Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിസ്റ്റുകള്‍ക്കെതിരെ രൂപപ്പെടുന്ന മതേതര ഐക്യമുന്നണി

സ്വതന്ത്രമായ ജനാധിപത്യ പ്രക്രിയയിലൂടെ ഇസ്‌ലാമിസ്റ്റുകള്‍ അധികാരത്തിലെത്തിയ ഈജിപ്ത്, തുണീഷ്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലെ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള കുത്സിതശ്രമങ്ങള്‍ക്കാണ് ലോകം ഇന്ന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ തീപ്പൊരികള്‍ മറ്റു രാഷ്ട്രങ്ങളിലും വൈകാതെ പ്രകടമാകും. ഭീകരത മുദ്രകുത്തിയും ഭരണകൂടത്തിനെതിരെ പ്രവര്‍ത്തിച്ചു എന്നാരോപിച്ചും ഇസ്‌ലാമിസ്റ്റുകളെ ജയിലിലടച്ചും നിഷ്ഠൂരമായി കൊന്നൊടുക്കിയും മുന്നോട്ടുപോയ അറബ്- ഇസ്‌ലാമിസ്റ്റ് രാജ്യങ്ങളിലെ ഏകാധിപതികള്‍ക്കൊപ്പം നിലയുറപ്പിച്ച മതേതര വാദികളുടെ ദയനീയതയാണ് ഇത് വിളിച്ചോതുന്നത്.

ഈജിപ്തിലെ ഇസ്‌ലാമിസ്റ്റുകള്‍ക്കെതിരെ ഭരണകൂടം അന്യായമായി മര്‍ദ്ധനമുറകള്‍ അഴിച്ചുവിട്ടപ്പോള്‍ മതേതരവാദികള്‍ എന്നവകാശപ്പെടുന്നവര്‍ അവരുടെ അന്ധമായ ഇസ്‌ലാം വിരോധം കാരണം നിലയുറപ്പിച്ചത്  സേഛ്വാധിപതികള്‍ക്കൊപ്പമായിരുന്നു. താടി, തലപ്പാവ്, പര്‍ദ്ദ, ശരീഅത്ത് തുടങ്ങിയ ഇസ്‌ലാമിക ചിഹ്നങ്ങളെ അപകീര്‍ത്തിപ്പെടുത്തിയ മതേതര വാദികളെ എല്ലാ അര്‍ഥത്തിലുമുള്ള സഹായവും നല്‍കി പരിരക്ഷിക്കുകയായിരുന്നു ഭരണകൂടം.

ഇടത്തും വലത്തുമുള്ള മതേതര ശക്തികള്‍ ഇപ്പോള്‍ ഇസ്‌ലാമിസ്റ്റുകള്‍ക്കെതിരെ ഐക്യമുന്നണി രൂപവല്‍ക്കരിച്ചുകൊണ്ടിരിക്കുകയാണ്. ജനതയുടെയും രാഷ്ട്രത്തിന്റെയും പൊതുമുതല്‍ കട്ടുമുടിച്ച മുന്‍ഭരണകൂടത്തിന്റെ പിന്തുണയോടെ അവരെ വീണ്ടും അധികാരത്തിലെത്തിക്കാനുള്ള പരിശ്രമങ്ങളിലാണവര്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ജനങ്ങള്‍ ബാലറ്റുപേപ്പറിലൂടെ തെരഞ്ഞെടുത്ത ജനപ്രതിനിധികളെ അട്ടിമറിയിലൂടെ പുറത്താക്കുകയാണ് ജനാധിപത്യത്തിന് വേണ്ടി മുറവിളി കൂട്ടുന്ന ഇക്കൂട്ടര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിന്റെ തീപ്പൊരികള്‍ തന്നെയാണ് തുര്‍ക്കിയിലും ഇപ്പോള്‍ പ്രകടമായിക്കൊണ്ടിരിക്കുന്നത്. പ്രക്ഷോഭകരുടെ ഉള്ളിലിരിപ്പ് അവരുടെ പ്രഭാഷണങ്ങളിലൂടെയും മുദ്രാവാക്യങ്ങളിലൂടെയും ഏവര്‍ക്കും വായിക്കാന്‍ കഴിയുകയുണ്ടായി. ജൂണ്‍ 30-നുള്ളില്‍ ഇസ്‌ലാമിക ഭരണകൂടത്തിന്റെ അന്ത്യമുണ്ടാകുമെന്നായിരുന്നു ഈജിപ്തിലെ പ്രതിഷേധസമരത്തെ അഭിസംബോധന ചെയ്തുകൊണ്ട് അവരുടെ നേതാവ് പ്രഖ്യാപിച്ചത്. ഇപ്രകാരം തന്നെ തുണീഷ്യന്‍ പ്രക്ഷോഭത്തിലും നാം കേള്‍ക്കുകയുണ്ടായി. ഇസ്‌ലാമിക ശരീഅത്തിനെ കുറിച്ചു മുന്‍വിധികളോടെയുള്ള ചര്‍ച്ചകളും നിരൂപണങ്ങളും സംഘടിപ്പിക്കുന്നത് ഇതിന്റെ ഭാഗമാണ്.

ഇസ്‌ലാമിക പ്രസ്ഥാനങ്ങളോട് കര്‍മശാസ്ത്ര മേഖലയിലെ ശാഖാപരമായ പ്രശ്‌നങ്ങളില്‍ വിയോജിപ്പുകളുളള ചില മുസ്‌ലിം ഗ്രൂപ്പുകളും സംഘങ്ങളും മതേതര്‍ ഒരുക്കിയ വലയില്‍ കുടുങ്ങിപ്പോകുന്നത് ഖേദകരമെന്നേ പറയാനുള്ളൂ. ഒരു ഇസ്‌ലാമിക സംഘടനയുടെ പതനം ആ സംഘടനയുടെ മാത്രം പതനമായിരിക്കില്ല. മറിച്ച് സൈന്യത്തിന്റെയും മുന്‍ഭരണകൂടത്തിന്റെ അവശിഷ്ടങ്ങളെയും ഒരുമിച്ചുകൂട്ടി രാഷ്ട്രത്തെ അരാജകത്വത്തിലേക്ക് നയിക്കുകയും അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുക്കുകയുമാണ് അവരുടെ ലക്ഷ്യം. വഞ്ചനയിലും കപടനാട്യത്തിലും ഉദാരനയത്തിലും കെട്ടിപ്പെടുക്കപ്പെട്ട മതേതര പദ്ധതികള്‍ മൂല്യഛ്യുതിയിലേക്കും ധാര്‍മികാധപ്പതനത്തിലേക്കുമാണ് സമൂഹത്തെ നയിച്ചുകൊണ്ടിരിക്കുന്നത്. മാത്രമല്ല, രാഷ്ട്രത്തെയും നാഗരികതയെയും തികഞ്ഞ ദാരിദ്ര്യത്തിലേക്കും അധോഗതിയിലേക്കുമായിരിക്കും ഇത് തള്ളിവിടുക എന്നത് കഴിഞ്ഞ പതിറ്റാണ്ടുകളായുള്ള ഭരണത്തില്‍ നിന്നും നമുക്ക് മനസ്സിലായതാണ്. സാമ്പത്തികവും സാമൂഹികവുമായ പരിഷ്‌കരണ സംരംഭങ്ങളുമായി ഇസ്‌ലാമിസ്റ്റുകള്‍ തുര്‍ക്കി മോഡല്‍ വളര്‍ച്ച കൈവരിക്കുമോ എന്ന ഭയമാണ് ഇവരെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഐ എം എഫിന്റെ കടബാധ്യതകള്‍ തിരിച്ചടച്ച് ലോകത്തിന് മാതൃക കാണിച്ച ഉര്‍ദുഗാന്റെ വികസന മുന്നേറ്റത്തില്‍ അവര്‍ അങ്ങേയറ്റം അസ്വസ്ഥരാണ്.

സാമ്പത്തികവും രാഷ്ട്രീയവുമായ എന്തു പുരോഗതിയാണ് മതേതരവാദികള്‍ക്ക് ഈ രാഷ്ട്രങ്ങളില്‍ കാഴ്ചവെക്കാന്‍ സാധിക്കുക? പതിറ്റാണ്ടുകളായി രാഷ്ട്രം ഭരിക്കാനവസരം ലഭിച്ചിട്ടും ജനതയെ തികഞ്ഞ ദാരിദ്ര്യത്തിലും രാഷ്ട്രത്തെ അധോഗതിയിലേക്കും തള്ളിനീക്കി പരമാവധി കട്ടുമുടിക്കുകയായിരുന്നല്ലോ അവര്‍. ഒടുവില്‍ ഗതികെട്ട് ജനം തെരുവിലിറങ്ങി ഭരണത്തില്‍ നിന്നും തുരത്തിയോടിച്ച ഇക്കൂട്ടരാണ് സാമ്പത്തികവും സാമൂഹികവുമായ പുരോഗതിയെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നത്? അറബ്- ഇസ്‌ലാമിക സമൂഹങ്ങള്‍ ഇതില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നില്ലെങ്കില്‍ അതിവിദൂരമല്ലാത്ത ഭാവിയില്‍ അവര്‍ ഇതിന് കനത്ത വില നല്‍കേണ്ടിവരും.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles