Politics

കര്‍ണാടക വിധി നല്‍കുന്ന പാഠം

മിഡ്ഫീല്‍ഡില്‍ കളി നന്നായതുകൊണ്ട് ജയിക്കില്ല. ലക്ഷ്യം ഗോള്‍ പോസ്റ്റാണ്. അതിനു ശക്തമായ ഫോര്‍വേഡുകള്‍ അത്യാവശ്യവും. അടുത്തിടെ നടന്ന രണ്ടു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൈതാനത്തിന്റെ മധ്യ ഭാഗത്തു നന്നായി കളിച്ചു,പക്ഷെ കളി കഴിഞ്ഞപ്പോള്‍ ജയിച്ചത് ബി.ജെ.പിയും. റഫറി സഹായിച്ചാലും ജയിക്കാന്‍ കഴിയും. അങ്ങിനെ കൈകൊണ്ടു ഗോളടിച്ചു ജയിച്ച ടീമുകള്‍ ലോകത്തുണ്ട്.

കോണ്‍ഗ്രസ് തരക്കേടില്ലാതെ ഭരിച്ച സംസ്ഥാനമാണ് കര്‍ണാടക. ഭരണവിരുദ്ധ വികാരം കാര്യമായി അവിടെ നിലനിന്നിരുന്നില്ല. കേന്ദ്ര ഭരണ കക്ഷിയായ ബി ജെ പിക്ക് എതിരായി പല വിഷയങ്ങളും അവിടെ ധാരാളം ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് ജനവികാരവും നോക്കിയപ്പോള്‍ എല്ലാ മതേതര വിശ്വാസികളും കോണ്‍ഗ്രസ്സിന്റെ വിജയം ഉറപ്പിച്ചു. പക്ഷെ ഫലം വന്നപ്പോള്‍ ഗുജറാത്ത് പോലെ കര്‍ണാടകയിലും കോണ്‍ഗ്രസ് പിന്നില്‍ തന്നെ.  വോട്ടിങ് യന്ത്രമാണ് കാരണമെങ്കില്‍ അതൊരു ദുരന്തമാണ്. അവസാനിക്കാത്ത ദുരന്തം. അതല്ല കാരണം എന്ന് ആദ്യം ഉറപ്പു വരുത്തണം. അതാണ് കാരണമെങ്കില്‍ പിന്നെ എല്ലാം വെറുതെയാണ്. ആളുകള്‍ എങ്ങിനെ മതേതരമായി ചിന്തിച്ചിട്ടും കാര്യമില്ല എന്ന് വന്നാല്‍ അത് നമ്മുടെ ജനാധിപത്യത്തിന്റെ അവസാനമാകും.

അതൊരു സാധ്യത മാത്രമാണ്. അതിലപ്പുറം നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്ന ഒന്നുണ്ട്. അത് മതേതര പാര്‍ട്ടികളുടെ ഭിന്നിപ്പാണ്. കോണ്‍ഗ്രസ്സും ജനതാദളും ഒന്നിച്ചു നിന്നാല്‍ അവിടെ അവര്‍ ഭരിക്കും. രണ്ടു ശക്തരായ മതേതര ചേരികള്‍ വേറിട്ട് മത്സരിച്ചപ്പോള്‍ സംഘ്പരിവാര്‍ വോട്ടുകള്‍ ഒന്നിക്കുകയും ചെയ്തു. ബി ജെ പി – ആര്‍ എസ് എസ് കൂട്ടുകെട്ട് അടിത്തട്ടില്‍ തന്നെ അവരുടെ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ പരമാവധി ശ്രമിച്ചു. അത് വിജയിച്ചു എന്ന് വേണം മനസ്സിലാക്കാന്‍. തന്റെ കഴിവിന്റെ പരമാവധി രാഹുല്‍ പരിശ്രമിച്ചിട്ടുണ്ട്. പക്ഷെ മോഡി -അമിത് ഷാ തന്ത്രം പൊളിക്കാനുള്ള രാഷ്ട്രീയ വിദ്യാഭ്യാസം അദ്ദേഹം ഇനിയും നേടിയിട്ട് വേണം. അമിത ആത്മവിശ്വാസവും ഒരു കാരണമാകാം. പണ്ട് മുയലിന്റെയും ആമയുടെയും കഥയിലെ പോലെ കാര്യങ്ങള്‍ തിരിഞ്ഞു പോകാന്‍ ഇടയുണ്ട്.

ഒരുപാട് പ്രതികൂല സാഹചര്യങ്ങള്‍ നിലനിന്നിട്ടും എന്തുകൊണ്ട് സംഘ പരിവാര്‍ തിരഞ്ഞെടുപ്പുകളില്‍ വിജയം വരിക്കുന്നു എന്നത് കേവലം ട്രോള്‍ കൊണ്ട് തീര്‍ക്കാവുന്ന കാര്യമല്ല. അതിലപ്പുറം സൂക്ഷ്മമായ വിശകലനവും പഠനവും ആവശ്യമാണ്. ഒരു ജനതയുടെ ശാപമായി ജനാധിപത്യം മാറാതിരിക്കാന്‍ ഇത്തരം നടപടികള്‍ അത്യാവശ്യമാണ്. കോണ്‍ഗ്രസ്സ് ഭരണത്തിലിക്കുമ്പോള്‍ ഗൗരവമുള്ള പലതിനെയും വേണ്ടത്ര ഗൗരവത്തോടെ കണ്ടില്ല എന്നതാണ് ഇന്നനുഭവിക്കുന്ന ദുരന്തങ്ങള്‍ക്ക് കാരണം. ഒരിക്കല്‍ ഇരിക്കുന്ന കൊമ്പ് മുറിച്ചതിന്റെ ഫലം. സംഘ പരിവാറിന് ഭരണത്തില്‍ ഇടം നല്‍കിയത് കോണ്‍ഗ്രസ്സാണ്. രണ്ടാം യു പി എ സര്‍ക്കാര്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് ഉണ്ടാക്കി കൊടുത്ത പേര് അത്ര നന്നായിരുന്നു എന്ന് നമുക്കറിയാം.

മതേതരത്വവും ഫാസിസവും തമ്മിലുള്ള യുദ്ധത്തില്‍ മതേതരത്വം ജയിക്കണമെന്നു നല്ല മനുഷ്യര്‍ ആഗ്രഹിക്കുന്നു. മതേതരത്വത്തിന് അവരുടെ ശത്രുവിനെതിരെ ഒന്നിച്ചു നില്‍ക്കാന്‍ കഴില്ലെങ്കില്‍ ആരെയാണ് നാം കുറ്റം പറയേണ്ടത് എന്നതാണ് ആദ്യത്തില്‍ കര്‍ണാടക വിഷയത്തില്‍ നമുക്ക് ചോദിയ്ക്കാന്‍ കഴിയുക. മിഡ്ഫീല്‍ഡില്‍ മാത്രം കളി ഒതുക്കിയാല്‍ കാഴ്ചക്കാര്‍ക്ക് ഹരമാണ്. അവസാന ഫലം ഗോളിലാണ് എന്ന് മറക്കാതിരിക്കുക.

 

Facebook Comments
Show More

Related Articles

Close
Close