Current Date

Search
Close this search box.
Search
Close this search box.

അസിമാനന്ദയും മൊഴിനിഷേധ കലയും

2006 ന് ശേഷം രാജ്യത്തെ നടുക്കിയ സ്‌ഫോടനങ്ങളായ മലേഗാവ്, മക്കാ മസ്ജിദ്, ഹൈദരാബാദ്, അജ്മീര്‍ ദര്‍ഗ, സംഝോതാ എക്‌സ്പ്രസ് തുടങ്ങിയ സ്‌ഫോടന പരമ്പരകള്‍ക്കു പിന്നിലെ മുഖ്യ സൂത്രധാരനായിട്ടാണ് സ്വാമി അസിമാനന്ദ രംഗ പ്രവേശം ചെയ്യുന്നത്. ഹിന്ദുത്വ ഗ്രൂപ്പുകള്‍ നടത്തിയതാണെന്ന ആരോപണമുയര്‍ന്ന സ്‌ഫോടന പരമ്പരയുടെ പ്രാഥമിക അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഹേമന്ദ് കര്‍ക്കരെ 2008 നവംബര്‍ 26-ന് മുംബൈയില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു. പിന്നീട് രാജസ്ഥാന്‍ എ.ടി.എസ് അന്വേഷണം ഏറ്റെടുത്തു. ആര്‍.എസ്.എസുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഹിന്ദുത്വ ശക്തികളുടെ ശൃംഖലയിലേക്ക് അന്വേഷണം എത്തുകയും ചെയ്തു. അവരില്‍ പലരും ഇന്ന് ജയിലുകളിലാണ്. സംഝോതാ എക്‌സ്പ്രസ് സ്‌ഫോടനത്തിന്റെ കുറ്റം സ്വാമിയുടെയും മറ്റ് മൂന്ന് പേരുടെയും പേരില്‍ ഈയടുത്ത് (2014 ജനുവരി 25)ഔപചാരികമായി ചുമത്തി. സ്വാമിയാണ് കേസിലെ ഒന്നാം പ്രതി.

അറസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം ഒരു മെട്രോപോളിറ്റന്‍ മജിസ്‌ട്രേസ്റ്റിന് മുന്നില്‍ അദ്ദേഹം കുറ്റ സമ്മതം നടത്തിയിരുന്നു. ഡിസംബര്‍ 18-ന് തീസ് ഹസാരി കോടതിയില്‍ മെട്രൊപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ദീപക് ദബാസിന് മുന്നില്‍ നടത്തിയ കുറ്റസമ്മതം ക്രിമിനല്‍ പ്രൊസീജിയര്‍ ആക്ട് 164-ാം സെക്ഷന്‍ പ്രകാരം റെക്കോര്‍ഡ് ചെയ്തിരുന്നു. സ്വാമി നിയമസഹായം നിരസിച്ചിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിക്ക് കഴിഞ്ഞ് 48 മണിക്കൂറിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രസ്താവന റെക്കോര്‍ഡ് ചെയ്തത്. കുറ്റസമ്മതം നടത്തുന്ന വ്യക്തിക്ക് യാതൊരു തരത്തിലുള്ള ഭീഷണിയോ സമ്മര്‍ദ്ദമോ ഇല്ലെന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയായിരുന്നു അത്. മുസ്‌ലിം ആരാധനാ കേന്ദ്രങ്ങളില്‍ നടത്തിയ സ്‌ഫോടനത്തില്‍ അദ്ദേഹത്തോടൊപ്പം വേറെയും ഹിന്ദു ആക്ടിവിസ്റ്റുകള്‍ പങ്കെടുത്തിട്ടുണ്ടെന്ന് പ്രസ്താവനയില്‍ അദ്ദേഹം കുറ്റസമ്മതം നടത്തിയിട്ടുണ്ട്. മുസ്‌ലിംകളുടെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ‘ബോംബിന് ബോംബ്’ എന്ന പോളിസിയായിരുന്നു അവര്‍ തെരെഞ്ഞെടുത്തിരുന്നത്. 42 പേജുള്ള കുറ്റസമ്മതമായിരുന്നു അത്. മാധ്യമങ്ങള്‍ വ്യാപകമായി അത് റിപോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു.

പിന്നീട്, തന്നെ നിര്‍ബന്ധിച്ച് പ്രസ്താവനയെടുക്കുകായിരുന്നു എന്ന് പറഞ്ഞ് സ്വാമി അത് നിഷേധിച്ചു. പോലീസ് വൃത്തത്തിന് മുമ്പിലുള്ള കുറ്റസമ്മതമാണെങ്കില്‍ അതില്‍ സമ്മര്‍ദവും നിര്‍ബന്ധം ചെലുത്തിയെന്നൊക്കെ പറയുന്നതിന് സാധ്യതയുണ്ടെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ ഒരു ജഡ്ജിയുടെ മുന്നില്‍ നടത്തിയ കുറ്റസമ്മതത്തെ കുറിച്ച് ഇങ്ങനെ പറയുന്നത് ആശ്ചര്യകരമാണ്. അദ്ദേഹം ഉള്‍പ്പെട്ട എല്ലാ വിഷയങ്ങളും പരിഗണിക്കുന്നതിന് 48 മണിക്കൂര്‍ നേരത്തെ ജുഡീഷ്യല്‍ കസ്റ്റഡി ധാരാളമായിരുന്നു. കൂട്ടാളികളെയും മാതൃസംഘടനയെയും സംരക്ഷിക്കാനുള്ള ചിന്തയില്‍ നിന്നുണ്ടായ ഒരു മലക്കം മറിച്ചിലായിട്ടാണ് അത് കാണപ്പെടുന്നത്. മഹാത്മാ ഗാന്ധി വധക്കേസ് വിചാരണക്കിടെ ആര്‍.എസ്.എസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന നാഥുറാം ഗോഡ്‌സെയുടെ പ്രസ്താവനെയാണിത് ഓര്‍മപ്പെടുത്തുന്നത്. സംഘടനയിലുള്ളവരെ രക്ഷിക്കുന്നതിന് വേണ്ടിയായിരുന്ന നാഥുറാം ആര്‍.എസ്.എസ് ബന്ധം നിഷേധിച്ചതെന്ന് പിന്നീട് അദ്ദേഹത്തിന്റെ സഹോദരന്‍ ഗോപാല്‍ ഗോഡ്‌സെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. (http://www.frontline.in/books/the-bjp-and-nathuram-godse/article4328688…) നിയമസഹായം ലഭിച്ചതിന് ശേഷമാണ് സ്വാമി പ്രസ്താവന നിഷേധിച്ചത്.

അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഇത് ഇനിയും ആവര്‍ത്തിക്കാനുള്ള സാധ്യത കാണുന്നുണ്ട്. ഈയടുത്ത് ‘കാരവന്‍’ മാഗസിന്‍ അദ്ദേഹത്തിന്റെ ഇന്റര്‍വ്യൂ പ്രസിദ്ധീകരിച്ചിരുന്നു. അത് വലിയ ഒച്ചപ്പാടുണ്ടാക്കുകയും ചെയ്തിരുന്നു. പെട്ടന്ന് തന്നെ ഇന്റര്‍വ്യൂവിന്റെ ഉള്ളടക്കം സ്വാമി നിഷേധിച്ചു രംഗത്ത് വന്നു. എന്നാല്‍ അഭിമുഖം തയ്യാറാക്കിയ റിപോര്‍ട്ടറും മാഗസിന്‍ എഡിറ്ററും ഉറച്ച നിലപാട് സ്വീകരിച്ചു കൊണ്ട് അഭിമുഖത്തിന്റെ ഓഡിയോ ടേപ് പുറത്തു വിട്ടു. കാരവന്‍ ലേഖനത്തിലൂടെ സ്വാമി നേരത്തെ കുറ്റസമ്മതം നടത്തിയ കാര്യങ്ങളില്‍ മിക്കതും ഒന്നു കൂടി ഉറപ്പാക്കുന്നതിന് പുറമെ മറ്റു ചില വശങ്ങള്‍ കൂട്ടിചേര്‍ക്കുക കൂടി ചെയ്തു. മുതിര്‍ന്ന ആര്‍.എസ്.എസ് നേതാക്കളുടെ ഭീകര ബന്ധം വെളിപ്പെടുത്തിയ ലേഖനം സ്‌ഫോടനാത്മകമായിരുന്നു. കാരവന്‍ റിപോര്‍ട്ട് വിവരിക്കുന്നു : ‘… താന്‍ ഉള്‍പ്പെട്ട ആസൂത്രണത്തെ കുറിച്ച അസിമാനന്ദയുടെ വിവരണം വളരെയധികം സമഗ്രമായിരുന്നു. താന്‍ നടത്തിയ ഭീകര പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴത്തെ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത് അടക്കമുള്ള നേതാക്കന്‍മാരുടെ അംഗീകാരത്തോടെയായിരുന്നു എന്ന് ഞങ്ങളുടെ മൂന്നാമത്തെയും നാലാമത്തെയും അഭിമുഖത്തില്‍ അദ്ദേഹം എന്നോട് പറഞ്ഞു. അന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന മോഹന്‍ ഭഗവത്. ‘ഇത് നടത്തല്‍ വളരെ പ്രധാനമാണ്, എന്നാല്‍ നിങ്ങള്‍ അതൊരിക്കലും സംഘുമായി ബന്ധിപ്പിക്കരുത്…’ എന്ന് അക്രമത്തെ കുറിച്ച് ഭഗവത് തന്നോട് പറഞ്ഞതായും അസിമാനന്ദ വ്യക്തമാക്കുന്നു.

ജൂലൈ അഞ്ചിന് നടന്നതായി കരുതുന്ന ഒരു മീറ്റിംങ്ങിനെ കുറിച്ചും അസിമാനന്ദ എന്നോട് പറഞ്ഞു. ക്ഷേത്രത്തില്‍ നിന്നും വളരെ അകലെ നദിക്കരയില്‍ ഉറപ്പിച്ച ഒരു ടെന്റില്‍ വെച്ചായിരുന്നു അത്. അവിടെ വെച്ച് ഭഗവതും കുമാറും അസിമാനന്ദയും കൂട്ടാളിയായ സുനില്‍ ജോഷിയുമായി കൂടിക്കാഴ്ച്ച നടത്തി. ഇന്ത്യയില്‍ പലയിടത്തുമായി മുസ്‌ലിം കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ബോംബ് വെക്കാനുള്ള ഒരു പദ്ധതി ജോഷി ഭഗവതിനെ അറിയിച്ചു. അസിമാനന്ദ പറയുന്നത് പ്രകാരം അവിടെയുണ്ടായിരുന്ന രണ്ട് ആര്‍.എസ്.എസ് നേതാക്കളും അതിനെ അംഗീരിക്കുകയും ഭഗവത് അദ്ദേഹത്തോട് ഇങ്ങനെ പറയുകയും ചെയ്തു : ‘നിനക്ക് ഇതില്‍ സുനിലിനോടൊപ്പം പ്രവര്‍ത്തിക്കാം. ഞങ്ങളതില്‍ പങ്കാളികളാവുകയില്ല, എന്നാല്‍ നിങ്ങളത് ചെയ്യുന്നുവെങ്കില്‍ ഞങ്ങളും നിങ്ങളോടൊപ്പമുണ്ടെന്ന് കരുതിക്കോളൂ.’ (The Believer: Swami Aseemanand’s radical service to the Sangh, by LEENA GITA REGHUNATH | 1 February 2014, Caravan Magazine, http://www.caravanmagazine.in/reportage/believer)

ഈ റിപോര്‍ട്ട് തയ്യാറാക്കിയ ലീന ഗീത രഘുനാഥ് രണ്ടു വര്‍ഷത്തിനിടയില്‍ നാലു തവണ സ്വാമിയുമായി കൂടിക്കാഴ്ച്ച നടത്തുകയും ദീര്‍ഘനേരം സംസാരിക്കുകയും ചെയ്തിട്ടുണ്ട്. സ്വാമി അസിമാനന്ദയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അതില്‍ വിശദമായി വിവരിക്കുന്നുണ്ട്. ആര്‍.എസ്.എസുമായി ബന്ധമുള്ള വനവാസി കല്ല്യാണ്‍ ആശ്രമത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം. ആദിവാസി ഏരിയകളില്‍ പ്രവര്‍ത്തന ചുമതലയേല്‍പ്പിക്കപ്പെട്ടിരുന്ന പരിശീലനം ലഭിക്കപ്പെട്ട ഒരു ആര്‍.എസ്.എസ് സ്വയം സേവകനാണ് അസിമാനന്ദ. ശബരി കുംഭ മേളയുടെ മുഖ്യ സംഘാടകരില്‍ ഒരാളും അദ്ദേഹമായിരുന്നു. തന്റെ അജണ്ട എന്താണെന്ന് അദ്ദേഹം സ്പഷ്ടമായി വിശദീകരിക്കുന്നുണ്ട്. ‘ഗര്‍ വാപസി’ പ്രവര്‍ത്തനത്തിലൂടെ ആദിവാസികളെ ഹിന്ദു വിഭാഗത്തിലേക്ക് കൊണ്ടു വരികയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ആദിവാസികളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ അദ്ദേഹത്തിന് താല്‍പര്യമുണ്ടായിരുന്നില്ല. ആദിവാസി ക്ഷേമം, അവരുടെ അവകാശങ്ങള്‍ പോലുള്ള കാര്യങ്ങളൊന്നും അദ്ദേഹത്തിന് വിഷയമായിരുന്നില്ല. ശബരി കുംഭ മേളയെ കുറിച്ച് പഠിക്കുന്നതിന്റെ ഭാഗമായി ഞങ്ങള്‍ സ്വാമിയുടെ ആശ്രമവും സന്ദര്‍ശിച്ചിരുന്നു. പട്ടിണിക്കാരും ഭാഗികമായി മാത്രം വസ്ത്രം ധരിച്ചവരുമായി ആദിവാസി കുട്ടികള്‍ ഞങ്ങളുടെ സംഘത്തിന് നേരെ ജയ് ശ്രീരാം വിളിക്കുന്ന കാഴ്ച്ചയാണ് ഞങ്ങള്‍ക്ക് അവിടെ കാണാന്‍ കഴിഞ്ഞത്. അദ്ദേഹത്തിന്റെ ആദിവാസി മേഖലകളിലെ പ്രവര്‍ത്തനങ്ങളെ കുറിച്ചും ഡാങ്ങില്‍ ശബരി കുംഭ മേളയോടനുബന്ധിച്ച് ക്രിസ്ത്യാനികള്‍ക്ക് നേരെയുണ്ടായ അക്രമങ്ങളുടെ അന്വേഷണ റിപോര്‍ട്ടിന്റെ ഭാഗമായും ചില റിപോര്‍ട്ടുകള്‍ കാരവാന്‍ നേരത്തെ പുറത്തു വിട്ടിരുന്നു. ഇപ്പോള്‍ പല സത്യങ്ങളും ഉത്തരവാദപ്പെട്ടവരുടെ വായില്‍ നിന്ന് തന്നെ പുറത്തു വന്നു കൊണ്ടിരിക്കുകയാണ്.

ഇക്കാര്യങ്ങളെല്ലാം സ്വാമി വെളിപ്പെടുത്തുന്നത് തന്റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി അഭിമാനത്തോടെയാണെന്നതാണ് കാരവന്‍ സ്‌റ്റോറിയുടെ സവിശേഷത. നാഥുറാം ഗോഡ്‌സെയെ പാര്‍പ്പിച്ച അതേ ജയിലില്‍ തന്നെയാണ് തന്നെയും പാര്‍പ്പിച്ചിരിക്കുന്നത് എന്നതിലും അദ്ദേഹം അഭിമാനിക്കുന്നുണ്ട്. പദ്ധതി ആസൂത്രണത്തിന് ആതിഥേയത്വം വഹിക്കുക, ലക്ഷ്യങ്ങള്‍ തെരെഞ്ഞെടുക്കുക, സ്‌ഫോടക വസ്തു നിര്‍മാണത്തിനുള്ള ഫണ്ട് ഒരുക്കുക, ബോംബ് സ്ഥാപിച്ചവര്‍ക്കുള്ള അഭയവും സഹായവും നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ അദ്ദേഹം ചെയ്തതായി അഭിമുഖങ്ങളില്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്. മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിന്റെ മുമ്പില്‍ നടത്തിയ കുറ്റസമ്മതത്തിന്റെ ഒരു ഭാഗം തന്നെയായിരുന്നു ഇത്.

അസിമാനന്ദ തന്നെ പറയുന്നു ‘ഭഗവത് ആക്രമങ്ങളെ കുറിച്ച് പറഞ്ഞു… നിങ്ങളത് ചെയ്യുന്നുവെങ്കില്‍, ഒരു കുറ്റകൃത്യത്തിന് വേണ്ടി കുറ്റകൃത്യം നടത്തിയെന്ന് ആളുകള്‍ പറയില്ല. ആദര്‍ശവുമായി ബന്ധപ്പെട്ട കാര്യമായിട്ടാണത് പരിഗണിക്കപെടുക. ഹിന്ദുക്കളെ സംബന്ധിച്ച് വളരെ പ്രധാനമാണിത്. നിങ്ങള്‍ക്ക് ഞങ്ങളുടെ അനുഗ്രഹാശിസുകള്‍.’

അഭിമുഖത്തിന്റെ ആധികാരികതയെയും ടേപുകളുടെ ഫോറന്‍സിക് പരിശോധനകളെ കുറിച്ചുമുള്ള ബഹളത്തിനിടയില്‍ ഇക്കാര്യങ്ങളെല്ലാം മുങ്ങി പോകും. മജിസ്‌ട്രേറ്റിന് മുമ്പില്‍ നല്‍കിയ മൊഴി നിഷേധിക്കാന്‍ സ്വാമിക്ക് സാധിച്ചിട്ടുണ്ടെങ്കില്‍ അഭിമുഖത്തെ തള്ളിപ്പറയല്‍ അത്ര വലിയ കാര്യമൊന്നുമല്ല. ആര്‍.എസ്.എസ് ബന്ധമുള്ളതായി പറയപ്പെടുന്ന കേസുകളുമായി പ്രത്യക്ഷമോ പരോക്ഷമോ ആയ ബന്ധമുള്ളവരെ അവരുടെ സ്ഥാനമാനങ്ങള്‍ പരിഗണിക്കാതെ കൃത്യമായ അന്വേഷണം നടത്തേണ്ടതുണ്ട്.

അവലംബം : countercurrents.org
വിവ : അഹ്മദ് നസീഫ്‌

Related Articles