Current Date

Search
Close this search box.
Search
Close this search box.

ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ പറയുന്നത്

election.jpg

പത്തു പേരെ വെച്ചാണ് എതിര്‍ ടീം കളിച്ചത്. എന്നിട്ടും ഗോളടിക്കാന്‍ കഴിയാതെ തോറ്റുപോയാല്‍ നമുക്ക് സഹതപിക്കാനേ കഴിയൂ. അതാണ് ചെങ്ങന്നൂര്‍ നല്‍കുന്ന പാഠം. ഭരിക്കുന്ന മുന്നണിക്ക് എതിരെ വേണ്ടുവോളം ആയുധങ്ങള്‍ കയ്യിലുണ്ടായിട്ടും അത് ഗോളാക്കി മാറ്റുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടു എന്നതും നിസാര കാര്യമല്ല. കേരളത്തിന് പുറത്തു കോണ്‍ഗ്രസ് ശക്തി പ്രാപിക്കുന്നു. അതിനുള്ള കാരണം ഭരിക്കുന്ന പാര്‍ട്ടിയായ ബി.ജെ.പിക്കെതിരെ പ്രതിപക്ഷത്തു കോണ്‍ഗ്രസാണ് എന്നത് തന്നെ. അല്ലാത്തിടത്തു അവിടുത്തെ പ്രാദേശിക പാര്‍ട്ടികള്‍ നേട്ടം കൊയ്യുന്നു.

കേരളത്തില്‍ യു ഡി എഫ് ഒരു ബാധ്യതയായി മാറുകയാണ്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നിന്നും അത് തുടങ്ങുന്നു. സജി ചെറിയാന്‍ എന്ന ഇടതു പക്ഷ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതിന് മുമ്പേ തന്നെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചിരുന്നു. പ്രാദേശിക നിലപാട് നോക്കിയാണ് സ്ഥാനാര്‍ഥി നിര്‍ണയം നടന്നതും.  ഇത്ര വലിയ ഭൂരിപക്ഷത്തിനു ജയിക്കാന്‍ മാത്രം എന്താണ് ഇടതു പക്ഷത്തിനു സ്വന്തമായി ഉള്ളത് എന്നറിയില്ല. ഭരണ നേട്ടം എന്നത് പാര്‍ട്ടിക്കാര്‍ മാത്രം അംഗീകരിക്കുന്ന കാര്യമാണ്. നാട്ടിലെ രാഷ്ട്രീയ സാമൂഹിക അന്തരീക്ഷത്തില്‍ പിണറായി സര്‍ക്കാരിന്റെ ഇടപെടല്‍ അത്ര മികച്ചതല്ല. എന്നിട്ടും അവര്‍ക്കു വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കാന്‍ കഴിയുന്നു എന്നത് പ്രതിപക്ഷത്തിന്റെ ദൗര്‍ബല്യം കാണിക്കുന്നു.

ഹസന്‍ എന്ന കെ പി സി സി പ്രസിഡന്റ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം മറ്റൊരു ബാധ്യതയാണ്. സംഘന എന്നതിന്റെ ഒരു ഗുണവും കോണ്‍ഗ്രസ് കാണിക്കുന്നില്ല. അതെ സമയം അവരും ബി ജെ പിയും തമ്മിലുള്ള അന്തരം കുറഞ്ഞു വരുന്നു എന്നതും ശ്രദ്ധിക്കണം. ഒരു നേതാവും രണ്ടു അണികളും വിചാരിച്ചാല്‍ രണ്ടു ഗ്രൂപ് ഉണ്ടാക്കാം എന്നതാണ് കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയം. കേരള രാഷ്ട്രീയത്തില്‍ പ്രതിപക്ഷം എന്നും കരുത്തുറ്റ സാന്നിധ്യമായിരുന്നു. അതെ സമയം ഒരു ക്രിയാത്മക പ്രതിപക്ഷത്തിന്റെ റോളില്‍ യു ഡി എഫ് പരാജയമാണ്. നാട്ടിലെ പല സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിലും അവരുടെ നിലപാടുകള്‍ തീര്‍ത്തും നിരാശാജനകമാണ്. പൂര്‍ണമായും സംഘടന ശക്തി ക്ഷയിച്ച അവസ്ഥയിലാണ് കോണ്‍ഗ്രസ്സ്. പ്രതിപക്ഷ നേതാവിന്റെ നാട്ടില്‍ പോലും പാര്‍ട്ടിക്ക് ഗതി കിട്ടിയില്ല എന്നത് ഏതു വിധേന പാര്‍ട്ടി മനസ്സിലാക്കും എന്നിടത്തു നിന്നാണ് അടുത്ത തിരഞ്ഞെടുപ്പിലേക്ക് അവരുടെ പ്രതീക്ഷ. തട്ടികൂട്ടി മുന്നണി കേരളം ഒരിക്കലും അംഗീകരിക്കാത്ത കാര്യമാണ്. പിണങ്ങി നിന്നിരുന്ന മാണിയെ തിരിച്ചു കൊണ്ടുവന്നു എന്നത് ശരിയാണ്. മാണിക്ക് ചെങ്ങന്നൂരില്‍ വലിയ സ്വാധീനമില്ല എന്നത് പണ്ടേ പറഞ്ഞു കേട്ടതാണ്.

സംഘ പരിവാര്‍ വോട്ടുകള്‍ കുറഞ്ഞു എന്നത് ആശ്വാസമാണ്. ബി ജെ പി -ഇടതു സഖ്യം എന്ന യു.ഡി.എഫിന്റെത് ആരോപണത്തില്‍ മാത്രം ഒതുക്കുന്നതാണ് നല്ലത്. ഇടതു ഭരണത്തില്‍ സംഘപരിവാറിന് ആവശ്യത്തില്‍ കൂടുതല്‍ അവസരം കിട്ടുന്നു എന്നത് സത്യമാണ്. സംഘ പരിവാര്‍ പ്രതികളായ പല കേസുകളും സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുന്നു എന്നതും നാം അറിയുന്ന സത്യമാണ്. എങ്കിലും ഒരു ക്രോസ് വോട്ടു ചെയ്യാന്‍ മാത്രം ഇരു പാര്‍ട്ടികളും മുതിരില്ല എന്ന് വിശ്വസിക്കാന്‍ തന്നെയാണ് താല്പര്യം.

സംഘ പരിവാറിന് മൊത്തത്തില്‍ ക്ഷീണമാണ് ഇപ്പോള്‍ നടന്ന ഉപതെരഞ്ഞെടുപ്പുകള്‍. പ്രതിപക്ഷ കക്ഷികള്‍ ഒരു ചെറിയ വിട്ടുവീഴ്ചക്ക് തയ്യാറായാല്‍ തീരുന്നതാണ് ഇന്ത്യയിലെ ഫാസിസം. ജനത്തിനെ പരിഗണിക്കാത്ത ഭരണാധികാരികളെ നിലക്ക് നിര്‍ത്താന്‍ ജനത്തിനു കഴിയും എന്നത് കൂടി ഇന്നത്തെ പാഠമാണ്. മൊത്തത്തില്‍ നല്ല ഒരു സൂചനയാണ്. പക്ഷെ ചാരി വെച്ച കോണികള്‍ എപ്പോഴാണ് എടുത്തു കൊണ്ട് പോകുക എന്നത് മാത്രമാണ് നമ്മെ അസ്വസ്ഥമാക്കുന്ന ചോദ്യം

ഈ നിലക്ക് പോയാല്‍ എട്ട് പേരെ വെച്ച് കളിച്ചാലും അവര്‍ ജയിക്കും എന്നിടത്താണ് കാര്യങ്ങള്‍ വന്നു നില്‍ക്കുന്നത്. പൂര്‍ണമായ ഒരു ഉടച്ചു വാര്‍ക്കലും പുതിയ പ്രവര്‍ത്തന രീതിയും അത് മാത്രമാണ് കേരളത്തില്‍ കോണ്‍ഗ്രസ്സിന് പരിഹാരമാകുക.

 

Related Articles