Current Date

Search
Close this search box.
Search
Close this search box.

പരിസ്ഥിതി പ്രശ്നങ്ങളും പരിഹാരങ്ങളും

അതിവിപുലമായ പ്രാപഞ്ചിക വ്യവസ്ഥയുടെ വളരെ ചെറിയൊരു അംശം മാത്രമാണ് നാം വസിക്കുന്ന ഭൂമി. വായു,വെള്ളം, ഭക്ഷണം എന്നിവയാണ് മറ്റു ഗ്രഹങ്ങളില്‍ നിന്നും ഭൂമിയെ അതുല്യമാക്കുന്ന ഘടകങ്ങള്‍. ഈ മൂന്ന് ഘടകങ്ങളാണ് മനുഷ്യവാസത്തിന് സൗകര്യമൊരുക്കുന്നത്. മറ്റു ഗ്രഹങ്ങളിലൊന്നും ജീവന്‍റെ നിലനില്‍പിന് അനിവാര്യമായ ഈ ഘടകങ്ങള്‍ കണ്ടത്തെീട്ടില്ല. ചേതനവും അചേതനവുമായ അനേകം വസ്തുക്കളാണ് ഭൂമിയിലുള്ളത്. മനുഷ്യര്‍,ജീവജാലങ്ങള്‍,സസ്യങ്ങള്‍ തുടങ്ങിയവ ചേതന വസ്തുക്കളും സൂര്യന്‍, പര്‍വ്വതം,മണല്‍,മഴ,കാറ്റ്,പാറ തുടങ്ങിയവ അചേതന വസ്തുക്കളുമാണ്. ഭൂമിയില്‍ മനുഷ്യരും ജീവജാലങ്ങളും സസ്യങ്ങളും ജീവിക്കുന്ന ആവാസ വ്യവസ്ഥക്കാണ് പരിസ്ഥിതി എന്ന് പറയുന്നത്. ഇംഗ്ളീഷില്‍ Environment എന്ന പദമാണ് അതിന് ഉപയോഗിക്കുന്നത്. Environia എന്ന ഫ്രഞ്ച് പദത്തില്‍നിന്ന് നിഷ്പദിച്ചതാണ് Environment എന്ന് പദം. Surround അഥവാ ചുറ്റുമുള്ള എന്നാണതിന് അര്‍ത്ഥം.

പരിസ്ഥിതി ഘടകങ്ങള്‍

പരിസ്ഥിതിക്ക് നാല് ഘടകങ്ങളാണുള്ളത്. ABHL എന്ന അക്രോണിയം കൊണ്ട് അത് എളുപ്പത്തില്‍ ഓര്‍ക്കാവുന്നതാണ്. Atmosphere, Biosphere, Hydrosphere,Lithosphere എന്നിവയാണവ. ഭൂമിയെ ചുറ്റുന്ന വാതക പാളികളുള്ള അന്തരീക്ഷത്തെ അറ്റമോസ്ഫയര്‍ എന്നും ഭൂമിയിലെ ജീവന്‍ നിലനില്‍ക്കുന്ന എല്ലാ പ്രദേശങ്ങളേയും ബയോസ്ഫിയര്‍ എന്നും ഭൂമിയിലെ ജലാശയങ്ങളെ ഹൈഡ്രോസ്ഫിയര്‍ എന്നും വിത്യസ്ത ധാതുക്കള്‍ ചേര്‍ന്ന ഭൂമിയുടെ പുറം പാളിയെ ലിതോസ്ഫിയര്‍ എന്നുമാണ് അറിയപ്പെടുന്നത്. ഇതെല്ലാം മനുഷ്യവാസത്തിന് അനിവാര്യമായ ഘടകങ്ങളാണ്.

എല്ലാ തലങ്ങളിലും ഉയര്‍ന്ന് വരുന്ന ഒരു ആവശ്യമാണ് പരിസ്ഥിതി സംരക്ഷണം. നിയതമായ നിയമങ്ങളും കലാബോധവും ചേര്‍ന്നതാണ് പരിസ്ഥിതി സംരക്ഷണം. പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന് പറഞ്ഞാല്‍ ഈ നാല് ഘടകങ്ങളേയും സംരക്ഷിക്കുകയാണ് ഉദ്ദ്യേശം. ഈ നാല് ഘടകങ്ങള്‍ ഉള്‍ചേര്‍ന്ന പരിസ്ഥിതി നിലനില്‍പിന്‍റെ കടുത്ത ഭീഷണികള്‍ നേരിട്ട്കൊണ്ടിരിക്കുകയാണ്. അത് ആത്യന്തികമായി മനുഷ്യന്‍റെ അസ്തിത്വത്തിന് ഭീഷണി ഉയര്‍ത്തുന്നേടുത്തോളം ഗുരുതരവുമായിരിക്കുന്നു.

Also read: ദുരന്തങ്ങളിൽ മരണപ്പെടുന്നവർ ശുഹദാക്കളാണ് !

പരിസ്ഥിതി പ്രശ്നങ്ങള്‍

പരിസ്ഥിതിയുടെ സുസ്ഥിതി നഷ്ടപ്പെട്ട്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കൂന്നത്. ഇത് ഭൂമിയിലെ ആവാസ വ്യവസ്ഥയില്‍ വസിക്കുന്ന മനുഷ്യര്‍,ജീവജാലങ്ങള്‍,സസ്യങ്ങള്‍ എന്നിവക്ക് കടുത്ത ഭീഷണി സൃഷ്ടിച്ചിരിക്കുകയാണ്. പല ജീവജാലങ്ങളും ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായികൊണ്ടിരിക്കുന്നു. അതിന് കാരണം, ഖുര്‍ആന്‍ പറഞ്ഞത് പോലെ “മനുഷ്യകരങ്ങളുടെ പ്രവര്‍ത്തനഫലമായി കരയിലും കടലിലും കുഴപ്പം പ്രകടമായിരിക്കുന്നു. അവര്‍ ചെയ്തുകൂട്ടിയതില്‍ ചിലതിന്‍റെയെങ്കിലും ഫലം ഇവിടെ വെച്ചുതന്നെ ആസ്വദിപ്പിക്കാനാണത്. അവര്‍ ഒരുവേള നന്മയിലേക്കു മടങ്ങിയെങ്കിലോ? 30:41

കഴിഞ്ഞ 60 വര്‍ഷകാലത്തിനുള്ളില്‍ ലോകം സാക്ഷ്യം വഹിച്ചത് നിരവധി പുതുപുത്തന്‍ രോഗങ്ങള്‍ക്കാണ്. അവയെല്ലാം ഉദ്ഭവിച്ചതാകട്ടെ ഏതെങ്കിലും മൃഗങ്ങളില്‍ നിന്നുമായിരുന്നു. മാച്ച്പോ, മാര്‍ബര്‍ഗ്, ലാസാഫീവര്‍, പക്ഷിപ്പനി, നിപ്പ, പന്നിപ്പനി, മെര്‍സ് എന്നിവ അവയില്‍ ചിലത് മാത്രം. മനുഷ്യന്‍ പുരാതന ആവാസ വ്യവസ്ഥകളില്‍ വരുത്തിയ വിനാശകരമായ മാറ്റങ്ങളും, സാങ്കേതിക വിദ്യകളും, ജനസംഖ്യ വര്‍ധനവുമാണ് ഇതിന് കാരണമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. മനുഷ്യ പ്രവൃത്തികളിലൂടെ പരിസ്ഥിതിക്കുണ്ടായ പ്രശ്നങ്ങള്‍ പലതാണ്. അവയില്‍ മുഖ്യമായതിനെ കുറിച്ച ലഘു വിവരണമാണ് ചുവടെ:

വായു മലിനീകരണം

ഭൂമിയുടെ ഉപരിതലത്തില്‍ വിശാലമായ ഒരു വായു ഗോളമുണ്ട്. ഫാക്ടറികളില്‍ നിന്നും വിസര്‍ജ്ജിക്കുന്ന മാലിന്യങ്ങളുടേയും രാസപദാര്‍ത്ഥങ്ങളുടേയും പ്രവാഹം,വാഹനങ്ങളുടെ പുക,ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം തുടങ്ങിയ ഘടകങ്ങള്‍ വായു ഗോള മലിനീകരണത്തിന് മുഖ്യകാരണമാണെന്നതില്‍ സംശയമില്ല. ന്യൂ ഡല്‍ഹി ഇന്ന് ഇന്ത്യയുടെ തലസ്ഥാനം മാത്രമല്ല വായു മലിനീകരണത്തിന്‍റെ ആഗോള കേന്ദ്രവും കൂടിയാണ് എന്നത് നമുക്ക് എത്രമാത്രം ലജ്ജയാണെന്ന് പറയാതിരിക്കാന്‍ നിര്‍വ്വഹമില്ല.

Also read: രചനാത്മക രാഷ്രീയ ശൈലി രൂപപ്പെടേണ്ടതുണ്ട്

വനനശീകരണം

നാം ജീവിക്കുന്ന ആവാസ വ്യവസ്ഥയുടെ താളംതെറ്റലിന്‍റെ മറ്റൊരു കാരണം വനനശീകരണമാണ്. പ്രപഞ്ചത്തിലെ മാസ്റ്റര്‍പീസാണ് വനങ്ങള്‍. പ്രതിവര്‍ഷം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഹെക്ടര്‍ കണക്കില്‍ വനങ്ങള്‍ നശിപ്പിക്കപ്പെടുകയും അഗ്നിക്കിരയാവുകയും ചെയ്യുന്ന ദാരുണാവസ്ഥയാണ് ഇന്നുള്ളത്. പകരം കോണ്‍ക്രീറ്റ് കാടുകള്‍ വ്യാപിക്കുന്നു. ഇന്ന് ഭൂമിയിലുള്ള മനുഷ്യര്‍ക്ക് താമസിക്കാന്‍ ആവശ്യമായ കെട്ടിടങ്ങളുടെ ഇരട്ടിയിലധികം ഇവിടെ ഉണ്ടെന്നാണ് അനുമാനം. 19 ാം നൂറ്റാണ്ടില്‍ ഭൂമിയുടെ എഴുപത് ശതമാനവും വനപ്രദേശമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ അവസാനത്തില്‍ അത് 40 ശതമാനമായി ചുരുങ്ങി. 21 നൂറ്റാണ്ടില്‍ ഭൂമിയിലെ വനപ്രദേശം ഇരുപത്തഞ്ച് ശതമാനമായി ചരുങ്ങുമെന്നാണ് പ്രവചനം.

ജല മലിനീകരണം

വെള്ളത്തിന്‍റെ വലിയ ലഭ്യത കാരണം ഭൂമി അറിയപ്പെടുന്നത് ബ്ളുപ്ളാനെറ്റ് അഥവാ നീലഗ്രഹം എന്നാണ്. മനുഷ്യനെ പോലെ ഭൂമിയടെ എഴുപത് ശതമാനവും ജലമാണ്. അതില്‍ 97 ശതമാനം ഉപ്പ് വെള്ളവും രണ്ട് ശതമാനം ഐസും ഒരു ശതമാനം ശുദ്ധജലവുമെന്നാണ് കണക്ക്. പ്രതിദിനം രണ്ട് മില്യന്‍ ടണ്‍ മാലിന്യങ്ങള്‍ നദീതടങ്ങളിലേക്ക് തള്ളുന്നു. മലിനീകരണം കാരണം ലോകത്ത് ഒരു ബില്യന്‍ ആളുകള്‍ക്ക് ശുദ്ധജലം ലഭിക്കുന്നില്ല. ജലലഭ്യതയുടെ അഭാവത്തില്‍ മരിക്കുന്നവരുടെ എണ്ണം 2.2 മില്യന്‍ ജനങ്ങള്‍. ഐക്യ രാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 2025 ല്‍ 3.5 ബില്യന്‍ ജനങ്ങള്‍ ജലക്ഷാമം നേരിടും. ലോക രാഷ്ട്രങ്ങള്‍ തമ്മില്‍ ഭാവിയിലുണ്ടാവുന്ന യുദ്ധം ജലത്തിന് വേണ്ടിയായിരിക്കും. നൈല്‍ നദി,യൂഫ്രട്ടീസ്, ടൈഗ്രീസ് നദികള്‍, ജോര്‍ദാന്‍ നദി എന്നിവയിലെല്ലാം തര്‍ക്കങ്ങള്‍ ഉടലെടുത്തിട്ടുണ്ട്.

ആഗോളതാപനം

നമ്മുടെ പരിസ്ഥിതി നേരിടുന്ന ഗുരുതരമായ മറ്റൊരു പ്രശ്നമാണ് ആഗോളതാപനം. കഴിഞ്ഞ 50 വര്‍ഷമായി ഭൂമിയിലെ ആഗോളതാപനില വര്‍ധിച്ച്കൊണ്ടിരിക്കുന്നു. ഇതിന് മുഖ്യകാരണമാകട്ടെ ഗ്രീന്‍ ഹൗസ് വാദകങ്ങളുടെ ആധിക്യമാണ്. ലോക ജനസംഖ്യയുടെ അഞ്ച് ശതമാനം മാത്രമുള്ള അമേരിക്കയാണ് ഏറ്റവും കൂടുതല്‍ ഇത്തരം വാദകം പുറത്ത് വിടുന്നത്. 22.5 ശതമാനം. ആഗോളതാപനത്തിന് കാരണമാവുന്ന CO2 Emissions 28 ശതമാനം ഉല്‍പാദിപ്പിക്കുന്നത് ചൈനയാണ് എന്നത് മനുഷ്യ നിര്‍മ്മിത വ്യവസ്ഥകള്‍ സൃഷ്ടിക്കുന്ന പാരസ്ഥിക പ്രശ്നങ്ങളുടെ ആഴം വ്യക്തമാക്കുന്നു. ഭൂമിയുടെ ഉത്തര ദക്ഷിണ ധ്രുവങ്ങളായ അന്‍റാര്‍ട്ടിക്കയില്‍ 2002 മുതല്‍ പ്രതിവര്‍ഷം 134 ബില്യന്‍ മെട്രിക്ക് ടണ്‍ ഐസ് നഷ്ടപ്പെടുന്നു. ഇതിന്‍റെ ഫലമാകട്ടെ ആസ്തമ, അലര്‍ജി, സാംക്രമിക രോഗങ്ങള്‍ വര്‍ധിക്കുന്നു. കാലാവസ്ഥ വ്യതിയാനത്തിന് കാരണമാവുകയും ചെയ്യുന്നു.

Also read: ദി ആൽകെമിസ്റ്റും സൂഫി എലമെന്റുകളും

യുദ്ധകെടുതികള്‍

സാമ്രജ്യത്ത ശക്തികള്‍ അടിച്ചേല്‍പിക്കുന്ന യുദ്ധങ്ങള്‍ക്ക് കയ്യും കണക്കുമില്ല. രണ്ടാം ലോകയുദ്ധത്തിന് ശേഷം യുദ്ധത്തിന്‍റെ മുഖം പശ്ചിമേഷ്യയിലേക്ക് തിരിച്ചിരിക്കുകയാണ്. ബോസ്നിയ ക്രയോഷ്യ യുദ്ധം മുതല്‍ ഈജിപ്ത്  ഇസ്റായീല്‍, ഇറാഖ് ഇറാന്‍,അഫ്ഘാന്‍ യുദ്ധം, ഇറാഖ് കുവൈത്ത്, സൗദി യമന്‍ യുദ്ധം, സിറിയ, ലിബിയ, ലബനാന്‍ തുടങ്ങി എണ്ണമറ്റ കലാപങ്ങളാണ് കൊളോണിയല്‍ ശക്തികള്‍ അടിച്ചേല്‍പിച്ച്കൊണ്ടിരിക്കുന്നത്. ഇത് സൃഷ്ടിക്കുന്ന പാരിസ്ഥിക പ്രശ്നങ്ങള്‍ സാമ്പത്തിക നഷ്ടങ്ങള്‍, മനുഷ്യ നാശം ഇതൊന്നും കണക്കുകളില്‍ തിട്ടപ്പെടുത്തുന്നത് വൃഥാശൂന്യമാണ്.

അള്‍ട്രാവയലറ്റ് രശ്മികള്‍

ഒസോണുകളിലുണ്ടായിട്ടുള്ള വിള്ളലുകളിലൂടെ ഭൂമിയിലേക്ക് ആഗിരണം ചെയ്യുന്ന അള്‍ട്രാവയലറ്റ് രശ്മികളാണ് നമ്മുടെ പരിസ്ഥിതിക്ക് സൃഷ്ടിക്കുന്ന മറ്റൊരു ഭീഷണി. മുകളില്‍ വിവരിച്ച കാരണങ്ങള്‍ ഏറിയൊ കുറഞ്ഞതോതില്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ ഭൂമിയില്‍ പതിക്കാന്‍ കാരണമാവുന്നു. അള്‍ട്രാവയലറ്റ് രശ്മികള്‍ നമ്മുടെ ആരോഗ്യത്തിന് ഹാനികരമാണ് എന്ന കാര്യത്തില്‍ സംശയമില്ല.

കോവിഡ് 19 വൈറസ്

മനുഷ്യനേയും പ്രപഞ്ചത്തിലെ ആവാസ വ്യവസ്ഥയേയും ഉലച്ചു കളഞ്ഞ മഹാപ്രതിഭാസമാണ് കോവിഡ് 19 വൈറസ് രോഗങ്ങള്‍. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന മഹാമരിയാണ് കോവിഡ് 19 വൈറസ് രോഗം. ജലദോശമുള്‍പ്പടെയുള്ള രോഗങ്ങള്‍ക്ക് കാരണമാവുന്ന കൊറോണ വൈറസ് ജനിതക മാറ്റം സംഭവിച്ചാണ് കോവിഡ് 19 വൈറസ് എന്ന മാരക രോഗം പൊട്ടിപുറപ്പെട്ടിട്ടുള്ളത്. മനുഷ്യ പ്രവര്‍ത്തനം മൂലം പരിസ്ഥിതിക്ക് സംഭവിച്ച ആഗാതങ്ങളുടെ ഫലമായി വന്യ ജീവി ആവാസ വ്യവസ്ഥയില്‍ അഭൂതപൂര്‍വ്വമായതോതില്‍ മാറ്റങ്ങള്‍ സംഭവിക്കുകയും അതിന്‍ ഫലമായി ഉണ്ടായതാണ് കോവിഡ് 19 വൈറസ് രോഗമെന്ന് അഭിപ്രായപ്പെടുന്ന ശാസ്ത്രജ്ഞന്മാരുണ്ട്.

Also read: ജ്യോതിഷത്തെക്കുറിച്ച് സ്വാമി വിവേകാനന്ദൻ

കേരളവും പരിസ്ഥിതി പ്രശ്നങ്ങളും

മുകളില്‍ വിവരിച്ച പാരിസ്ഥിക പ്രശ്നങ്ങളെല്ലാം ഏറിയൊ കുറഞ്ഞൊ അളവില്‍ നമ്മുടെ സംസ്ഥാനം നേരിടുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അതില്‍ ഏറ്റവും ഗുരുതരമെന്ന് വിശേഷിപ്പിക്കാവുന്നതാണ് നമ്മുടെ മാലിന്യ പ്രശ്നങ്ങള്‍. ഒരു ദിവസം കേരളം പുറംതള്ളുന്നത് 10,000 ടണ്‍ മാലിന്യം. ഇതില്‍ 5,000 ടണ്‍ മാലിന്യം മാത്രമാണ് സംസ്കരിക്കപ്പെടുന്നത്. അവശേഷിക്കുന്ന പകുതി മാലിന്യം കേരളത്തിലങ്ങോളമിങ്ങോളം ചിതറികിടന്ന് പരിസ്ഥിതി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. കാലാവസ്ഥ വ്യതിയാനമാണ് നാം നേരിടുന്ന മറ്റൊരു ഗുരുതര പ്രശ്നം. ഇതിന്‍റെ ഫലമായി മഴ കുറയുകയും ചൂട് കൂടുകയും ചെയ്യുന്നു. സൂര്യതാപമേറ്റ് നിരവധി പേര്‍ പ്രയാസപ്പെടുന്നു. ഖനനത്തിലുടെ നമ്മുടെ കടല്‍തീരവും പശ്ചിമഘട്ട പ്രദേശങ്ങളും പ്രക്ഷുബ്ദമാണ്. മല്‍സ്യങ്ങള്‍ ചത്ത്പൊങ്ങുന്നു. നമ്മുടെ ജലസമ്പത്തിന്‍റെ 80 ശതമാനവും മാലിന്യമായതായി പഠനങ്ങള്‍ തെളിയിക്കുന്നു.

പരിഹാരങ്ങള്‍

പരിസ്ഥിതിയെ എങ്ങനെ നോക്കികാണുന്നു എന്നതില്‍ നിന്നാണ് പരിസ്ഥിതി നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരങ്ങള്‍ തേടേണ്ടത്. മനുഷ്യരില്‍ പലര്‍ക്കും പല വീക്ഷണങ്ങളാണ് അതിനെ കുറിച്ചുള്ളത്. പ്രപഞ്ചത്തെ സര്‍വ്വതന്ത്ര സ്വതന്ത്രമായി യാതൊരു നിയന്ത്രണങ്ങള്‍ക്കും വിധേയമാവാതെ ഇഷ്ടാനുസരണം ഉപയോഗിക്കാമെന്നാണ് മുതലാളിത്ത വ്യവസ്ഥയുടെ കാഴ്ചപ്പാട് എങ്കില്‍, അതേ നാണയത്തിന്‍റെ മറുവശമായ കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് ചിന്താഗതി അനുസരിച്ച് സ്റ്റേറ്റിന് ഏതറ്റം വരേയും ഇക്കാര്യത്തില്‍ തീരുമാനമെടുക്കാവുന്നതാണ്. ഫലത്തില്‍ രണ്ട് സമീപനവും പ്രകൃതിക്ക് ഹാനികരമാണ്. അമേരിക്കയും ചൈനയും സൃഷ്ടിക്കുന്ന പാരിസ്ഥിക പ്രശ്നങ്ങള്‍ അതിന് മികച്ച ഉദാഹരണവുമാണ്.

Also read: ആരാണ് സംഘപരിവാറിനെ വളര്‍ത്തിയത് ?

ദൈവിക ജീവിത വ്യവസ്ഥയായ ഇസ്ലാം മനുഷ്യനെ ദൈവത്തിന്‍റെ പ്രതിനിധിയായിട്ടാണ് പരിഗണിക്കുന്നത്. കാര്യങ്ങള്‍ നടത്താന്‍ ഏല്‍പിക്കപ്പെട്ടവന്‍ അഥവാ ട്രസ്റ്റി, എന്ന ഉത്തരവാദിത്തമാണ് മനുഷ്യനുള്ളത്. അത്കൊണ്ട് മനുഷ്യന് പ്രകൃതിയെ ഉപയോഗിക്കാന്‍ ഇസ്ലാം അനുവദിക്കുന്നതായി ഖുര്‍ആനിലും തിരുവചനത്തിലും നിരവധി പ്രമാണങ്ങള്‍ കാണാം. ഉദാഹരണം: അവനാണ് ഭൂമിയിലുള്ളതെല്ലാം നിങ്ങള്‍ക്കായി സൃഷ്ടിച്ചത്. 2:29

പ്രകൃതി അനന്തമായ നമ്മുടെ ഉപഭോഗതൃഷ്ണ ശമിപ്പിക്കാനുള്ള ഒരു മാര്‍ഗ്ഗം മാത്രമല്ല, അത് ദൈവാസ്തിക്യത്തിലേക്കുള്ള ചൂണ്ട്പലകകൂടിയാണ്. ആ ചൂണ്ട്പലകയിലൂടെ എത്തിച്ചേരേണ്ട ലക്ഷ്യസ്ഥാനം ദൈവത്തിന്‍റെ ഏകത്വത്തെ കുറിച്ച് തിരിച്ചറിവ് ഉണ്ടാവുകയും അവന്‍റെ കല്‍പനകള്‍ അനുസരിച്ച് ജീവിക്കുന്നതിലുമായിരിക്കണം. കൂടാതെ പ്രകൃതിയെ നമ്മുടെ സൗകര്യാര്‍ത്ഥം സംവിധാനിച്ച് അനുഗ്രഹം ചെയ്തതിന് അതിന്‍റെ സൃഷ്ടാവിനോട് അനല്‍പമായ കൂറും കടപ്പാടും ഉണ്ടാവണം.

പ്രകൃതിയെ മതമിളകിയ ആനയെ പോലെ ചവച്ചരച്ച് നശിപ്പിക്കാന്‍ ഇസ്ലാം ഒരു നിലക്കും അനുവാദിക്കുന്നില്ലന്ന് മാത്രമല്ല ശിക്ഷാര്‍ഹവുമാണ്. ഫസാദ് എന്ന പദമാണ് ഖുര്‍ആന്‍ അതിന് ഉപയോഗിച്ചത്: ഭൂമിയില്‍ നന്മ വരുത്തിയശേഷം നിങ്ങളതില്‍ നാശമുണ്ടാക്കരുത്. നിങ്ങള്‍ പേടിയോടെയും പ്രതീക്ഷയോടെയും പടച്ചവനോടു മാത്രം പ്രാര്‍ഥിക്കുക. അല്ലാഹുവിന്‍റെ അനുഗ്രഹം നന്മ ചെയ്യന്നവരോടു ചേര്‍ന്നാണ്.7:56

മനുഷ്യനാണൊ പ്രകൃതിയാണൊ നിലനില്‍ക്കേണ്ടത് എന്ന ചോദ്യത്തിന് ഇസ്ലാമിന് ഒരു ഉത്തരമേയുള്ളൂ. രണ്ടും സമജഞസമായി നിലനില്‍ക്കണം. ഒന്നിനെ നശിപ്പിച്ച് മറ്റൊന്നിന് നിലനില്‍പില്ലന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ച ജീവിത വ്യവസ്ഥയാണ് ഇസ്ലാം. മനുഷ്യനും പ്രകൃതിയും തമ്മില്‍ സ്വരച്ചേര്‍ച്ചയുണ്ടാവണം. പ്രകൃതിയെ ദൈവം സൃഷ്ടിച്ചിട്ടുള്ളത് മൂക്കറ്റം തിന്ന് നശിപ്പിക്കാനല്ല. സൃഷ്ടാവിന്‍റെ അടയാളങ്ങള്‍ എന്ന നിലയില്‍ മനുഷ്യന്‍ പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളിലേക്ക് നിമഗ്നാവുന്നത് മഹത്തായ മൂല്യമായി ഇസ്ലാം കണക്കാക്കുന്നു. ആ മഹത്തായ മൂല്യം കൈവെടിഞ്ഞതാണ് നമ്മുടെ അധ:പതനത്തിന്‍റെ കാരണം.

Also read: ഒരു പള്ളിയില്‍ വ്യത്യസ്ത ജുമുഅ നിര്‍വഹിക്കാമോ?

പ്രതിബദ്ധതയുള്ള ചെറിയ സംഘം ഉണ്ടായാല്‍ തിരിച്ച് പിടിക്കാന്‍ സാധിക്കുന്നതാണ് നഷ്ടപ്പെട്ട നമ്മുടെ പരിസ്ഥിതി പ്രതാപം. ഖുര്‍ആന്‍ പറയുന്നു: ‘………..എത്രയെത്ര ചെറുസംഘങ്ങളാണ് അല്ലാഹുവിന്‍റെ അനുമതിയോടെ വന്‍സംഘങ്ങളെ ജയിച്ചടക്കിയത്; അല്ലാഹു ക്ഷമിക്കുന്നവരോടൊപ്പമാണ്.’ 2:249 ചരിത്രത്തില്‍ എപ്പോഴൂം മാറ്റത്തിന്‍റെ ചാലക ശക്തിയായിരുന്നത് ഒരു ചെറിയ സംഘമായിരുന്നുവെന്നത് സുവിതിദമാണല്ലോ? കൂടാതെ പ്രസവം കഴിഞ്ഞ് ജീവിതത്തിലേക്ക് പൂര്‍വ്വാധികം പ്രസരിപ്പോടെ തിരിച്ച് വരുന്ന ഒരു യുവതിയെ പോലെ, പ്രകൃതിക്ക് സ്വയം പുനരാവിഷ്കരിക്കാനുള്ള നിത്യയൗവ്വനമുണ്ട് എന്നതും ഇതോടൊപ്പം പരിഗണിക്കുക. പക്ഷെ നമ്മുടെ ഉത്തരവാദിത്തം വളരെ കൂടുതലാണ്.

ഭൂമിയുടെ ഓക്സിജനായ കൃഷിയെ പുനരജ്ജീവിപ്പിക്കുന്നത് നമ്മുടെ ഭക്ഷ്യസുരക്ഷയുടെ ഭാഗമാണ്. ഫോസില്‍ മുഖേന ലഭിക്കുന്ന ഊര്‍ജ്ജം, പ്ളാസ്റ്റീക്, പേപ്പര്‍,റബ്ബര്‍ എന്നിവയുടെ ഉപയോഗം കുറക്കുകയും ജലവും വൈദ്യുതിയും സംരക്ഷിക്കുകയും ചെയ്യുന്നതോടൊപ്പം, എത്ര കുറഞ്ഞ സ്ഥലമാണെങ്കിലും ശരി, ഭൂമി പാഴാക്കി കളയാതെ കാര്‍ഷിക ആവശ്യത്തിന് ഉപയോഗപ്പെടുത്തുന്നത് ഭക്ഷ്യക്ഷാമത്തിന് പരിഹാരവും പ്രകൃതി സംരക്ഷണവുമാണ്. അടുക്കളയില്‍ നിന്നും പാഴായി പോകുന്ന വെള്ളം കൃഷിക്ക് ഉപയോഗിക്കുക, വീട്മുറ്റം കോണ്‍ക്രീറ്റ് ചെയ്യാതിരിക്കുക, ഇംഗ്ളീഷ് ടോയിലറ്റിന്‍റെ ഉപയോഗം പരമാവധി കുറക്കുക, പ്ളാസ്റ്റീക്, ഇലക്ട്രോണിക് വെയസ്റ്റുകള്‍ പുനര്‍നിര്‍മ്മിതിക്കായി ഉപയോഗിക്കുക, ഒരു വൃക്ഷം മുറിക്കുമ്പോള്‍ ഇത് മുറിക്കേണ്ടത് അനിവാര്യമാണെങ്കില്‍ മാത്രമേ മുറിക്കാവൂ തുടങ്ങിയ വളരെ പ്രായോഗികമായ നിരവധി മാര്‍ഗ്ഗങ്ങള്‍ കണ്ടത്തെുകയും അത് നടപ്പാക്കുകയും ചെയ്താല്‍ പരിസ്ഥിതിയടെ പൂര്‍വ്വ പ്രതാപം പതിയെ വീണ്ടെടുക്കാന്‍ കഴിയുന്നതാണ്.

Related Articles