Politics

ശ്രീലങ്കയിലെ അക്രമാസക്ത ബുദ്ധമതം

2018-ന്റെ തുടക്കത്തില്‍, ശ്രീലങ്കയിലെ കാന്‍ഡി, അമ്പാറ എന്നീ നഗരങ്ങളില്‍ ബുദ്ധിസ്റ്റ് തീവ്രവാദികളും മുസ്‌ലിംകളും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. നാഷണലിസ്റ്റ് സിംഹള ബുദ്ധിസ്റ്റ് ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ പ്രചരിപ്പിച്ച വിദ്വേഷ പോസ്റ്റുകള്‍ക്ക് അതില്‍ ഭാഗികമായി പങ്കുണ്ട്. തുടര്‍ന്നുണ്ടായ കലാപങ്ങള്‍ ഒരു മുസ്‌ലിം കൊല്ലപ്പെടുന്നതിനും, അനേകം കെട്ടിടങ്ങള്‍ തകര്‍ക്കപ്പെടുന്നതിനും വഴിവെച്ചു.

ഏഷ്യക്ക് പുറത്തുള്ള ബുദ്ധിസ്റ്റ്ുകളല്ലാത്തവരെ സംബന്ധിച്ചിടത്തോളം ഇത്തരത്തിലുള്ള അക്രമം ആശ്ചര്യജനകം തന്നെയാണ്. മാനസിക സംഘര്‍ഷങ്ങളില്‍ നിന്നും മുക്തി നല്‍കുന്ന ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കുന്ന ഒരു സമാധാന മതം എന്നാണ് ബുദ്ധിമതത്തെ കുറിച്ച് പാശ്ചാത്യര്‍ കരുതുന്നത്. പക്ഷെ മറ്റേതു മതങ്ങളെ പോലെതന്നെ, ബുദ്ധിസത്തിനും അതിസങ്കീര്‍ണ്ണമായൊരു കഥ പറയാനുണ്ട്. ഈ വസ്തുതയെ ശരിവെക്കുന്ന ഒട്ടനേകം അസ്വസ്ഥാജനകവും അക്രമാസക്തവുമായ സംഭവങ്ങള്‍ക്ക് ശ്രീലങ്ക സാക്ഷിയാണ്.

19-ാം നൂറ്റാണ്ടിലെ ബുദ്ധിസ്റ്റ് പ്രൊട്ടസ്റ്റാന്റിസം, ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തെ ന്യായീകരിക്കാന്‍ ബുദ്ധിസ്റ്റ് പാഠങ്ങളില്‍ ശരണംപ്രാപിച്ച ബുദ്ധസന്യാസികള്‍, ഇന്ന് പടര്‍ന്നുപന്തലിച്ചു കൊണ്ടിരിക്കുന്ന തീവ്രവാദ പ്രസ്ഥാനങ്ങള്‍; ഇവക്കെല്ലാം തന്നെ ഒരു കാര്യം പൊതുവായുള്ളതായി കാണാം: ശ്രീലങ്ക ഒരു ബുദ്ധിസ്റ്റ് രാഷ്ട്രമാണ്, ആവശ്യമെങ്കില്‍ അക്രമമാര്‍ഗത്തിലൂടെയും ശ്രീലങ്കയെ വൈദേശികരില്‍ നിന്നും സംരക്ഷിക്കണമെന്ന വിശ്വാസമാണത്. ദേശീയതയും തീവ്രവാദവും എന്തിലൂടെയും കടത്തിവിടാമെന്നതാണ് ശ്രീലങ്ക നല്‍കുന്ന പാഠം.

ബുദ്ധിസ്റ്റ് റിവൈവലിസം അല്ലെങ്കില്‍ പ്രൊട്ടസ്റ്റാന്റിസം എന്നറിയപ്പെടുന്ന ശ്രീലങ്കയിലെ ബുദ്ധിസ്റ്റ് പ്രസ്ഥാനം അനഗരിക ധര്‍മപാലയിലൂടെയാണ് (1864-1933) തുടക്കം കുറിച്ചത്. ശ്രീലങ്കയിലെ ബുദ്ധിസ്റ്റ് പ്രൊട്ടസ്റ്റാന്റിസത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ധര്‍മപാലക്ക് സാമ്രാജ്യത്വ വിരുദ്ധവും ദേശീയവുമായ അജണ്ടയുണ്ടായിരുന്നു. അന്നേരം ശ്രീലങ്ക (സിലോണ്‍) ഭരിച്ചിരുന്ന ബ്രിട്ടീഷുകാരോട് പൊരുതുന്നതിന്റെ കൂടെതന്നെ ബുദ്ധിസ്റ്റ് വിദ്യാലയങ്ങള്‍ നിര്‍മിക്കുന്നതിലും സിംഹള ഭാഷയും ബുദ്ധിസവും ശ്രീലങ്കയുടെ പൊതുമണ്ഡലത്തില്‍ ശക്തിപ്പെടുത്തുന്നതിലും ധര്‍മപാല ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു.

ഈ ദിവസം വരേക്കും, ‘പാശ്ചാത്യ അധിനിവേശത്തിന്റെ ദുഷിച്ച സ്വാധീനത്തില്‍ നിന്നും’ തങ്ങളെ വീരപുരുഷനായാണ് സിംഹള ദേശീയവാദികള്‍ അദ്ദേഹത്തെ കാണുന്നത്. ദേശീയ പുരുഷന്റെ നന്മകള്‍ ജനങ്ങളെ ഓര്‍മപ്പെടുത്തി കൊണ്ട് അദ്ദേഹത്തിന്റെ ജന്മദിനം എല്ലാവര്‍ഷവും ശ്രീലങ്കന്‍ മാധ്യമങ്ങള്‍ ആഘോഷിക്കാറുണ്ട്.

1915-ല്‍, ബുദ്ധിസ്റ്റ് ഘോഷയാത്ര ഒരു മുസ്‌ലിം പള്ളിക്ക് മുന്നിലൂടെ കടന്നുപോകുന്നത് ഒഴിവാക്കാന്‍ വേണ്ടി ഘോഷയാത്രയുടെ വഴി പോലിസ് മാറ്റുകയുണ്ടായി. മുസ്‌ലിംകള്‍ ആക്ഷേപവുമായി രംഗത്തുവന്നെങ്കിലും അതുകൊണ്ട് യാതൊരു കാര്യവുമുണ്ടായില്ല. സംഘര്‍ഷം പൊട്ടിപ്പുറപ്പെടാന്‍ അധികം സമയം വേണ്ടിവന്നില്ല, സിംഹള ബുദ്ധിസ്റ്റുകള്‍ മുസ്‌ലിംകള്‍ക്കെതിരെ തിരിഞ്ഞു. ചുരുങ്ങിയത് 25 മുസ്‌ലിംകള്‍ കൊല്ലപ്പെടുകയും ഇരുനൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുസ്‌ലിം പള്ളികള്‍ അഗ്നിക്കിരയാക്കപ്പെടുകയും മുസ്‌ലിംകളുടെ കച്ചവടസ്ഥാപനങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്തു. കലാപം തടയാന്‍ ശ്രമിച്ച മുസ്‌ലിംകളെയും സിംഹളകളെയും കൊന്നത് ബ്രിട്ടീഷുകാരാണെന്ന് ആരോപണമുയര്‍ന്നു, ശ്രീലങ്കന്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന് അത് തിരികൊളുത്തി.

1983-നും 2009-നും ഇടയില്‍, സിംഹള ഗവണ്‍മെന്റും തമിഴ് (പ്രധാനമായും ഹിന്ദു) വിമതരും തമ്മിലുള്ള ആഭ്യന്തരയുദ്ധം ശ്രീലങ്കയില്‍ പടര്‍ന്നുപിടിച്ചു. യുദ്ധത്തിന് ഒരുപാട് കാരണങ്ങളുണ്ടായിരുന്നു, പക്ഷെ മതകീയ ദേശീയതയെ പുല്‍കാനുള്ള ഗവണ്‍മെന്റിന്റെ നീക്കമായിരുന്നു പ്രധാനകാരണം.

1948-ല്‍ ബ്രിട്ടനില്‍ നിന്നും സ്വാതന്ത്ര്യം നേടിയതിന് ശേഷം, ശ്രീലങ്കയിലെ രാഷ്ട്രീയക്കാര്‍ രാജ്യത്തെ പൊതുസ്ഥാപനങ്ങളില്‍ സിംഹള ഭാഷ ഔദ്യോഗിക ഭാഷയായി അടിച്ചേല്‍പ്പിക്കാന്‍ തുടങ്ങി. ഭരണഘടനയില്‍ അവര്‍ ബുദ്ധിസവും തിരുകികയറ്റി: ‘ജനാധിപത്യപരമാധികാര രാഷ്ട്രമായ ശ്രീലങ്ക ബുദ്ധിസത്തിന് ഏറ്റവും ഉന്നതസ്ഥാനം നല്‍കും, അപ്രകാരം ബുദ്ധ ശാസന സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടത് രാഷ്ട്രത്തിന്റെ കടമയാണ്.’

ഇത് ശ്രീലങ്കയിലെ തമിഴ് സംസാരിക്കുന്ന ന്യൂനപക്ഷത്തിനെ രോഷാകുലരാക്കി. ഒരു പുതിയ തമിഴ് മാതൃഭൂമി ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സായുധ വിദ്യാര്‍ത്ഥി സംഘടനകള്‍ പെട്ടെന്ന് തന്നെ രൂപംകൊണ്ടു. 1983 ജൂലൈയില്‍ (കറുത്ത ജൂലൈ എന്നും അറിയപ്പെടുന്നു) ശ്രീലങ്കന്‍ സൈന്യത്തിലെ ചിലരെ തമിഴ് വിമതര്‍ വധിച്ചു. തുടര്‍ന്നുണ്ടായ കലാപങ്ങള്‍ക്കിടയില്‍, വ്യത്യസ്ത സിംഹള സംഘങ്ങള്‍ ഒരുപാട് തമിഴ് പൗരന്‍മാരെ വധിക്കുകയുണ്ടായി. ആഭ്യന്തര യുദ്ധം ഇന്നൊരു വസ്തുതയാണ്.

യുദ്ധത്തിനെ ന്യായീകരിക്കാന്‍ ബുദ്ധിസം പലവിധത്തില്‍ ഉപയോഗിക്കപ്പെട്ടു. തന്റെ In Defence of Dharma: Just-war Ideology in Buddhist Sri Lanka എന്ന കൃതിയില്‍ റിലീജ്യസ് സ്റ്റഡീസ് പ്രൊഫ. ടെസ്സ ബാര്‍ത്തൊലോമ്യുസ് ചില ഉദാഹരണങ്ങള്‍ നിരത്തുന്നുണ്ട്. അതിലൊന്ന് ഇപ്രകാരമാണ്, 1999-ലെ ഒരു സിംഹള സൈനിക ഗാനം ഒരു ബുദ്ധസന്യാസിയാണ് ഈണം നല്‍കി ചിട്ടപ്പെടുത്തിയത് എന്നു പറയപ്പെടുന്നു : ‘(ബുദ്ധ)മതത്തോടുള്ള സ്‌നേഹത്താല്‍ ഐക്യപ്പെട്ട്, മാതൃഭൂമിയാല്‍ സംരക്ഷിക്കപ്പെട്ട്, ധീരസൈനികരേ നിങ്ങള്‍ തോളോടുതോള്‍ ചേര്‍ന്ന് നീങ്ങുക.’

പക്ഷെ അത് സൈന്യത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല; ദൈനംദിന ജീവിതത്തില്‍ ജനങ്ങളും സന്യാസികളും ബുദ്ധമതപാഠങ്ങളും, സൈനിക രൂപകങ്ങളും ഉപയോഗിച്ചു. ബുദ്ധിസത്തില്‍ നിന്നും രൂപംകൊണ്ടത് എന്ന നിലയില്‍ സൈനിക ധര്‍മ്മങ്ങളെ ചില ബുദ്ധ സന്യാസികള്‍ വാനോളം പ്രകീര്‍ത്തിച്ചത് കാണാം : മനുഷ്യന്റെ ഉന്നതഗുണത്തിന് വേണ്ടി അതിയായി ആഗ്രഹിക്കുന്ന ഒരു മതമാണ് ബുദ്ധമതം എന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ആയോധനാത്മാവും ഉന്നതലക്ഷ്യങ്ങളുമുണ്ടായിരുന്ന ബുദ്ധന്റെ മനസ്സില്‍ നിന്നാണ് അത് പിറവിയെടുക്കുന്നത്. പോരാളികള്‍ക്കു വേണ്ടി ഒരു ആത്മീയ പോരാളി ഉണ്ടാക്കിയതാണ് ബുദ്ധിസം.’

2009-ല്‍ ആഭ്യന്തര യുദ്ധം അവസാനിച്ചപ്പോള്‍, ശ്രീലങ്കയിലെ എത്‌നിക് ഗ്രൂപ്പുകളെല്ലാം സമാധാനത്തോടെ സഹജീവിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. പക്ഷേ രാജ്യത്തെ ബുദ്ധിസ്റ്റ് തീവ്രവാദികള്‍ മറ്റൊരു ഇരയെ കണ്ടെത്താന്‍ അധികം താമസിച്ചില്ല.

നിലവില്‍, ബോഡു ബാല സേനയാണ് (ബുദ്ധിസ്റ്റ് പവര്‍ ഫോഴ്‌സ് അഥവാ ബി.ബി.എസ്) ശ്രീലങ്കയിലെ ഏറ്റവും സജീവമായ ബുദ്ധിസ്റ്റ് തീവ്രവാദ സംഘം. ബുദ്ധിസ്റ്റ്-നാഷണലിസ്റ്റ് പ്രത്യയശാസ്ത്രവും അജണ്ടയോടും കൂടി 2012-ല്‍ ബി.ബി.എസ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. ശ്രീലങ്കക്കാര്‍ അധാര്‍മികരായി മാറി കഴിഞ്ഞിട്ടുണ്ടെന്നും, അവര്‍ ബുദ്ധിസത്തില്‍ നിന്നും അകന്നുപോയെന്നും ബി.ബി.എസ്സിന്റെ നേതാക്കള്‍ വാദിച്ചു. അതിനാരെയാണ് കുറ്റപ്പെടുത്തേണ്ടത്? ശ്രീലങ്കന്‍ മുസ്‌ലിംകളെ തന്നെ.

ലോകത്തുടനീളമുള്ള മുസ്‌ലിം വിരുദ്ധ പ്രസ്ഥാനങ്ങളില്‍ നിന്നാണ് ബി.ബി.എസ്സും അതിന്റെ മുസ്‌ലിം വിരുദ്ധ പ്രസ്താവനകള്‍ കടംകൊള്ളുന്നത്. ഉയര്‍ന്ന ജനന നിരക്കിലൂടെ മുസ്‌ലിംകള്‍ രാജ്യം ‘പിടിച്ചടക്കുകയാണ്’ എന്ന് അത് അവകാശപ്പെടുന്നു. ഹലാല്‍-സര്‍ട്ടിഫൈഡ് ഫുഡ് വ്യവസായങ്ങളിലൂടെ ലഭിക്കുന്ന പണം കൊണ്ട് മുസ്‌ലിം സംഘടനകള്‍ അന്താരാഷ്ട്ര ഭീകരവാദത്തിന് ഫണ്ട് ചെയ്യുന്നുണ്ടെന്നും അത് ആരോപിക്കുന്നുണ്ട്. ഇതൊന്നും കേവലം വെറും വാക്കുകളല്ല; 2014-ല്‍, അലുത്ഗാമ എന്ന തെക്കന്‍ പട്ടണത്തില്‍ നടന്ന അവരുടെ മുസ്‌ലിം വിരുദ്ധ പ്രതിഷേധ റാലികള്‍ നാലു മുസ്‌ലിംകളുടെ മരണത്തിലാണ് കലാശിച്ചത്.

മ്യാന്‍മറിലെ 969 എന്ന തീവ്രവാദ പ്രസ്ഥാനവുമായി ബി.ബി.എസ്സിന് ബന്ധമുണ്ട്. ‘ബര്‍മീസ് ബിന്‍ ലാദന്‍’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ദേശീയവാദി സന്യാസി അശിന്‍ വിരാതു നേതൃത്വം നല്‍കുന്ന 969 മൂവ്‌മെന്റ്, റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരെയുള്ള തീവ്രനിലപാടുകള്‍ക്ക് കുപ്രസിദ്ധരാണ്.

അടുത്തകാലത്ത് നടന്ന സംഭവവികാസങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആഗോള പ്രവണതയെ പ്രതിനിധീകരിക്കുന്നുണ്ടെന്ന് പറയുക പ്രയാസമാണ്, പക്ഷേ തീവ്രവാദ സംഘടനകള്‍ അതിര്‍ത്തികള്‍ക്കതീതമായി കൈകോര്‍ക്കുന്ന കാഴ്ച്ച അത്യന്തം അപകടകരമാണ്. ശ്രീലങ്കയിലും മ്യാന്‍മറിലും മാത്രമല്ല ഇത് സംഭവിക്കുന്നത്; വര്‍ദ്ധിച്ചു വരുന്ന ഹിംസാത്മക ബുദ്ധിസ്റ്റ് തീവ്രവാദത്തിന്റെ സങ്കേതം എന്ന നിലയില്‍ തായ്‌ലാന്റിന്റെ പേരും നിരന്തരം പരാമര്‍ശിക്കപ്പെടുന്നുണ്ട്. ഒരുപക്ഷെ ബുദ്ധിസ്റ്റുകളെയും മുസ്‌ലിംകളെയും പരസ്പരം പോരടിപ്പിക്കാനുള്ള അടുത്ത കലാപം മറ്റേന്തെങ്കിലും രാജ്യത്തായിരിക്കും സംഭവിക്കാനിരിക്കുന്നത്.

ലുന്‍ഡ് സര്‍വകലാശാലയിലെ സ്വീഡിഷ് സൗത്തേഷ്യന്‍ സ്റ്റഡീസ് നെറ്റ്‌വര്‍ക്കിന്റെ ഡയറക്ടറാണ് ആന്‍ഡ്രിയാസ് ജൊഹാന്‍സണ്‍.

മൊഴിമാറ്റം :  ഇര്‍ഷാദ് കാളാച്ചാല്‍
അവലംബം :  scroll.in

 

Facebook Comments
Show More

Related Articles

Close
Close