Current Date

Search
Close this search box.
Search
Close this search box.

എംബസി മാറ്റം നീട്ടിവെച്ചതിന് നല്‍കേണ്ട വില എന്തായിരിക്കും?

trump-abbbas.jpg

ഫലസ്തീനികള്‍ക്കും ഇസ്രയേലികള്‍ക്കും ഉടമ്പടിയിലെത്തുന്നതിന് അനുരഞ്ജന ചര്‍ച്ചക്കുള്ള അവസരം ഒരുക്കുക എന്ന കാരണം കാണിച്ച് അമേരിക്കന്‍ എംബസി അധിനിവിഷ്ട ഖുദ്‌സിലേക്ക് മാറ്റാനുള്ള തീരുമാനം ആറ് മാസം വൈകിപ്പിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനം നമ്മില്‍ ഉത്കണ്ഠയുണ്ടാക്കുന്നതാണ്. കാരണം അറബികളെയും ഒപ്പം ഫലസ്തീനികളെയും വിട്ടുവീഴ്ച്ചകള്‍ക്ക് പ്രേരിപ്പിക്കാനുള്ള ബ്ലാക്ക് മെയില്‍ ഉപകരണമായിട്ടത് ഉപയോഗപ്പെടുത്തിയേക്കാം.

ഇരട്ടിക്കിരട്ടി ലാഭം കണ്ടിട്ടല്ലാതെ ട്രംപ് എന്ന ‘കച്ചവടക്കാരന്‍’ ഒരു നീക്കവും നടത്തില്ല. തന്റെ ഇരകളെ ഭയപ്പെടുത്തി നിര്‍ത്തുന്നതിനായി നിലപാടുകള്‍ തീവ്രമാക്കുകയും ഭീഷണികളില്‍ അതിരുവിടുകയും ചെയ്യുകയാണയാള്‍. താന്‍ ആവശ്യപ്പെടുന്നത് നല്‍കുന്നതിലേക്ക് അവരെ എത്തിക്കുന്നതിനും അതിലൂടെ ഏറ്റവും ഉയര്‍ന്ന വില നേടുന്നതിനുമാണത്. തെരെഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ഗള്‍ഫ് ഭരണകൂടങ്ങള്‍ക്ക് നേരെ കടുത്ത ആക്രമണമാണ് അദ്ദേഹം അഴിച്ചുവിട്ടത്. ഗള്‍ഫ് നാടുകള്‍ കേവലം ഖജനാവുകള്‍ മാത്രമാണെന്നും അമേരിക്കയുടെ സംരക്ഷണമില്ലാതെ ഒരു ദിവസം പോലും അവക്ക് നിലനില്‍ക്കാനാവില്ലെന്നുമാണ് ട്രംപ് അന്ന് പറഞ്ഞത്.  പെട്രോളിയം വരുമാനത്തില്‍ നിന്ന് അതിന്റെ വിലയവര്‍ ഒടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സൗദി അറേബ്യ പണമായിട്ട് തന്നെ അതിന്റെ വിലയൊടുക്കി. അതിന്റെ ആദ്യഘഡുവായിരുന്നു 460 ബില്യണ്‍ ഡോളറിന്റെ ആയുധ ഇടപാടും അമേരിക്കന്‍ പദ്ധതികളിലെ നിക്ഷേപവും. മറ്റ് ഗള്‍ഫ് നാടുകളും തങ്ങളുടെ ചെക്ക് ബുക്കുകളുമായി ഊഴവും കാത്ത് ആ വരിയില്‍ തന്നെയുണ്ട്. അതില്‍ എഴുതേണ്ട സംഖ്യ നിശ്ചയിച്ച് ഒപ്പുവെക്കാനുള്ള താമസമേ ഉള്ളൂ.

അമേരിക്കന്‍ എംബസി തെല്‍അവീവില്‍ നിന്നും അധിനിവിഷ്ട ഖുദ്‌സിലേക്ക് മാറ്റാനുള്ള തീരുമാനം വൈകിപ്പിച്ചു കൊണ്ടുള്ള രേഖയില്‍ ഒപ്പുവെക്കുന്ന പ്രസിഡന്റ് ട്രംപ് അതിന്ന് പകരമായി അധിനിവേശ ഇസ്രയേലുമായി ബന്ധം ദൃഢപ്പെടുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യണമെന്ന ആവശ്യവുമായി അറബ് ഗള്‍ഫ് നാടുകള്‍ക്ക് നേരെ തിരിയും. ടെലഫോണ്‍ നെറ്റ്‌വര്‍ക്കുകള്‍ സ്ഥാപിക്കല്‍, നേരിട്ടുള്ള വിമാന സര്‍വീസ്, എംബസികളും കൊമേഴ്ഷ്യല്‍ ഓഫീസുകളും തുറക്കല്‍, അറബ് തലസ്ഥാനങ്ങളില്‍ പ്രവേശിക്കുന്നതിന് ഇസ്രയേലികള്‍ക്ക് -പ്രത്യേകിച്ചും ബിസിനസ്സുകാര്‍ക്ക്- മേലുള്ള എല്ലാ നിയന്ത്രണങ്ങളും എടുത്തുകളയല്‍, ആയുധ ഇടപാടുള്‍ ഒപ്പുവെക്കല്‍, സുരക്ഷാ സഹകരണ കരാറുകള്‍, സംയുക്ത ആയുധാഭ്യാസങ്ങള്‍ തുടങ്ങിയവ അതിലുണ്ടാവാം.

അതേസമയം ഫലസ്തീനികളില്‍ നിന്ന് ആവശ്യപ്പെടാന്‍ വിട്ടുവീഴ്ച്ചകളുടെ ഒരു നീണ്ട പട്ടിക തന്നെയായിരിക്കും. ഇസ്രയേല്‍ ജൂത രാഷ്ട്രത്തെ അംഗീകരിക്കലും ഉപാധികളില്ലാതെ നേരിട്ട് അനുരഞ്ജന ചര്‍ച്ചയിലേക്ക് മടങ്ങലും അതില്‍ പ്രധാനമായിരിക്കും. അധിനിവേശത്തെ എതിര്‍ക്കാന്‍ പ്രേരിപ്പിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കല്‍, സുരക്ഷാ സഹകരണത്തിന്റെ വൃത്തം വിപുലപ്പെടുത്തല്‍, അധിനിവേശ ജയിലുകളില്‍ കഴിയുന്ന തടവുകാര്‍ക്ക് ശമ്പളം നല്‍കുന്നതില്‍ നിന്ന് ഫലസ്തീന്‍ ഭരണകൂടം വിട്ടുവില്‍ക്കല്‍ തുടങ്ങിയവയും ആ പട്ടികയിലുണ്ടാവും.

അമേരിക്കന്‍ എംബസി മാറ്റുന്നത് വൈകിപ്പിച്ചു കൊണ്ടുള്ള പ്രഖ്യാപനത്തിന് രണ്ട് ദിവസം മുമ്പ് ഫലസ്തീന്‍ പ്രധാനമന്ത്രി റാമി ഹംദല്ല ഇസ്രയേല്‍ മന്ത്രിസഭയിലെ ധനകാര്യ മന്ത്രി മോഷെ കഹ്‌ലോനുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. 2000 ആണ്ടിന് ശേഷം ആദ്യമായിട്ടാണ് ഇങ്ങനെയൊരു മുഖാമുഖ കൂടിക്കാഴ്ച്ച നടക്കുന്നത്. വെസ്റ്റ്ബാങ്കിന്റെ 60 ശതമാനം വരുന്ന ‘സി’ കാറ്റഗറിയിലുള്ള പ്രദേശങ്ങള്‍ക്ക് മേലുള്ള ഫലസ്തീന്‍ അതോറിറ്റിയുടെ അധികാരം വിപുലപ്പെടുത്തുന്നതിന് ഒരു കരാറിലെത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു കൂടിക്കാഴ്ച്ച. നിര്‍മാണത്തിനുള്ള ലൈസന്‍സ് അനുവദിക്കല്‍, തകര്‍ക്കല്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കല്‍, വേനല്‍കാലത്ത് 24 മണിക്കൂറും അല്‍കറാമ അതിര്‍ത്തി തുറന്നിട്ട് യാത്ര സുഖകരമാക്കല്‍ പോലുള്ള കാര്യങ്ങളാണ് അതുകൊണ്ടുദ്ദേശിക്കുന്നത്.

കഴിഞ്ഞ മേയ് 20ന് നടന്ന റിയാദ് ഉച്ചകോടിയിലെ ട്രംപിന്റെ കാല്‍വെപ്പ് അറബികളെയും ഇസ്രയേലികളെയും ഒരുമിച്ച് ചേര്‍ത്ത് വാഷിംഗ്ടണില്‍ ഒരു ‘സമാധാന സമ്മേളനം’ നടത്തുന്നതിന്റെ മുന്നൊരുക്കമായിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതിലൂടെ എല്ലാ മേഖലകളിലുമുള്ള ബന്ധം മെച്ചപ്പെടും.

അമേരിക്കന്‍ എംബസി അധിനിവിഷ്ട ഖുദ്‌സിലേക്ക് മാറ്റുമെന്ന വാഗ്ദാനം എല്ലാ അമേരിക്കന്‍ പ്രസിഡന്റുമാരും നല്‍കിയിട്ടുള്ളതാണ്. എന്നാല്‍ അവരാരും ഈ വാഗ്ദാനം നടപ്പാക്കിയില്ല. ട്രംപ് അതുമായി മുന്നോട്ടു പോകുന്നു എന്നതാണ് അടിസ്ഥാനപരമായ വ്യത്യാസം. വില കയറ്റുന്നതിനായി തീവ്ര ജൂതവിശ്വാസിയെ തെല്‍അവീവിലേക്ക് അംബാസഡറായി അദ്ദേഹം അയക്കുകയും ചെയ്തു. ഈ നീക്കത്തിലൂടെ അറബികളില്‍ നിന്നും ഫലസ്തീനികളില്‍ നിന്നും അദ്ദേഹം ഉദ്ദേശിക്കുന്നത് സൗജന്യമായി നേടുന്നതാണ് കാണുന്നത്.

അറബികള്‍ക്കും ഇസ്രയേലികള്‍ക്കുമിടയില്‍ ട്രംപ് ഉണ്ടാക്കിയെടുക്കാന്‍ ഉദ്ദേശിക്കുന്ന സമാധാനം സാമ്പത്തിക സമാധാനമാണ്. അത് ഒരൊറ്റ ദിശയില്‍ മാത്രമാണ്. അറബികളില്‍ നിന്നും ഇസ്രയേലികളിലേക്ക് പണത്തിന്റെയും ആയുധ ഇടപാടുകളുടെയും നിക്ഷേപങ്ങളുടെയും രൂപത്തില്‍ അതുണ്ടാവണം. പരസ്പര വ്യാപാരം ഇസ്രയേല്‍ കമ്പനികള്‍ക്ക് പുതുജീവന്‍ പകരും. അതേസമയം ദ്വിരാഷ്ട്ര പരിഹാരം അല്ലെങ്കില്‍ ഇസ്രയേലിന്റെ പിന്‍വാങ്ങല്‍, കുടിയേറ്റം അവസാനിപ്പിക്കല്‍ പോലുള്ള കാര്യങ്ങളെല്ലാം അറബികള്‍ മറക്കേണ്ടത് അനിവാര്യമായി മാറും.

ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനും ട്രംപിനുമിടയില്‍ ബത്‌ലഹേമില്‍ വെച്ച് നടന്ന കൂടിക്കാഴ്ച്ച ഒരു കൊടുങ്കാറ്റ് തന്നെയായിരുന്നു. തന്റെ ആതിഥേയന്റെ മുഖത്ത് നോക്കി താന്‍ വഞ്ചന കാണിച്ചെന്നും ഇസ്രയേലികള്‍ക്കെതിരെ ആക്രമണത്തിന് പ്രേരിപ്പിച്ചെന്നും സമാധാന സംസ്‌കാരം കാത്തുസൂക്ഷിച്ചില്ലെന്നും പറഞ്ഞപ്പോള്‍ ട്രംപ് എല്ലാ പ്രോട്ടോകോളുകളും മറികടക്കുകയായിരുന്നു. ഫലസ്തീന്‍ പാഠ്യപദ്ധതിയിലെ ഉള്ളടക്കത്തില്‍ ജന്മനാട്ടിലേക്കുള്ള മടക്കത്തെ കുറിച്ച് പരാമര്‍ശിക്കുന്നതും, ഇസ്രയേലിനെ അധിനിവേശ ശത്രുവായി കണക്കാക്കുന്നതും, ചില സ്‌കൂളുകള്‍ക്കും റോഡുകള്‍ക്കും രക്തസാക്ഷികളുടെ പേരുകള്‍ നല്‍കുന്നതും, തടവുകാരെ വാഴ്ത്തുന്നതുമെല്ലാമാണ്  ട്രംപിന്റെയും അദ്ദേഹത്തിന് ഇക്കാര്യങ്ങള്‍ സംബന്ധിച്ച രേഖയുടെ പകര്‍പ്പുകള്‍ നല്‍കിയ ഇസ്രയേലികളുടെയും കാഴ്ച്ചപ്പാടിലുള്ള അക്രമത്തിനുള്ള പ്രേരണ.

ഫലസ്തീനികളോടും അറബികളോടും തങ്ങളുടെ ഓര്‍മകള്‍ മായ്ച്ചു കളയാനും ഇസ്രയേലിനെ തോഴനും സഖ്യവുമായി കാണാനുമാണ് ആവശ്യപ്പെടുന്നത്. അതല്ലാത്തതെല്ലാം അക്രമത്തിനുള്ള പ്രേരണയും കാടത്തവുമാണ്. ഇപ്പോള്‍ ശത്രു ഇറാനാണ്. അതിന് വിരുദ്ധമായി ആരെങ്കിലും പറയുന്നുവെങ്കില്‍ അവന്‍ തീവ്രവാദിയും ഭീകരവാദിയും മജൂസിയും മതപരിത്യാഗിയുമാണ്.

എംബസി മാറ്റാനുള്ള തീരുമാനം വൈകിപ്പിച്ചതിലുള്ള ബെന്യമിന്‍ നെതന്യാഹുവിന്റെ നിരാശ വെറും നാടകമാണ്. വ്യാജപ്രകടനവും തെറ്റിധരിപ്പിക്കലുമാണത്. അദ്ദേഹത്തിന്റെ അറിവോടെയും അംഗീകാരത്തോടെയും കൂടിയാണത് ചെയ്തിട്ടുള്ളത്. അതിന്റെ വില അല്ലെങ്കില്‍ പകരം ലഭിക്കുന്നത് സംബന്ധിച്ചും നേരത്തെ ധാരണയായിട്ടുണ്ട്. അതേസമയം നാം വഞ്ചിതരും പരിഹാസപാത്രവുമായി മാറുന്നു. അതത്ര പുതുമയുള്ള ഒരു കാര്യവുമല്ല.

വിവ: നസീഫ്‌

Related Articles