AfricaMiddle EastPolitics

കടന്നല്‍ കൂട്ടിലാണ് സൗദി കല്ലിട്ടിരിക്കുന്നത്

പുതിയ അറബ് സഖ്യത്തിന്റെ ഭാഗമായി ബുധനാഴ്ച്ച രാത്രി 185 വിമാനങ്ങളാണ് പുതിയ സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് യമനിലേക്ക് അയച്ചത്. സന്‍ആയിലെയും മറ്റ് നഗരങ്ങളിലെയും ഹൂഥി സൈനിക ശക്തി കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുകയാണതിന്റെ ഉദ്ദേശ്യം. സൗദിയുടെ നയത്തില്‍ മാറ്റം വന്നിരിക്കുന്നു എന്നാണിത് വ്യക്തമാക്കുന്നത്. അഥവാ തങ്ങളുടെ നിര്‍ണായകവും നയതന്ത്രപരവുമായ താല്‍പര്യങ്ങള്‍ക്ക് ഭീഷണി ഉയരുമ്പോള്‍ ആത്മസംയമനത്തിന്റെയും അവധാനതയും പാലിച്ചിരുന്ന ഘട്ടത്തില്‍ നിന്ന് സൈനിക നടപടികളിലേക്ക് കടക്കാന്‍ മടികാണിക്കാത്ത ഘട്ടത്തിലേക്ക് എത്തിയിരിക്കുന്നു. എന്തുഫലമാണ് അതുണ്ടാക്കുകയെന്ന് അറിയില്ലെന്ന് മാത്രമല്ല അത്യന്തം അപകടകരമായ ഒന്നാണ് പെട്ടന്നുള്ള ഈ നീക്കം.

സൈനിക ശക്തിയുടെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലില്‍ കാര്യങ്ങള്‍ സൗദിക്ക് അനുകൂലമാകുമെന്നതില്‍ ഒരു സംശയവുമില്ല. അത്യാധുനിക പോര്‍വിമാനങ്ങളും എഫ്-15, എഫ്-16 ഇനങ്ങളിലുള്ള അമേരിക്കന്‍ ബോംബര്‍ വിമാനങ്ങളും വ്യോമസംവിധാനങ്ങളും അവരുടെ ആയുധ ശേഖരത്തിലുണ്ട്. അവക്ക് പുറമെ ഒന്നര ലക്ഷം ആള്‍ശേഷിയുള്ള കരസൈന്യവുമുണ്ട്. പഴഞ്ചന്‍ ആയുധങ്ങള്‍ മാത്രമുള്ള ശത്രു അവക്ക് മുന്നില്‍ വളരെ ദുര്‍ബലനാണ്. അമേരിക്കയില്‍ നിന്നും ജര്‍മനിയില്‍ നിന്നും യൂറോപില്‍ നിന്നും യുദ്ധവിമാനങ്ങളും ടാങ്കുകളും വാങ്ങുന്നതിന് സൗദി കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ മാത്രം 15,000 കോടി ഡോളറാണ് ചെലവിട്ടത്. യമനിന്റെ നാല്‍പത് വര്‍ഷത്തെ ബജറ്റിന് തുല്യമായതോ അതിനെ മറികടക്കുന്നതോ ആയ തുകയാണിത്.

സൈനിക ശേഷിയില്‍ മികച്ച് നില്‍ക്കുന്നുവെന്നത് ആധുനിക യുദ്ധങ്ങളില്‍ വിജയം ഉറപ്പു തരുന്നില്ല. അപ്രകാരം വ്യോമാക്രമണങ്ങളുടെ ശക്തിയും വലുപ്പവുമൊന്നും പരാജയത്തിന്റെ മാനദണ്ഡമാക്കാനാവില്ല. സിറിയിയിലും ഇറാഖിലും ഐസിസ് കേന്ദ്രങ്ങള്‍ക്ക് നേരെ 3500 ആക്രമണങ്ങളാണ് അമേരിക്ക നടത്തിയത്. അവരെ പരാജയപ്പെടുത്താന്‍ അതിലൂടെ സാധിച്ചിട്ടില്ല. ലോകത്തെ തന്നെ വന്‍ സൈനിക ശക്തിയുടെ പിന്തുണയുള്ള സിറിയന്‍ സൈന്യത്തിന് നാലു വര്‍ഷമായിട്ടും സിറിയന്‍ മണ്ണില്‍ തങ്ങള്‍ക്കനുകൂലമായ സാഹചര്യം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഗ്രാമങ്ങളും പട്ടണങ്ങളും തങ്ങളുടെ നിയന്ത്രണത്തില്‍ നിന്ന് നഷ്ടപ്പെടുന്നത് തടയാനും അവക്കായിട്ടില്ല.

ഭൂമിശാസ്ത്രപരമായും മാനുഷികമായും പരുക്കന്‍ അന്തരീക്ഷമാണ് യമനിലുള്ളത്. ഒരു പക്ഷേ യാതൊരുവിധ അറബ് വൈദേശിക അധിനിവേശത്തിനും വിധേയമാകാത്ത ഏക തലസ്ഥാനമായിരിക്കും യമന്‍. ഓട്ടോമന്‍ ശക്തികളെയും പോര്‍ച്ചുഗീസുകാരെയും ബ്രിട്ടീഷുകാരെയും അത് അകറ്റി നിര്‍ത്തിയിട്ടുണ്ട്. യമനിന്റെ നജ്‌റാനും ജീസാനും പിടിച്ചെടുത്ത ശേഷം സൗദി സൈന്യം യമന്‍ തലസ്ഥാനത്തേക്ക് നീങ്ങിയ സന്ദര്‍ഭത്തില്‍ സൗദി ഭരണകൂടത്തിന്റെ സ്ഥാപകന്‍ അബ്ദുല്‍ അസീസ് ആലുസഊദ് മകന്‍ ഫൈസല്‍ രാജാവിനോട് പെട്ടന്ന് അവിടെ നിന്നും മടങ്ങാന്‍ കല്‍പിക്കുകയാണ് ചെയ്തത്.

യമനികള്‍ കരുത്തരായ പോരാളികളാണ്. അതില്‍ ഹൂഥികളും അവരും എതിരാളികളും തമ്മില്‍ വ്യത്യാസമില്ല. ഈജിപ്ത്, സുഡാന്‍, ജോര്‍ദാന്‍, പാകിസ്താന്‍ തുടങ്ങിയ രാഷ്ട്രങ്ങളെ ചേര്‍ത്ത് സൗദി ഒരു അടിയന്തിര സഖ്യരൂപീകരണം നടത്തിയിട്ടുണ്ടെങ്കിലും അപകടകരമായ സഖ്യം മറുവശത്തുമുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. ഇറാഖ്, സിറിയ, ഇറാന്‍, റഷ്യ, ബ്രിക്‌സ് രാഷ്ട്രങ്ങളും ആ സഖ്യത്തിലുണ്ട്.

എന്നാല്‍ ഹൂഥികളും മുന്‍ പ്രസിഡന്റ് അബ്ദുല്ല സാലിഹും തമ്മിലുള്ള ആഭ്യന്തര സഖ്യം വൈദേശിക സഖ്യത്തേക്കാള്‍ ഭീഷണി ഉയര്‍ത്തിയേക്കും. ഈ രണ്ട് സഖ്യങ്ങള്‍ കൂടിയാകുമ്പോള്‍ സൈനിക ശേഷിയും മാനവശേഷിയും അവര്‍ക്ക് ലഭിക്കും. കൗശലശാലിയായ അലി സ്വാലിഹ് തന്നെയാണ് അതിന് ചുക്കാന്‍ പിടിക്കുന്നത്. യമനിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഭരണം നടത്തിയ വ്യക്തിയാണയാള്‍. തനിക്കൊത്ത ഒരു സൈന്യവും അവിടെ അദ്ദേഹത്തിനുണ്ടായിരുന്നു. ആ സൈന്യത്തിലെ ഭൂരിഭാഗവും ഇപ്പോഴും സാലിഹിനോട് കൂറുപുലര്‍ത്തുന്നവരുമാണ്. അതേസമയം യമന്‍ ഭരണകൂട സഖ്യത്തിന് നേതൃത്വം നല്‍കുന്ന പ്രസിഡന്റ് പരിചയത്തിന്റെയും സ്വാധീനത്തിന്റെയും കാര്യത്തില്‍ ദുര്‍ബലനുമാണ്.

യുദ്ധം ചെയ്യുന്ന സൈന്യങ്ങളുടെ നിശ്ചയദാര്‍ഢ്യവും കരുത്തും നിശ്ചയിക്കുന്നതില്‍ അവരുടെ ആദര്‍ശത്തിന് പ്രത്യേക സ്ഥാനമുണ്ട്. സ്വന്തം നാടിനെ സംരക്ഷിക്കാനും അതിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കാനും പ്രതിരോധിക്കുന്ന സൈനികരുടെ പോരാട്ടവീര്യം ഉയരങ്ങളില്‍ നിന്ന് ആക്രമിക്കുന്ന പോരാളിയുടെ പോരാട്ടവീര്യത്തേക്കാള്‍ ഏറെ ഉയര്‍ന്നതായിരിക്കും.

യമനിലെ ഔദ്യോഗിക പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയെയും അദ്ദേഹത്തിന്റെ ഭരണകൂടത്തെയും സഹായിക്കുക എന്നതാണ് സൗദിയുടെ പ്രഖ്യാപിത ലക്ഷ്യം. എന്നാല്‍ അദ്ദേഹം തന്നെയാണ് ഔദ്യോഗിക പ്രസിഡന്റ് എന്നതിന് എന്ത് മാനദണ്ഡമാണുള്ളത്? സൈനിക അട്ടിമറിയാണോ അതിന് മാനദണ്ഡമാക്കേണ്ടത്, അതല്ല സ്വതന്ത്രമായ ജനാധിപത്യ രീതിയിലുള്ള തെരെഞ്ഞെടുപ്പോ? നിലവിലെ അവസ്ഥയാണ് മാനദണ്ഡമെങ്കില്‍ ലിബിയയിലും യുദ്ധത്തിന് മുമ്പ് ഇറാഖിലും ഇതുതന്നെയായിരുന്നു അവസ്ഥ. അവിടത്തെ പ്രസിഡന്റുമാര്‍ക്കെല്ലാം നിയമ സാധുതയുണ്ടായിരുന്നു. പാരമ്പര്യത്തിലൂടെ അധികാരത്തിലെത്തിയവരായിരുന്നു അവിടത്തെ പ്രസിഡന്റുമാര്‍. എന്നാല്‍ ജനാധിപത്യ രീതിയില്‍ തെരെഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയതാണ് മാനദണ്ഡമെങ്കില്‍ യമന്‍ പ്രസിഡന്റ് ഹാദി അധികാരത്തിലെത്തിയത് അങ്ങനെ തന്നെയാണ്. എന്നാല്‍ ഈജിപ്തില്‍ മുഹമ്മദ് മുര്‍സി അധികാരത്തിലെത്തിയതിനേക്കാള്‍ മികച്ച ഒരു ജനാധിപത്യ രീതിയിലൊന്നുമല്ല ഹാദി പ്രസിഡന്റായത്. എന്നിട്ടും എന്തുകൊണ്ട് മുര്‍സിയെ അധികാരത്തിലേക്ക് മടക്കി കൊണ്ടുവരാന്‍ ഒരു സഖ്യമുണ്ടാക്കിയില്ല?

നിയമസാധുതയിലേക്കും അതിന്റെ മാനദണ്ഡങ്ങളിലേക്കും കൂടുതലായി കടക്കാന്‍ താല്‍പര്യപ്പെടുന്നില്ല. നിലവിലെ അവസ്ഥക്കപ്പുറം നാമൊന്ന് കണ്ണോടിക്കേണ്ടതുണ്ട്. രണ്ടോ അഞ്ചോ വര്‍ഷത്തിന് ശേഷം എന്തായിരിക്കും യമന്റെ അവസ്ഥ എന്ന് നാം ചോദിക്കേണ്ടതുണ്ട്. അവിടത്തെ ശാക്തിക സന്തുലനം എവ്വിധമായിരിക്കും? അതോടൊപ്പം തന്നെ സൗദിയുടെയും അവരുടെ സഖ്യത്തിന്റെയും അറേബ്യന്‍ ഉപഭൂഖണ്ഡത്തിന്റെയും അവസ്ഥ എന്തായിരിക്കും?

ഒന്നാമതായി നാം മനസ്സിലാക്കേണ്ട കാര്യം സൗദി യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത് ഹൂഥികള്‍ക്കെതിരെയല്ല, ഇറാനെതിരെയാണ്. പ്രാദേശികമായ തങ്ങളുടെ മേല്‍ക്കോയ്മ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ പരോക്ഷ യുദ്ധം നേരിട്ടുള്ള യുദ്ധത്തിലേക്ക് മാറിയിരിക്കുകയാണ്. അമേരിക്ക ഇറാനോട് അടുത്തതും തങ്ങള്‍ താഴെയിറക്കാന്‍ തീരുമാനിച്ച സിറിയന്‍ ഭരണകൂടം ഇപ്പോഴും നിലനില്‍ക്കുന്നതും ലിബിയയിലെ കലുഷിതമായ അന്തരീക്ഷവും പ്രധാന അറബ് രാഷ്ട്രങ്ങളായ ഇറാഖ്, സിറിയ, യമന്‍, ലബനാന്‍ എന്നിവക്ക് മേലും ഫലസ്തീനിന്റെ ഒരു ഭാഗത്തും ഇറാന്‍ നേടിയിരിക്കുന്ന പ്രത്യക്ഷമോ പരോക്ഷമോ ആയ സ്വാധീനവും സൗദി മേല്‍ക്കോയ്മക്കാണ് പ്രഹരമേല്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ ഈ സൈനിക നീക്കത്തിന് ഇറാന്റെ സ്വാധീനം ഇല്ലാതാക്കാനും മേല്‍ക്കോയ്മ വീണ്ടെടുക്കാനും സാധിക്കുമോ?

യമനില്‍ നേരിടേണ്ടി വരുന്ന അപകടങ്ങളെ കുറിച്ചുള്ള ബോധത്തോട് കൂടി തന്നെയാണ് സൗദി നേതൃത്വം ഇറങ്ങി പുറപ്പെട്ടിരിക്കുന്നതെന്നതില്‍ ഒരു സംശയവുമില്ല. ഹൂഥികള്‍ക്കും അവരുടെ സഖ്യത്തിനും അത്യാധുനിക പോര്‍വിമാങ്ങളൊന്നും ഇല്ലെന്ന് ശരിയാണ്. നശിച്ചു തുടങ്ങിയ ഏതാനും പഴഞ്ചന്‍ സോവിയറ്റ് യുദ്ധവിമാനങ്ങളാണ് അവര്‍ക്കുള്ളത്. അവ തന്നെ സൗദിയുടെ ആക്രമണത്തില്‍ തകര്‍ന്നു കഴിഞ്ഞു. എന്നാല്‍ മികച്ച പോരാട്ട ശേഷിയുള്ള മാനവശേഷിയുടെ കാര്യത്തില്‍ ഇപ്പോഴും ഭാവിയിലും അവരെ മറികടക്കാനാവില്ല. ലബനാനിലെ ഹിസ്ബുല്ലയും ഗസ്സയില്‍ ഹമാസും അല്‍-ജിഹാദുല്‍ ഇസ്‌ലാമിയും സ്വീകരിച്ച അതേ തന്ത്രം തന്നെയായിരിക്കും ഒരുപക്ഷേ അവരും സ്വീകരിക്കുക. അതായത് സൗദി അതിര്‍ത്തിയോട് ചേര്‍ന്നുള്ള സഅ്ദ പ്രവിശ്യ കേന്ദ്രമാക്കി കൊണ്ടുള്ള മിസൈലാക്രമണം അവര്‍ നടത്തിയേക്കും.

ഇറാന്‍ ദേശീയ സുരക്ഷാ സമിതി അധ്യക്ഷന്‍ അലാഉദ്ദീന്‍ ബറൂദര്‍ജി ഇന്ന് നടത്തിയിരിക്കുന്നത് ശ്രദ്ധേയമായൊരു പ്രസ്താവനയാണ്. ‘ഈ തീ സൗദിയിലേക്ക് തന്നെ മടങ്ങും. കാരണം യുദ്ധം ഒരു സ്ഥലത്ത് മാത്രം പരിമിതപ്പെടില്ല.’ എന്നാണ് അദ്ദേഹം പറഞ്ഞത്. സൗദിയുടെ ഉള്ളിലേക്ക് ഈ യുദ്ധത്തെ ഇറാന്‍ കൊണ്ടുവരുമെന്ന സന്ദേശമാണിത് നല്‍കുന്നത്. ശക്തമായ ശിയാ സാന്നിദ്ധ്യമുള്ള സൗദിയുടെ കിഴക്കന്‍ പ്രദേശങ്ങളിലെ തങ്ങളുടെ അനുയായികളെ ഇളക്കി വിട്ടോ അല്ലെങ്കില്‍ ബഹ്‌റൈനിലോ മറ്റ് ഗള്‍ഫ് നാടുകളിലോ പ്രശ്‌നമുണ്ടാക്കിയോ ആയിരിക്കാം അത്. വലിയൊരളവോളം യുദ്ധം വിഭാഗീയമായി മാറിയിരിക്കുന്നു എന്ന് വ്യക്തമാണ്.

നാറ്റോ സഖ്യത്തിന്റെ ആഴ്ച്ചകള്‍ നീണ്ട ലിബിയയിലെ യുദ്ധം ഖദ്ദാഫി ഭരണകൂടത്തെ താഴെയിറക്കി. അതിന്റെ ഫലമായി അല്‍-ഖാഇദ, അന്‍സാറുശ്ശരീഅ, അവസാനമായി ഐസിസ് പോലുള്ള സായുധ ഗ്രൂപ്പുകളാണ് അവിടെ വാഴുന്നത്. സിറിയയിലും ഇറാഖിലും അത് തന്നെയാണ് ആവര്‍ത്തിക്കുന്നത്. ഇനി യമനില്‍ മാത്രം മറിച്ചൊരു ഫലം പ്രതീക്ഷിക്കാന്‍ എന്ത് ന്യായമാണുള്ളത്? നിലവിലെ പുതിയ അവസ്ഥയോട് എങ്ങനെയായിരിക്കും അവര്‍ പ്രതികരിക്കുക?

അപകടകരമായ ഒരു സാഹസത്തിനാണ് സൗദി മുതിര്‍ന്നിരിക്കുന്നത്. ദീര്‍ഘകാല യുദ്ധമെന്ന ഒരു കെണിയിലാണത് അകപ്പെട്ടിരിക്കുന്നത്. ‘ആസിഫത്തുല്‍ ഹസ്മ്’ (Operation Decisive Storm) എന്ന് പേര്‍വിളിച്ചിരിക്കുന്ന യുദ്ധമല്ലാതെ അവര്‍ക്ക് മുന്നില്‍ വേറെ വഴികളൊന്നുമില്ലെന്ന് വാദിക്കുന്നവരുണ്ടാകും. കുവൈത്തില്‍ നിന്ന് ഇറാഖി സൈന്യത്തെ തുരത്തുന്നതിന് ജനറല്‍ ഷുവാര്‍സ്‌കോഫിന്റെ നേതൃത്വത്തില്‍ നടത്തിയ ‘ആസിഫത്തു സഹ്‌റാഅ്’ന്റെ (Desert Storm) മറ്റൊരു പതിപ്പാണിത്.

ഈ രണ്ട് കൊടുങ്കാറ്റുകളും (storm) തമ്മില്‍ വ്യത്യാസമുണ്ട്. യുദ്ധം ചെയ്യുന്ന വിദേശ സൈനികരെ പുറത്താക്കുന്നതിന് അമേരിക്കയുടെ നേതൃത്വത്തില്‍ അവരുടെ നാവിക സേനയുടെയും വ്യോമസേനയുടെയും അമ്പതിനായിരം സൈനികരുടെയും പങ്കാളിത്വത്തോടെയും മുപ്പത് രാഷ്ട്രങ്ങളുടെ പിന്തുണയോടെയും നടത്തിയ ഒന്നായിരുന്നു ‘സഹ്‌റാഅ്’. എന്നാല്‍ യമനില്‍ തങ്ങളുടെ മണ്ണ് അല്ലെങ്കില്‍ അതിന്റെ ഒരു ഭാഗം സംരക്ഷിക്കാന്‍ പോരടിക്കുന്നവരോടാണ് യുദ്ധം ചെയ്യുന്നതെന്നതാണ് പ്രധാന വ്യത്യാസം. അതിന് പുറമെ പതിനഞ്ച് വര്‍ഷത്തിലേറെ കാലം അമേരിക്കയും സഖ്യവും ആ കെണിയില്‍ കിടക്കേണ്ടി വന്നു. പിന്നീട് ഇറാഖ് യുദ്ധത്തിലൂടെ ‘ആസ്വിഫത്തു സഹ്‌റാഅ്’ എന്ന തെറ്റു തിരുത്താന്‍ അവര്‍ നിര്‍ബന്ധിതരാവുകയും പത്ത് വര്‍ഷത്തിന് ശേഷം അവിടെ നിന്ന് പരാജയപ്പെട്ട് മടങ്ങേണ്ടിയും വന്നു.

യമന്‍ ഒരു കടന്നല്‍ കൂടാണ് അതങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും. അതില്‍ നിന്ന് രക്ഷപെടാനുള്ള ഏറ്റവും നല്ല വഴി അതിനോട് അടുക്കാതിരിക്കലാണ്. പത്തുവര്‍ഷം പിന്നിട്ട ഇറാഖ് പ്രതിസന്ധിയോടും നാല് വര്‍ഷമായ സിറിയന്‍ പ്രതിസന്ധിയോടും സ്വീകരിച്ച സമീപനം അതായിരുന്നല്ലോ. ഇനി യമന്‍ പ്രതിസന്ധി എത്രകാലത്തോളം നിലനില്‍ക്കുമെന്ന് അല്ലാഹുവിന് മാത്രമേ അറിയൂ.

മൊഴിമാറ്റം: നസീഫ്‌

Facebook Comments

ഡോ. അബ്ദുല്‍ബാരി അത്വ്‌വാന്‍

1950-ല്‍ ഗസ്സയില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ജോര്‍ദാനിലേക്കും അവിടെ നിന്ന് കൈറോവിലേക്കും പോയി. കൈറോ യൂനിവേഴ്‌സിറ്റിയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. അവിടത്തെ അമേരിക്കന്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നും വിവര്‍ത്തനത്തില്‍ ഡിപ്ലോമ കരസ്ഥമാക്കി. ശേഷം ലിബിയയിലെ ബലാഗ് പത്രത്തിലും, സൗദിയിലെ മദീന പത്രത്തിലും പ്രവര്‍ത്തിച്ചു. 1978 മുതല്‍ ലണ്ടനില്‍ സ്ഥിരതാമസമാക്കി. ശര്‍ഖുല്‍ ഔസത്തില്‍ ജോലിചെയ്തു. 1989 മുതല്‍ ഖുദ്‌സുല്‍ അറബിയുടെ എഡിറ്ററും സ്ഥിരം എഴുത്തുകാരനുമായിരുന്നു. അമേരിക്കന്‍ വിരുദ്ധ നിലപാട് കാരണത്താല്‍ പ്രസിദ്ധമാണ് പ്രസ്തുത പത്രം. ബാഹ്യ സമ്മര്‍ദങ്ങളെ തുടര്‍ന്ന് 2013 ജൂലൈ 9-ന് എഡിറ്റോറിയല്‍ ലേഖനത്തിലൂടെ വായനക്കാരോട് അല്‍-ഖുദ്‌സ് പത്രത്തില്‍ നിന്നുള്ള തന്റെ രാജി തീരുമാനം അറിയിച്ചു. തുടര്‍ന്ന് 'റഅ്‌യുല്‍യൗം' പത്രത്തിന്റെ ചീഫ് എഡിറ്റര്‍ സ്ഥാനം ഏറ്റെടുത്തു.1996-ല്‍ ഉസാമ ബിന്‍ ലാദിനുമായി അദ്ദേഹത്തിന്റെ ഒളിത്താവളത്തില്‍ വെച്ച് അഭിമുഖം നടത്തുകയുണ്ടായി അദ്ദേഹം. അഫ്ഗാനിയുടെ വേഷത്തില്‍ പര്‍വത നിരകള്‍ താണ്ടിയാണ് അദ്ദേഹം അഭിമുഖം നേടിയെടുത്തത്. ഇദ്ദേഹത്തന്റെ ലേഖനങ്ങളും, അഭിമുഖങ്ങളും ലോകരാഷ്ട്രീയ വൃത്തങ്ങളില്‍ വളരെയധികം വിവാദങ്ങളും ചര്‍ച്ചകളും സൃഷ്ടിച്ചിട്ടുണ്ട്. അറബ് വിദേശ ചാനലുകളില്‍ സ്ഥിരസാന്നിധ്യമാണ് അദ്ദേഹം. അവസാനമായി ബിന്‍ ലാദിനെ കണ്ട പത്രപ്രവര്‍ത്തകനാണദ്ദേഹം. പ്രസ്തുത അഭിമുഖം 'താരീഖുസ്സിര്‍റി' എന്ന പേരില്‍ ഗ്രന്ഥ രൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker