AfricaPolitics

ലിബിയ: വിപ്ലവത്തിന്റെ രണ്ടാം വാര്‍ഷികമാഘോഷിക്കുമ്പോള്‍

ലിബിയക്കാര്‍ തങ്ങളുടെ മുന്‍ഭരണാധികാരി മുഅമ്മര്‍ ഖദ്ദാഫിയെ താഴെയിറക്കിയ വിപ്ലവത്തിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കേണ്ട ദിവസമാണ് ഇന്ന്. പക്ഷെ ഭൂരിപക്ഷം ലിബിയക്കാരും ഇന്ന് ചിദ്രിതരമാണ്. മഹാഭൂരിപക്ഷം പുറത്തിറങ്ങാതെ വീട്ടിലിരിക്കുകയാണ് ഉത്തമെന്ന് വിശ്വസിക്കുന്നു. അതേസമയം തന്നെ ചിലര്‍ തെരുവിലറങ്ങി പുതിയ ഭരണകൂടത്തിനെതിരെയോ, പഴയ ഭരണാധികാരിയുടെ അനുകൂലികള്‍ക്കെതിരെയോ പ്രകടനം നടത്തിക്കൊണ്ടിരിക്കുന്നു.
ലിബിയന്‍ വിപ്ലവത്തിന്റെ ആത്മീയ ഗുരുവെന്ന് കൂടുതല്‍ പേരും വിശേഷിപ്പിക്കുന്ന ജൂതനായ ഫ്രഞ്ച് തത്വചിന്തകന്‍ ഹെന്റി ലിവി ആഘോഷത്തിന് വേണ്ടി വരികയില്ലെന്ന് ഉറപ്പാണ്. മുന്‍ഫ്രഞ്ച് പ്രസിഡന്റ് നിക്കോലാസ് സര്‍കോസിയും ലിബിയയില്‍ നിന്ന് അകലം പാലിക്കുമെന്നതില്‍ സംശയമില്ല. അത് തന്നെയാണ് മുന്‍സ്വേഛാധിപതിയെ താഴെയിറക്കാന്‍ നേതൃത്വം നല്‍കിയ നാറ്റോസഖ്യത്തിലെ കമാന്‍ഡര്‍മാരുടെയും അവസ്ഥ.

യുദ്ധകാലത്ത് സകലമീഡിയാ സംപ്രേഷണവും തകര്‍ക്കുന്നതിന് അന്തരീക്ഷ മാര്‍ഗേണെയുള്ള ആക്രമണത്തിന് നാറ്റോയെ സഹായിച്ച അറബ് വ്യോമസേനകളെയും ഈ ആഘോഷത്തില്‍ കണ്ടേക്കില്ല. അഥവാ പങ്കെടുക്കുകയാണെങ്കില്‍ അങ്ങേയറ്റത്തെ ലജ്ജയോടെ തലകുനിച്ചായിരിക്കുമത്. വിപ്ലവത്തെ പ്രോല്‍സാഹിച്ച സാംസ്‌കാരിക നായകന്മാരും, സൈനികനിരീക്ഷകരും, നയതന്ത്രവിദഗ്ദരുമൊക്കെ രംഗത്ത് നിന്ന് അപ്രത്യക്ഷമായേക്കും. കാരണം മേല്‍പറഞ്ഞവരൊക്കെയും സുവാര്‍ത്ത അറിയിച്ച ലിബിയ അല്ല നിലവിലുള്ളത് എന്നത് തന്നെയാണ്. അന്താരാഷ്ട്ര-അറബ് വലയത്തില്‍ നിന്നും ഒറ്റ ഒരു ഒഴിഞ്ഞ സൈനികത്താവളമായി മാറിയിരിക്കുന്നു ലിബിയ. കിഴക്ക് ഈജിപ്തിനോടും, പടിഞ്ഞാറ് തുനീഷ്യയോടും അള്‍ജീരിയയോടും, തെക്ക് ഛാഡ്, നൈജര്‍ തുടങ്ങിയവയോടും പങ്ക് വെക്കുന്ന അതിര്‍ത്തികളെല്ലാം പൂര്‍ണമായി അടക്കപ്പെട്ടിരിക്കുന്നു. ലിബിയയുടെ തെക്കന്‍ ജില്ലകളൊക്കെയും പൂര്‍ണമായും അടക്കപ്പെട്ട സൈനികമേഖലാ പ്രദേശങ്ങളായിരിക്കുന്നു. എയര്‍പോര്‍ട്ടുകളിലെല്ലാം വിമാനങ്ങള്‍ ഏകദേശം നിശ്ചലാവസ്ഥയിലാണ്.

പാശ്ചാത്യന്‍ രാഷ്ട്രങ്ങളുടെ തങ്ങളുടെ എല്ലാ പൗരന്മാരെയും ബന്‍ഗാസിയില്‍ നിന്ന് അകറ്റിയിരിക്കുന്നു. അവയില്‍ മിക്കതും മുന്‍കരുതലെന്നോണം തങ്ങളുടെ കോണ്‍സുലേറ്റുകള്‍ അടച്ചിരിക്കുന്നു. അമേരിക്കന്‍ കോണ്‍സുലേറ്റിനെതിരെ നടന്ന ഒരു അംബാസഡറുടെയും മറ്റ് മൂന്ന് നയതന്ത്രപ്രതിനിധികളുടെയും മരണത്തില്‍ കലാശിച്ച സ്‌ഫോടനം അവര്‍ക്കൊക്കെയുള്ള ഒരു മുന്നറിയിപ്പായിരുന്നുവല്ലോ. തങ്ങള്‍ക്ക് സമാനമായ മാലിക്ക് നേരെ ഫ്രാന്‍സ് നടത്തുന്ന ആക്രമണത്തിന്, ലിബിയയില്‍ സുരക്ഷാ വിഭാഗത്തിന് മേല്‍ അധികാരമുള്ള ജിഹാദീ സംഘടനകള്‍ പ്രതികാരം നടത്തുമെന്ന് അവര്‍ ഭയപ്പെടുന്നു.
പൂര്‍ണമായും ജനാധിപത്യപരവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ലിബിയയില്‍ നടന്നുവെന്നത് ശരി തന്നെയാണ്. ഇരുനൂറ് പേരടങ്ങിയ ഒരു പാര്‍ലിമെന്റിന് അത് ജന്മം നല്‍കുകയും ചെയ്തു. രാഷ്ട്രകാര്യങ്ങള്‍ മേല്‍നോട്ടം വഹിക്കാന്‍ അലി സൈദാന്റെ നേതൃത്വത്തിലുള്ള ഒരു ഭരണകൂടത്തെ പാര്‍ലിമെന്റ് ചുമതലപ്പെടുത്തുകയും ചെയ്തു. പക്ഷെ ഈ പാര്‍ലിമെന്റ് രോഷാകുലരായ പ്രതിഷേധക്കാരുടെ കടന്ന് കയറ്റത്തിന് ഒന്നിലേറെ തവണ വിധേയമാവുകയുണ്ടായി. ഏറ്റവുമൊടുവില്‍ യുദ്ധത്തില്‍ പരിക്കേറ്റവരായിരുന്നു പാര്‍ലിമെന്റിലേക്ക് കടന്ന് കയറിയത്. അവസാനം നിവൃത്തിയില്ലാതെ പൊതുഉദ്യാനത്തില്‍ പാര്‍ലിമെന്റ് കൂടേണ്ട ഗതികേട് വരെ ലിബിയന്‍ ഭരണകൂടത്തിനുണ്ടായി.

പുതിയ ലിബിയയില്‍ രാഷ്ട്രീയകൊലപാതകമെന്നത് അത്ര പ്രാധാന്യമല്ലാത്ത സാധാരണ സംഭവമായിരിക്കുന്നു. കഴിഞ്ഞവര്‍ഷത്തില്‍ ബന്‍ഗാസിയില്‍ മാത്രം മുപ്പതിലധികം പോലീസ് ഓഫീസര്‍മാര്‍ കൊല്ലപ്പെടുകയുണ്ടായി.
പെട്രോള്‍ ഉല്‍പന്നങ്ങളിലൂടെ ലഭിക്കുന്ന പതിനാറ് ലക്ഷം ഡോളറാണ് ലിബിയയുടെ വരുമാനം. എന്നാല്‍ ഭരണകൂടത്തിന്റെ വാര്‍ഷിക ബജറ്റാവട്ടെ എഴുപത് ബില്യണ്‍ ഡോളറാണ്. അങ്ങനെയുള്ള ഗവണ്‍മെന്റെ് എങ്ങനെയാണ് ഒരു ആശുപത്രിയോ, സര്‍വകലാശാലയോ, സ്‌കൂളോ നിര്‍മിക്കുക? അറുപതിനായിരത്തോളം ലിബിയക്കാര്‍ ജോര്‍ദാനിലും, തുനീഷ്യയിലും ചികിത്സയിലാണ്! അവരില്‍ അധികംപേരും ഗുരുതരമല്ലാത്ത രോഗങ്ങള്‍ ബാധിച്ചവരാണ്.
കിലോമീറ്ററുകളോളം നീണ്ട് കിടക്കുന്ന ചപ്പുചവറുകളെയും മാലിന്യങ്ങളെയും കുറിച്ചാണ് ട്രിപ്പോളിയില്‍ നിന്ന് വരുന്നവര്‍ക്ക് സംസാരിക്കാനുള്ളത്. പൗരന്മാരുടെ വീടിന് മുന്നിലും പൊതുനിരത്തിന് അരികിലും മാലിന്യക്കൂമ്പാരങ്ങളാണുള്ളത്. അവിടത്തെ മനോഹരമായ പൂന്തോട്ടവും, പുല്‍തകിടിയുമെല്ലാം മാലിന്യനിക്ഷേപ കേന്ദ്രമായി മാറിയിരിക്കുന്നു. വൃത്തികെട്ട ദുര്‍ഗന്ധം വമിക്കുന്ന അവശിഷ്ടങ്ങള്‍ രാത്രികാലങ്ങളില്‍ വാഹനങ്ങളില്‍ കൊണ്ട് വന്ന് തട്ടുന്നത് അവിടെയാണത്രെ!
പട്ടണങ്ങളുടെ എല്ലാഭാഗങ്ങളും ആയുധധാരികളായ കുടിപ്പടയുടെ കൈകളിലാണ്. അവിടേക്കുള്ള പ്രവേശനകവാടങ്ങളില്‍ മതില്‍കെട്ടിയിരിക്കുന്നു അവര്‍. പ്രായപൂര്‍ത്തിയോടടുക്കുന്ന കുട്ടികളുടെ കയ്യില്‍ പോലും ആയുധങ്ങളുണ്ട്. അതിനാല്‍ തന്നെ സൂര്യാസ്തമയത്തോടടുക്കുമ്പോള്‍ തന്നെ വീട്ടില്‍ കയറി വാതിലടക്കുകയാണ് പൗരന്മാര്‍ ചെയ്യുന്നത്.
മിസ്‌റാത ഇപ്പോള്‍ സ്വതന്ത്ര പ്രദേശമായി മാറിയിരിക്കുന്നു. സിന്‍താന്‍ ബെറ്റാലിയന്‍ നഫൂസ പര്‍വതത്തില്‍ സ്വന്തം രാഷ്ട്രം സ്ഥാപിച്ചിരിക്കുന്നു. സിര്‍ത്, ബനുല്‍വലീദ് തുടങ്ങിയ പട്ടണങ്ങള്‍ നശിച്ച് കൊണ്ടേയിരിക്കുന്നു.
മൂന്ന് ആഴ്ചകള്‍ക്ക് മുമ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ ലിബിയ സന്ദര്‍ശിക്കുകയുണ്ടായി. നുഴഞ്ഞ് കയറ്റക്കാരനെപ്പോലെ വളരെ രഹസ്യമായാണ് സന്ദര്‍ശനം നടത്തിയത്. ഏതാനും മണിക്കൂറുകളാണ് അദ്ദേഹം തലസ്ഥാനനഗരിയായ ട്രിപ്പോളിയില്‍ ചെലവഴിച്ചത്. ഇന്ന് നടക്കാനിരിക്കുന്ന ‘വിജയാ’ഘോഷത്തില്‍ അദ്ദേഹം പങ്കെടുക്കുകയില്ല.

സ്ത്രീകളോടുള്ള അഭിനിവേശത്തില്‍ ഗദ്ദാഫിയോട് സമാനതയുള്ള മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി ബെര്‍ലസ്‌കോനി കാര്യമെന്തായാലും സത്യം പറയുന്നയാളാണ്. ലിബിയയെ തകര്‍ക്കാന്‍ നാറ്റോയുടെ യുദ്ധവിമാനങ്ങള്‍ തങ്ങളുടെ നാട്ടില്‍ നിന്ന് അയച്ചത് തന്റെ നേതൃത്വത്തിലായിരുന്നുവെന്ന് അദ്ദേഹം മുമ്പ് വ്യക്തമാക്കിയിരുന്നു. ബന്‍ഗാസിയിലെ പ്രതിഷേധത്തെ കത്തിച്ചതിന്റെ പിന്നില്‍ ഫ്രാന്‍സ് ആയിരുന്നുവെന്നാണ് അദ്ദേഹമിപ്പോള്‍ പറഞ്ഞിരിക്കുന്നത്. സുരക്ഷാസമിതിയുടെ തീരുമാനം പുറത്ത് വരുന്നതിന് മുമ്പ് തന്നെ അവര്‍ ആക്രമണം തുടങ്ങിയിരുന്നു. തീര്‍ത്തും സാമ്പത്തികവും, കച്ചവടപരവുമായ താല്‍പര്യങ്ങള്‍ക്കും ഖദ്ദാഫിയോട് പ്രതികാരം ചെയ്യുന്നതിനും വേണ്ടിയാണ് സാര്‍കോസി ലിബിയ ആക്രമിച്ചതെന്നും ബെര്‍ലസ്‌കോനി പറയുന്നു.

ലിബിയയില്‍ നിലവിലുള്ള അരക്ഷിതാവസ്ഥയോ, അരാജകത്വമോ പാശ്ചാത്യന്‍ രാഷ്ട്രങ്ങളിലേക്കുള്ള എണ്ണ ഒഴുക്കിനെ തടയുകയില്ല എന്നത് മറ്റൊരു വസ്തുതയാണ്. എണ്ണ നിറഞ്ഞൊഴുകിക്കൊണ്ടിരിക്കുന്നു. പാശ്ചാത്യന്‍ കമ്പനികള്‍ പണം വാരുന്നു. ലിബിയയിലെ പെട്രോള്‍ ഖനിജങ്ങളില്‍ 45 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താനിരിക്കുകയാണ് ബ്രിട്ടീഷ് പെട്രോളിയമെന്നതാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട്. അക്രമഭരണാധികാരിയുടെ തകര്‍ച്ചയില്‍ ദുഖിക്കുകയല്ല നാം. മറിച്ച്, വിപ്ലവാനന്തരം രൂപപ്പെട്ട ഭരണകൂടത്തിന്റെ പരാജയത്തിലാണ് നമുക്ക് വേദനയുള്ളത്. ജനങ്ങളുടെ ആവശ്യങ്ങളില്‍ ഒരു ചെറിയ തോത് പോലും പരിഹരിക്കാന്‍ അതിന് കഴിഞ്ഞിട്ടില്ല.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker