Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യന്‍ ജനാധിപത്യ സ്തംഭങ്ങളോട് മുസ്‌ലിം സമുദായത്തിന്റെ സമീപനങ്ങള്‍

എല്ലാ മതജാതിസമൂഹങ്ങള്‍ക്കും തുല്യ പൗരാവകാശം ഉറപ്പുവരുത്തുന്ന ഭരണഘടനാ വ്യവസ്ഥ നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. നിയമനിര്‍മാണ സഭകളായ പാര്‍ലമെന്റും രാജ്യസഭയുമടങ്ങുന്ന ലെജിസ്‌ലേറ്റര്‍, നിയമസംരക്ഷകരും അതിന്റെ വ്യാഖ്യാതാക്കളുമായ ജുഡീഷ്യറി, നിയമങ്ങള്‍ നടപ്പിലാക്കുന്ന ഉദ്യോഗസ്ഥ വൃന്ദം അഥവാ എക്‌സിക്യൂട്ടീവ്, ഇവ മൂന്നുമാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന സ്തംഭങ്ങള്‍. ഏതൊരു ജനാധിപത്യ വ്യവസ്ഥയുടെയും കാവലാളായി വാഴ്ത്തപ്പെടുന്ന ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന മീഡിയയെ നാലാം സ്തംഭമായും പരിഗണിക്കാം. ഈ നാല് ജനാധിപത്യ സംവിധാനങ്ങളും രാജ്യത്തെ ഓരോ പൗരനോടും വ്യത്യസ്ത വിഭാഗങ്ങളോടും സമുദായത്തിനോടും തുല്യനീതിയില്‍ പെരുമാറുമ്പോഴാണ് ജനാധിപത്യം സാര്‍ഥകമാകുന്നത്. ഭരണഘടനാ ശില്‍പികള്‍ സ്വപ്നം കണ്ട ഈ തുല്യനീതി കഴിഞ്ഞ 65 വര്‍ഷങ്ങളായി മുസ്‌ലിം സമുദായത്തിന് എങ്ങനെയെല്ലാം ലഭ്യമായി എന്നതിന്റെ ഔദ്യോഗിക കണക്കെടുപ്പു രേഖകളും വിവരണങ്ങളുമാണ് സച്ചാര്‍ സമിതി റിപ്പോര്‍ട്ടിലുള്ളത്. ഇനിയൊരു വിശദാംശവും ചര്‍ച്ചയും ആവശ്യമില്ലാത്തവിധം സമഗ്രമാണാ റിപ്പോര്‍ട്ടെന്നതിനാല്‍ അത്തരമൊരു വിശകലനമല്ല ഈ കുറിപ്പിന് പ്രേരകം. ജനാധിപത്യ വ്യവസ്ഥയുടെ അടിസ്ഥാനങ്ങളായ ഈ നാലു സംവിധാനങ്ങള്‍ മുസ്‌ലിം സമുദായത്തോട് എങ്ങനെ പെരുമാറി എന്നതുപോലെതന്നെ വിശകലന വിധേയമാക്കേണ്ട വിഷയമാണ്, ഈ സമുദായത്തിനുള്ളിലെ സംഘടിത വിഭാഗങ്ങള്‍ അവയെ എങ്ങനെ സമീപിച്ചു/സമീപിച്ചുകൊണ്ടിരിക്കുന്നുവെന്നതും.

ശരിയോ തെറ്റോ ആയ പ്രതിനിധാനമാവട്ടെ ലെജിസ്‌ലേറ്റീവിലേക്കുള്ള പ്രഥമ കാല്‍വെപ്പായ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് മാത്രമാണ് സമുദായം അല്‍പമെങ്കിലും ക്രിയാത്മകമായി പ്രതികരിച്ചത്. അതിനര്‍ഥം ആ രംഗത്തെങ്കിലും മുന്നേറ്റമുണ്ടാക്കാന്‍ സമുദായത്തിന് സാധിച്ചുവെന്നല്ല. ചില ഇലയനക്കമെങ്കിലും ഉണ്ടായത് ആ ശാഖയിലാണെന്ന് മാത്രം. വ്യത്യസ്ത രാഷ്ട്രീയ സംഘടനകളുടെ ചിഹ്നങ്ങളിലാണെങ്കിലും ജനാധിപത്യ തെരഞ്ഞെടുപ്പ് വ്യവസ്ഥയോട് ക്രിയാത്മകമായി പ്രതികരിച്ച് വോട്ടു രേഖപ്പെടുത്താന്‍ ഈ സമുദായത്തിലെ ഭൂരിപക്ഷം തയാറായി. ജനാധിപത്യ വ്യവസ്ഥയില്‍ തങ്ങളൊരു നിര്‍ണായക വോട്ടുബാങ്കാണ് എന്ന് തിരിച്ചറിയാനെങ്കിലും സമുദായത്തിന് സാധിച്ചത് അതുവഴിയാണ്. ആ വോട്ടു ബാങ്കിന്റെ കരുത്ത് മനസ്സിലാക്കി ഈ സമുദായത്തിന് രാഷ്ട്രീയ ദിശ നിര്‍ണയിക്കാനോ വോട്ടുബാങ്കിനെ വിലപേശല്‍ ശേഷിയാക്കി മാറ്റാനോ ത്രാണിയുള്ള നേതാക്കളോ സംഘങ്ങളോ അഖിലേന്ത്യാടിസ്ഥാനത്തില്‍ ഇല്ലാതെ പോയി. തെരഞ്ഞെടുപ്പിന്റെ തലേദിവസങ്ങളില്‍ അല്‍പം പച്ചിലയും വെള്ളവും വാഗ്ദാനം ചെയ്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടയനില്ലാത്ത ഈ ആട്ടിന്‍പറ്റത്തില്‍നിന്ന് നേട്ടം കൊയ്തു. ഫലം ജനസംഖ്യാനുപാതത്തിന്റെ നേരിയ ശതമാനം പോലും നിയമ നിര്‍മാണസഭകളില്‍ സമുദായത്തിന് പ്രാതിനിധ്യമുണ്ടായില്ല. വല്ല രാഷ്ട്രീയ സംഘടനയുടെയും ബാനറില്‍ ജയിച്ചു കയറിയ സമുദായാംഗങ്ങള്‍ക്ക് മുസ്‌ലിം മതസംഘനകളുമായോ ഇസ്‌ലാമികാദര്‍ശവുമായോ യാതൊരു ബന്ധവുമുണ്ടായതുമില്ല. ചില ഒറ്റപ്പെട്ട സംസ്ഥാനങ്ങളില്‍ നേരിയ സാന്നിധ്യമറിയിച്ച പ്രാദേശിക സാമുദായിക രാഷ്ട്രീയ പാര്‍ട്ടികളുടെ അപൂര്‍വം ചില നേതാക്കള്‍ മാത്രമാണിതിന് അപവാദമുണ്ടായിരുന്നത്. ഇങ്ങനെ പോരായ്മകളേറെയുണ്ടായിരുന്നെങ്കിലും ഒരു തെരഞ്ഞെടുപ്പ് വ്യവസ്ഥയോട് സമുദായ ഭൂരിപക്ഷം പോസിറ്റീവ് സമീപനം സ്വീകരിച്ചതിന്റെ ഫലമായി തന്നെയാണ് ഈ രംഗത്തെങ്കിലും അല്‍പം നേട്ടങ്ങള്‍ സമുദായത്തിന് സാധ്യമായത്.

ഭരണ നിര്‍വഹണസമിതിയിലെ പ്രാതിനിധ്യവും ശാക്തീകരണവും ഉറപ്പാക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവര്‍പോലും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മറ്റ് രണ്ട് സ്ഥാപനങ്ങളായ ജുഡീഷ്യറിയോടും എക്‌സിക്യൂട്ടീവിനോടും പോസിറ്റീവ് സമീപനം സ്വീകരിക്കാന്‍ ഇനിയും വേണ്ടത്ര തയാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടോ എന്നത് സംശയമാണ്. മുസ്‌ലിം സംഘടനാ കൂട്ടായ്മകള്‍ക്ക് പുറത്ത് ജീവിക്കുന്ന ചില അപ്പര്‍ കാസ്റ്റ് മുസ്‌ലിം കുടുംബങ്ങളും വ്യക്തികളും ഇവിടെ വിശകലന വിഷയമല്ല. ഇസ്‌ലാമിനെയൊരു ധാര്‍മിക ജീവിത വ്യവസ്ഥയാണെന്ന് അംഗീകരിച്ച് അവ വ്യക്തി സാമൂഹിക ജീവിതത്തില്‍ പുലര്‍ത്താന്‍ ശ്രമിക്കുന്ന വ്യക്തികളുള്‍ക്കൊള്ളുന്ന സംഘങ്ങളും സംഘടനകളും എങ്ങനെ ഈ സംവിധാനത്തെ സമീപിച്ചു/സമീപിച്ചു കൊണ്ടിരിക്കുന്നുവെന്നതാണ് ചോദ്യം. കേവലം ഉയര്‍ന്ന ഭൗതിക വിദ്യാഭ്യാസമുള്ള ഉദ്യോഗസ്ഥപടയെ സൃഷ്ടിച്ചെടുക്കുക എന്ന ദൗത്യം മുസ്‌ലിംസംഘടനകള്‍ മുഖ്യദൗത്യമായി ഏറ്റെടുക്കണമെന്നല്ല പറയുന്നത്. മറിച്ച് മൊത്തം ജനതക്ക് നന്മയും തണലുമായി മാറുകയും നീതി നടപ്പിലാക്കുകയും ചെയ്യേണ്ട ദൈവിക ആദര്‍ശസമൂഹത്തിലെ മെമ്പര്‍മാര്‍ എന്ന ബോധ്യവും കാഴ്ചപ്പാടുമുള്ള വ്യക്തികളെ ഇത്തരം സംവിധാനങ്ങളിലേക്കെത്തിക്കുന്ന ബോധപൂര്‍വമുള്ള അജണ്ടകളെയും പദ്ധതികളെയുംകുറിച്ചാണ് പറയുന്നത്. ഒരു ജീവിത യാഥാര്‍ഥ്യമെന്ന നിലക്ക് ജനാധിപത്യ രാഷ്ട്രീയ വ്യവസ്ഥയെ നിവര്‍ന്നുനിന്ന് തല ഉയര്‍ത്തിപ്പിടിച്ച് അഭിമുഖീകരിക്കാന്‍ ശ്രമിക്കുന്ന വര്‍ത്തമാന കാലത്ത് ജുഡീഷ്യറി അടക്കമുള്ള കീ പോസ്റ്റുകളില്‍ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള പദ്ധതികളും ആസൂത്രണങ്ങളും രൂപം കൊള്ളേണ്ടതുണ്ട്. കേവലമൊരു വിദ്യാഭ്യാസ സന്നദ്ധസംഘടനയോ മറ്റ് വേദികളോ ഏറ്റെടുക്കുന്നതിനേക്കാള്‍ ഭംഗിയായി ഈ ദൗത്യം നടപ്പിലാക്കാന്‍ സാധിക്കുക ദീര്‍ഘവീക്ഷണവും ധാര്‍മികാടിത്തറയുള്ള മതസംഘടനകളുടെ മേല്‍നോട്ടത്തിലുള്ള സ്ഥാപനങ്ങള്‍ക്കായിരിക്കും. അതിന് നവോത്ഥാന മുസ്‌ലിം സംഘടനകളടക്കമുള്ളവരുടെ നിലവിലെ വിദ്യാഭ്യാസ കാഴ്ചപ്പാടുകളില്‍ സാരമായ മാറ്റങ്ങള്‍ വരുത്തേണ്ടിവരും. ഉന്നത മതവിദ്യാഭ്യാസ കലാലയങ്ങള്‍ക്കുമപ്പുറം വല്ലാതെയൊന്നും ഈ രംഗത്ത് ഒരു മതസംഘടനയും വളര്‍ന്നിട്ടില്ലെന്നത് യാഥാര്‍ഥ്യമാണ്. ചില സംസ്ഥാനങ്ങളിലെ അല്‍പം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകള്‍ മാത്രമാണിതിനപവാദം. അതിനപ്പുറം മുന്നോട്ടുപോകാന്‍ ഇതുവരെ കാര്യമായ ശ്രമങ്ങളുണ്ടായിട്ടില്ല.

നിയമ നിര്‍മാണ സഭകളിലെ മെമ്പര്‍മാരെപ്പോലെ ജുഡീഷ്യറിയിലെയും എക്‌സിക്യൂട്ടീവിലെയും ഉയര്‍ന്ന തസ്തികയിലുള്ളവര്‍ക്ക് പൊതുസമൂഹത്തില്‍ ആദരവും ബഹുമാനവുമുണ്ട്. ഒരുപക്ഷേ, ഒരു മുസ്‌ലിം പണ്ഡിതന്റെ പ്രഭാഷണങ്ങളെക്കാള്‍ പൊതുസമൂഹം ശ്രദ്ധിക്കുക ഒരു ഉന്നത പദവിയിലിരിക്കുന്ന മുസ്‌ലിം ഉദ്യോഗസ്ഥന്റെ ഇസ്‌ലാമിക സന്ദേശത്തെക്കുറിച്ചുള്ള രണ്ട് വാക്കുകളായിരിക്കും. ഒരു ഫുള്‍ടൈം മതപ്രബോധകന്റെ പ്രവര്‍ത്തനങ്ങളെക്കാള്‍ അവരെ സ്വാധീനിക്കുക സത്യത്തെയും നീതിയെയും ഔദ്യോഗിക ജീവിതത്തില്‍ കണിശമായി പുലര്‍ത്തുന്ന ഉന്നത ഉദ്യോഗസ്ഥന്റെ ജീവിതമാതൃകകളായിരിക്കും. ആദ്യത്തേതിനെ വില കുറച്ചു കാണുകയല്ല, അതിന് സംഘടനകള്‍ നല്‍കുന്ന ശ്രദ്ധയും വിഭവവും പരിഗണനയും ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹികാവസ്ഥയില്‍ അതിനേക്കാള്‍ റിസല്‍റ്റ് നല്‍കുന്ന ഈ മേഖലക്ക് നല്‍കേണ്ടതുണ്ടെന്ന് മാത്രം. ഒരു ദീനീബാധ്യതയും അനന്തമായ ദഅ്‌വാ സാധ്യതയുമായി തന്നെ ഈ സംരംഭങ്ങളെ മതസംഘടനകള്‍ക്ക് സമീപിക്കാമെന്ന് ചുരുക്കം.

അതിനുമപ്പുറം നീതിയോടും സത്യത്തോടും സനാതന മൂല്യങ്ങളോടും കൂറുപുലര്‍ത്തുന്ന വേദഗ്രന്ഥത്തിന്റെ അനുയായികള്‍ക്ക് ഇന്ത്യന്‍ ജുഡീഷ്യറിയിലും മറ്റ് കീ പോസ്റ്റുകളിലും നിര്‍ണായക റോളുകള്‍ വഹിക്കാനുണ്ട്. മനുഷ്യനിര്‍മിത നിയമങ്ങളുടെ പോരായ്മകള്‍ എത്ര ചൂണ്ടിക്കാണിച്ചാലും നീതിയിലേക്കും നന്മയിലേക്കും തുറന്നുകിടക്കുന്ന അനവധി വ്യാഖ്യാന സാധ്യതകള്‍ ഇന്ത്യയുടെ ഭരണഘടനയിലും നിയമ വ്യവസ്ഥകളിലുമുണ്ട്. അതിനെ വ്യാഖ്യാനിക്കുകയും നടപ്പാക്കുകയും ചെയ്യുന്നവരുടെ വ്യക്തിപരമായ കാഴ്ചപ്പാടുകളും വീക്ഷണങ്ങളും അതില്‍ കാര്യമായി സ്വാധീനം ചെലുത്തുമെന്നതാണ് കഴിഞ്ഞകാല ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്. അതുകൊണ്ടാണല്ലോ ഉന്നത ഉദ്യോഗസ്ഥ മേഖലയിലും ജുഡീഷ്യറിയിലുമെല്ലാം മുസ്‌ലിം വിരുദ്ധ മുന്‍വിധികള്‍ പേറുന്ന സവര്‍ണ ഫാഷിസ്റ്റുകള്‍ പിടിമുറുക്കിയെന്ന് നാം വലിയ വായില്‍ മുറവിളി കൂട്ടുന്നത്. ഒരു തെറ്റായ ലക്ഷ്യത്തിന് വേണ്ടി ഇത്തരം കുഞ്ചിക സ്ഥാനങ്ങളില്‍ കയറിക്കൂടി സംഘപരിവാരം അവരുടെ പദ്ധതികള്‍ വിജയിപ്പിച്ചെടുത്തിട്ടുണ്ടെങ്കില്‍ മുഴുവന്‍ സമൂഹത്തിന്റെയും നീതിക്കും നന്മക്കും വേണ്ടി മുസ്‌ലിം സംഘടനകള്‍ക്കുമത് ചെയ്യാമായിരുന്നു. മുന്‍വിധികളില്ലാതെ നീതി നടപ്പിലാക്കുന്നവര്‍ ഈ സ്ഥാനങ്ങളിലെത്തുക എന്നതാണല്ലോ ഇന്ത്യന്‍ ഭരണഘടനയും രാജ്യശില്‍പികളും ലക്ഷ്യമിട്ടതും ആഗ്രഹിച്ചതും. പക്ഷപാതിത്വത്തോടെ വിധി പ്രഖ്യാപിക്കുന്ന/നിയമങ്ങള്‍ നടപ്പിലാക്കുന്നവരുടെ ഇരകളായിത്തീര്‍ന്ന ഒരു സമുദായത്തില്‍ നിന്നു തന്നെയാണ് ഇത്തരം പദ്ധതികള്‍ ഉയര്‍ന്നുവരേണ്ടത്. മഅ്ദനി വിഷയത്തില്‍ ഒരേ ഡിവിഷന്‍ ബെഞ്ചിലെ ഒരു ജഡ്ജി മഅ്ദനിക്ക് ജാമ്യമടക്കമുള്ള നിയമം നല്‍കുന്ന മുഴുവന്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് അഭിപ്രായപ്പെടുന്നതും ഒരു സംസ്ഥാന ഭരണകൂടത്തിന്റെ ഒത്താശയോടെ വംശഹത്യക്ക് നേതൃത്വം കൊടുത്തവരെ ഒരു ഐ.പി.എസ് ഉദ്യോഗസ്ഥന്റെ നിശ്ചയദാര്‍ഢ്യം കൊണ്ടുമാത്രം ശിക്ഷ വാങ്ങിച്ചു കൊടുക്കാന്‍ സാധിച്ചതുമെല്ലാം ഈ ജനാധിപത്യ വ്യവസ്ഥയുടെ സാധ്യതകളാണ്. അത്തരം പത്ത് ഉദ്യോഗസ്ഥരെ ഈ സമുദായത്തിന് നല്‍കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ പല കലാപചരിത്രങ്ങളും വിധിപ്രഖ്യാപനങ്ങളും മറ്റൊരു വിധത്തിലാകുമായിരുന്നു.

പാര്‍ലമെന്ററി ജനാധിപത്യ രംഗത്തുമാത്രം ശ്രദ്ധവെച്ചതുകൊണ്ട് സാധ്യമാകുന്നതല്ല സമുദായ ശാക്തീകരണം. ഇന്ത്യന്‍ ഭരണവ്യവസ്ഥയുടെ മൂന്ന് സ്ഥാപനങ്ങളും പരസ്പരം ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. മൂന്നിലും ഇത്തരം മാതൃകാ വ്യക്തിത്വങ്ങളുടെ പ്രാതിനിധ്യവും സ്വാധീനവും ഉണ്ടാകുമ്പോള്‍ മാത്രമാണ് സമുദായ ശാക്തീകരണമുണ്ടാവുകയും ഇസ്‌ലാമിക ജീവിത വ്യവസ്ഥയുടെ മൂല്യം പൊതുസമൂഹം തിരിച്ചറിയുകയും ചെയ്യുക.
അടുത്തിടെയായി സമുദായത്തിന്റെ വിദ്യാഭ്യാസരംഗത്ത് ചില സംസ്ഥാനങ്ങളിലെങ്കിലും ഉണ്ടാകുന്ന ഉണര്‍വിനെ ഈ വഴിക്ക് തിരിച്ചുവിടാന്‍ എല്ലാവരും ശ്രദ്ധവെക്കേണ്ടതുണ്ട്. നിലവില്‍ ഈ വിദ്യാഭ്യാസ ഉണര്‍വ് ചില മേഖലകളില്‍ മാത്രമാണ് കേന്ദ്രീകരിക്കുന്നത്. കുറഞ്ഞ കാലത്തെ പഠനം കൊണ്ട് കൂടുതല്‍ കാശു സമ്പാദിക്കാവുന്ന ഐ.ടി മേഖലയാണ് അതില്‍ പ്രധാനം. ഐ.ടി പ്രഫഷണലുകളേക്കാളും ഡോക്ടര്‍ – എഞ്ചിനീയര്‍മാരേക്കാളും ഇന്ന് സമുദായ ശാക്തീകരണത്തിനാവശ്യം സിവില്‍ സര്‍വീസിലും ശാസ്ത്രസാങ്കേതിക നിയമരംഗത്തും പത്രപ്രവര്‍ത്തന മേഖലയിലുമുള്ള സജീവ സാന്നിധ്യമാണ്. ഭാവിയിലെങ്കിലും ഇവയില്‍ സജീവ സാന്നിധ്യമറിയിക്കാന്‍ മികച്ച ആസൂത്രണത്തോടു കൂടിയുള്ള പ്രൊജക്ടുകള്‍ക്ക് എല്ലാ മതസംഘടനകളിലെയും ദീര്‍ഘ വീക്ഷണമുള്ള പണ്ഡിതന്മാരും നേതാക്കളും രംഗത്തുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
[email protected]

Related Articles