AfricaPolitics

നഷ്ടപ്പെട്ടത് സീറ്റുകള്‍ ; നേടിയത് ആദരവ്

മിക്ക ആളുകളും അഭിപ്രായപ്പെട്ടതിനു വിരുദ്ധമായ ഒരു കാര്യമാണ് ഞാന്‍ പറയുന്നത്. ഇക്കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ തുനീഷ്യയിലെ അന്നഹ്ദക്കുണ്ടായ നഷ്ടത്തേക്കാള്‍ വലിയ നേട്ടമാണ് അവര്‍ കൊയ്തിരിക്കുന്നതെന്ന് ഞാന്‍ വാദിക്കും. ചില എംപി സ്ഥാനങ്ങളെല്ലാം അവര്‍ക്ക് നഷ്ടമായിരിക്കുന്നു എന്നത് ശരിയാണ്. എന്നാല്‍ കണക്കില്ലാത്ത ആദരവാണ് അവര്‍ നേടിയിരിക്കുന്നത്. തെരെഞ്ഞെടുപ്പില്‍ അവര്‍ക്ക് സംഭവിച്ചിരിക്കുന്ന നഷ്ടത്തെ അവരുടെ ചരിത്ര നേട്ടവുമായി താരതമ്യം ചെയ്യാവതല്ല. സിവില്‍ രാഷ്ട്രത്തോടൊപ്പം അണിനിരന്ന് അതിന് വേണ്ടി ശബ്ദിക്കുന്ന രാഷ്ട്രീയ ഇസ്‌ലാമിന്റെ മാതൃക എന്ന സ്ഥാനം സ്വന്തമാക്കാന്‍ അവര്‍ക്ക് സാധിച്ചു. അതോടൊപ്പം മുഖ്യധാരാ മതേതര കക്ഷികളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിലും അവര്‍ വിജയിച്ചു. ജനാധിപത്യ മൂല്യങ്ങളെയും തത്വങ്ങളെയും എപ്പോഴും അവര്‍ മുറുകെ പിടിച്ചു. വിപ്ലവത്തിന്റെ നേട്ടങ്ങള്‍ സമര്‍പ്പിക്കുന്നതിലും സംഘടനാ നേട്ടങ്ങള്‍ക്കും ഭരണകൂടത്തിന്റെ വഴികേടുകള്‍ക്കും അതീതമായി ജനാധിപത്യം നടപ്പാക്കുന്നതിലും അവര്‍ ഉദാഹരിക്കപ്പെട്ടു.

തെരെഞ്ഞെടുപ്പില്‍ മത്സരിച്ച പാര്‍ട്ടികള്‍ക്കിടയില്‍ അന്നഹ്ദക്ക് ഒന്നാം സ്ഥാനം ലഭിക്കാത്തതിലുള്ള ആശ്വാസം ഞാന്‍ മറച്ചു വെക്കുന്നില്ല. മാത്രമല്ല അന്നഹ്ദയെ സംബന്ധിച്ചടത്തോളം തങ്ങളുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിനും പാകപ്പെടുത്തുന്നതിനുമുള്ള ഒരവസരം കൂടിയാണിത്. അതിന് ഞാന്‍ കാണുന്ന ചില കാരണങ്ങളാണ് തുടര്‍ന്ന് പറയുന്നത്.

– അന്നഹ്ദ തെരെഞ്ഞെടുപ്പില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നെങ്കില്‍ തെരെഞ്ഞെടുപ്പില്‍ കൃത്രിമം നടന്നു, ഫലം അട്ടിമറിക്കാന്‍ ഭരണസംവിധാനം ഉപയോഗപ്പെടുത്തി തുടങ്ങിയ ആരോപണങ്ങളില്‍ നിന്നൊരിക്കലും അവര്‍ക്ക് മോചിതരാകാന്‍ സാധിക്കുമായിരുന്നില്ല. അങ്ങനെ വല്ല ആരോപണവും കിട്ടിയാല്‍ അത് പ്രചരിപ്പിക്കാനും സ്ഥിരീകരിക്കാനും തയ്യാറായി നില്‍ക്കുന്ന വിവിധ മാധ്യമങ്ങള്‍ അറബ് ലോകത്ത് തന്നെയുണ്ട്.

– അന്നഹ്ദ രാഷ്ട്രീയ രംഗത്തിന്റെ മുന്‍ നിരയില്‍ തന്നെ സ്ഥാനമുറപ്പിച്ചിരുന്നെങ്കില്‍, ‘ഞങ്ങള്‍ പറഞ്ഞിരുന്നില്ലേ ഇക്കൂട്ടരെ പോലുള്ളവര്‍ ഒറ്റത്തവണ ജനാധിപത്യത്തില്‍ മാത്രമാണ് വിശ്വസിക്കുന്നതെന്ന്’ പറയുന്നവരുടെ ശബ്ദത്തെ ഇല്ലാതാക്കാന്‍ നമുക്ക് സാധിക്കുമായിരുന്നില്ല. അതായത് അവര്‍ അധികാരത്തിലെത്തുന്ന തെരെഞ്ഞെടുപ്പ് അവസാന ജനാധിപത്യ തെരെഞ്ഞെടുപ്പായിരിക്കുമെന്ന പ്രചരണം.

– നിലവില്‍ അറബ് ലോകത്ത് രാഷ്ട്രീയ ഇസ്‌ലാമിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന സഖ്യം അതിനെതിരെ ഒരുമിച്ചു കൂടും. ഭീകരതക്കെതിരായ പോരാട്ടത്തിന്റെ സുപ്രധാനവും ഒന്നാമത്തേതുമായ ലക്ഷ്യമായി അവര്‍ കാണുന്നത് അറബ് അന്തരീക്ഷത്തില്‍ നിന്ന് അതിനെ വേരോടെ പിഴുതെറിയലാണ്. അതിന് വേണ്ടി തുനീഷ്യക്ക് മേല്‍ വിവിധ സാമ്പത്തിക സമ്മര്‍ദങ്ങള്‍ സൃഷ്ടിച്ചേക്കും. അന്നഹ്ദയുടെ ഭരണത്തെ പരാജയപ്പെടുത്താനായാലും അല്ലെങ്കില്‍ അവരെ അധികാരത്തിലേറ്റിയ ജനതക്ക് നല്‍കുന്ന ശിക്ഷയായിട്ടാണെങ്കിലും അതിന്റെ ഫലം ഒന്ന് തന്നെ.

രണ്ടാം സ്ഥാനത്തേക്കുള്ള പിന്നോട്ടടിക്കല്‍ അന്നഹ്ദ ബോധപൂര്‍വം ചെയ്തതല്ലെന്നതില്‍ എനിക്ക് സംശയമില്ല. എന്നാല്‍ ഈ പിന്നോട്ടടിക്കല്‍ പാര്‍ട്ടിക്കും തുനീഷ്യയുടെ ജനാധിപത്യത്തിനും ഗുണമായിട്ടാണ് ഞാന്‍ കാണുന്നത്. കൂടുതല്‍ വിശകലനവും ചര്‍ച്ചയും ആവശ്യമുള്ള ഒന്നാണത്. അറബ് ലോകത്തെ മാറ്റങ്ങളെയും ചലനങ്ങളെയും കുറിച്ച് ഗവേഷണം നടത്തുന്നവര്‍ക്ക് പഠനാര്‍ഹമായ ഒരു വിഷയമാണ് തുനീഷ്യയിലെ അന്നഹ്ദയുടെ അനുഭവങ്ങള്‍. പ്രത്യേകിച്ചും ഇസ്‌ലാമിക ഘടകങ്ങള്‍ അവഗണിക്കാനാവാത്ത കക്ഷിയാണെന്ന് തെളിയിച്ച അറബ് വസന്തത്തിന്റെ അന്തരീക്ഷത്തില്‍. അന്തിമ വിജയത്തിലെത്തിക്കുന്നതിന് പ്രസ്തുത ഘടകങ്ങളെ നേര്‍വഴിക്ക് നയിക്കുകയും ഒന്നു കൂടി പാകപ്പെടുത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ദാഇശിന്റെ രംഗപ്രവേശവും ഖിലാഫത്ത് പ്രഖ്യാപനവും ഇസ്‌ലാമിനെ സംബന്ധിച്ച വളരെ മോശമായ ഒരു ചിത്രമാണ് പ്രകടിപ്പിക്കുന്നതെന്നത് വളരെ ശരിയാണ്. എന്നാല്‍ അതിന്റെ മറുവശത്തെ പ്രതിനിധീകരിക്കുന്ന അന്നഹ്ദയുടെ മാതൃക കൂടുതല്‍ ആദരവാണുണ്ടാക്കുന്നത്.

രാഷ്ട്രീയ രംഗത്ത് എല്ലാവരോടും സഹവര്‍ത്തിത്വത്തില്‍ സഹകരിച്ച കഴിയുക എന്ന നിലപാടാണ് അന്നഹ്ദ എപ്പോഴും മുറുകെ പിടിച്ചിരുന്നതെന്നും വിപ്ലവ വിജയത്തിന് ശേഷം ഭൂരിപക്ഷം ജനാധിപത്യം അനുയോജ്യമല്ലെന്ന കാഴ്ച്ചപാടിനെയും കുറിച്ച് കഴിഞ്ഞ ദിവസം ഞാന്‍ സൂചിപ്പിച്ചിരുന്നു. ശ്രദ്ധേയമായൊരു ഇജ്തിഹാദ് തന്നെയാണത്. പ്രത്യേകിച്ചും വിപ്ലവത്തിന്റെ പാതയില്‍ തുനീഷ്യന്‍ അനുഭവങ്ങള്‍ വിജയിച്ചിരിക്കുന്നതിനാല്‍. മറ്റ് പ്രദേശങ്ങളില്‍ സംഭവിച്ച തരത്തിലുള്ള തകിടം മറിച്ചിലുകളില്‍ നിന്ന് രക്ഷപ്പെടാന്‍ അവര്‍ക്ക് സാധിച്ചു. ജനാധിപത്യത്തിലെ സഹവര്‍ത്തിത്വത്തില്‍ ‘മഖാസിദു’കള്‍ (ശരീഅത്തിന്റെ ലക്ഷ്യങ്ങള്‍) നടപ്പാക്കാനുള്ള ശ്രമങ്ങള്‍ അന്നഹ്ദ നേതാക്കള്‍ നടത്തിയിട്ടുണ്ട്. ആഴത്തില്‍ പഠനവും അപഗ്രഥനവും അര്‍ഹിക്കുന്ന വിഷയമാണിത്. പൊതു താല്‍പര്യങ്ങളുടെ സംരക്ഷണമാണ് മഖാസിദു കൊണ്ടുദ്ദേശിക്കുന്നത്. അതിന് വിവിധ തലങ്ങളുണ്ട്. അതില്‍ മുഖ്യമായവയാണ് വിശ്വാസം, ജീവന്‍, ബുദ്ധി, വംശം, സമ്പത്ത് തുടങ്ങിയവയുടെ സംരക്ഷണം. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ വളരെ പ്രചാരമുള്ള മാലികി മദ്ഹബില്‍ മഖാസിദുകളെ കുറിച്ച ചിന്തക്ക് വലിയ പ്രാധാന്യമുണ്ട്. ഇമാം ശാത്വബിയുടെ ‘അല്‍-മുവാഫഖാത്’ ഇതില്‍ മുഖ്യ സ്രോതസ്സായി പരിഗണിക്കപ്പെടുന്ന ഗ്രന്ഥമാണ്. തുനീഷ്യയെ വിജയത്തിലേക്കെത്തിക്കുന്ന ഉന്നതമായ രാഷ്ട്രീയ ലക്ഷ്യങ്ങളെ മുന്നില്‍ വെച്ചാണ് സംഘടന പുതു തലമുറയോട് സംവദിച്ചതും അതിന്റെ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തിയതും. വിപ്ലവത്തിന്റെ സംരക്ഷണത്തെയും സഹകരിച്ചു പ്രവര്‍ത്തിക്കുക എന്ന അടിസ്ഥാനത്തെയും ജനാധിപത്യ തത്വങ്ങള്‍ നടപ്പാക്കുന്നതിനെയുമാണ് പ്രസ്തുത ഉദ്ദേശ്യലക്ഷ്യങ്ങള്‍ പ്രതിനിധീകരിച്ചത്.

ആഴത്തിലുള്ള ഗവേഷണം അര്‍ഹിക്കുന്ന സമ്പന്നമായ അനുഭവത്തിന്റെ മുന്നിലാണ് നാമുള്ളതെന്ന് ഒരിക്കല്‍ കൂടി ഞാന്‍ ആവര്‍ത്തിക്കുകയാണ്. അതിന്റെ നല്ല വശങ്ങളോടൊപ്പം തന്നെ ദോഷവശങ്ങളും പാകപിഴകളും കൂടി വിശകലനത്തിന് വിധേയമാക്കണം. അതൊരിക്കലും അന്നഹ്ദയുടെ പ്രവര്‍ത്തനങ്ങളെ കൊണ്ടാടാനല്ല, മറിച്ച് ജനാധിപത്യത്തിലെ വിജയത്തിന്റെ ഘടകങ്ങള്‍ നമുക്ക് മനസ്സിലാക്കാന്‍. അതോടൊപ്പം ഇസ്‌ലാമിക ഘടകത്തിന്റെ ഗതി ശരിയായ വഴിയില്‍ തിരിച്ചു വിടാന്‍ കൂടി വേണ്ടിയാണത്. എന്നാല്‍ അത്തരം ചര്‍ച്ചക്ക് അനുയോജ്യമായ ഒരന്തരീക്ഷം ഇല്ലെന്നത് ദുഖകരമാണ്. എന്തൊക്കെയാണെങ്കിലും രാഷ്ട്രീയ ഇസ്‌ലാമിനെ കുറിച്ച നല്ല ഒരു സന്ദേശമാണ് തുനീഷ്യന്‍ അനുഭവം സമര്‍പ്പിക്കുന്നത്.

വിവ : നസീഫ്‌

Facebook Comments

ഫഹ്മി ഹുവൈദി

എഴുത്തുകാരനും ഈജിപ്തിലെ ഇസ്‌ലാമിക ചിന്തകനും ആധുനിക ഇസ്‌ലാമിക ചിന്തകരില്‍ ഒരാളുമായ എണ്ണപ്പെടുന്ന ഫഹ്മി ഹുവൈദി 1937 ആഗസ്റ്റ് 29 ന് ഈജിപ്തിലെ സ്വഫ്ഫില്‍ ജനിച്ചു. 1960 ല്‍ കെയ്‌റോ യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിയമത്തില്‍ ബിരുദം നേടി. 1958 മുതല്‍ 18 വര്‍ഷം അല്‍ അഹ്‌റാം ദിനപത്രത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു. 1976 മുതല്‍ കുവൈത്തില്‍ നിന്നിറങ്ങുന്ന മജല്ലത്തുല്‍ അറബിയില്‍ സേവനം ചെയ്യുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker