Current Date

Search
Close this search box.
Search
Close this search box.

അസമത്വത്തെ കുറിച്ച് കൊറോണ പഠിപ്പിക്കുന്നത്

രണ്ട് ലക്ഷത്തിഅന്‍പതിനായിരം പേര്‍ കൊല്ലപ്പെടുകയും പത്ത് ലക്ഷത്തിലധികം പേര്‍ ഭവനരഹിതരാവുകയും ചെയ്ത രണ്ടായിരത്തിപത്തില്‍ ഹൈത്തിയിലുണ്ടായ ഭൂകമ്പത്തിന് ശേഷം പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നതിനായി ഞാന്‍ പോര്‍ട്ട് പ്രിന്‍സിലേക്ക് പോയിരുന്നു. പബ്ലിക് ഹെല്‍ത്തില്‍ അടുത്തിടെ നേടിയ ഡിഗ്രിയും, ഹൈത്തിയന്‍ വംശജനായ എന്റെ കഴിവും ഭാഷാ പരിജ്ഞാനവും ഭൂകമ്പത്തെ അതിജീവിച്ചവര്‍ക്കെങ്കിലും ഉപകരിക്കുമെന്നായിരുന്നു എന്റെ കണക്കുകൂട്ടല്‍.

ഞാനവിടെ എത്തിയ സമയം തന്നെ സാഹചര്യം അതീവ സങ്കീര്‍ണമായിരുന്നു. ഭീകരമായ ദാരിദ്ര്യത്തിനും രാഷ്ട്രീയ അസ്ഥിരതകള്‍ക്കും ധൂളികളായി മാറിയ സംവിധാനങ്ങള്‍ക്കിമിടയില്‍ ജീവിതം തിരിച്ചുപിടിക്കാനുള്ള തീവ്രയത്‌നത്തിലായിരുന്നു ഹൈത്തിയിലെ ജനങ്ങള്‍. എന്നാല്‍ കുറച്ചു മാസങ്ങള്‍ക്കകം സ്ഥിതിഗതികള്‍ അതീവ ഗുരുതരമായി. ഒരു നിശബ്ദനായ കൊലയാളി കൂടെ രംഗപ്രവേശം ചെയ്തു; കോളറ.

ഐക്യരാഷ്ട്ര സഭയുടെ സമാധാന പ്രവര്‍ത്തകരുടെ താമസസ്ഥലത്തിനടുത്തായി പൊട്ടിപ്പുറപ്പെട്ട കോളറ പതിനായിരത്തിലധികം ജീവനുകള്‍ കവരുകയും എട്ട് ലക്ഷത്തിലധികം പേരെ ബാധിക്കുകയും ചെയ്തു. ഹൈത്തി ദ്വീപിന്റെ പ്രധാന ജലസ്രോതസ്സായ ആര്‍ട്ടിബോണൈറ്റ് നദി വിഷലിപ്തമാക്കുക കൂടെ ചെയ്ത കോളറ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ദുസ്സഹമാക്കിത്തീര്‍ത്തു.

ഇരുപത്തിയൊന്നാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ മഹാമാരിയുടെ ആ പൊട്ടിപ്പുറപ്പെടല്‍ സമാനതകളില്ലാത്ത നാശനഷ്ടങ്ങള്‍ക്കും ജീവഹാനിക്കുമാണ് ഇടയാക്കിയത്. പക്ഷെ, അപ്പോഴും ഉത്തരാര്‍ദ്ധ ഗോളത്തിലെ(Global North) പലരും കുലുങ്ങിയിരുന്നില്ല. കാരണം, പകര്‍ച്ച വ്യാധികളെ കുറിച്ച് അവര്‍ ധരിച്ചുവെച്ചിരുന്നതിന്റെ അനുപൂരണമായിരുന്നല്ലോ ഹൈത്തിയില്‍ സംഭവിച്ചത്; പൗരാണിക കാലത്തെ മാരക രോഗങ്ങള്‍ ദരിദ്രമായ രാജ്യങ്ങളില്‍, അതിവിദുരമായ ദേശങ്ങളില്‍, ദയനീയമായ സാഹചര്യങ്ങളില്‍ വസിക്കുന്ന ജനങ്ങളെ മാത്രമാണ് പിടികൂടാറ്. കരീബിയന്‍ ദ്വീപില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ കേട്ട് അവര്‍ ദുഃഖിക്കുകയും ചിലരൊക്കെ ഭക്ഷണങ്ങളും അവശ്യ വസ്തുക്കളും സംഭാവന ചെയ്യുകയും ചെയ്തു. പക്ഷെ, അവരില്‍ ബഹുഭൂരിഭാഗവും സമാനമായൊരു പകര്‍ച്ചവ്യാധിയെ അഭിമുഖീകരിക്കുന്നതിന് തങ്ങളുടെ സ്വന്തം രാജ്യങ്ങളും ആഗോള സമൂഹവും എത്രമാത്രം സജ്ജമാണെന്ന് പുനരാലോചിക്കേണ്ട ഒരു വിളിയാളമായി ഇതിനെ മനസ്സിലാക്കിയതേയില്ല.

Also read: ഇതര മതങ്ങളോടുള്ള ഇസ്‌ലാമിന്റെ സമീപനം ?

ഇന്ന് പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം ലോകമൊന്നടങ്കം അതീവ വിനാശകാരിയായൊരു പകര്‍ച്ചവ്യാധിയെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. ദക്ഷിണാര്‍ദ്ധ ഗോളത്തില്‍(Global South) മാത്രമല്ല അത് നാശം വിതച്ചുകൊണ്ടിരിക്കുന്നത്, മറിച്ച് പകര്‍ച്ച വ്യാധികള്‍ എന്നാല്‍ തങ്ങളുടെ പൂര്‍വ ചരിത്രത്തിന്റെ മാത്രം ഭാഗമാണെന്ന് ധരിച്ചിരുന്ന യൂറോപ്പിലെയും നോര്‍ത്ത് അമേരിക്കയിലെയും ആസ്‌ട്രേലിയയിലെയും രാജ്യങ്ങളില്‍ കൂടിയാണ്. തൊണ്ണൂറുകളില്‍ ഈ രാജ്യങ്ങളൊക്കെ എച്ച്.ഐ.വി/ഐഡ്‌സ് വ്യാധിയെ അഭിമുഖീകരിച്ചിട്ടുണ്ടെന്നത് ശരി തന്നെ, എന്നാല്‍ അവരില്‍ ഭൂരിഭാഗവും അതിനെ മനസ്സിലാക്കിയത് തങ്ങളുടെ സമൂഹത്തിലെ അപരരെ, കൃത്യമായി പറഞ്ഞാല്‍, സ്വവര്‍ഗ ലൈംഗികതയുള്ളവരെയും ന്യൂനപക്ഷങ്ങളെയും വികസ്വര രാജ്യങ്ങളിലെ പൗരന്മാരെയും മാത്രം ബാധിക്കുന്ന പ്രശ്‌നമാണ് അതെന്നാണ്.

കൊറോണ വൈറസ് ഫാമിലിയെ ഉഗ്രശേഷിയുള്ളൊരു വൈറസ് ഈ ജനുവരിയാദ്യം ചൈനയില്‍ സ്ഥിരീകരിക്കപ്പെട്ടതില്‍ പിന്നെ, ഇറ്റലിയും യു.എസും യു.കെയും ജര്‍മനിയുമടക്കമുള്ള നൂറിലേറെ രാജ്യങ്ങളിലേക്ക് പടര്‍ന്നുകയറിയിട്ടുണ്ട്. മാര്‍ച്ച് പതിനൊന്നിന് ലോകാരോഗ്യ സംഘടന കൊറോണ വൈറസ് വ്യാപനത്തെ മഹാവ്യാധിയായി പ്രഖ്യാപിച്ചു. കൊറോണ ബാധിത രാജ്യങ്ങളുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. തങ്ങളുടെ ബാഹ്യ/ആന്തരിക ‘അപരരി’ല്‍ മാത്രമൊതുങ്ങാതെ, വിവേചനരഹിതമായി പൗരാവലിയെ ഒന്നടങ്കം വേട്ടയാടുന്നൊരു മാരകവ്യാധിയുടെ പിടിയിലാണ് ഇന്ന് ഉത്തരാര്‍ദ്ധ ഗോളമെന്ന് പറയാം. ഈ വ്യാധിയില്‍ മരണമടഞ്ഞവരുടെ എണ്ണം പതിനായിരം പിന്നിടുകയും ലോകസമ്പദ് വ്യവസ്ഥ ഒന്നടങ്കം സ്തബ്ദമാവുകയും ചെയ്തു. വിദൂര ദൃശ്യങ്ങള്‍ കണക്കെ പകര്‍ച്ച വ്യാധികളെ കണ്ടിരുന്ന പല രാജ്യങ്ങളും തങ്ങളുടെ പൗരന്മാരില്‍ വൈറസ് കൂടുതല്‍ നാശം വിതക്കും മുമ്പ് എങ്ങനെയെങ്കിലും നിയന്ത്രിക്കുന്നതിന് വേണ്ടിയുള്ള അക്ഷീണ യത്‌നത്തിലാണിപ്പോള്‍.

വൈറസ് ബാധയെ തുടര്‍ന്ന് രണ്ടായിരത്തിലേറെ പേര്‍ മരിച്ച ഇറ്റലിയില്‍ രാജ്യവ്യാപകമായി ക്വാറന്റൈന്‍ പ്രഖ്യാപിക്കപ്പെടുകയും രാജ്യമൊന്നടങ്കം നിശ്ചലമാവുകയും ചെയ്തു. യു.എസ് യൂറോപ്യന്‍ രാജ്യങ്ങളുടെ പൗരന്മാര്‍ക്ക് മേല്‍ ഒരു മാസത്തെ യാത്രാനിരോധനം ഏര്‍പ്പെടുത്തി. ഓസ്ട്രിയ, ഡെന്മാര്‍ക്ക്, ഫ്രാന്‍സ്, ലക്‌സംബര്‍ഗ്, സ്വിറ്റസര്‍ലാന്‍ഡ് എന്നീ രാജ്യങ്ങളുമായുള്ള തങ്ങളുടെ അതിര്‍ത്തി ജര്‍മനി അടച്ചിടുകയുണ്ടായി. നൂറിലേറെ പേര്‍ സംബന്ധിക്കുന്ന മുഴുവന്‍ പൊതുപരിപാടികളും ജര്‍മന്‍ സര്‍ക്കാര്‍ നിരോധിച്ചു. സ്‌പെയിന്‍ എല്ലാ താമസക്കാരോടും വീടുകളുടെ അകത്ത് തന്നെ കഴിയാന്‍ ആവിശ്യപ്പെടുകയും സ്‌കൂളുകളും റെസ്റ്റോറന്റുകളും ബാറുകളും അടക്കുകയും ചെയ്തു. വ്യോമപാതകളും ഏറെക്കുറെ വിജനമായി മാറിയിട്ടുണ്ട്. യൂറോപ്പിലെ ഏറ്റവും തിരക്ക് പിടിച്ച വിമാനത്താവളമായിരുന്ന ലണ്ടനിലെ ഹീത്രൂ എയര്‍പോര്‍ട്ടില്‍ 2019 ലെ ഇതേ സമയവുമായി തുലനം ചെയ്തുനോക്കുമ്പോള്‍ യാത്രക്കാരുടെ സംഖ്യ 4.8% മാത്രമായി ചുരുങ്ങിയത്രേ. അതേസമയം ജനങ്ങള്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലേക്ക് ഇരച്ചുകയറുകയും ടിന്നിലടച്ച ഭക്ഷണ പദാര്‍ത്ഥങ്ങളും പാസ്ത, ടോയ്‌ലറ്റ് പേപ്പര്‍ തുടങ്ങിയവ വന്‍തോതില്‍ വാങ്ങുകയും ചെയ്തു. പലരും മുഖാവരണങ്ങളും സാനിറ്റൈസറുകളും അണുനാശിനികളും വലിയ അളവില്‍ സംഭരിക്കുക വഴി പലയിടങ്ങളിലും ദൗര്‍ലഭ്യത അനുഭവപ്പെട്ടു.

ഈ പകര്‍ച്ച വ്യാധിയോടും ഗ്ലോബല്‍ നോര്‍ത്ത് കൈക്കൊണ്ട സമീപനം പല നിലക്കും ചരിത്രത്തിലെ പ്ലേഗ് വ്യാപന സമയത്ത് യൂറോപ്പ് കൈക്കൊണ്ടിരുന്ന അപരവിദ്വേഷപൂര്‍ണമായ(xenophobic) സമീപനങ്ങളോട് സാദൃശ്യമുള്ളവയാണ്. രോഗത്തെ പുറത്ത് നിര്‍ത്തുന്നതിനായി തങ്ങളുടെ രാജ്യാതിര്‍ത്തികള്‍ വിദേശികള്‍ക്ക് മുന്നില്‍ കൊട്ടിയടക്കാന്‍ ധൃതി കൂട്ടുന്നതിന് പുറമെ, യുക്തിരഹിതമായ ഭീതിയോടെയും അപരവിദ്വേഷത്തോടെയും വംശീയ മുന്‍ധാരണകളോടെയും പ്രതികരിക്കുകയാണ് ഈ രാജ്യങ്ങള്‍. യു.എസ് മുതല്‍ യു.കെ വരെയുള്ള രാജ്യങ്ങളിലെ ഏഷ്യന്‍ വംശജര്‍, പൊതുസമൂഹം ഈ വിപത്തിന്റെ കാരണക്കാരായി അവരെ മുദ്രകുത്തുക വഴി, വംശീയ അതിക്രമങ്ങള്‍ക്ക് ഇരയായിത്തീര്‍ന്നു.

Also read: കൊറോണ കാലത്തെ നമസ്കാരം

പൊതുവെ, ഗ്ലോബല്‍ നോര്‍ത്തിലെ രാജ്യങ്ങള്‍ ഈ പ്രതിസന്ധിയുടെ ഒരു ആഗോള സ്വഭാവം തിരിച്ചറിയുന്നതില്‍ പരാജയപ്പെടുകയുണ്ടായി. അവര്‍ തങ്ങളെ സ്വയം സംരക്ഷിക്കാന്‍ എടുത്തുചാടിയ വേളയില്‍, മാറാവ്യാധികള്‍ അപരിഷ്‌കൃതരും അപരിചിതരുമായ ‘അപരര്‍’ വരുത്തിവെക്കുന്നതാണെന്ന അവരുടെ മനോവ്യാപാരങ്ങളുടെ ചരിത്രസ്ഥലികള്‍ ഒരിക്കല്‍ കൂടെ അകപ്പെട്ടുപോയി.

യഥാര്‍ത്ഥത്തില്‍, നിലവിലുള്ള കോവിഡ്-19 ഉം ഭാവിയിലുണ്ടായേക്കാവുന്ന സമാനമായ രോഗങ്ങളും നിയന്ത്രിക്കണമെങ്കില്‍ ഒരു ആഗോള പൊതുജനാരോഗ്യ പദ്ധതി അനിവാര്യമാണെന്ന് തിരിച്ചറിയുന്നതില്‍ അവര്‍ പരാജയപ്പെട്ട് പോയി. പകരം, അവര്‍  സ്വന്തത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. ഉദാഹരണത്തിന്, കൊറോണ വൈറസിനെതിരെയുള്ള വാക്‌സിന്‍ വികസിപ്പിക്കുന്നതിനായി പ്രവര്‍ത്തിച്ചുവരുന്ന ജര്‍മന്‍ ശാസ്ത്രജ്ഞര്‍ക്ക് അവരുടെ കണ്ടെത്തലിന് മേല്‍ സമ്പൂര്‍ണ അധികാരം നല്‍കുന്നതിന് വേണ്ടി വലിയൊരു ഓഫര്‍ വാഷിംഗ്ടണ്‍ മുന്നോട്ട് വെക്കുകയുണ്ടായത്രേ.
വിജനതയില്‍ രൂപം പ്രാപിക്കുന്ന ഒന്നല്ല പകര്‍ച്ച വ്യാധികള്‍. മുതലാളിത്തത്തിന്റെയും കോളനിവത്കരണത്തിന്റെയും അവിഭാജ്യ ഘടകങ്ങളാണവ. സമീപചരിത്രത്തില്‍ പകര്‍ച്ചവ്യാധികളെ പിടിച്ചുകെട്ടാനാവാതെ കുഴങ്ങിയ ഹൈതി മുതല്‍ സിയറ ലിയോണ്‍ വരെയുള്ള രാജ്യങ്ങള്‍ക്കൊക്കെ, ഭാഗികമായെങ്കിലും കോളനീകരണത്തിന്റെ പ്രത്യാഘാതമായുള്ള അപര്യാപ്തമായ പൊതുജനാരോഗ്യ സംവിധാനങ്ങളാണുള്ളതെന്ന് കാണാം. എന്തിനേറെ, കാപ്പിറ്റലിസത്തിന്റെ ഉത്പന്നങ്ങളായ യുദ്ധം മുതല്‍ പലായനം വരെ, അമിതോത്പാദനം മുതല്‍ അമിതമായ യാത്രകള്‍ വരെ, ഈ രോഗങ്ങളുടെ വ്യാപനത്തിന് വന്‍തോതില്‍ സഹായകരമായി മാറുന്നുണ്ട്.

മുതലാളിത്തവും കോളനീകരണത്തിന്റെ ബാക്കിപത്രങ്ങളും ചേര്‍ന്ന് യുദ്ധങ്ങള്‍ക്കും അഭൂതപൂര്‍വമായ പലായനങ്ങള്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വന്‍തോതിലുള്ള അന്താരാഷ്ട്ര, രാജ്യന്തര യാത്രകള്‍ക്കും ഇന്ധനം പകരുന്ന ഈ ലോകത്ത് ഈ മാറാവ്യാധികള്‍ അനിവാര്യമായ എന്തോ ആണ്. കോവിഡ്-19 ന്റെ വ്യാപനം അനാവൃതമാക്കിയ പോലെ, ലോകത്തെ ഒരു രാജ്യത്തിനും ഈ വൈറസ് ബാധയില്‍ നിന്നും രക്ഷപ്പെടാനുള്ള പ്രതിരോധ ശേഷിയുമില്ല.

എങ്കിലും, ലോകസമൂഹത്തിന് ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സമഗ്രമായൊരു ആരോഗ്യ പദ്ധതി സ്വീകരിക്കുന്നതിലൂടെ സാധിക്കും. കോവിഡ്-19 നെയും വരാനിരിക്കുന്ന വിപത്തുകളെയും പരാജയപ്പെടുത്താന്‍ ലോകശക്തികള്‍ ഒന്നായി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ആഗോള ആരോഗ്യം ഉറപ്പുവരുത്തണമെങ്കില്‍ ലോകത്തെ മരുന്നുത്പാദന മേഖലയൊന്നാകെ അനിവാര്യമായ മരുന്നുകളും വാക്‌സിനുകളും എല്ലാവര്‍ക്കും എല്ലായിടത്തും പ്രാപ്യമായ രീതിയില്‍ ലഭ്യമാക്കുന്നതിനായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. കോവിഡിനെ പ്രതിരോധിക്കാന്‍ ഭാവിയില്‍ കണ്ടെത്തിയേക്കാവുന്ന വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യമായി ലഭ്യമാക്കുന്നത് നല്ലൊരു ആരംഭമായി മാറും. അത്തരത്തിലൊരു നീക്കമുണ്ടായാല്‍ ആരോഗ്യസംരക്ഷണം എല്ലാവരുടെയും ഉല്ലംഘിക്കാനാവാത്ത മനുഷ്യാവകാശമായി തീരുന്ന ഒരു യൂണിവേഴ്‌സല്‍ ആരോഗ്യ സംരക്ഷണ സംവിധാനത്തിന് വലിയൊരു ഉത്തേജനം ലഭിക്കും.

Also read: നിന്റെ കൂടെ പരിശുദ്ധാത്മാവുണ്ട്

പക്ഷെ, അത്തരമൊരു നേട്ടം കൈവരിക്കുന്നതിന്, ഗ്ലോബല്‍ നോര്‍ത്തിലെ രാജ്യങ്ങള്‍ തങ്ങള്‍ ലാഭം സ്വന്തമാക്കിക്കൊണ്ടിരിക്കുന്ന ഒരു ലോകക്രമത്തിന്റെ ബാക്കിപത്രമാണെന്ന് ഈ ആരോഗ്യ പ്രതിസന്ധി എന്ന് തിരിച്ചറിഞ്ഞ് ഉത്തരവാദിത്വമേറ്റെടുക്കുകയും ഹൈതിയിലെ കോളറ പോലുള്ള ഗ്ലോബല്‍ സൗത്തിലുണ്ടായ പകര്‍ച്ചവ്യാധികള്‍ ‘അപരന്റേതാണെന്ന’ ചിന്തയില്‍ നിന്ന് പുറത്തുകടക്കുകയും വേണം. ലോകത്തെ വരേണ്യ രാജ്യങ്ങള്‍ ഗ്ലോബല്‍ സൗത്ത് പകര്‍ച്ചവ്യാധികളുടെ കേന്ദ്രമല്ല, മറിച്ച് കാപ്പിറ്റലിസത്തിന്റെ കടന്നുകയറ്റത്തിലുണ്ടായ നിരന്തരമായ ഇരകളാണ് എന്ന് തിരിച്ചറിയുമ്പോള്‍, കോവിഡ്-19 അടക്കമുള്ള മാരകരോഗങ്ങളെ ചെറുത്തുതോല്‍പിക്കാനുള്ള ആഗോള ആരോഗ്യ സംരക്ഷണ സംവിധാനം നമുക്ക് നിര്‍മിച്ചുതുടങ്ങാം.

(‘എന്താണ് ജനങ്ങളെ രോഗിയാക്കുന്നത്’ എന്ന വിഷയത്തില്‍ ശ്രദ്ധേയമായ പഠനങ്ങള്‍ നടത്തിയ ഗവേഷകയും ചരിത്രകാരിയും അധ്യാപികയുമാണ് എദ്‌ന ബോണ്‍ഹോം. പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ അവര്‍ ഇപ്പോള്‍ ജര്‍മനിയിലെ മാക്‌സ്പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിസ്റ്ററി ആന്‍ഡ് സയന്‍സില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോയാണ്.)

വിവ. സീന തോപ്പില്‍

Related Articles