Current Date

Search
Close this search box.
Search
Close this search box.

അസ്താന കരാറിന്റെ നേട്ടം ആര്‍ക്ക്?

astana-ddd.jpg

റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണുമായുള്ള കൂടിക്കാഴ്ച്ച നടത്തുന്നതിനായി ബുധനാഴ്ച്ച പുറപ്പെടാനിരിക്കയാണ്. റഷ്യന്‍ നയതന്ത്രത്തിന്റെ സുപ്രധാന ‘നേട്ടമായ’ അസ്താന-4 കരാറും കൊണ്ടാണ് അദ്ദേഹം വിമാനം കയറുന്നത്. റഷ്യ, തുര്‍ക്കി, ഇറാന്‍ എന്നീ ത്രികക്ഷികളുടെ ഉറപ്പിന്‍മേല്‍ സിറിയയില്‍ സംഘര്‍ഷം ലഘുകരിക്കുന്നതിനുള്ള നാല് പ്രദേശങ്ങള്‍ സ്ഥാപിക്കാന്‍ അനുശാസിക്കുന്നതാണ് പ്രസ്തുത കരാര്‍.

നേതൃത്വം നാടുകടത്തപ്പെട്ട രാഷ്ട്രീയ ഗ്രൂപ്പുകളെ അരികുവല്‍കരിക്കുകയാണ് ഈ രേഖ ഒന്നാമതായി ചെയ്തിരിക്കുന്നത്. രണ്ടാമതായി അവക്ക് പകരം വെച്ചിരിക്കുന്നത് സിറിയന്‍ മണ്ണില്‍ സാന്നിദ്ധ്യമറിയിച്ചിട്ടുള്ള സായുധ സൈനിക സംഘങ്ങളെയാണ്. ശാം ലിബറേഷന്‍ ഫ്രണ്ട് (നേരത്തെ അന്നുസ്‌റ), ഐഎസ് പോലുള്ള ഭീകരസംഘടനകളായി മുദ്രകുത്തിയിട്ടുള്ള സംഘടനകളുമായുള്ള നേര്‍ക്കുനേര്‍ ഏറ്റുമുട്ടലാണ് അതിലെ മൂന്നാമത്തെ കാര്യം. നിലവിലെ അമേരിക്കന്‍ ഭരണകൂടം സിറിയന്‍ വിഷയം മൊത്തത്തില്‍ മോസ്‌കോക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. അവിടത്തെ ഭീകരസംഘടനകളോടുള്ള പോരാട്ടവും ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് അവയെ പൂര്‍ണമായോ ഭാഗികമായോ ഉന്മൂലനം ചെയ്യാനുള്ള ഉത്തരവാദിത്വവും പൂര്‍ണമായും അവരെ ഏല്‍പിച്ചിരിക്കുകയാണ്.

സിറിയന്‍ പ്രതിസന്ധിയെ എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനായിരിക്കും നടക്കാനിരിക്കുന്ന കൂടിക്കാഴ്ച്ചയില്‍ ലാവ്‌റോവ് ഊന്നല്‍ നല്‍കുക. അമേരിക്ക – റഷ്യ സഹകരണം രണ്ട് വിഷയങ്ങളെ കേന്ദ്രീകരിച്ചായിരിക്കുമെന്ന് നമുക്ക് പ്രവചിക്കാന്‍ സാധിക്കും. ഒന്ന്, അസ്താന ചര്‍ച്ചക്ക് ഹാജരായ സായുധ ഗ്രൂപ്പുകള്‍ക്ക്, നാല് ലഘുസംഘര്‍ഷ മേഖലകളില്‍ ഭീകരസംഘടനകള്‍ക്കെതിരെ പോരാടുന്നതിന് നിരുപാധിക പിന്തുണ നല്‍കല്‍. ഈ ഗ്രൂപ്പുകള്‍ക്ക് അകമഴിഞ്ഞ പിന്തുണ നല്‍കുന്ന തുര്‍ക്കി ഇദ്‌ലിബിലും ഹിംസിലും അലപ്പോയിലും ദര്‍ആയിലും ഈ പോരാട്ടങ്ങളുടെ ചുമതല വഹിക്കും.

രണ്ട്, റഖയുടെ വിമോചനത്തിനും അവിടത്തെ ഐഎസ് ഘടകങ്ങളെ ഉന്മൂലനം ചെയ്യുന്നതിനുമുള്ള പോരാട്ടം എപ്പോഴായിരിക്കണം, അതിന് സ്വീകരിക്കേണ്ട രീതി ഏതായിരിക്കണം എന്നീ കാര്യങ്ങളില്‍ രണ്ട് വന്‍ശക്തികളുടെ വിദേശകാര്യ പ്രതിനിധികള്‍ ധാരണകള്‍ ഉണ്ടാക്കും. ഈ ഉത്തരവാദിത്വം നിര്‍വഹിക്കുന്നത് ഏത് സേനയായിരിക്കണം എന്നതാണ് അതില്‍ ഏറ്റവും പ്രധാനം. കുര്‍ദുകള്‍ക്ക് മേധാവിത്വമുള്ള സിറിയന്‍ ഡെമോക്രാറ്റ് സേനയെ അതേല്‍പിക്കാനാണ് കൂടുതല്‍ സാധ്യത. അമേരിക്കന്‍ പിന്തുണയോടെ സമീപത്തെ ത്വബ്ഖ നഗരം വീണ്ടെടുക്കുന്നതില്‍ അവര്‍ വിജയിച്ചിട്ടുണ്ടെന്നത് അതിന് അനുകൂല ഘടകമാണ്.

രണ്ട് വന്‍ശക്തികള്‍ക്കിടയില്‍ നടന്ന ‘ബാര്‍ട്ടര്‍’ ഇടപാടാണ് ഇതെന്നാണ് അവസാന അസ്താന സമ്മേളനത്തിനുള്ള അമേരിക്കയുടെ അപ്രഖ്യാപിത ആശീര്‍വാദം സൂചിപ്പിക്കുന്നത്. റഖയില്‍ അമേരിക്കയെയും അവരുടെ കുര്‍ദ് സഖ്യങ്ങളെയും സ്വതന്ത്രമായി വിടുന്നതിന് പകരം റഷ്യക്ക് വേണ്ടി നാല് ‘സുരക്ഷിത മേഖലകള്‍’ വിട്ടുകൊടുക്കുക എന്നതാണത്.

ഈ ബാര്‍ട്ടര്‍ ഇടപാടിന്റെയും അതിന്റെ നട്ടെല്ലായി കണക്കാക്കുന്ന അസ്താന കരാറിന്റെയും ഏറ്റവും വലിയ ലാഭം സിറിയന്‍ ഭരണകൂടത്തിനാണ്. ഈ കരാറിന് ജാമ്യം നിന്നിട്ടുള്ള ശക്തികളില്‍ രണ്ടും (റഷ്യ, ഇറാന്‍) സിറിയന്‍ ഭരണകൂടത്തിന്റെ പ്രധാന സഖ്യകക്ഷികളാണ്. വരും ആഴ്ച്ചകളില്‍ സിറിയന്‍ സായുധ പ്രതിപക്ഷത്തിന്റെ ദൗത്യം സിറിയന്‍ സൈന്യത്തിനെതിരെയുള്ള പോരാട്ടമല്ലാതായി മാറുമെന്നതാണ് അതിലേറെ പ്രധാനമായ മറ്റൊരു കാര്യം. അവയുടെ പോരാട്ടം ഭീകര സംഘങ്ങളുടെ നേര്‍ക്ക് തിരിക്കപ്പെടുകയാണ്. മൂന്ന് മാസം വരെ ആരും പ്രതീക്ഷിക്കുക പോലും ചെയ്യാത്ത വലിയൊരു മാറ്റമാണിത്.

ജനീവ ചര്‍ച്ചകളെ കുറിച്ചോ അതില്‍ ഭാഗവാക്കായിരുന്ന സിറിയന്‍ വേദികളെ കുറിച്ചോ ആരും ഇപ്പോള്‍ സംസാരിക്കുന്നേയില്ല. റിയാദ് ആസ്ഥാനമായിട്ടുള്ള ഉന്നതതല ചര്‍ച്ചാ വേദിയും ഇസ്തംബൂള്‍ ആസ്ഥാനമായിട്ടുള്ള സിറിയന്‍ ദേശീയ സഖ്യവും അത്തരം വേദികളാണ്. ഇന്ന് അത്തരം രാഷ്ട്രീയ ഗ്രൂപ്പുകളും വേദികളും പാര്‍ശ്വവല്‍കരിക്കപ്പെട്ടിരിക്കുന്നു. അസ്താനയിലെ അടച്ചിട്ട മുറിയില്‍ റഷ്യയും ഇറാനും തുര്‍ക്കിയും ധാരണയായിരിക്കുന്ന തിരക്കഥ പ്രകാരം കാര്യങ്ങള്‍ മുന്നോട്ടു നീങ്ങുകയാണെങ്കില്‍ നാളെ സായുധ ഗ്രൂപ്പുകള്‍ ഒന്നിനു പിറകേ ഒന്നായി രംഗം കൈയ്യടക്കുകയും ചെയ്യും. തിങ്കളാഴ്ച്ച ദമസ്‌കസില്‍ നടന്ന പത്രസമ്മേളനത്തില്‍ സിറിയന്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ വലീദ് മുഅല്ലിമിന്റെ മുഖത്ത് പ്രകടമായ ആശ്വാസം അതാണ് നമ്മോട് പറയുന്നത്.

സിറിയന്‍ വിഷയത്തില്‍ റഷ്യക്കും അമേരിക്കക്കും ഇടയില്‍ വിയോജിപ്പുണ്ടെന്ന് ആരെങ്കിലും വിശ്വസിക്കുന്നുവെങ്കില്‍ ഈ ലോകത്തല്ല അവന്‍ ജീവിക്കുന്നത്. ഖാന്‍ ശൈഖൂനിലെ രാസായുധ വിഷയത്തെ സംബന്ധിച്ച നിലവിലെ മൗനത്തെ അതിന്റെ തെളിവായി നമുക്ക് സംഗ്രഹിക്കാം. അമേരിക്കയും അവരുടെ പാശ്ചാത്യ – അറബ് സഖ്യങ്ങളും അവയുടെ മാധ്യമപ്പടയും അതിനെ കുറിച്ച് മൗനം പാലിക്കുകയാണിപ്പോള്‍. മറ്റു കാര്യങ്ങള്‍ നിങ്ങളുടെ ചിന്തക്കായി വിട്ടുനല്‍കുന്നു.

വിവ: നസീഫ്‌

Related Articles