Current Date

Search
Close this search box.
Search
Close this search box.

അസമിന്റെ നീറ്റലിന് പിന്നില്‍

ഈയടുത്ത നാളുകളില്‍ കൊക്രോജറിലും ബസ്‌കയിലും 32 ബംഗാളി മുസ്‌ലിംകള്‍ കൊല്ലപ്പെട്ടത്, പ്രദേശത്ത് നിലനില്‍ക്കുന്ന ബോഡോ-മുസ്‌ലിം സംഘര്‍ഷ മൂര്‍ഛിക്കുന്നതിനെ കുറിച്ചുള്ള മറ്റൊരു ഓര്‍മപ്പെടുത്തലാണ്. ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ട് ആണ് ഈ ആക്രമണം നടത്തിയതെന്നാണ് പറയപ്പെടുന്നത്. മുസ്‌ലിംകള്‍ ബോഡോ വംശജനല്ലാത്ത ഒരാള്‍ക്കാണ് വോട്ട് ചെയ്തതെന്ന് തനിക്കറിയാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അതിനാല്‍ തന്നെ അസം മന്ത്രിയായ തങ്ങളുടെ സ്ഥാനാര്‍ഥി ഇത്തവണ ജയിക്കുകയില്ലെന്നും ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ടിന്റെ എം.എല്‍.എ. പ്രമീള റാണി ബ്രഹ്മ പ്രസ്താവിച്ചതായി അറിയുന്നു. ഇതാണ് അക്രമണത്തിന് പ്രചോദനമായതായി കരുതപ്പെടുന്നത്. എന്നാല്‍, ഇരു സമുദായങ്ങള്‍ക്കുമിടയില്‍ വളരെക്കാലമായി നിലനില്‍ക്കുന്ന ആഴത്തിലുള്ള പ്രശ്‌നങ്ങളുടെ ചെറിയൊരു തലപ്പ് മാത്രമാണ് അതെന്നതില്‍ സംശയമില്ല. 2012 ജൂലായില്‍ നടന്ന അക്രമങ്ങളുടെ തുടര്‍ച്ചയായി തന്നെ വേണം ഇതിനെ കാണാന്‍. 2015 ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മുന്നറിയിപ്പായും ഇതിനെ കാണാം.

തങ്ങളുടെ സ്ഥാനാര്‍ഥികള്‍ പരാജയപ്പെടുന്ന പക്ഷം ബോഡോലാന്റ് സംസ്ഥാനമെന്ന എന്ന തങ്ങളുടെ ആവശ്യത്തെ അത് ഗുരുതരമായി ബാധിച്ചേക്കുമെന്നാണ് ബോഡോ പാര്‍ടി പറയുന്നത്. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഒന്നാണ് ബോഡോകള്‍ക്കും ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകള്‍ക്കും ഇടയില്‍ നിലനില്‍ക്കുന്ന അസ്വാരസ്യം. എന്നാല്‍ ഈ അസ്വാരസ്യം വേദനയുണ്ടാക്കും വിധം രൂപം മാറിയത് ബോഡോ ടെറിട്ടോറിയല്‍ കൗണ്‍സില്‍ ഭരിക്കുന്ന, ബോഡോ ടെറിട്ടോറിയല്‍ സ്വയംഭരണ ജില്ലകളായ കൊക്രാജറിലും ചിരാങ്ങിലും ദുബ്രി ജില്ലയുടെ ഏതാനും ഭാഗങ്ങളിലുമാണ് അന്ന് അക്രമങ്ങള്‍ അരങ്ങേറിയത്. അതിനെ തുടര്‍ന്ന് 60 ആളുകള്‍ കൊല്ലപ്പെടുകയും നാലുലക്ഷത്തോളം പേര്‍ വീടുവിട്ടു പോവുകയും ചെയ്തിട്ടുണ്ട്.

ബംഗാളി മുസ്‌ലിംകള്‍ ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയവരാണെന്ന തെറ്റിധാരണയാണ് പ്രദേശത്തെ പ്രശ്‌നബാധിത സ്ഥലമാക്കി മാറ്റിയിരിക്കുന്നത്. ഈ തെരെഞ്ഞെടുപ്പില്‍ പുരോഗതിയാണ് വലിയ വിഷയമായി മോഡിയും ബി.ജെ.പിയും ഉയര്‍ത്തിപ്പിടിക്കുന്നതെങ്കിലും, സാധ്യമായത്ര വര്‍ഗീയ വിഷയങ്ങള്‍ പരത്തിയിട്ടുണ്ട്. ബംഗാള്‍ മുഖ്യമന്ത്രി ബംഗാളിലെ ജനങ്ങളെ സംരക്ഷിക്കുന്നതിനേക്കാളേറെ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെയാണ് സംരക്ഷിക്കുന്നതെന്ന് രാജ്യത്തിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ നടത്തിയ പ്രസംഗങ്ങളില്‍ മോഡി ആരോപിച്ചിരുന്നു. കാസിരംഗ നാഷണല്‍ പാര്‍കില്‍ കണ്ടാമൃഗങ്ങള്‍ കൊല്ലപ്പെട്ടത് അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇടം കണ്ടെത്തുന്നതിന് വേണ്ടിയാണെന്നും അസമിലെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ മോഡി ആവര്‍ത്തിച്ചിരുന്നു. തെരെഞ്ഞെടുപ്പ് ഫലം വരുന്ന മെയ് 16-ന് മുഴുവന്‍ കുടിയേറ്റക്കാരും കെട്ടുകെട്ടേണ്ടി വരുമെന്ന് ഭാവിപ്രധാനമന്ത്രിയെന്ന് സ്വയംവിശ്വസിക്കുന്ന മോഡി ഭീഷണിയും മുഴക്കി.

ഇന്ത്യയുടെ നീറിക്കൊണ്ടേയിരിക്കുന്ന മുറിവുകളിലൊന്നാണ് അസമിലെ പ്രശ്‌നം. മഹാരാഷ്ട്ര മറാത്തികള്‍ക്കെന്ന വാദമുയര്‍ത്തുന്ന മുമ്പൈയിലെ ശിവസേനയുെട ചുവടുപിടിച്ച് അസം അസമികള്‍ക്ക എന്ന സങ്കുചിതത്തിന്റെ മുദ്രാവാക്യം വിളിക്കുന്ന ശക്തികള്‍ തൊഴിലില്ലായ്മക്കും ജീവിതമാര്‍ഗങ്ങളുടെ അപര്യാപ്തതക്കും കാരണമായി വംശീയപ്രശ്‌നങ്ങളെ കാണുന്നു. ഈ പ്രചരണവും സമീപനവും ഉണ്ടാക്കിയ ഒന്നാമത്തെ ദുരന്തം 1983-ലെ നെല്ലി കൂട്ടകൊലയാണ്. മൂവായിരത്തോളം ആളുകള്‍, അധികവും ബംഗാളീ മുസ്‌ലിംകളെ ലുഹാങുകള്‍ അറുകൊല ചെയ്തു. വോട്ടര്‍പട്ടികയില്‍ നിന്ന് ബംഗ്ലാദേശ് കുടിയേറ്റക്കാരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തിനിടക്കാണ് ഈ കൂട്ടകൊല നടന്നത്. കലാപത്തെ കുറിച്ചന്വേഷിക്കാന്‍ ത്രിഭുവന്‍ പ്രസാദ് തിവാരി കമ്മീഷനെ നിയോഗിച്ചെങ്കിലും അതിന്റെ റിപോര്‍ട്ട് പുറത്തു വന്നില്ല. ബോഡോകളുടെ പ്രക്ഷോഭം ബോഡോ ടെറിറ്റോറിയല്‍ കൗണ്‍സില്‍ രൂപീകരണത്തിന് വഴിവെച്ചു. കൊക്രോജര്‍, ചിരാംഗ്, ബസ്‌ക, ഉദല്‍ഗിരി എന്നീ നാലു പ്രവിശ്യകളില്‍ അവര്‍ കൂടുതല്‍ ശക്തരായി. 2012 ജൂലൈയില്‍ മൂന്ന് ജില്ലയിലും ശക്തമായ ആക്രമണം നടക്കുകയും ചെയ്തു. പ്രദേശത്ത് ബോഡോകള്‍ ഭൂരിപക്ഷമാണെന്നും അതുകൊണ്ട് അവരുടെ അസ്ഥിത്വും താല്‍പര്യവും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നുമായിരുന്നു അവരുടെ വാദം. പ്രദേശത്ത് 22-നും 29 ശതമാനത്തിനും ഇടക്കായിരുന്നു ബോഡോകള്‍ എന്നിരിക്കെയാണ് യാതൊരു അടിസ്ഥാനവുമില്ലാത്ത ഈ വാദം. കൗണ്‍സിലിന് കിട്ടിയ മുഴുവന്‍ അധികാരവും വളരെ മോശമായ രൂപത്തില്‍ സമൂഹത്തിലെ മറ്റുവിഭാഗങ്ങളെ പാര്‍ശ്വവല്‍കരിക്കുന്നതിനായി ഉപയോഗപ്പെടുത്തി. ബോഡോ കൗണ്‍സിലിന് അംഗീകാരം നല്‍കുന്നതിന് വെച്ചിരുന്ന നിബന്ധനയായിരുന്നു ബോഡോകള്‍ ആയുധങ്ങള്‍ ഉപേക്ഷിക്കണമെന്നത്. എന്നാല്‍ ആ നിബന്ധന ബോഡോകള്‍ പാലിച്ചില്ല.

ബ്രിട്ടീഷ് നയത്തിന്റെ ഭാഗമായിട്ടാണ് ബംഗ്ലാ മുസ്‌ലിംകള്‍ അസമിലേക്ക് എത്തിയതെന്ന് ജനസംഖ്യാ സ്ഥിതിവിവരണ കണക്കുകള്‍ വ്യക്തമാക്കുന്നു. അസമിലെ ബംഗ്ല മുസ്‌ലിംകളുടേത് വളരെ ദീര്‍ഘിച്ച ചരിത്രമാണ്. 1931-ല്‍ അസമില്‍ ഒരു ലക്ഷത്തിനടുത്ത് മുസ്‌ലിംകള്‍ ഉണ്ടായിരുന്നുവെന്നത് അതിന്റെ ഉദാഹരണമാണ്. നേരത്തെ ജനസംഖ്യയും രാഷ്ട്രീയാവബോധവും കൂടുതലുള്ള പ്രദേശമായിരുന്നു ബംഗാള്‍. അതേസമയം അസമില്‍ ജനസംഖ്യ വളരെ കുറവുമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ബ്രിട്ടീഷുകാര്‍ ഒരു ‘Human Plantation policy’ നടപ്പാക്കി. മൂന്നു കാര്യങ്ങളായിരുന്നു ബ്രിട്ടീഷുകാര്‍ അതുകൊണ്ടുദ്ദേശിച്ചിരുന്നത്. ജനപ്പെരുപ്പം കൂടുതലുള്ള ബംഗാളില്‍ നിന്ന് ആളുകളെ അസമിലേക്ക് മാറ്റുന്നത് ഉറപ്പാക്കുകയായിരുന്നു ഒന്നാമത്തേത്. രണ്ടാമത്തേത് ബംഗാളിലെ ക്ഷാമവും അസ്വസ്ഥതകളും കുറക്കുകയെന്നതായിരുന്നു. മൂന്നാമതായി ബ്രിട്ടീഷുകാര്‍ അതുകൊണ്ടു ലക്ഷ്യം വെച്ചിരുന്നത് അസമില്‍ കൂടി ജനവാസമുണ്ടാക്കി അവിടെ നിന്നും വരുമാനം ഉണ്ടാക്കാം എന്നതായിരുന്നു.

പ്രദേശത്തെ മുസ്‌ലിംകള്‍ വിഭജനത്തിന് മുമ്പേ അവിടെ താമസമാക്കിയവരാണെന്നാണ് കഴിഞ്ഞ നൂറ്റാണ്ടിലെ ജനസംഖ്യാ കണക്കുകളെ ആസ്പദമാക്കി നടന്ന പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 1947-ല്‍ വിഭജന സമയത്തും പിന്നീട് ബംഗ്ലാദേശിന്റെ രൂപീകരണത്തിന് കാരണമായ പാകിസ്താനുമായുള്ള യുദ്ധത്തിന് ശേഷവും ചില കുടിയേറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. കുടിയേറ്റം നടന്നത് വളരെ മുമ്പായിരുന്നുവെന്നും 1971-ന് ശേഷം ജനസംഖ്യ വര്‍ധനവ് നിലച്ചിട്ടുണ്ടെന്നും Myth of Bangla Deshi and Violence in Assam എന്ന ലേഖനത്തിലൂടെ ഗുഹാവത്തിയിലെ Strategic Research and Analysis Organisation എക്‌സിക്യൂട്ടിവ് എഡിറ്റര്‍ നീലിം ദത്ത കണക്കുകള്‍ നിരത്തി വ്യക്തമാക്കിയിട്ടുണ്ട്.

1971 വരെ അസമില്‍ താമസമുറപ്പിച്ച എല്ലാവര്‍ക്കും 1985-ല്‍ പൗരത്വം അനുവദിച്ചിട്ടുണ്ട്. ഈ അംഗീകാരത്തിലൂടെ അവിടെ താമസിച്ചിരുന്ന എല്ലാവരും നിയമാനുസൃത താമസക്കാരായി മാറി. അവയില്‍ ഭൂരിഭാഗവും മുസ്‌ലിംകളായിരുന്നു. ഒരുകാലത്ത് സാമ്പത്തിക പ്രയാസങ്ങള്‍ കാരണം നാടുപേക്ഷിച്ച, വളരെ പരിമിതമായ എണ്ണം അനധികൃത കുടിയേറ്റക്കാരും അവിടെയുണ്ടെന്നത് നിഷേധിക്കുന്നില്ല.

യാഥാര്‍ത്ഥ്യം ഇതാണെങ്കിലും ‘ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാര്‍’ വര്‍ഗീയ രാഷ്ട്രീയത്തിന് മുഖ്യവിഷയമായിരിക്കുന്നു. ബംഗ്ലാദേശില്‍ നിന്നുള്ള ഹിന്ദു കുടിയേറ്റക്കാരെ അഭയാര്‍ഥികളെന്ന് വിളിക്കുമ്പോള്‍ മുസ്‌ലിംകളെ നുഴഞ്ഞുകയറ്റക്കാരാക്കുന്നു. ദേശീയവാദികളായ ബോഡോകളും വിദേശികളായ മുസ്‌ലിംകളും തമ്മിലുള്ള പോരാട്ടം എന്നാണ് വര്‍ഗീയ ശക്തികള്‍ 2012 ലെ അക്രമത്തെ പോലും വിശേഷിപ്പിച്ചത്. ബംഗാളി മുസ്‌ലിംകളുടെ അവസ്ഥ വളരെ ശോചനീയമാണെന്ന് മാത്രമല്ല അവര്‍ പാര്‍ശ്വവല്‍കരിക്കപ്പെടുകയും പൂര്‍ണമായി അവഗണിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അവരില്‍ പലര്‍ക്കും വോട്ടവകാശം പോലും ഇല്ലാത്തവരോ D കാറ്റഗറി (വോട്ടവകാശം സംശയത്തിലായതിനാല്‍ വോട്ട് ചെയ്യാന്‍ അനുവാദം ഇല്ലാത്തവര്‍) വോട്ടര്‍മാരോ ആണ്. ഭരിക്കുന്ന പാര്‍ട്ടികള്‍ നുഴഞ്ഞുകയറ്റത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന പ്രചാരണം നടത്തി വോട്ടു നേടാന്‍ ശ്രമിക്കുന്ന സജീവമായ ഒരു വിദ്വേഷ വ്യവസായം അവിടെ നിലനില്‍ക്കുന്നുണ്ട്.

ഇരുവിഭാഗങ്ങള്‍ക്കിടയില്‍ പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്‌നത്തിന്റെയും തെരെഞ്ഞെടുപ്പ് പ്രസംഗങ്ങളിലെ വര്‍ഗീയ വിദ്വേഷ പ്രചരണങ്ങളുടെ ഫലം തന്നെയാണ് നിലവിലെ ആക്രമണങ്ങള്‍. ബോഡോകള്‍ ആയുധം ഉപേക്ഷിക്കുമെന്ന വാഗ്ദാനം പാലിക്കാത്തതും പ്രധാന കാരണം തന്നെ. ന്യൂനപക്ഷങ്ങള്‍ക്ക് സ്വയം പ്രതിരോധിക്കാനുള്ള അനുവാദം നല്‍കുകയെന്ന ആവശ്യം നടപ്പാക്കപ്പെട്ടിട്ടില്ല. ബോഡോ കൗണ്‍സില്‍ രൂപീകരിച്ച സമയത്ത് അംഗീകരിച്ച പ്രകാരം ബോഡോകളെ നിരായുധരാക്കുക എന്നതാണ് ഉത്തമമായ പരിഹാരം. ഇത്തരം മാനുഷിക ദുരന്തങ്ങളോട് സംസ്ഥാന-കേന്ദ്ര സര്‍ക്കാറുകള്‍ അടിയന്തിരമായി പ്രതികരിക്കുകയും നടപടികളെടുക്കുകയും വേണം. ഇരു വിഭാഗങ്ങള്‍ക്കുമിടയില്‍ അനുരഞ്ജനം ഉണ്ടാക്കുന്നതിനാണ് ഏറ്റവും മുന്‍ഗണ നല്‍കേണ്ടത്. അതോടൊപ്പം മതിയായ പുനരധിവാസ പ്രവര്‍ത്തനങ്ങളും നടത്തേണ്ടതുണ്ട്. ഇതില്ലാത്തിടത്താണ് ‘അപരനെ വെറുക്കുക’ എന്ന വിദ്വേഷരാഷ്ട്രീയം ശക്തിപ്രാപിക്കുന്നത്.

വിവ : അഹ്മദ് നസീഫ്‌

Related Articles