Current Date

Search
Close this search box.
Search
Close this search box.

ആവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ഐക്യഫലസ്തീന്‍ ചര്‍ച്ച

ഐക്യഫലസ്തീന്‍ രൂപീകരണത്തിനായി ഫലസ്തീന്‍ പ്രസിഡന്റ്് മഹ്മൂദ് അബ്ബാസും ഹമാസ് രാഷ്ട്രീയകാര്യ വിഭാഗം തലവന്‍ ഖാലിദ് മിശ്അലും ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ നേതൃത്വത്തില്‍ വീണ്ടും ചര്‍ച്ച നടക്കുകയാണ്. രജ്ഞിപ്പ് ആവശ്യമുള്ള വിധത്തില്‍ ഫലസ്തീനികള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്നും, ഫത്ഹിന്റെയും ഹമാസിന്റെയും നേതാക്കള്‍ ഒരുമിച്ചിരിക്കുന്നത് അത് പരിഹരിക്കാനാണെന്നും  നാമെന്തിന് ഇത്ര വാശി പിടിച്ച് സ്ഥാപിക്കണമെന്നതാണ് നമുക്ക് മനസ്സിലാവാത്തത്. ഫത്ഹിന്റെ സമ്മേളനം പതിനായിരങ്ങളെ പങ്കെടുപ്പിച്ച് ഗസ്സയിലെ തെരുവില്‍ സമാധാനപൂര്‍വം നടന്നതോടെ ഐക്യം രൂപപ്പെട്ട് കഴിഞ്ഞതാണ്. ഹമാസിന്റെ സില്‍വര്‍ ജൂബിലി ആഘോഷിക്കാന്‍ ഭരണകൂടം അനുവാദം നല്‍കിയതോടെ പ്രസ്തുത രജ്ഞിപ്പ് പൂര്‍ണമാവുകയും ചെയ്തു.

ഫത്ഹിന്റെയും ഹമാസിന്റെയും നേതാക്കള്‍ക്കിടയില്‍ രേഖപ്പെടുത്തപ്പെട്ട കരാര്‍ തന്നെ നിലവിലുണ്ട്. കൈറോയില്‍ വെച്ച് ഈജിപ്ഷ്യന്‍ ഗവണ്‍മെന്റിന്റെ സാന്നിദ്ധ്യത്തില്‍ തന്നെയാണ് അത് നടന്നത്. ഏകസ്വാതന്ത്ര രാഷ്ട്രത്തിന്റെ നിര്‍മിതിയും, രാഷ്ട്രത്തിലെ സ്ഥാപനങ്ങളുടെ പുതിയ ചട്ടക്കൂടിലുള്ള പുനര്‍നിര്‍മാണവുമാണ് അത് ലക്ഷ്യമാക്കുന്നത്. എന്ത് കൊണ്ട് പ്രസ്തുത കരാര്‍ നമുക്ക് യാതൊരു അവധാനതയും, വൈമനസ്യവും കൂടാതെ നടപ്പില്‍ വരുത്തിക്കൂടാ?

ഭരണകൂടം പാപ്പരായിരിക്കുന്നുവെന്നും, ഉദ്യോഗസ്ഥരുടെ ശമ്പളം കൊടുക്കാനും, വെസ്റ്റ്ബാങ്കിലെ ജനങ്ങള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ പോലും സൗകര്യപ്പെടുത്തിക്കൊടുക്കാനും കാശില്ലെന്നും ഫലസ്തീന്‍ അതോറിറ്റി പ്രധാനമന്ത്രി സലാം ഫയാള് ‘ശര്‍ഖുല്‍ ഔസതി’ന് നല്‍കിയ അഭിമുഖത്തില്‍ തുറന്ന് സമ്മതിച്ച കാര്യമാണ്. ഇരുരാഷ്ട്രങ്ങള്‍ക്കിടയിലുള്ള പരിഹാരം പൊളിഞ്ഞിരിക്കുന്നുവെന്നും, സമാധാന ചര്‍ച്ചകള്‍ പരാജയമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. എങ്കില്‍ പിന്നെ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് എന്താണ് കാത്തിരിക്കുന്നത്? ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്‍യാമീന്‍ നെതന്യാഹുവിനെ വീണ്ടും സന്ധിസംഭാഷണത്തിനായി ക്ഷണിക്കുന്നത് എന്തിന് വേണ്ടിയാണ്?

ഐക്യഫലസ്തീനെക്കുറിച്ച മടുപ്പുളവാക്കുന്ന സംസാരമല്ല ഇപ്പോള്‍, ഈ നിര്‍ണായക സന്ദര്‍ഭത്തിലാവശ്യം. ഫലസ്തീന്‍ പ്രശ്‌നത്തെ അറബ് ലോകത്തെയും, ആഗോളതലത്തിലെയും മുഖ്യ പ്രശ്‌നമായി അവതരിപ്പിക്കാന്‍ എന്തുണ്ട് മാര്‍ഗം എന്നതാണ് ഇപ്പോള്‍ ആലോചിക്കേണ്ട വിഷയം. ഏതാനും നാളുകളായി ഫലസ്തീന്‍ പ്രശ്‌നം അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അറബ്-ആഗോള തലങ്ങളില്‍ അതിന്റെ വാര്‍ത്തകള്‍ പോലും പ്രസിദ്ധീകരിക്കപ്പെടുന്നില്ല. അഥവാ അങ്ങനെ സംഭവിക്കുന്നുവെങ്കില്‍ ഉള്‍പേജുകളിലെ ഏതെങ്കിലും മൂലകളില്‍ മാത്രം.

ഫലസ്തീന്‍ പ്രശ്‌നത്തിന് അറബ്-ആഗോള മേല്‍വിലാസം സൃഷ്ടിക്കാനാണ് ഖാലിദ് മിശ്അലും മഹ്മൂദ് അബ്ബാസും ശ്രമിക്കേണ്ടത്. വളരെ കൃത്യമായ പഠനത്തിലൂടെയും, നയതന്ത്രത്തിലൂടെയും വേണം അതു നടക്കാന്‍. പ്രയോജനരഹിതമായ ചര്‍ച്ചകളില്‍ തങ്ങളുടെയും, ഈജിപ്ഷ്യന്‍ രാഷ്ട്രീയ നേതൃത്വത്തിന്റെയും സമയം പാഴാക്കാതിരിക്കാന്‍ അവര്‍ പ്രത്യേക്ം ശ്രദ്ധിക്കേണ്ടതുണ്ട്.

ഇസ്രായേലിന്റെ ഒടുവിലത്തെ ഗസ്സാ ആക്രമണവും, ഫലസ്തീനികളുടെ ചെറുത്ത് നില്‍പ് വിജയവും, തെല്‍അവീവില്‍ വന്നു പതിച്ച റോക്കറ്റുകളും ഫലസ്തീന്‍ പ്രശ്‌നത്തിന് ഈയിടെ ആഗോള ശ്രദ്ധ നേടിക്കൊടുത്തിരുന്നുവെന്നതില്‍ സംശയമില്ല. പക്ഷെ, വളരെ വേഗത്തില്‍ തന്നെ അവ മീഡിയകളില്‍ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു. ഇസ്രായേലിനെതിരെ നേടിയ വിജയം രാഷ്ട്രീയമായി പ്രതിഫലിക്കാനുള്ള യോജിച്ച പദ്ധതി നടന്നില്ലെന്നതാണ് കാരണം.

ഇപ്പോള്‍ കൈറോയില്‍ നടന്ന്‌കൊണ്ടിരിക്കുന്ന കൂടിക്കാഴ്ച ചര്‍ച്ചയുടെ ഗൗരവവും, പ്രയോജനവും നേട്ടവും കൊണ്ട് മുമ്പുള്ളവയില്‍ നിന്ന് വ്യത്യസ്തായിരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. എല്ലാ മാര്‍ഗങ്ങളുമുപയോഗിച്ച് പുതിയ ചെറുത്ത് നില്‍പ് പദ്ധതി രൂപപ്പെടുത്താന്‍ അത് സഹായിക്കുമെന്ന് പ്രത്യാശിക്കാം.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി  

Related Articles