്ത് ആദ്യത്തെ പോറലേറ്റു. വിപ്ലവ വൈകാരികതകള്‍ ഒടുങ്ങി, തങ്ങളുടെ പ്രസിഡന്റ് തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞെന്ന് ഈജിപ്ഷ്യന്‍മാര്‍ മനസ്സിലാക്കി, ഏകാധിപതിയെ അവരുടെ നേതാവായി വാഴിക്കുന്ന കേവലം ഒരു പ്രക്രിയ മാത്രമായിരുന്നു തെരഞ്ഞെടുപ്പ്. യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് തെരഞ്ഞെടുക്കാന്‍ ഒന്നും തന്നെയില്ലായിരുന്നു; സമൂഹത്തിലെ ഭൂരിഭാഗം പേരും പിന്തുണക്കുന്ന രാഷ്ട്രീയ ആശയങ്ങളുടെ അമരക്കാരെല്ലാം തന്നെ തടവറയില്‍ അടക്കപ്പെട്ടിരുന്നു. ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയത്തെ നിശിതമായി എതിര്‍ത്തിരുന്ന ലിബറലുകള്‍ക്ക് പോലും തെരഞ്ഞെടുപ്പില്‍ കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. അതിനേക്കാളുപരി, ഈജിപ്ഷ്യന്‍മാരെ സംബന്ധിച്ചിടത്തോളം, മേഖലയിലെ അധികാരം അരക്കിട്ടുറപ്പിക്കുന്നതിന്റെ ഭാഗമായുള്ള സഊദി അറേബ്യയുടെ ‘കോളോണിയല്‍ വ്യാപനത്തിന്’ വേണ്ടിയായിരുന്നു ആ തെരഞ്ഞെടുപ്പ്. ഈജിപ്ഷ്യന്‍ പൗരന്‍മാരില്‍ ഭൂരിഭാഗവും വോട്ട് ചെയ്തില്ല. അതിനാല്‍ തെരഞ്ഞെടുപ്പ് നാല് ദിവസമായി സീസി നീട്ടി. നാല് ദിവസം കഴിഞ്ഞിട്ടും, 30 ശതമാനം വോട്ടുകള്‍ മാത്രമാണ് പെട്ടിയില്‍ വീണത്. ജനങ്ങള്‍ വോട്ട് ചെയ്യാതിരുന്നതിന്റെ കാരണങ്ങള്‍ ആഴത്തില്‍ അന്വേഷിക്കുന്നതിന് പകരം, സൈനിക ഏകാധിപതിയുടെ വിജയം ആഘോഷിക്കുകയാണ് ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ ചെയ്തത്.

പ്രതീക്ഷയുടെ പ്രതീകമാണ് വിപ്ലവം; അത് ഒരു രാഷ്ട്രത്തെ മികച്ച ഇടമാക്കി പരിവര്‍ത്തിപ്പിക്കുകയും, അവിടം സ്വാതന്ത്ര്യവും സാമൂഹിക സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുകയും ചെയ്യും. വേറെന്ത് കാര്യത്തിന് വേണ്ടിയാണ് ജനങ്ങള്‍ അവരുടെ രക്തം കൊടുക്കുക? ചിലര്‍ വിപ്ലവം എന്ന് പേരിട്ട് വിളിച്ച ഈജിപ്തിലെ ജനകീയ പ്രക്ഷോഭത്തിലേക്ക് കണ്ണയച്ചാല്‍, തികഞ്ഞ പ്രതീക്ഷയില്ലായ്മയുടെ പുകപടലങ്ങള്‍ ഉയര്‍ന്ന് വരുന്നത് കാണാം. ഒരു വിപ്ലവത്തിന് ശേഷം, രാഷ്ട്രീയമായും സാമ്പത്തികമായും സ്ഥിതിഗതികള്‍ വഷളായ രാജ്യങ്ങളുടെ ശ്രേണിയിലേക്ക് ഈജിപ്ത് കൂപ്പുകുത്തുകയാണ്. പ്രക്ഷോഭത്തിന് മുമ്പും ശേഷവും ജനങ്ങള്‍ പോലിസിന്റെ കൈകൊണ്ട് കൊല്ലപ്പെട്ടു. 2013-ലെ പട്ടാള അട്ടിമറിയെ തുടര്‍ന്ന് സമാധാനപരമായി പ്രതിഷേധിച്ച നൂറ്കണക്കിന് ആളുകളെയാണ് പോലിസ് കൊന്ന് തള്ളിയത്, അവരില്‍ ഭൂരിഭാഗവും ബ്രദര്‍ഹുഡ് അനുയായികളായിരുന്നു. ഇന്ന്, സീസിയുടെ അധികാരത്തിന് കീഴില്‍, ജനങ്ങള്‍ കൊല്ലപ്പെടുന്നതും, പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നതും തുടരുകയാണ്.

ആക്രമണത്തിന് ഇരയായവരുടെ പുനരധിവാസത്തിന് വേണ്ടിയുള്ള അല്‍ നദീം സെന്ററില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം, 272’നിയമബാഹ്യമായ മരണങ്ങള്‍’, 289 പീഢന കേസുകള്‍, ആളുകള്‍ അപ്രത്യക്ഷരായ 119 കേസുകള്‍ എന്നിവ സീസിയുടെ ആദ്യവര്‍ഷത്തെ ഭരണത്തിനിടെ സംഭവിച്ചിട്ടുണ്ട്. ബ്രദര്‍ഹുഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന നിരവധി വിദ്യാര്‍ത്ഥികളെ അവര്‍ പഠിച്ചിരുന്ന യൂണിവേഴ്‌സിറ്റികളില്‍ നിന്നും കോളേജുകളില്‍ നിന്നും പുറത്താക്കി. മുമ്പെങ്ങുമില്ലാത്ത വിധമുള്ള അരക്ഷിതാവസ്ഥയാണ് വിദേശികള്‍ ഇന്ന് ഈജിപ്തില്‍ അനുഭവിക്കുന്നത്. പ്രത്യേകിച്ച് ജൂലിയോ റെഗെനി എന്ന ഇറ്റാലിയന്‍ വിദ്യാര്‍ത്ഥിയുടെ ഇന്‍സ്റ്റിറ്റിയൂഷണല്‍ കൊലപാതകത്തിന് ശേഷം.

ബ്രദര്‍ഹുഡ് പ്രസിഡന്റ് പദവി കൈയ്യാളിയിരുന്ന സമയത്ത് ഈജിപ്തില്‍ സംഭവിച്ച എന്തെങ്കിലുമൊരു നല്ല കാര്യത്തെ പറ്റി ഒരാള്‍ അന്വേഷിക്കാന്‍ ഇറങ്ങിയാല്‍, ഏറ്റവും ചുരുങ്ങിയത്, പോലീസ് ക്രൂരത അവസാനിപ്പിക്കപ്പെട്ടിരുന്നുവെന്ന് അയാള്‍ക്ക് ബോധ്യമാവും. ഓഫീസര്‍മാര്‍ കുറ്റം ചെയ്താല്‍ ശിക്ഷിക്കപ്പെടാത്ത അവസ്ഥ ഇല്ലാതായിരുന്നു. ബ്രദര്‍ഹുഡിനെതിരെയുള്ള രാഷ്ട്രീയമായ വിയോജിപ്പുകള്‍ പ്രകടിപ്പിക്കാന്‍ ഈജിപ്ഷ്യന്‍ പൗരന്‍മാര്‍ക്ക് എല്ലാവിധ സ്വാതന്ത്ര്യവുമുണ്ടായിരുന്നു ; രാഷ്ട്രീയ തടവുകാര്‍ നിരുപാധികമായി വിട്ടയക്കപ്പെട്ടു. ജനങ്ങള്‍ക്ക് സാമ്പത്തിക ഐശ്വര്യം പ്രദാനം ചെയ്യാന്‍ ബ്രദര്‍ഹുഡിന് കഴിഞ്ഞിട്ടില്ലായിരിക്കാം, പക്ഷെ, ഈജിപ്തിന്റെ ചരിത്രത്തില്‍ ആദ്യമായി, അന്തസ്സ് എന്ന് വിളിക്കുന്നത് എന്തിനെയാണെന്ന് ഈജിപ്ഷ്യന്‍ ജനത അനുഭവിച്ചറിഞ്ഞു.

ബ്രദര്‍ഹുഡ്-വിരുദ്ധ പ്രചാരണങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കി കൂടെയുണ്ടായിരുന്ന ലിബറലുകളുടെ പങ്കാണ് ഈജിപ്ഷ്യന്‍ പ്രക്ഷോഭത്തിന്റെ മറ്റൊരു ദുരന്തം. തങ്ങള്‍ ആഗ്രഹിച്ച സ്വാതന്ത്ര്യം നല്‍കാന്‍ ബ്രദര്‍ഹുഡിന് കഴിഞ്ഞില്ലെന്ന് അവര്‍ നാഴികക്ക് നാല്‍പത് വട്ടം പറഞ്ഞ് നടന്നു. നടന്നിട്ടില്ലാത്ത കാര്യങ്ങളെ കുറിച്ച് അവര്‍ ഊഹിച്ച് പറഞ്ഞ് വാദിച്ചു: ‘ബ്രദര്‍ഹുഡ് ഈജിപ്ത് പിടിച്ചെടുത്തു, ഇനിയങ്ങോട്ട് ഒരു സ്വാതന്ത്ര്യവും ഉണ്ടാവില്ല, സ്ത്രീകള്‍ക്ക് അവരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടും, ഈജിപ്ത് ഒരു ഇസ്‌ലാമിക ഏകാധിപത്യ രാഷ്ട്രമായി മാറും’ തുടങ്ങിയവ ലിബറലുകളുടെ സ്ഥിരം പല്ലവികളായിരുന്നു. ഇതൊന്നും തന്നെ യഥാര്‍ത്ഥത്തില്‍ സംഭവിച്ചിട്ടുണ്ടായിരുന്നില്ല. മുഹമ്മദ് മുര്‍സി പ്രസിഡന്റായിരുന്ന സമയത്ത്, വിയോജിപ്പ് രേഖപ്പെടുത്താനുള്ള ആത്യന്തിക സ്വാതന്ത്ര്യം സെക്കുലറിസ്റ്റുകള്‍ നന്നായി ആസ്വദിച്ചിരുന്നു. ഇന്ന് പട്ടാള ഏകാധിപതി അധികാരത്തിലേറിയതോടെ, നിരവധി ‘സെക്കുലര്‍, ലിബറല്‍, ഡെമോക്രാറ്റുകളും’ മനുഷ്യാവകാശ പ്രവര്‍ത്തകരുമാണ് തടവറയില്‍ അടക്കപ്പെട്ടത്.

ഇന്ന് ആകെ ശ്വാസം മുട്ടുന്ന അവസ്ഥയാണ് ഈജിപ്തിലുള്ളത്. സെക്കുലര്‍, ബുദ്ധിജീവി, ലിബറല്‍ ധാര്‍മിക വാദികള്‍ക്ക് എന്താണ് സംഭവിച്ചത്? ‘സ്വാതന്ത്ര്യ പ്രവര്‍ത്തകര്‍’ എവിടെ പോയി? ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്കെതിരെ എവിടെ നിന്നും ഒരു എതിര്‍വാക്ക് പോലും ഉയരാത്തത് എന്തുകൊണ്ടാണ്? കഴിഞ്ഞാഴ്ച്ച, നിഷ്‌കളങ്കനായ ഒരു ചായവില്‍പ്പനക്കാരനെ പോലിസ് അതിക്രൂരമായി കൊന്ന് കളഞ്ഞപ്പോള്‍, എന്തുകൊണ്ടാണ് നീതി ആവശ്യപ്പെട്ടു കൊണ്ട് ഒരു പ്രകടനം പോലും നടക്കാതിരുന്നത്? തീര്‍ച്ചയായും, എതിര്‍ശബ്ദങ്ങള്‍ അനുവദിക്കപ്പെടുന്നിടത്തെല്ലാം പ്രകടനങ്ങള്‍ അരങ്ങേറും. ഇന്നത്തെ ഈജിപ്തില്‍, പോലിസിനെതിരെ പ്രകടനം വിളിക്കുക എന്നതിനര്‍ത്ഥം, മരണത്തെ അല്ലെങ്കില്‍ ജയില്‍വാസത്തെ സ്വയം ക്ഷണിച്ച് വരുത്തുക എന്നാണ്; എല്ലായ്‌പ്പോഴും രണ്ടും സംഭവിക്കും.

ഈജിപ്തിനെ പോലെയുള്ള ഒരു രാജ്യത്ത്, രാഷ്ട്രത്തിന്റെ മഹത്വം കണക്കാക്കപ്പെടുന്നത്, അത് എത്രത്തോളം പുരോഗമനപരത പ്രദര്‍ശിപ്പിക്കുന്നുണ്ട്, വിമത സ്വരങ്ങള്‍ക്ക് അത് എത്രത്തോളം ഇടം കൊടുക്കുന്നുണ്ട് എന്ന് നോക്കിയാണ്. പക്ഷെ, ഒരു നേതാവിന്റെ നന്മയും തിന്മയും വേര്‍തിരിച്ച് കാണിക്കുന്നതില്‍ മാധ്യമങ്ങള്‍ പരാജയപ്പെടുകയും, സാമൂഹിക വിപത്തുകള്‍ തുറന്ന് കാട്ടുന്നതില്‍ നിന്ന് അത് ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്താല്‍, നിരന്തരമായ അടിച്ചമര്‍ത്തല്‍ ഒരു പെരുമാറ്റച്ചട്ടമായി മാറും. ഈജിപ്ഷ്യന്‍ മീഡിയ ഇതില്‍ കുറ്റക്കാരാണ്; സമൂഹത്തില്‍ ദുരിതങ്ങള്‍ അനുഭവിക്കുന്നവരുടെ സങ്കടങ്ങള്‍ അത് അവഗണിച്ചുതള്ളുകയാണ് ചെയ്യുന്നത്. മുബാറക് യുഗത്തിലെ അവസ്ഥയിലേക്കാണ് ഈജിപ്ത് തിരിഞ്ഞ് നടക്കുന്നത്. കാര്യങ്ങള്‍ വീണ്ടും മാറണമെങ്കില്‍, ഒരു പുതിയ പ്രക്ഷോഭം ഉയര്‍ന്ന് വരേണ്ടതുണ്ട്, പക്ഷെ ഈജിപ്ഷ്യന്‍ സമൂഹത്തെ പ്രവചനാതീത സ്വഭാവം കണക്കിലെടുത്താല്‍, അതിന് നല്‍കേണ്ടി വരുന്ന വില വളരെ വലുതായിരിക്കും.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles