Current Date

Search
Close this search box.
Search
Close this search box.

എര്‍ദോഗാന്‍ ഖിലാഫത്തിനെ കാത്തിരിക്കുന്നത്

 

അടുത്ത വ്യാഴാഴ്ച്ച എര്‍ദോഗാന്‍ തുര്‍ക്കി പ്രസിഡന്റായി അധികാരമേല്‍ക്കുകയാണ്. എന്നാല്‍ പ്രദേശത്തെ മാറ്റങ്ങള്‍ തുര്‍ക്കിയുടെ ഭാവിക്ക് വെല്ലുവിളിയായിരിക്കും. ‘ഇസ്‌ലാമിക് സ്റ്റേറ്റി’ന്റെ മുന്നേറ്റത്തിനനുസരിച്ച് സഖ്യങ്ങളിലും മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. എങ്ങിനെയായിരിക്കും എര്‍ദോഗാന്‍ അവയോട് പ്രതികരിക്കുക?

തുര്‍ക്കിയുടെ പ്രധാനമന്ത്രിയായിരുന്ന എര്‍ദോഗാന്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ നേടിയ വിജയത്തിലൂടെ അടുത്ത വ്യാഴാഴ്ച്ചയോടെ തുര്‍ക്കിയുടെ പ്രസിഡന്റായി മാറുകയാണ്. ആധുനിക തുര്‍ക്കിയുടെ പിതാവായി അറിയപ്പെടുന്ന കമാല്‍ അത്താതുര്‍കിന് ശേഷം ഇത്തരം തിളക്കമാര്‍ന്ന ഒരു വിജയം തുര്‍ക്കിയുടെ ചരിത്രത്തിലുണ്ടായിട്ടില്ല.

എതിരാളികളുടെ ഒരു വര്‍ഷത്തിലേറെ കാലം നീണ്ടു നിന്ന എര്‍ദോഗാന്‍ വിരുദ്ധ കാമ്പയിന്റെ ഇടയില്‍ നിന്നാണ് ഈ വിജയമെന്നത് ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും മേലുള്ള അഴിമതി കേസുകളും പ്രതിഷേധ പ്രകടനങ്ങളും അതില്‍ ഉള്‍പ്പെടും. രാഷ്ട്രീയ തലസ്ഥാനമായ അങ്കാറയിലും സാമ്പത്തിക തലസ്ഥാനമായ ഇസ്തംബൂളിലും പതിനായിരങ്ങളെ അണിനിരത്തി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. പ്രതിഷേധങ്ങള്‍ തുര്‍ക്കി ജനതയുടെ ഭൂരിപക്ഷത്തെയല്ല പ്രതിനിധീകരിച്ചിരുന്നതെന്നും എര്‍ദോഗാന് തന്റെ ജനകീയാടിത്തറ നിലനിര്‍ത്താന്‍ സാധിച്ചുവെന്നും ശേഷം നടന്ന മുന്‍സിപ്പല്‍ തെരെഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടി നേടിയ ഭൂരിപക്ഷം വ്യക്തമാക്കുന്നു. അമ്പത് ശതമാനം വോട്ടും നേടാന്‍ അവര്‍ക്കതില്‍ സാധിച്ചു. പ്രസ്തുത ചരിത്ര വിജയത്തിലേക്ക് തന്റെ വ്യക്തിപരമായ വിജയവും കൂട്ടിചേര്‍ക്കാന്‍ എര്‍ദോഗാന് സാധിച്ചു. തന്റെ എതിര്‍ സ്ഥാനാര്‍ഥി ഒ.ഐ.സി. ജനറല്‍ സെക്രട്ടറി ഡോ. അക്മലുദ്ദീന്‍ ഇഹ്‌സാന്‍ ഓഗ്‌ലു 38 ശതമാനം വോട്ട് നേടിയപ്പേള്‍ 52 ശതമാനം വോട്ടും നേടാന്‍ അദ്ദേഹത്തിന് സാധിച്ചു.

അടുത്ത അഞ്ച് വര്‍ഷം എര്‍ദോഗാന്‍ തുര്‍ക്കിയുടെ പ്രസിഡന്റ് സ്ഥാനം അലങ്കരിക്കും. മുന്‍ വിദേശകാര്യ മന്ത്രിയും തന്റെ സഹായിയുമായ അഹ്മദ് ദാവൂദ് ഓഗ്‌ലുവിനെ പ്രധാനമന്ത്രിയായി തെരെഞ്ഞെടുത്തതിലൂടെ തന്റെ ഭരണത്തിന്റെ കരുത്ത് ഉറപ്പാക്കാനും അദ്ദേഹം ശ്രദ്ധിച്ചു. എര്‍ദോഗാന്റെയും ദാവൂദ് ഓഗ്‌ലുവിന്റെയും പ്രവര്‍ത്തനങ്ങളും വാക്കുകളും പഴയ ഓട്ടോമന്‍ ഖിലാഫത്തിന്റെ ഓര്‍മകളാണ് ഉണര്‍ത്തുന്നത്. തുര്‍ക്കി രാഷ്ട്രീയ വൃത്തിലെ ‘കുറുക്കന്‍’ എന്നാണ് ഓഗ്‌ലു അറിയപ്പെടുന്നത്. ഓട്ടോമന്‍ ഖിലാഫത്തിന്റെ സ്മരണകളുണര്‍ത്തുന്ന തരത്തിലുള്ള എര്‍ദോഗാന്‍ ഭരണത്തിന്റെ ബൗദ്ധിക കടിഞ്ഞാണ്‍ അദ്ദേഹത്തിനായിരിക്കും.  മുസ്‌ലിം അയല്‍ നാടുകളുമായും നല്ല ഒരു ബന്ധം ഉണ്ടാക്കിയെടുക്കുന്നതോടൊപ്പം തന്നെ തുര്‍ക്കിയുടെ അസാധാരണമായ സാമ്പത്തിക വളര്‍ച്ചയും പുരോഗതിയുമായിരുന്നു കഴിഞ്ഞകാലത്തെ ഈ കൂട്ടുകെട്ടിന്റെ യഥാര്‍ത്ഥ നേട്ടം.

എര്‍ദോഗാനും ഓഗ്‌ലുവും നേടിയെടുത്ത ജനങ്ങളുടെ വിശ്വാസത്തില്‍ നമുക്ക് യാതൊരു തര്‍ക്കവുമില്ല. അയല്‍ക്കാരുമായി ‘പ്രശ്‌ന രഹിത’ (Zero problems) നയത്തിലൂടെ ആധുനിക രാഷ്ട്രീയ ചിന്തകര്‍ക്കിടിയില്‍ അദ്ദേഹത്തിനുള്ള സ്ഥാനത്തിലും അഭിപ്രായ വ്യത്യാസമില്ല. ദുഖകരമെന്ന് പറയട്ടെ കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ പല തിരിച്ചടികളും അതുണ്ടാക്കിയിട്ടുണ്ട്. പ്രത്യേകിച്ചും അറബ് വസന്തത്തിന്റെ വിപ്ലവങ്ങളിലും സിറിയയിലും ഇറാഖിലും ചെറിയ തോതില്‍ ഇറാനിലും അതുണ്ടാക്കിയ പ്രത്യാഘാതങ്ങളിലും അത് കാണാം.

അറബ് വസന്തം ഈജിപ്തിലെയും തുനീഷ്യയിലെയും മുസ്‌ലിം ബ്രദര്‍ഹുഡിന് മുന്നില്‍ ആത്യന്തികമായി പ്രതിസന്ധികളുണ്ടാക്കിയിട്ടുണ്ട്. ചില അറബ് രാഷ്ട്രങ്ങള്‍ അതിനെ കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും തുര്‍ക്കിയില്‍ ബ്രദര്‍ഹുഡ് സാമ്പത്തികമായും രാഷ്ട്രീയമായും എര്‍ദോഗാനോട് കടപ്പെട്ടിരിക്കുന്നു. നിരവധി പേരുടെ ആദരവിനും പ്രശംസക്കും അത് കാരണമാവുകയും ചെയ്തിട്ടുണ്ട്.

അയല്‍ക്കാരുമായി ‘പ്രശ്‌ന രഹിത’ നയത്തിലൂടെ സാമ്പത്തിക ശേഷിയില്‍ തുര്‍ക്കിക്ക് ലോകത്തെ പതിനേഴാമത്തെ ശക്തിയായി മാറാന്‍ സാധിച്ചു. ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാനുള്ള അതിന്റെ പാതയില്‍ തീര്‍ച്ചയായും പ്രശ്‌നങ്ങളും പ്രതിസന്ധികളുമുണ്ട്. വിജയങ്ങള്‍ ശത്രുക്കളെ സൃഷ്ടിക്കുന്നുവെന്നത് ശരിയാണ്. ഈയടുത്ത നാളുകളില്‍ എര്‍ദോഗാന്റെ ശത്രുക്കളും കൂടുതല്‍ ഭീകരമായി പുനരവതരിക്കുന്നത് കാണാം.

രാജ്യത്തിനകത്തുള്ള രാഷ്ട്രീയ എതിരാളികളല്ല അവര്‍, മറിച്ച് തുര്‍ക്കിയെ അസ്വസ്ഥതയോടെ ഉറ്റുനോക്കുന്ന പ്രദേശത്തെ സഊദി അറേബ്യ, ഈജിപ്ത്, ഇറാന്‍ ഭരണകൂടങ്ങളാണവ. തുര്‍ക്കിയുടെ ഈ ഓട്ടോമന്‍ നോസ്റ്റാള്‍ജിയ എവിടെയാണ് ചെന്നവസാനിക്കുകയെന്ന് യൂറോപും ഉറ്റുനോക്കുന്നുണ്ട്. അതിന്റെ ആഴവും വ്യാപ്തിയുമൊന്നും അവരാരും മറന്നിട്ടില്ല എന്ന് തീര്‍ച്ച.

വരുന്ന ആഴ്ച്ചകളിലും മാസങ്ങളിലും എര്‍ദോഗാന്‍ നിരവധി എതിര്‍പ്പുകള്‍ നേരിടേണ്ടി വരും. തെരെഞ്ഞെടുപ്പ് പ്രചാരണ കാലത്തുണ്ടായ ഗൂഢാലോചനകളും, ചോര്‍ത്തിയ ടെലിഫോണ്‍ സംഭാഷണങ്ങളും സോഷ്യല്‍ മീഡിയാ കാമ്പയ്‌നുകളുമെല്ലാം നമ്മുടെ ഓര്‍മയിലുണ്ട്. എന്നാല്‍ രാഷ്ട്രത്തിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് മാറ്റം വരുത്താനും അതിന് വഴങ്ങാനും കഴിവുള്ള പ്രായോഗിക വാദിയാണ് എര്‍ദോഗാനെന്ന് നാം കണ്ടറിഞ്ഞതാണ്.

ഇറാഖിലെ നൂരി മാലിക സര്‍ക്കാറിന്റെ പതനവും ‘ഇസ്‌ലാമിക് സ്റ്റേറ്റിന്റെ’ ഉയര്‍ച്ചയും തുര്‍ന്ന് ദ്രുതവേഗത്തിലുണ്ടായ മാറ്റങ്ങളുടെ പശ്ചാത്തലത്തിലെ പ്രദേശത്തെ രാഷ്ട്രീയ സൈനിക സമവാക്യങ്ങളെ കുറിച്ച് നല്ല അവബോധമുള്ളവരാണ് എര്‍ദോഗാനും അദ്ദേഹത്തിന്റെ പ്രധാനമന്ത്രി അഹ്മദ് ദാവൂദ് ഓഗ്‌ലുവും. മുന്‍ ശത്രുക്കളെല്ലാം – ഇറാനും സഊദിയും ഉള്‍പ്പടെയുള്ളവര്‍ അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സിനും ഒപ്പം – കൂടിച്ചേര്‍ന്ന് ഇസ്‌ലാമിക് സ്റ്റേറ്റിനെ നേരിടാന്‍ ഒരു പുതിയ സഖ്യം ഉണ്ടാക്കിയിരിക്കുന്നു. അതില്‍ തുര്‍ക്കിയെ ഉള്‍പ്പെടുത്തിയിട്ടില്ല, അല്ലെങ്കില്‍ ചുരുങ്ങിയ പക്ഷം ഔദ്യോഗികമായി തഴയപ്പെടുകയെങ്കിലും ചെയ്തിരിക്കുന്നു.

ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ‘ഭീകരതയെ’ നേരിടാനുള്ള സഖ്യത്തില്‍ സിറിയന്‍ ഭരണകൂടത്തെ കൂടി ഉള്‍പ്പെടുത്തണമെന്നുള്ള പടിഞ്ഞാറിന്റെ ആരവം അത്യന്തം അപകടകരമായ ഒരു മാറ്റമായിരിക്കും. എര്‍ദോഗാനും അദ്ദേഹത്തിന്റെ പ്രധാനമന്ത്രിയും സിറിയന്‍ ഭരണാധികാരികളുമായി ചര്‍ച്ചകള്‍ നടത്തുന്നതിന്റെ സാധ്യതകളും നാം തള്ളിക്കളയേണ്ടതില്ല.

വിവ : നസീഫ്

Related Articles